ഞായര്‍ പ്രസംഗം 2, ശ്ലീഹാക്കാലം ഏഴാം ഞായര്‍ ജൂലൈ 12 ലൂക്കാ 13: 22-30 ഇടുങ്ങിയ വാതില്‍

ദൈവീകജീവന്‍ അവകാശമാക്കുവാന്‍ ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കണമെന്ന സന്ദേശം ഉള്‍ക്കൊള്ളുന്നതാണ് ശ്ലീഹാക്കാലം ഏഴാം ഞായറിലെ സുവിശേഷഭാഗം. കുരിശിന്റെ ഇടുങ്ങിയ വഴിയിലൂടെയുള്ള ഈശോയുടെ ജറുസലേം യാത്രാമധ്യേയാണ്, “കര്‍ത്താവേ, രക്ഷ പ്രാപിക്കുന്നവര്‍ ചുരുക്കമാണോ?” എന്ന് ഒരുവന്‍ വന്നു ചോദിക്കുന്നത്. ഇതിനുള്ള ഉത്തരമായിട്ടാണ് ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഈശോ സംസാരിക്കുന്നത്.

ശ്ലീഹാക്കാലത്തിലെ അവസാന ഞായറായ ഇന്ന് തിരുസഭ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, സഹനത്തിന്റെയും ത്യാഗത്തിന്റെയും ജീവിതയാത്രയാണ്. ക്രൈസ്തവശിഷ്യത്വമെന്ന തെരഞ്ഞെടുപ്പിലൂടെ ദൈവത്താല്‍ അയയ്ക്കപ്പെടുന്നവര്‍ക്കു മുന്നില്‍ തുറന്നുവയ്ക്കപ്പെടുന്നത് വിശാലവും സുഖപ്രദവുമായ അന്തരീക്ഷങ്ങളോ സമൃദ്ധിയുടെ മേച്ചില്‍പ്പുറങ്ങളോ അല്ല. മറിച്ച്, സഹനത്തിന്റെ ഇടുങ്ങിയതും വീതി കുറഞ്ഞതുമായ വാതിലാണ്. രക്ഷ പ്രാപിക്കാന്‍, നിത്യജീവനിലേയ്ക്ക് പ്രവേശിക്കാന്‍ യേശു കാട്ടിത്തന്ന കുരിശിന്റെ വഴിയല്ലാതെ മറ്റു വിശാലവഴികളൊന്നുമില്ല. ഇടുങ്ങിയ വാതില്‍ തെരഞ്ഞെടുത്ത് രക്ഷ പ്രാപിക്കാന്‍ നാം തയ്യാറാണോ എന്നതാണ് യേശു നമ്മുടെ മുമ്പില്‍ വയ്ക്കുന്ന വെല്ലുവിളി.

‘ജീസസ് ഇന്‍ ബ്ലൂ ജീന്‍സ്’ എന്ന ഗ്രന്ഥത്തിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ ‘അവന്‍ നന്നായി തയ്യാറെടുത്തു. തനിക്കുവേണ്ടിയും മറ്റുള്ളവര്‍ക്കുവേണ്ടിയും.’ കാല്‍വരി കണ്ടുകൊണ്ടാണ് കര്‍ത്താവ് കാല്‍നടയാത്ര ആരംഭിച്ചത്. രാജാവാക്കാന്‍ ജനം ശ്രമിക്കുമ്പോള്‍ ഒഴിഞ്ഞുമാറുന്നതും, ജനം ആര്‍പ്പുവിളിക്കുമ്പോള്‍ ഏകാന്തതയിലേയ്ക്ക് പിന്മാറുന്നതും, എന്റെ രാജ്യം ഐഹീകമല്ല എന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നതും ഇടുങ്ങിയ വാതിലാണ് നിത്യജീവനിലേയ്ക്ക് എത്തിക്കുന്നതെന്ന ബോദ്ധ്യമുണ്ടായതിനാലാണ്. ആദിമക്രൈസ്തവരും സഭയിലെ വിശുദ്ധരും സ്വീകരിച്ചത് ഇടുങ്ങിയ വാതിലിന്റെ ശൈലിയാണ്.

