ഞായര്‍ പ്രസംഗം കൈത്താക്കാലം ഒന്നാം ഞായര്‍ ജൂലൈ 11 ലൂക്കാ 14: 1-14 മിശിഹായുടെ ശിഷ്യന്‍ എളിമയുള്ളവനായിരിക്കണം

“തന്നത്താന്‍ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും, തന്നത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും” (ലൂക്കാ 14:11).

ഒരിക്കല്‍ നാല് ഭടന്മാര്‍ ഭാരമേറിയ ഒരു തടി അവരുടെ ഉന്തുവണ്ടിയില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഭാരം മൂലം അത് ഉരുട്ടി വണ്ടിയില്‍ കയറ്റുമ്പോഴേയ്ക്കും താഴെ വീണിരുന്നു. പണി തീരുന്നില്ല എന്നുകണ്ട അവരുടെ മേലുദ്യോഗസ്ഥന്‍ അവരോട് കോപിച്ചു. “ഇതുവരെയും നിങ്ങള്‍ തടി കയറ്റിക്കഴിഞ്ഞില്ലേ?”

ആ സമയം അതുവഴി കുതിരപ്പുറത്തു പോയ ഒരാള്‍ ഇത് ശ്രദ്ധിച്ചു. അയാള്‍ ആ മേലുദ്യോഗസ്ഥനോട് ചോദിച്ചു: “താങ്കള്‍ക്ക് അവരെയൊന്ന് സഹായിച്ചുകൂടെ? എങ്കില്‍, ആ തടി എത്രവേഗം വണ്ടിയില്‍ കയറ്റിയിടാം.”

അപ്പോള്‍ ആ മേലുദ്യോഗസ്ഥന്‍ ആഗതനോട് പറഞ്ഞു: “ഞാനൊരു കോര്‍പ്പറലാണ്. ഇത്തരം പണികളൊന്നും മേലുദ്യോഗസ്ഥന്മാര്‍ ചെയ്യാറില്ല.”

ഇതുകേട്ട് ആ യാത്രക്കാരന്‍ തന്റെ കുതിരയുടെ പുറത്തുനിന്നിറങ്ങി ആ ഭടന്മാരെ സഹായിച്ചു. തടി വണ്ടിയില്‍ കയറ്റിയിട്ട ശേഷം ആ വ്യക്തി കുതിരപ്പുറത്ത് കയറിപ്പോവുകയും ചെയ്തു.

ആഴ്ചകള്‍ കടന്നുപോയി. ഒരു ദിവസം അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോര്‍ജ്ജ് വാഷിംഗ്ടണിനെ അനുമോദിക്കുന്ന സമ്മേളനത്തില്‍ ഈ കോര്‍പ്പറലും പോകാനിടയായി. സ്വീകരണം ഏറ്റുവാങ്ങി സ്റ്റേജിലേയ്ക്ക് കടന്നുവന്ന പ്രസിഡന്റിനെ കണ്ട് കോര്‍പ്പറല്‍ ഒന്നു ഞെട്ടി. ഒരിക്കല്‍ക്കൂടി അയാള്‍ സൂക്ഷിച്ചുനോക്കി. അതെ. നാളുകള്‍ക്കു മുമ്പ് ഭടന്മാരെ തടി കയറ്റാന്‍ സഹായിച്ച അതേ വ്യക്തി തന്നെ പ്രസിഡന്റായി ഇതാ സ്റ്റേജില്‍. കോര്‍പ്പറല്‍ ലജ്ജിച്ച് തലതാഴ്ത്തി. സമ്മേളനത്തിനുശേഷം കോര്‍പ്പറല്‍ പ്രസിഡന്റിനോടു പോയി മാപ്പ് പറഞ്ഞു. ജോര്‍ജ്ജ് വാഷിംഗ്ടണിന്റെ, ജീവിതത്തില്‍ നിറഞ്ഞുനിന്ന പുണ്യമായിരുന്നു എളിമ.

ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നതും എളിമ എന്ന പുണ്യത്തിന്റെ മാനോഹാരിതയാണ്. ഈശോ നല്‍കുന്ന എളിമയുടെ പാഠങ്ങള്‍ വിരുന്നിന്റെ പശ്ചാത്തലത്തിലാണ് തിരുവചനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ജറുസലേമിലേയ്ക്കുള്ള യാത്രാവേളയില്‍ ഒരു യഹൂദാപ്രമാണി വിരുന്നിനായി ഈശോയെ വീട്ടിലേയ്ക്ക് ക്ഷണിക്കുന്നു. വിരുന്ന് എന്നു കേള്‍ക്കുമ്പോള്‍ സാധാരണഗതിയില്‍ ഒരു അത്താഴമോ സല്‍ക്കാരമോ ആയി നാം കരുതിയേക്കാം. എന്നാല്‍, തിരുവചനത്തിലെ വിരുന്ന് കേവലം ചെറിയൊരു അത്താഴമല്ലായിരുന്നു. കാരണം, മൂന്ന്-നാല് പേരടങ്ങുന്ന ചെറിയൊരു സംഘം ആയിരുന്നില്ല വിരുന്നിനുണ്ടായിരുന്നത്. മറിച്ച്, അനേകം യഹൂദപ്രമാണികളും ഇടത്തരക്കാരും ഈശോയും ശിഷ്യന്മാരുമുണ്ടായിരുന്നു. ഏതാനും ചില രോഗികളും അവിടെ വന്നതിനുള്ള അടയാളമാണല്ലോ, ഒരു മഹോദര രോഗിയെ ഈശോ അവിടെ വച്ച് സുഖമാക്കുന്നതായി സുവിശേഷം വ്യക്തമാക്കുന്നത്.

നാമെല്ലാവരും തന്നെ വിരുന്നുകളില്‍ പങ്കെടുത്തിട്ടുള്ളവരാണ്. ഒരു വിവാഹ വിരുന്നിലെങ്കിലും പങ്കെടുക്കാത്തവരായി ഇക്കൂട്ടത്തില്‍ ആരും ഉണ്ടാവുകയില്ല. വിവാഹ വിരുന്ന് സജ്ജമാക്കിയിരിക്കുന്ന ഹാളിലേയ്ക്കോ, പന്തലിലേയ്ക്കോ നാം കയറുമ്പോള്‍ തന്നെ ക്ഷണിക്കപ്പെട്ടവര്‍ക്ക് ഇരിക്കാനായി കസേരകള്‍ ഇട്ടിരിക്കുന്നത് കാണാന്‍ സാധിക്കും. എന്നാല്‍, അതിലുപരി പ്രത്യേകമായി ഡെക്കറേഷന്‍ ചെയ്ത് എല്ലാവര്‍ക്കും കാണാന്‍ പറ്റുന്ന രീതിയില്‍ വധൂ-വരന്മാര്‍ക്ക് ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിരിക്കും. ഇതുപോലെ തന്നെ യഹൂദ പാരമ്പര്യമനുസരിച്ച് ഏതു വിരുന്നിനു പോയാലും ക്ഷണിക്കപ്പെട്ടവരുടെ സ്ഥാനങ്ങള്‍ക്കനുസരിച്ച് പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിരുന്നു.

ഈശോയും ശിഷ്യരും ക്ഷണിക്കപ്പെട്ട ഈ വിരുന്നിനും, ഇതേ രീതിയില്‍ തന്നെയായിരുന്നു ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരുന്നത്. എന്നാല്‍, പതിവില്‍ നിന്ന് വിപരീതമായി ചില കാര്യങ്ങള്‍ സംഭവിച്ചു. ഈശോയോടു കൂടി ആദ്യം വന്നവര്‍, ഉള്ളതില്‍ ഏറ്റവും ഉത്തമമായ ഇരിപ്പിടങ്ങളില്‍ കയറി ഇരിപ്പുറപ്പിച്ചു. പിന്നീട് വന്ന യഹൂദപ്രമാണികള്‍ നോക്കുമ്പോള്‍, സമൂഹത്തില്‍ തങ്ങളേക്കാള്‍  സ്ഥാനം കുറവുള്ളവര്‍ പ്രധാന കസേരകളിലിരിക്കുന്നു. തങ്ങളുടെ പദവിക്കൊത്ത കസേരകള്‍ ലഭിക്കാത്തതിലുള്ള പിറുപിറുപ്പുകളും ഇരിപ്പിടത്തെ പ്രതിയുള്ള തര്‍ക്കങ്ങളും അരങ്ങേറി. ഈ സമയത്താണ് എളിമയുടെ മഹത്തായ പാഠം അവിടുന്ന് പഠിപ്പിക്കുന്നത്. നീ ഒരു വിരുന്നിന് ക്ഷണിക്കപ്പെടുമ്പോള്‍ ബഹുമാനത്തിനായി ആഗ്രഹിച്ച് പ്രമുഖസ്ഥാനങ്ങളിലിരിക്കാതെ അവസാനത്തെ സ്ഥാനത്തു പോയി ഇരിക്കുക. അപ്പോള്‍, ആതിഥേയന്‍ വന്ന് സ്‌നേഹിതാ, മുന്നോട്ട് കയറിയിരിക്കുക എന്നുപറയും. അപ്പോള്‍ ക്ഷണിക്കപ്പെട്ട എല്ലാവരുടെയും മുന്നില്‍ നിങ്ങള്‍ ബഹുമാനിതരാകും.

