സുജാത – പ്രകാശം പരത്തുന്ന പെണ്‍കുട്ടി

ജയ്മോന്‍ കുമരകം

ഉപ്പുതോട്‌ ബസ് അപകടം നടന്നിട്ട് മൂന്നു പതിറ്റാണ്ട്. ആ അപകടത്തില്‍ പരിക്കേറ്റു ശരീരം മുഴുവന്‍ തളര്‍ന്നു പോയ സുജാത. വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ക്കിടയിലും ചിരിച്ചുകൊണ്ട് ചുറ്റുമുള്ളവര്‍ക്ക് മുന്നില്‍ പ്രത്യാശയുടെ സ്രോതസായി മാറുന്ന സുജാതയെ കുറിച്ചു ജയ്മോന്‍ കുമരകം എഴുതുന്നു…

പൂമ്പാറ്റയെപ്പോലെ തുള്ളിച്ചാടി കോളജില്‍ പോയതാണ് സുജാത. എന്നാല്‍ ആ മടക്കയാത്ര അവളുടെ ജീവിതം ഉഴുതുമറിച്ചു.

ഉപ്പുതോട് ബസ് അപകടം നടന്നിട്ട് മൂന്ന് പതിറ്റാണ്ട്…

27 വര്‍ഷം മുമ്പ് ഒരു വാഹനാപകടത്തെ തുടര്‍ന്ന് ശരീരം മുഴുവന്‍ തളര്‍ന്നുപോയ ഇടുക്കി സ്വദേശിനി സുജാത എന്ന യുവതിയെ നോക്കുക. ദൈവഹിതത്തിന് തന്റെ ജീവിതം വിട്ടു കൊടുത്ത അന്നുമുതല്‍ ദൈവം അവളെ ഒരു പെന്‍സില്‍ എന്ന പോല്‍ ഉപയോഗിക്കുകയാണ്.

1988 ഡിസംബര്‍ 7. പ്രഭാതം. ഇടുക്കി-തടിയംപാട് ഗ്രാമത്തിലെ പെരുമ്പാട്ട് വീട്ടിലെ സുജാത ഉത്സാഹത്തിമിര്‍പ്പോടെ കോളജില്‍ പോകാന്‍ തയ്യാറെടുക്കുകയാണ്. മഞ്ഞണിഞ്ഞ പ്രഭാതത്തിന്റെ നൈര്‍മല്യം മുഴുവന്‍ അവളുടെ മുഖത്തുണ്ടായിരുന്നു. ആഹ്ലാദത്തോടെ തുള്ളിച്ചാടിയുള്ള അവളുടെ യാത്ര ദുരന്തത്തിന്റെ തീരാക്കയത്തിലേക്കായിരുന്നുവെന്ന് ആരറിഞ്ഞു?

മുരിക്കാശേരി കോളജിലായിരുന്നു ഒന്നാം വര്‍ഷ പ്രീ-ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന സുജാത. പോകുന്നതും വരുന്നതും ഒരേ ബസില്‍. വൈകുന്നേരമുള്ളത് ഒരു സ്വകാര്യബസും പിന്നാലെയുള്ള ഒരു സര്‍ക്കാര്‍ ബസും മാത്രമായിരുന്നു. കണ്‍സഷന്‍ കിട്ടുന്നതിനാല്‍ എല്ലാ കുട്ടികളും സ്വകാര്യ ബസിനെയാണ് കൂടുതലായി ആശ്രയിച്ചിരുന്നത്. ബസിന്റെ ഉള്ളില്‍ മുഴുവന്‍ കുട്ടികളെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ കുറെ ആണ്‍കുട്ടികള്‍ ബസിനു മുകളിലൊക്കെ ഇരുന്ന് യാത്ര ചെയ്യുന്നത് ഈ റൂട്ടില്‍ പതിവായിരുന്നു.

ക്ലാസ് കഴിഞ്ഞ് ബസ്‌സ്റ്റോപ്പിലെത്തിയപ്പോഴാണ് കൂട്ടുകാരി കുട മറന്നതായി സുജാതയോട് പറയുന്നത്. തിരികെ ചെന്ന് കുട എടുത്തുകൊണ്ടു വരുമ്പോഴേക്കും സ്വകാര്യബസ് കടന്നുപോകും. എങ്കിലും കൂട്ടുകാരിയുടെ നിര്‍ബന്ധം മൂലം അടുത്ത ബസില്‍ പോകാമെന്നു കരുതി കുട എടുക്കാന്‍ പോയി. കുട എടുത്തുകൊണ്ടുവന്നിട്ടും പക്ഷേ അന്ന് ബസ് കടന്നുപോയില്ല. പിന്നാലെയുള്ള നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ കയറാന്‍ തുടങ്ങിയെങ്കിലും തിരിച്ചുവന്ന് സ്വകാര്യ ബസില്‍തന്നെ കയറുകയായിരുന്നു. ദൈവം സുജാതയ്ക്കായി നിശ്ചയിച്ചതും അതുതന്നെയായിരുന്നിരിക്കണം.

