ഞായര്‍ പ്രസംഗം 2, നോമ്പുകാലം രണ്ടാം ഞായര്‍ ഫെബ്രുവരി 21, അടിത്തറ ഭദ്രമാക്കാം

ബ്ര. റിജോ ജോസഫ് MCBS

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹിക്കപ്പെടുന്ന സഹോദരരേ,

അകന്നുപോയ ദൈവ-മനുഷ്യബന്ധത്തെ കൂട്ടിയോജിപ്പിക്കാന്‍, കളഞ്ഞുപോയ സൗഹൃദങ്ങളെ വീണ്ടെടുക്കാന്‍ തിരുസഭ നമ്മെ ക്ഷണിക്കുന്ന സമയമാണ് നോമ്പുകാലം. നോമ്പുകാലത്തിന്റെ രണ്ടാമത്തെ ആഴ്ചയിലേയ്ക്ക് നാം പ്രവേശിക്കുമ്പോള്‍ ക്രിസ്തുവില്‍ കേന്ദ്രീകൃതമായ അടിത്തറ പണിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തിരുവചനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ആദ്യത്തെ വായനയായ ഉല്‍പത്തി പുസ്തകം 5-ാം അദ്ധ്യായത്തില്‍, വിശ്വാസമാകുന്ന പാറമേല്‍ ജീവിതമാകുന്ന ഭവനം പണിത നോഹയുടെ ജനനത്തെക്കുറിച്ച് നാം ശ്രവിച്ചു. ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യന്‍ പാപം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ നീതിമാനായ നോഹയെ ദൈവം തിരഞ്ഞെടുത്തു. പരിഹാസത്തിന്റെ കൊടുങ്കാറ്റുകള്‍ അവന്റെ മേല്‍ ആഞ്ഞടിച്ചപ്പോഴും ജലപ്രളയത്തെ നേരിടേണ്ടി വന്നപ്പോഴും നോഹയുടെ ജീവിതമാകുന്ന ഭവനം നിലംപതിക്കാതിരുന്നത് വിശ്വാസമാകുന്ന അടിത്തറ മേല്‍ അവന്‍ പണിയപ്പെട്ടിരുന്നതിനാലാണ്. മാനവരക്ഷയ്ക്കു വേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതിയില്‍ നോഹ എങ്ങനെ പങ്കുപറ്റുന്നുവെന്ന് ഉല്‍പത്തി പുസ്തകം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

രണ്ടാം വായനയായ ജോഷ്വായുടെ പുസ്തകത്തിലും ദൈവാനുഭവമാകുന്ന അടിത്തറ മേല്‍ ജീവിതം പണിത ഒരു ജനത സാക്ഷ്യം വഹിച്ച വലിയ അത്ഭുതത്തെപ്പറ്റി നാം വായിച്ചുകേട്ടു. വാഗ്ദാനപേടകം വഹിച്ചിരുന്ന പുരോഹിതന്മാരുടെ പാദങ്ങള്‍ ജലത്തെ സ്പര്‍ശിച്ചപ്പോള്‍ കരകവിഞ്ഞൊഴുകിയ ജോര്‍ദ്ദാന്‍ നദിയുടെ ഒഴുക്ക് നിലച്ച് വരണ്ടഭൂമിയിലൂടെ എന്നപോലെ ഇസ്രായേല്‍ ജനം ജോര്‍ദ്ദാന്‍ കടന്നു എന്ന് വചനം പറഞ്ഞുവയ്ക്കുന്നു. ജോര്‍ദ്ദാനില്‍ നിന്നെടുത്ത 12 കല്ലുകള്‍ ഭാവിസന്തതികളുടെ സാക്ഷ്യത്തിനായി ജോഷ്വാ ഗില്‍ഗാലില്‍ സ്ഥാപിച്ചു എന്ന തിരുവചനഭാഷ്യം അര്‍ത്ഥമാക്കുക, ആഴമേറിയ ദൈവാനുഭവമാകുന്ന അടിത്തറ മേല്‍ വേണം നമ്മുടെ ജീവിതമാകുന്ന ഭവനം പണിയേണ്ടത് എന്നതിന്റെ സൂചനയാണ്. റോമാ ലേഖനത്തിലൂടെ വി. പൗലോസ് ശ്ലീഹാ ദൈവകൃപയാകുന്ന അടിത്തറയില്‍ ഭവനം പണിയുവാന്‍ നമ്മെ ക്ഷണിക്കുന്നു. പാപത്തിന്റെ വേതനം മരണമാണെന്നും വിശുദ്ധി നമ്മെ നിത്യജീവിതത്തിലേയ്ക്ക് നയിക്കുമെന്നും ശ്ലീഹ പഠിപ്പിക്കുമ്പോള്‍ നാം ദൈവകൃപയില്‍ ആശ്രയിച്ചു ജീവിക്കാനുള്ള ഒരു ആഹ്വാനവും കൂടിയാണിത്.