അതെ സഹോദരങ്ങളെ, തിരുവചനത്തിലൂടെ ഈശോ ഇന്ന് പറയുന്നതും ഇതു തന്നെയാണ്. ചെറുതാകാന്‍ ശീലിക്കുക. വലിയവര്‍ക്കേ ചെറുതാകാന്‍ കഴിയൂ. ചെറിയവര്‍ വലിയവരാകാന്‍ വ്യഗ്രത കാണിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ടാണ് വി. അഗസ്റ്റിന്‍ പറയുന്നത്: എളിമയിലൂടെ സ്വയം താഴ്ത്തുന്നതിനനുസരിച്ച് പരിപൂര്‍ണ്ണതില്‍ നാം അടിക്കടി ഉന്നതി പ്രാപിക്കുന്നു.

ഇന്നത്തെ ലേഖനഭാഗവും ഇതേ ആശയം തന്നെയാണ് നമ്മുടെ മുന്നില്‍ വയ്ക്കുന്നത്. ഞങ്ങള്‍ അപ്പോളോസിന്റെ പക്ഷത്താണ് എന്ന് ചിലരും, ഞങ്ങള്‍ അപ്പോളോസിന്റെ മറുപക്ഷക്കാരാണ് എന്ന് മറ്റുചിലരും, ഞങ്ങള്‍ കേപ്പായ്ക്കുള്ളവരാണ് എന്നുമുള്ള വാക്കുകളാല്‍ ഓരോരുത്തരും തങ്ങള്‍ക്ക് സുവിശേഷം പകര്‍ന്നു തന്നവരാണ് വലിയവന്‍ എന്ന് സ്ഥാപിച്ചെടുക്കാന്‍ വാദപ്രതിവാദം നടത്തുന്നു.

കോറിന്തോസിലെ സഭയെ കര്‍ശനമായി വിമര്‍ശിച്ചുകൊണ്ട് എളിമയുടെ പാഠങ്ങള്‍ പഠിപ്പിക്കുകയാണ് പൗലോസ്. ആലോചിച്ചാല്‍ പലപ്പോഴും ലേഖനഭാഗത്തുള്ള കോറിന്തോസിലെ ആളുകളെക്കാള്‍ ദയനീയമാണ് നമ്മുടെ സ്ഥിതി. മറ്റുള്ളവരേക്കാള്‍ വലിയവരായി കാണാനുള്ള പരക്കംപാച്ചിലാണ് സമൂഹത്തില്‍ ഭൂരിഭാഗവും. തന്റെ ഫോട്ടോകള്‍ എല്ലാവരും കാണണം എന്നാഗ്രഹിക്കുന്ന സാധാരണക്കാരും തന്റെ വാക്കുകള്‍ സമൂഹം അംഗീകരിക്കണമെന്നു ചിന്തിക്കുന്ന രാഷ്ട്രീയക്കാരും ഉള്‍പ്പെടുന്ന സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ദിവസവും ഫേസ്ബുക്കില്‍ ഇടുന്ന പോസ്റ്റുകള്‍ക്കും ചിത്രങ്ങള്‍ക്കും എത്ര ലൈക്ക് കിട്ടി, എത്ര കമന്റ് കിട്ടി എന്നന്വേഷിച്ച്, അംഗീകാരത്തിനായി, പ്രശംസ പിടിച്ചുപറ്റാനായി ശ്രമിക്കുന്ന യുവതലമുറയോട് സുവിശേഷഭാഗത്തിലൂടെ ഈശോ പറയുന്നു: സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രശംസ പിടിച്ചുപറ്റാനായി എളിമയുടെ വഴിയെ നീങ്ങുവാന്‍ പഠിക്കുവിന്‍ എന്ന്. എളിമയെക്കുറിച്ച് കവി പാടിയതും എത്രയോ സത്യമാണ്…