വി. എലിസബത്ത് രാജ്ഞിയായിരുന്നു, വി. ഫ്രാന്‍സിസ് സേവ്യര്‍ പ്രൊഫസറായിരുന്നു, വി. അല്‍ഫോന്‍സ് ലിഗോരി നിയമത്തില്‍ ഡോക്ടറേറ്റ് എടുത്ത വക്കീലായിരുന്നു, വി. അംബ്രോസ് ഗവര്‍ണ്ണറായിരുന്നു… ജീവിക്കാന്‍ വഴിയില്ലാത്തതുകൊണ്ടോ, മറ്റൊരു ജോലി ലഭിക്കാത്തതുകൊണ്ടോ അവര്‍ തെരഞ്ഞെടുത്തതല്ല ആത്മീയതയുടെ ഇടുങ്ങിയ വഴികള്‍. സ്വര്‍ഗ്ഗത്തിന്റെ വെളിച്ചം ഹൃദയത്തില്‍ വീശിയപ്പോള്‍ ലൗകീകതയോട് അവന്‍ ‘നോ’ പറഞ്ഞു. ഈശോയെപ്രതി എല്ലാം ഉച്ഛിഷ്ടമായി അവര്‍ കണക്കാക്കി. ധൂര്‍ത്തടിച്ചും സമൂഹത്തിന്റെ കൈയ്യടി നേടിയും അവര്‍ക്ക് ജീവിക്കാമായിരുന്നു. സുഖലോലുപതയുടെ വിശാലവഴികളുണ്ടായിട്ടും അവര്‍ ഇടുങ്ങിയ വഴികളിലൂടെ സ്വതന്ത്രമനസ്സോടെ, സന്തോഷത്തോടെ സഞ്ചരിച്ച് വിശുദ്ധരായി.

അനീതിയും തെറ്റുകളും സുഖഭോഗങ്ങളും നിറഞ്ഞ വിശാലവഴിയെ സഞ്ചരിക്കുവാനാണ് ആധുനിക കാലഘട്ടത്തിലെ മനുഷ്യന്റെ പ്രവണത. അനിയന്ത്രിതമായ ജഡികതാല്‍പര്യങ്ങള്‍, സുഖലോലുപതയിലൂന്നിയ ജീവിതശൈലി, ധനമോഹത്തിലൂന്നിയ മനസ്സ് എന്നിവയോടുകൂടി ജീവിക്കുന്നവര്‍ ഇടുങ്ങിയ വാതിലിനു പകരം വിശാലമായ വാതിലിലൂടെ പ്രവേ ശിക്കുന്നവരാണ്. ആത്മത്യാഗങ്ങളും കുരിശുകളുമില്ലാത്ത വഴികളിലൂടെയുള്ള യാത്ര അപകടത്തിലേയ്ക്കും നാശത്തിലേയ്ക്കുമാണ് നയിക്കുന്നത്. അതുകൊണ്ടാണ് ലിമായിലെ വി. റോസ് നമ്മെ ഇപ്രകാരം ഓര്‍മ്മിപ്പിക്കുന്നത്: “നമുക്ക് സ്വര്‍ഗ്ഗത്തിലേയ്ക്കു കയറാന്‍ കുരിശല്ലാതെ മറ്റു ഗോവണിയില്ല.” ക്രിസ്ത്വാനുകരണത്തില്‍ തോമസ് അക്കെമ്പിസ് ഇപ്രകാരം പറഞ്ഞുവയ്ക്കുന്നു: “Jesus has many lovers of his wisdom, but few bearers of his cross.” അദ്ദേഹം തുറന്നു പറയുന്നു: അവിടുത്തോടൊപ്പം സന്തോഷിക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം. സഹിക്കുവാന്‍ ആര്‍ക്കും താല്‍പര്യമില്ല. അപ്പം മുറിക്കുന്ന യേശുവിനെ അനുഗമിക്കുവാന്‍ അനേകരുണ്ട്. പക്ഷേ, കയ്പുനീരിന്റെ കാസായില്‍ പങ്കുചേരാന്‍ അധികം പേരില്ല. ഇവിടെയാണ് മിക്ക ജീവിതങ്ങളുടെയും പരാജയമെന്ന് വാഴ്ത്തപ്പെട്ട ഫുള്‍ട്ടണ്‍ ജെ. ഷീന്‍ കൂട്ടിച്ചേര്‍ക്കുന്നു.