ഈശോയുടെ പ്രബോധനങ്ങളുടെ കേന്ദ്രഭാഗമായ ഗിരിപ്രഭാഷണം അവസാനിക്കുക, പാറമേല്‍ ഭവനം പണിയുക എന്ന സന്ദേശത്തോടു കൂടിയാണ്. എല്ലാ മനുഷ്യനും പണിതു തീര്‍ക്കേണ്ട ഒരു ഭവനമുണ്ടെന്നും അവന്റെ ജീവിതമാകുന്ന ഈ ഭവനത്തിന് ഉറച്ച അടിസ്ഥാനമുണ്ടായിരിക്കണമെന്നും ഈശോ പഠിപ്പിക്കുകയാണ്. ക്രിസ്തീയജീവിതമാകുന്ന ഭവനത്തിന്റെ അടിത്തറ ഭദ്രമാക്കാന്‍ ക്രിസ്തുവാകുന്ന പാറമേല്‍ നാം ഭവനം പണിയണം. ജീവിതത്തിന്റെ കാറ്റിലും കോളിലും പതറാതെ മുന്നേറണമെങ്കില്‍ ദൈവവചനമാകുന്ന പാറമേല്‍ അടിസ്ഥാനമിടണം. ഉറച്ച അടിസ്ഥാനമിട്ടു എന്നതിനാല്‍പോലും വിവേകിയുടെ ജീവിതത്തിലും കൊടുങ്കാറ്റുകളും, പേമാരികളും, വെള്ളപ്പൊക്കവും ഉണ്ടായേക്കാം. ഇവിടെയെല്ലാം തകരാതെ നില്‍ക്കണമെങ്കില്‍ ദൈവകൃപയില്‍ നാം ആശ്രയിക്കണം.

ക്രിസ്തുവിന് അനുയോജ്യമല്ലാതെ നാം പണിതുയര്‍ത്തുന്നതെല്ലാം നമ്മുടെ നേട്ടങ്ങളാകട്ടെ, ലോകത്തിന്റെ സുഖങ്ങള്‍ എന്തുമാവട്ടെ, അതെല്ലാം മണല്‍പ്പുറത്ത് ഭവനം പണിത ഭോഷനു തുല്യമാണ്. അവന്റെ നാശം വലുതായിരിക്കും. ഈശോയുടെ ഈ സന്ദേശം നമുക്കു മുമ്പില്‍ ഒരു വിളിയും വെല്ലുവിളിയും ഉയര്‍ത്തുന്നുണ്ട്. ജീവിതമാകുന്ന ഭവനം ഏത് അടിത്തറയില്‍ പണിയണമെന്ന് നാം നടത്തേണ്ട ഒരു തീരുമാനമാണ്. മഴയാവാം, കാറ്റാവാം, വെള്ളപ്പൊക്കമാവാം… ഇവിടെയൊക്കെ തകരാതെ നില്‍ക്കണമെങ്കില്‍ പാറമേല്‍ അടിസ്ഥാനമിട്ട ഭവനമായിരിക്കണം നമ്മള്‍.