“വഴിയില്‍ കിടക്കുന്ന മുള്ളെടുത്തങ്ങോട്ട്
വഴിവക്കിലുള്ളൊരു വേലിയില്‍ വയ്ക്കുവിന്‍
വലിയവന്‍ ചെറിയവനാവുകയില്ലായോ
ചെറിയവന്‍ വലിയവനായിടുമേ.”

വഴിയില്‍ കിടക്കുന്ന മുള്ള് എടുത്ത് വേലിയില്‍ വയ്ക്കുന്നത് വാര്‍ത്താപ്രധാന്യമുള്ള കാര്യമല്ലാത്തതിനാല്‍ ആരും ചെയ്യില്ല. വേലിയില്‍ വയ്ക്കാന്‍ 24 മണിക്കൂര്‍ സമയമൊന്നും വേണ്ട, 5 മിനിറ്റ് മതി. സന്മനസ്സുള്ളവനേ അത് ചെയ്യാന്‍ കഴിയുകയുള്ളൂ.

വി. കൊച്ചുത്രേസ്യാ പറയുന്ന കാര്യം വളരെ ശ്രദ്ധേയമാണ്. ”വലിയ കാര്യങ്ങള്‍ ചെയ്യുന്നതിലല്ല വിശുദ്ധി അടങ്ങിയിരിക്കുന്നത്, ചെറിയ കാര്യങ്ങള്‍ വിശ്വസ്തതയോടെ ചെയ്യുന്നതിലാണ്. ചെറിയ കാര്യങ്ങള്‍ വിശ്വസ്തതയോടെ ചെയ്യണമെങ്കില്‍ ചെറുതാകാന്‍ കഴിയണം. ഞാന്‍ എന്ന വ്യക്തിയുടെ ‘ഞാന്‍’ എന്ന ഭാവത്തെ ഇല്ലായ്മ ചെയ്യണം. പ്രഭാ. 10:28-ല്‍ പറയുന്നു ”മകനേ, വിനയം കൊണ്ട് മഹത്വമാര്‍ജ്ജിക്കുക.” വിനയമുള്ളവരെ ദൈവം വാനോളം ഉയര്‍ത്തും. അതിന്റെ എത്രയോ തെളിവുകളാണ് വിശുദ്ധജീവിതങ്ങള്‍. നമ്മില്‍ പലരെയുംപോലെ ജീവിച്ചു കടന്നുപോയ വി. അല്‍ഫോന്‍സാമ്മയും, എവുപ്രാസ്യാമ്മയും, ചാവറയച്ചനും, മറിയം ത്രേസ്യായുമുള്ള കൊച്ചുകേരളത്തിലെ വിശുദ്ധജീവിതങ്ങളുടെ ഉദാഹരണങ്ങളാണ്.

പണ്ട് ആരാലും അറിയപ്പെടാതെ വിനയത്തിന്റെ, വിശുദ്ധിയുടെ ജീവിതം നയിച്ച അല്‍ഫോന്‍സ എന്ന കന്യാസ്ത്രീയുടെ കബറിടത്തിലേയ്ക്ക് ഇന്ന് പതിനായിരങ്ങള്‍ കടന്നുവരികയാണ്. ആ കബറിടത്തിനു മുന്നില്‍ മുട്ടുകുത്താന്‍, അനുഗ്രഹം മേടിക്കാന്‍, തങ്ങളുടെ ജീവിതപ്രശ്‌നങ്ങളെ ഇറക്കിവയ്ക്കാന്‍… അതെ. ലോകത്തിനു മുമ്പിൽ അറിയപ്പെട്ടവരല്ലെങ്കിലും അറിയുന്നവര്‍ക്കെല്ലാം ആലംബമേകാന്‍ നമുക്ക് കഴിയണം.