വിശാലവഴിയില്‍ സഞ്ചരിച്ചവരുടെ അവകാശവാദം, കര്‍ത്താവിന്റെ നാമത്തില്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തു എന്നതാണ്. എന്നാല്‍, അവര്‍ ഭക്ഷിച്ചതും പാനം ചെയ്തതും മിശിഹായുടെ ശരീര-രക്തങ്ങളാണെങ്കിലും യഥാര്‍ത്ഥവില അവര്‍ മനസ്സിലാക്കിയില്ല എന്ന് വി. അഗസ്തിനോസ് പറയുന്നു. “മാലിന്യമേശാത്ത വിശ്വാസവും കറയറ്റ ധാര്‍മ്മികതയും സ്വന്തമാക്കിയിട്ടുള്ളവര്‍ക്കു മാത്രമേ ജീവനിലേയ്ക്കുള്ള ഇടുങ്ങിയ വഴിയിലൂടെ യാത്രചെയ്യുവാന്‍ കഴിയൂ എന്ന് അലക്‌സാണ്ട്രിയായിലെ വി. സിറില്‍ പ്രസ്താവിക്കുന്നു.” യേശുവിനൊപ്പം വിരുന്നിനിരുന്നതും യേശുവിന്റെ പ്രബോധനം കേട്ടതും ഒരുവനെ ദൈവരാജ്യത്തില്‍ എത്തിക്കുകയില്ല. നീതി പ്രവര്‍ത്തിക്കുന്നവരാണ് സ്വര്‍ഗ്ഗരാജ്യപ്രവേശനം അനുഭവിക്കുന്നത്. ക്രിസ്തു നമ്മെ അറിയാനുള്ള മാര്‍ഗ്ഗം നീതിയുടെ, നന്മയുടെ പ്രവര്‍ത്തികള്‍ ചെയ്യുക എന്നതാണ്. അതിനാല്‍ ക്രിസ്ത്യാനി എന്ന കാരണത്താലോ, ക്രിസ്തീയ ചുറ്റുപാടില്‍ ജീവിക്കുന്നു എന്നതിനാലോ, അതൊന്നും നമ്മെ ദൈവരാജ്യത്തിന് അര്‍ഹരാക്കുന്നില്ല. ക്രിസ്തുവിനു വേണ്ടിയും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കുവേണ്ടിയും ജീവിക്കാന്‍ ശ്രമിക്കുന്നതിന്റെ പേരില്‍ നിനക്ക് എത്ര മാത്രം വില കൊടുക്കേണ്ടിവന്നു, എത്രമാത്രം പീഡ അനുഭവിക്കേണ്ടിവന്നു എന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരമുള്ള ഒരു ക്രിസ്ത്യാനിയാണ് യഥാര്‍ത്ഥ ക്രിസ്ത്യാനി എന്ന് നമുക്ക് മറക്കാതിരിക്കാം. ഇടുങ്ങിയ വാതില്‍ എന്നത് നാം സ്വീകരിക്കേണ്ട നിലപാടാണ്. ദൈവത്തിന് എന്നെ ആവശ്യമുണ്ട് എന്ന തിരിച്ചറിവാണ് ഇടുങ്ങിയ വാതിലിന്റെ മാര്‍ഗ്ഗം സ്വീകരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. മുന്‍ മെക്‌സിക്കന്‍ സുന്ദരി എക്‌സ്മറാള്‍ഡോ സോളിക്‌സ് ഗോണ്‍സാലസ് എന്ന ഇരുപത്തിയൊന്നുകാരി കത്തോലിക്കാ സന്യാസ സമൂഹത്തില്‍ ചേര്‍ന്നത് ഈ തിരിച്ചറിവിലാണ്. സ്വന്തമാക്കാമായിരുന്ന അംഗീകാരങ്ങളും സുഖങ്ങളും ഉപേക്ഷിച്ച് അവള്‍ തെരഞ്ഞെടുത്ത വേറിട്ട പാത ഇടുങ്ങിയ വാതിലിന്റെ ആധുനികമുഖമാണ്.

