ഞായര്‍ പ്രസംഗം 2, നോമ്പുകാലം ഒന്നാം ഞായര്‍ ഫെബ്രുവരി 23 മത്തായി 4: 1-11 പ്രലോഭനത്തെ അതിജീവിച്ച ഈശോ

ഒരുവട്ടം കൂടി പാവനമായ നോമ്പുകാലം വന്നെത്തിയിരിക്കുന്നു. ആത്മീയജീവിതത്തിന്റെ പുത്തന്‍ ചക്രവാളങ്ങള്‍ സ്വായത്തമാക്കുവാന്‍ തിരുസഭാമാതാവ് ഒരിക്കല്‍ക്കൂടി ഒരു നോമ്പുകാലത്തിലൂടെ നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നു. അനുഗ്രഹപ്രദമായ വലിയ നോമ്പിലേയ്ക്ക് തിരുസഭാമാതാവിന്റെ വിരല്‍ത്തുമ്പു പിടിച്ചുകൊണ്ട് നമുക്കും പ്രവേശിക്കാം. ആധുനിക ജീവിതശൈലിയുടെ തിക്കിലും തിരക്കിലുംപെട്ട് നഷടപ്പെട്ട ആത്മീയതയുടെ മൂല്യങ്ങള്‍ സ്വന്തമാക്കാന്‍ വീണ്ടുമൊരു അവസരം കൂടി നമുക്ക് ലഭിച്ചിരിക്കുന്നു.

വിഭൂതിക്കുറി അണിഞ്ഞുകൊണ്ട് ഏതാണ്ട് എഴ് ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന, കാല്‍വരി ലക്ഷ്യമാക്കിയുള്ള തീര്‍ത്ഥയാത്ര. ഈശോയുടെ പരസ്യശുശ്രൂഷയ്ക്കു മുന്നോടിയായിട്ടുള്ള ഒരുക്കശുശ്രൂഷയിലേയ്ക്ക്, മരൂഭൂമി അനുഭവത്തിലേയ്ക്ക് ഈശോ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുകയായിരുന്നു. ദൈവാനുഭവത്തിന്റെയും ദൈവീക വെളിപാടുകളുടെയും ഇടമാണ് മരൂഭൂമി. അതുപോലെ തന്നെ ഒറ്റപ്പെടലിന്റെയും പ്രലോഭനങ്ങളുടെയും ഇടങ്ങള്‍. നാല്‍പതു ദിവസത്തെ ഉപവാസത്തിനുശേഷം വിശപ്പിന്റെ പേരില്‍ ഭക്ഷണത്തിന്റെ രൂപത്തിലും ഭാവത്തിലും പ്രലോഭകന്റെ രംഗപ്രവേശം. തുടര്‍ന്ന് പേരും പെരുമയും, അധികാരവും സമ്പത്തുമെല്ലാം പ്രലോഭനഹേതുവായി തീരുകയാണ്. ഒരു മനുഷ്യായുസ്സില്‍ വേണ്ടതെല്ലാം വച്ചുനീട്ടിക്കൊണ്ടാണ് പ്രലോഭകന്‍ ഈശോയെ സമീപിക്കുന്നത്. എന്നാല്‍, ഈ ലോകത്തിന്റെ കണക്കുകൂട്ടലുകള്‍ക്കും സ്വപ്നങ്ങള്‍ക്കും മുകളിലാണ് ആത്മീയതയുടെ മൂല്യങ്ങള്‍ എന്ന് ഈശോയുടെ മറുപടികള്‍ വ്യക്തമാക്കുന്നു.

സഹോദരങ്ങളെ, എന്താണ് യാഥാര്‍ത്ഥ ഉപവാസം എന്ന് നാം ഒന്നാം വായനയിലൂടെ തിരിച്ചറിഞ്ഞു. ഏശയ്യാ പ്രവാചകന്റെ പുസ്തകം 58-ാം അദ്ധ്യായം 6, 7 വാക്യങ്ങളില്‍ ഉപവാസത്തിന്റെ ശ്രേഷ്ഠതയെ എടുത്തുകാണിക്കുന്നുണ്ട്. ഈശോയുടെ ഉപവാസം നാല്‍പതു ദിനരാത്രങ്ങള്‍ നീണ്ടുനിന്നുവെന്ന വസ്തുതയ്ക്ക് സുവിശേഷകന്‍ ഊന്നല്‍ നല്‍കുന്നുവെന്നത് ശ്രദ്ധേയമാണ്. നാല്‍പത് എന്ന സംഖ്യാസൂചനയ്ക്ക് ബൈബിളിലെ രക്ഷാകരചരിത്രത്തില്‍ പ്രത്യേക പ്രാധാന്യമുള്ളതായി കാണാം. ഉല്‍. 7:12-ല്‍ “പാപത്തിന്റെ ഫലമായി നോഹയുടെ കാലത്ത് ജലപ്രളയമുണ്ടായപ്പോള്‍ നാല്‍പതു രാവും പകലും അവിരാമം മഴ പെയ്തു.” അപ്പ. പ്രവ. 7:30-ല്‍ ഈജിപ്തുകാരനെ കൊന്ന മോശ, മിദിയാന്‍ ദേശത്ത് നാല്‍പതു വര്‍ഷം ഒളിവില്‍ കഴിഞ്ഞത് സമാനമായ അര്‍ത്ഥത്തിലാണ്. പുറ. 24:18; നിയമാ. 9: 18-ല്‍ “ഇസ്രായേലിനുവേണ്ടി സീനായ് മലയില്‍ മോശ നാല്‍പതു രാവും പകലും ദൈവതിരുമുമ്പില്‍ മാദ്ധ്യസ്ഥ്യം വഹിച്ച് ഉപവസിച്ചു പ്രാര്‍ത്ഥിച്ചു.” 1 രാജാ. 19:8; സംഖ്യ 13:25; 1 സാമു. 17:16 തുടങ്ങിയ വചനങ്ങള്‍ നാല്‍പതു ദിവസത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു. ചുരുക്കത്തില്‍ നാല്‍പത് ദിനരാത്രങ്ങള്‍ നീളുന്ന ഈശോയുടെ തപസ്സ് മനുഷ്യന്റെ പാപത്തിനു പരിഹാരം ചെയ്യുവാന്‍ അവിടുന്ന് സഹിക്കാനിരിക്കുന്ന കഷ്ടതയുടെ മുന്നൊരുക്കമായിരുന്നു.