പരിശുദ്ധ അമ്മയുടെ ജീവിതം ഇതിനുദാഹരണമാണ്. ദൈവത്തിനു മുമ്പില്‍, അവിടുത്തെ പദ്ധതിക്കു മുന്നില്‍ വിനയപ്പട്ടപ്പോള്‍ ദൈവം അവളെ ഉയര്‍ത്തി. ദൈവത്തിന്റെ അമ്മയാകാന്‍ പ്രാപ്തയാക്കി. അതുകൊണ്ടാണ് മറിയം പാടിയത് ”ശക്തരെ സിംഹാസനത്തില്‍ നിന്നും മറിച്ചിട്ട് എളിയവരെ ഉയര്‍ത്തി” (ലൂക്കാ 1:52). എളിയവരെ ഉയര്‍ത്തുന്നവനാണ് ദൈവം. ഞാനോ നീയോ എത്ര ഉയരത്തിലുള്ളവനായിക്കൊള്ളട്ടെ. അത്രത്തോളം എളിമപ്പെടാനുള്ള മനസ്സുണ്ടാവണം. ഇത് പൂര്‍ണ്ണമായും കാണിച്ചുതന്നത് ഈശോ തന്നെയാണ്. ദൈവമായിരിക്കെ, കേവലം മനുഷ്യനായി. എല്ലാമുണ്ടായിരിക്കെ, പിറക്കാനിടമില്ലാത്തവനെപ്പോലെ പുല്‍ത്തൊട്ടിയില്‍ പിറന്നു. കേവലം മരപ്പണിക്കാരനായി അറിയപ്പെട്ടു. മരണവേളയില്‍ നഗ്നത മറയ്ക്കാന്‍ തുണിയില്ലാത്തവനായി. അതെ. അവന്‍ ഇല്ലായ്മയെ പുല്കിയവനായിരുന്നു. അവിടുന്ന് മാമ്മോദീസാ വേളയില്‍ സ്‌നാപകന്റെ മുന്നില്‍ തലകുനിച്ചപ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു. ആത്മാവ് പ്രാവിന്റെ രൂപത്തില്‍ ഇറങ്ങിവന്നു.

നാമും എളിമയാല്‍ തലകുനിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെടും.അതിനാല്‍ത്തന്നെ എത്രത്തോളം വളരുന്നുവോ, അത്രത്തോളം താഴാനായി ശ്രമിക്കാം. ഫലങ്ങള്‍ നിറയുന്ന വൃക്ഷം താഴ്ന്നുവരുന്നതു പോലെ, ജലം നിറയുന്ന മേഘങ്ങള്‍ താഴുന്നതു പോലെ, കതിരുചൂടിയ നെല്‍ച്ചെടി കുനിയുന്നതു പോലെ നമ്മില്‍ സ്ഥാനങ്ങളും പദവിയും കൂടുന്നതനുസരിച്ച് നമുക്കും താഴാന്‍ കഴിയണം. അപ്പോള്‍ മറ്റുള്ളവരെ വലുതായി കാണാന്‍ നമുക്ക് കഴിയും.

ക്രിസ്തു കണ്ടതു പോലെ ലോകത്തെ കാണാന്‍ ശ്രമിക്കാം. മുറിയപ്പെടുന്ന വിശുദ്ധ കുര്‍ബാനയെപ്പോലെ ചെറുതായി കുര്‍ബാനയുടെ ചൈതന്യം ഉള്‍ക്കൊള്ളും. ഈ ഫലാഗമന കാലത്തില്‍ ചെറുതാകലിന്റെ ഫലങ്ങള്‍ പുറപ്പെടുവിച്ച് ദൈവസന്നിധിയില്‍ വലുതാകാം. ദൈവം നമ്മെ ആനുഗ്രഹിക്കട്ടെ.

ബ്ര. അരുണ്‍ കുന്നുംപുറത്ത്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.