ദൈവരാജ്യത്തിന്റെ ഏറ്റവും വലിയ സവിശേഷത, അത് അതിശയങ്ങളുടെയും അപ്രതീക്ഷിതമായവയുടെയും ഇടമായി രൂപപ്പെടുന്നു എന്നുള്ളതാണ്. ഈ ലോകത്തിലെ പ്രമുഖര്‍ അവിടെ വട്ടപൂജ്യങ്ങളായി മാറുന്നു. നമ്മള്‍ നിസ്സാരരായി പരിഗണിക്കുന്നവര്‍ ദൈവത്തൊടൊപ്പമായിരിക്കുകയും ചെയ്യുന്നു. എല്ലാവിധ ബഹുമതികളും ഏറ്റുവാങ്ങി ആഡംബരത്തില്‍ ജീവിച്ച ഒരു മാന്യസ്ത്രീയെക്കുറിച്ചുള്ള കഥ, വില്യം സര്‍ ക്ലേ കുറിക്കുന്നുണ്ട്. മരണശേഷം സ്വര്‍ഗ്ഗത്തിലെത്തിയ അവര്‍ക്കായി ഒരുക്കിയിരിക്കുന്ന വസതിയിലേയ്ക്ക് മാലാഖ അവരെ കൂട്ടിക്കൊണ്ടു പോയി. പോകുന്ന വഴിക്ക് മനോഹരമായ രീതിയില്‍ പണിയപ്പെട്ട പല സ്വര്‍ഗ്ഗീയമന്ദിരങ്ങളുടെയും മുമ്പിലൂടെ അവര്‍ കടന്നുപോയി. ഓരോ രമ്യഹര്‍മ്മങ്ങള്‍ കാണുമ്പോഴും അവര്‍ കരുതി, ഇതായിരിക്കും തന്റേതെന്ന്. അവസാനം, അവര്‍ സ്വര്‍ഗ്ഗത്തിന്റെ പുറമ്പോക്കിലെത്തി. ഒരു കുടിലിനെക്കാള്‍ ചെറുതും ഇടുങ്ങിയതുമായ ആ പുറമ്പോക്ക് വസതി ചൂണ്ടി മാലാഖ പറഞ്ഞു: “ഇതാണ് നിങ്ങളുടേത്.” ആ സ്ത്രീ അത്ഭുതപ്പെട്ടുകൊണ്ട് പറഞ്ഞു: “എന്റെ പദവിയും നിലയുമനുസരിച്ച് ഇതായിരിക്കാന്‍ വഴിയില്ല എന്റെ സ്വര്‍ഗ്ഗീയമന്ദിരം.” മാലാഖ മറുപടി പറഞ്ഞു: “താങ്കളുടെ ജീവിതസമര്‍പ്പണം വഴിയും ത്യാഗങ്ങള്‍ വഴിയും ഇവിടെയെത്തിയ സാമഗ്രികള്‍ കൊണ്ട് ഇതേ പണിയാന്‍ പറ്റിയുള്ളൂ.” സ്വര്‍ഗ്ഗരാജ്യത്തില്‍ മുന്‍നിരയിലെത്താന്‍ ഈ ലോകത്ത് പിന്‍നിരയില്‍ ചേര്‍ക്കപ്പെടുന്നത് എത്രയോ യുക്തമെന്ന ആത്മീയാചാര്യന്മാരുടെ ഭാവം നമുക്ക് ധ്യാനമായിത്തീരണം. ലോകത്തിലെ മികവും കഴിവും ശ്രേഷ്ഠതയും ദൈവരാജ്യപ്രവേശനത്തിന് പരിഗണനാവിഷയങ്ങളായിരിക്കുകയില്ല. ദൈവഹിതം നിറവേറ്റിയോ എന്നതു മാത്രമായിരിക്കും ദൈവരാജ്യപ്രവേശനത്തിന്റെ ഏക മാനദണ്ഡം.

ആകയാല്‍, ഇനിയെങ്കിലും ‘നാമമാത്ര’ ക്രിസ്ത്യാനിയാകാതെ കൃപയുടെ, കരുണയുടെ പ്രവര്‍ത്തികള്‍ ചെയ്യുന്ന യഥാര്‍ത്ഥ ക്രൈസ്തവരാകാം. അധരം കൊണ്ടു മാത്രം ദൈവത്തെ സേവിക്കുന്നവരാകാതെ ഹൃദയം കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും അവിടുത്തെ സേവിക്കാം. ഇടുങ്ങിയ വാതിലിന്റെ രഹസ്യം കൂടുതല്‍ വ്യക്തമായി തെളിയുന്നത് പരിശുദ്ധ കുര്‍ബാനയിലാണ്. മുറിക്കപ്പെട്ട്, കുരിശില്‍ തറയ്ക്കപ്പെട്ട്, ഞെരിഞ്ഞമര്‍ന്ന് ലോകത്തിന് ഭോജ്യമായതാണ് ദിവ്യകാരുണ്യം. ഇടുങ്ങിയ വാതിലിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് അവിടുന്ന് അതിനാല്‍ തന്നെ മാതൃകയും ശക്തികേന്ദ്രവുമാണ്. യേശുജീവിതത്തെ അനുഗമിക്കാന്‍ ശക്തമാക്കുന്ന വേദിയായിത്തീരട്ടെ ഓരോ പരിശുദ്ധ കുര്‍ബാനയും. ഈ കൃപയ്ക്കായി നമുക്ക് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം, ആമ്മേന്‍.

ഡീ. ജോര്‍ജ് കൈതപ്പറമ്പില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.