പ്രിയമുള്ളവരേ, ലൂക്കാ 5:16-ല്‍, അപ്പം വര്‍ദ്ധിപ്പിച്ചു കിട്ടാനും, രോഗികളെ സുഖപ്പെടുത്താനും, രാജാവാക്കി മാറ്റാനും ജനം പിന്തുടര്‍ന്നപ്പോഴൊക്കെ വിജനതയിലേയ്ക്ക് പിതാവുമായി സംസാരിക്കുവാന്‍ പിന്‍വാങ്ങുന്ന ക്രിസ്തുവിനെയാണ് നാം കാണുന്നത്. താഴ്‌വരകളുടെ പ്രലോഭനത്തില്‍ നിന്നും ഓടിയകന്നവന് മലമുകളിലും കാത്തിരിക്കുന്നത് പ്രലോഭനം തന്നെ. പ്രലോഭനം അതില്‍ത്തന്നെ തിന്മയല്ല; തിന്മയിലേയ്ക്കുള്ള പ്രേരണ മാത്രമാണ്. ദൈവം പ്രലോഭനങ്ങളെ എത്ര സുന്ദരമായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് വി. ഫ്രാന്‍സിസ് അസ്സീസി അവകാശപ്പെടുന്നുണ്ട്. “എനിക്ക് പ്രലോഭനം ഉണ്ടാകുന്നെങ്കില്‍ ഞാന്‍ ഇനിയും പൂര്‍ണ്ണമായി സാത്താന് അടിമപ്പെട്ടിട്ടില്ല.” യേശുവിന്റെ പ്രലോഭനങ്ങള്‍ മരുഭൂമിയിലെ ഏതാനും നിമിഷങ്ങള്‍ കൊണ്ട് തീരുന്നില്ല. കര്‍ത്താവ് മരണത്തോളം പ്രലോഭിതനായെങ്കില്‍ നാം എത്രത്തേളം പ്രലോഭിതരാകാം.

പ്രിയമുള്ളവരേ, ഈശോ കടന്നുപോയ മൂന്നു പ്രലോഭനങ്ങള്‍ – വിശപ്പിന്റെ മുമ്പില്‍ അപ്പമായിത്തീരുവാനുള്ള പ്രലോഭനം, ദൈവാലയത്തിന്റെ അഗ്രത്തില്‍ നിന്നു ചാടി അത്ഭുതപ്രവര്‍ത്തകനായി കൈയ്യടി വാങ്ങാനുള്ള പ്രലോഭനം, ലോകവും ലോകം നല്‍കുന്ന സമ്പത്തും അധികാരവും സ്വന്തമാക്കാനുള്ള പ്രലോഭനവും. നമ്മുടെ അനുദിന ജീവിതത്തിന്റെ ആത്മീയ മരുഭൂമിയില്‍ ഈശോ അനുഭവിച്ച അതേ പ്രലോഭനങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു. ആയതിനാല്‍, ഈ നോമ്പുകാലം ഈശോയുടെ കൂടെയായിരിക്കാം; രക്ഷാകരമൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാം; ആത്മാവിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രിയമുള്ളവരാകാം; പ്രലോഭനങ്ങളെ വിജയിക്കുവാനുള്ള മത്സരവേദിയാക്കാം. ലേഖനത്തില്‍ വായിച്ചുകേട്ടതുപോലെ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി നമുക്ക് പുതിയ മനുഷ്യനെ സ്വീകരിക്കാം. ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ…
ഈശോയുടെ സുവിശേഷത്തിനു വേണ്ടി സാക്ഷിയാകുവാന്‍, ഉത്ഥാനചൈതന്യം സ്വന്തമാക്കുവാന്‍, കൃപയുടെ സമൃദ്ധിയില്‍ വളരുവാന്‍ നോമ്പിന്റെ ചൈതന്യം ബോധപൂര്‍വ്വം സ്വീകരിക്കാം.

നോമ്പ്, തമ്പുരാനോടുകൂടി ആയിരിക്കുവാന്‍, സഹോദരനെ അവനായിരിക്കുന്ന അവസ്ഥയില്‍ മനസ്സിലാക്കുവാന്‍ നമ്മെ സഹായിക്കട്ടെ. നോമ്പ് വ്യക്തിപരമായ വിശുദ്ധീകരണത്തിന് ഇടയായിത്തീരട്ടെ. പ്രലോഭനങ്ങളെ അതിജീവിച്ച് യേശുവില്‍ ജീവിക്കുന്നവരായി മാറാം. എല്ലാ പ്രലോഭനങ്ങളെയും എതിര്‍ത്ത് വിജയം വരിച്ചവനില്‍ ആശ്രയിക്കാം. അങ്ങനെ ഈ നോമ്പുകാലം ദൈവത്തിന് പ്രീതികരമായ രീതിയില്‍ ജീവിച്ചുതീര്‍ക്കുവാന്‍ ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. വര്‍ഗ്ഗീസ് ചിലമ്പട്ടുശ്ശേരി MCBS