പാറമേല്‍ പണിയപ്പെട്ട ഭവനം എന്ന ഈശോയുടെ ആഹ്വാനത്തിന് തിരുസഭയോടു ചേര്‍ന്ന് ജീവിക്കുക എന്ന അര്‍ത്ഥം കൂടിയുണ്ട്. മതമര്‍ദ്ദനത്തിന്റെ കൊടുങ്കാറ്റിലും, പാഷണ്ഡതകളുടെ പേമാരികളിലുമെല്ലാം സഭ തകരാതിരുന്നതിന്റെ ഏക കാരണം, അത് ക്രിസ്തുവാകുന്ന അടിത്തറയില്‍ പണിയപ്പെട്ടതിനാലാണ്. തിരുസഭയുടെ മക്കള്‍ എന്ന നിലയില്‍ നമ്മുടെ വിളിക്കനുസരിച്ച് ഓരോ ജീവിതാന്തസ്സിനും ചേര്‍ന്ന കരുത്തുറ്റ അടിത്തറകള്‍ നിര്‍മ്മിക്കണം. കുടുംബജീവിതം നയിക്കുന്നവര്‍ കരുതലുള്ള സ്‌നേഹത്തിന്റെ ആര്‍ദ്രഭാവങ്ങള്‍ കൊണ്ട് ജീവിതത്തിന്റെ അടിത്തറ പണിയണം. അടിത്തറയുടെ ഉറപ്പ് നിര്‍മ്മാതാവിനു മാത്രം അറിയാവുന്ന സത്യമാണ്. അടിത്തറ ആരും കാണുന്നില്ല എന്ന് കരുതി അത് വേണ്ടെന്നുവച്ച് ഭവനം പണിയുന്നവന്‍ ഭോഷനാണ്. അടിത്തറ കാണുന്നവന്‍, നമ്മുടെ ഹൃദയം കാണുന്നവന്‍ ദൈവം മാത്രമാണെന്ന് നമുക്ക് തിരിച്ചറിയാം.

ദൈവം സ്‌നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യത്തിലൂടെ നമ്മുടെ അനുദിനജീവിതത്തിന്റെ ഭാഗമാകുമ്പോള്‍ വിശുദ്ധ കുര്‍ബാനയില്‍ നമുക്ക് ജീവിതത്തിന്റെ അടിത്തറ പണിയാം. ദിവ്യകാരുണ്യത്തില്‍ അടിത്തറ പണിത വിശുദ്ധരുടെ ജീവിതം നമ്മെ പ്രചോദിപ്പിക്കും. ഫ്രാന്‍സില്‍ അടിമകളായി പിടിക്കപ്പെട്ട കുറ്റവാളികളെ വിലകൊടുത്തു വാങ്ങി സ്വതന്ത്രരാക്കി വി. വിന്‍സെന്റ് ഡി പോളും, മൊളോക്കോയിലെ കുഷ്ഠരോഗികളുടെ കണ്ണീരൊപ്പാന്‍ തൂവാലയും, മുറിവുണക്കാന്‍ ഔഷധമായി മാറിയ വി. ഡാമിയാനും, അസീസ്സിയുടെ തെരുവീഥികളില്‍ സ്‌നേഹം സ്‌നേഹിക്കപ്പെടുന്നില്ലല്ലോ എന്ന് അലറിവിളിച്ച വി. അസീസ്സിയും തടങ്കല്‍പാളയത്തില്‍ മരണത്തിനു മുമ്പില്‍ വാവിട്ടു കരഞ്ഞയാള്‍ക്കു പകരം സധൈര്യം മരണം വരിച്ച വി. മാക്‌സ്മില്യന്‍ കോള്‍ബെയും കല്‍ക്കട്ടയിലെ തെരുവില്‍ അസ്ഥിപഞ്ജരങ്ങളെ തഴുകിയ വി. മദര്‍ തെരേസയും ദിവ്യകാരുണ്യത്തില്‍ അടിത്തറ പാകിയതിന്റെ ഏതാനും ഉദാഹരണങ്ങളാണ്.

അനേകരിലേയ്ക്ക് നന്മ ചൊരിയുന്ന ജീവിതമാകന്‍ ഈ വിശുദ്ധ ബലി നമ്മെ സഹായിക്കട്ടെ. ദിവ്യകാരുണ്യ അടിത്തറയില്‍ നമ്മുടെ ജീവിതത്തെ പണിതുയര്‍ത്താം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ബ്ര. റിജോ ജോസഫ് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.