ഞായര്‍ പ്രസംഗം 2, ശ്ലീഹാക്കാലം ഏഴാം ഞായര്‍ ജൂലൈ 04 ഇടുങ്ങിയ വാതില്‍

ശ്ലീഹന്മാരുടെ സുവിശേഷപ്രസംഗങ്ങള്‍, അവര്‍ക്ക് സഹിക്കേണ്ടി വരുന്ന പീഡനങ്ങള്‍ എന്നിവ അനുസ്മരിക്കുന്ന ശ്ലീഹാക്കാലത്തിലൂടെ നാം കടന്നുപോകുമ്പോള്‍ ശ്ലീഹാക്കാലം ഏഴാം ഞായറാഴ്ച തിരുസഭാമാതാവ് നമ്മുടെ വിചിന്തനത്തിനായി നല്‍കിയിരിക്കുന്നത് വി. ലൂക്കായുടെ സുവിശേഷം 13-ാം അദ്ധ്യായം 22 മുതല്‍ 30 വരെയുള്ള വാക്യങ്ങളാണ്.

രണ്ട് പ്രധാന ചിന്തകളാണ് സുവിശേഷകന്‍ നമ്മുടെ മുമ്പില്‍ വയ്ക്കുക. 1. രക്ഷ പ്രാപിക്കുന്നവര്‍ ആരൊക്കെ, 2. രക്ഷയിലേക്കുള്ള വഴി.

രക്ഷ പ്രാപിക്കുന്നവര്‍ ആരൊക്കെ എന്നുള്ള ചിന്തയ്ക്ക് പശ്ചാത്തലമൊരുക്കുകയാണ് സുവിശേഷകന്‍ ആദ്യഭാഗത്ത്. പട്ടണങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിച്ചുകൊണ്ട് അവന്‍ ജറുസലേമിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഇത് യേശുവിന്റെ ദൗത്യത്തിന്റെ സാര്‍വ്വത്രികതയെ സൂചിപ്പിക്കുന്നു. വ്യത്യസ്തരായ ജനവിഭാഗമാണ് പട്ടങ്ങളിലും ഗ്രാമങ്ങളിലുമുള്ളത്. യേശു എല്ലാവിധ ആളുകളുടെ ഇടയിലും തന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. അവന്‍ ആരെയും മാറ്റിനിര്‍ത്താതെ എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്നു.

ഈയൊരു പശ്ചാത്തലത്തില്‍ വേണം രക്ഷ പ്രാപിക്കുന്നവര്‍ ചുരുക്കമാണോ എന്ന ചോദ്യം മനസിലാക്കിയെടുക്കുവാന്‍. രക്ഷയുടെ സാര്‍വ്വത്രികതയെ സംബന്ധിക്കുന്ന ചോദ്യം. ആരാണ് ചോദ്യം ഉന്നയിച്ചതെന്നു വ്യക്തമാക്കാതെ ഒരുവന്‍ എന്നുമാത്രം പരിചയപ്പെടുത്തുകയാണ് സുവിശേഷകന്‍. അബ്രാഹത്തിന്റെ സന്തതികളും വാഗ്ദാനങ്ങളുടെയും ഉടമ്പടിയുടെയും അവകാശികളുമായ യഹൂദര്‍ മാത്രമേ രക്ഷ പ്രാപിക്കൂ എന്ന് യഹൂദര്‍ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന കാലം. യഹൂദനായ യേശു, യഹൂദര്‍ മാത്രമേ രക്ഷ പ്രാപിക്കൂ എന്ന് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയോടെയായിരിക്കും ഈ ചോദ്യം അവര്‍ ഉന്നയിച്ചിട്ടുണ്ടാവുക.

ആരാണ് രക്ഷ പ്രാപിക്കുക എന്ന ചോദ്യം തന്നെ അപ്രസക്തമാക്കുന്നതാണ് യേശുവിന്റെ മറുപടി. രക്ഷ പ്രാപിക്കുന്നവര്‍ ചുരുക്കമാണോ എന്ന ചോദ്യത്തിന്, രക്ഷയ്ക്കുള്ള വഴിയാണ് ഈശോയുടെ മറുപടി. സുവിശേഷകന്‍ നമ്മോടു പറഞ്ഞുവയ്ക്കുന്ന ഒന്നാമത്തെ ചിന്ത, രക്ഷ പ്രാപിച്ചു എന്ന് ആരും ഉറപ്പാക്കേണ്ട. ഏതെങ്കിലും അനുഷ്ഠാനങ്ങള്‍ യാന്ത്രികമായി നടത്തിയതുകൊണ്ടു മാത്രം ആരും രക്ഷ പ്രാപിക്കുകയില്ല. കാരണം, രക്ഷ സാര്‍വ്വത്രികമാണ്. രക്ഷിക്കപ്പെടുന്നവര്‍ ആരെന്ന് വചനം പറഞ്ഞുവയ്ക്കുന്നുണ്ട്. സക്കേവൂസിനെപ്പോലെ കര്‍ത്താവിനെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, രക്തസ്രാവക്കാരി സ്ത്രീയെപ്പോലെ വിശ്വസിക്കുന്നവര്‍ക്ക്, ബര്‍തിമേയൂസിനെപ്പോലെ നിലവിളിക്കുന്നവര്‍ക്ക്, വിജാതീയനായ ശതാധിപനെപ്പോലെ കര്‍ത്താവിലുള്ള വിശ്വാസം ഏറ്റുപറയുന്നവര്‍ക്ക്, നല്ല കള്ളനെപ്പോലെ പശ്ചാത്തപിക്കുന്നവര്‍ക്ക് ഒക്കെ കര്‍ത്താവിന്റെ രക്ഷ അനുഭവവേദ്യമാണ്.

സുവിശേഷകന്‍ നമുക്ക് പങ്കുവച്ചു നല്‍കുന്ന രണ്ടാമത്തെ ചിന്ത രക്ഷയിലേക്കുള്ള വാതില്‍ ഇടുങ്ങിയതാണെന്നാണ്. രക്ഷയുടെ ഏക ഉറവിടവും ഏകമാര്‍ഗ്ഗവും യേശുക്രിസ്തു മാത്രമാണ്. യേശു തന്നെ അരുള്‍ചെയ്തിട്ടുണ്ട്: “ഞാനാണ് ആടുകള്‍ക്ക് വാതില്‍.” വാതില്‍ എന്നത് ഒരു മാര്‍ഗ്ഗമായി നില്‍ക്കുകയാണ്. ഇടുങ്ങിയ വാതില്‍ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധാലുക്കളായിരുന്നു തിരുസഭയിലെ വിശുദ്ധന്മാര്‍ എല്ലാവരും. ലീമായിലെ വി. റോസ് പറയുന്നു: “നമുക്ക് സ്വര്‍ഗ്ഗത്തിലേക്കു കയറാന്‍ കുരിശല്ലാതെ മറ്റു ഗോവണിയില്ല.” ശിഷ്യത്വത്തെക്കുറിച്ചു പറയുമ്പോള്‍ ലൂക്കാ സുവിശേഷകന്‍ 9-ാം അദ്ധ്യായം 23-ാം വാക്യത്തില്‍ ഇപ്രകാരം പറയുന്നു: “സ്വയം പരിത്യജിച്ച് സ്വന്തം കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ.” ഇടുങ്ങിയ വാതില്‍ കുരിശിന്റെ സഹനത്തിന്റെ വഴിയാണ്.

നമ്മുടെ ജീവിതങ്ങളിലേക്ക് പിന്തിരിഞ്ഞു നോക്കുമ്പോള്‍ മാനുഷികതലത്തിലും യുക്തിതലത്തിലും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ നമ്മുടെ മുമ്പിലുണ്ടാകും. ക്രിസ്തുവിന്റെ ശിഷ്യന്‍ പിന്തുടരേണ്ടത് ഇടുങ്ങിയ വഴിയാണ്. ക്രിസ്തു ലോകത്തെ പഠിപ്പിച്ചത് കുരിശിന്റെ വഴിയാണ്. കുരിശിന്റെ വഴി എന്ന ഭക്താനുഷ്ഠാനം നടത്താന്‍ നമുക്ക് എളുപ്പമാണ്. എന്നാല്‍ ജീവിതമാകുന്ന കുരിശിന്റെ വഴിയിലൂടെ സഹനങ്ങളെ നിഷേധാത്മകമായി സ്വീകരിക്കാതെ രക്ഷാകരമായി സ്വീകരിക്കുവാന്‍ നമുക്ക് സാധിക്കട്ടെ.

യേശുവിലൂടെ പ്രവേശിക്കുക എന്നതു മാത്രമാണ് രക്ഷക്കുള്ള മാനദണ്ഡം. ഓരോ ബലിയര്‍പ്പണവും സ്വര്‍ഗ്ഗരാജ്യവിരുന്നിന്റെ അനുഭവം നമുക്ക് പങ്കുവച്ചു തരുന്നുണ്ട്. ക്രിസ്തു തന്റെ ശരീര-രക്തങ്ങള്‍ പങ്കുവച്ചു നല്‍കുന്ന ഈ ബലിയില്‍ ഏറ്റവും ഭക്തിയോടും തീക്ഷ്ണതയോടും കൂടി യേശുവാകുന്ന വാതിലിലൂടെ പ്രവേശിക്കാന്‍ കൃപ തരണമേ എന്നു പ്രാര്‍ത്ഥിക്കാം. ആമ്മേന്‍.

ബ്ര. ജോസഫ് പാമ്പാടിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.