ബസ് ഏതാനും കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ എതിരെവന്ന ബൈക്ക് യാത്രക്കാരുമായി സംസാരിക്കുന്നതിനായി ഡ്രൈവര്‍ അല്പം അരികിലേക്ക് ചേര്‍ത്ത് ബസ് നിര്‍ത്തി. പെട്ടെന്നാണത് സംഭവിച്ചത്. ദുര്‍ബലമായ മണ്‍ഭിത്തി ഇടിഞ്ഞ് ബസ് കൊക്കയിലേക്ക് മറിഞ്ഞു. ബസിനുള്ളില്‍ ആര്‍ത്തനാദം മുഴങ്ങി. ബസ് ഒരു തവണ മറിഞ്ഞപ്പോള്‍ത്തന്നെ സുജാത പുറത്തേക്ക് തെറിച്ചുപോയിരുന്നു. കണ്ണു തുറക്കുമ്പോള്‍ താഴെ കൊക്കയില്‍ നിന്നും അധികം പരിക്കു പറ്റാത്ത കൂട്ടുകാരികളില്‍ ചിലര്‍ കയറി വരുന്നത് കാണാന്‍ കഴിഞ്ഞു. കാലുകള്‍ ഒടിഞ്ഞ് മടങ്ങിയിരിക്കുന്നതായി സുജാതയ്ക്ക് തോന്നി. കൂട്ടുകാരികള്‍ എത്ര ശ്രമിച്ചിട്ടും അവളെ എഴുന്നേല്‍പ്പിക്കാന്‍ കഴിഞ്ഞില്ല.

അവര്‍ കരഞ്ഞു വിളിച്ചപ്പോള്‍ നാട്ടുകാരായ കുറേപ്പേര്‍ ഇറങ്ങി വന്ന് അവളെ എടുത്ത് വണ്ടിയില്‍ കയറ്റി. ആ യാത്ര അസഹനീയമായ വേദന അനുഭവിച്ചത് സുജാത ഓര്‍ക്കുന്നു. ആരൊക്കെയോ ചില സഹപാഠികള്‍ മരണമടഞ്ഞതായും പറയുന്നത് സുജാത കേട്ടു. ചെറുതോണി ആശുപത്രിയിലേക്കാണ് അവളെ അവര്‍ കൊണ്ടു പോയത്.

സുജാതയ്‌ക്കൊപ്പം മറ്റൊരു കുട്ടിയും അന്ന് ആ ബസിലുണ്ടായിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ ആ കുട്ടി ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് സുജാതയുടെ ശരീരത്തേക്ക് ചരിഞ്ഞു. അവളെ ആരൊക്കെയോ പിടിച്ച് വലിച്ചെടുത്തപ്പോഴേക്കും അവളും മരിച്ചു. വിറങ്ങലിച്ചുപോയ നിമിഷം. ആശുപത്രിയിലുടനീളം കേട്ടത് വിലാപത്തിന്റെ ശബ്ദം മാത്രമായിരുന്നു. അപകടനിലയെക്കുറിച്ച് അറിയാന്‍ ആശുപത്രിയിലെത്തുന്നവരെല്ലാം ഉറക്കെ കരഞ്ഞുകൊണ്ടിരുന്നു.

സുജാതയുടെ നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ടെന്ന് പരിശോധനയിലറിഞ്ഞു. വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ എത്രയും വേഗം അഡ്മിറ്റാകാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.അവിടെയും ജനത്തിരക്കായിരുന്നു. എല്ലാ കിടക്കയിലും കിടക്കയുടെ താഴെയും രോഗികള്‍. കിടക്കകളൊന്നും ഇല്ലാത്തതിനാല്‍ സിമന്റ് തറയാണ് അവള്‍ക്ക് കിട്ടിയത്. മുറിക്ക് പുറത്ത് ഡിസംബറിന്റെ കൊടുംതണുപ്പ്. ശരീരം അനക്കാന്‍ വയ്യാത്ത വേദന. ഒരേ കിടപ്പില്‍ മണിക്കൂറുകളോളം കിടന്നതിനാല്‍ പാദം മുതല്‍ തലവരെ മരച്ചു.

ഉഗ്രവേദനയാല്‍ രാത്രി മുഴുവന്‍ അവള്‍ നിലവിളിച്ചുകൊണ്ടിരുന്നു. അതുകൊണ്ടാകാം പ്രഭാതമായപ്പോഴേക്കും അവളുടെ ശരീരത്തിന്റെ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. പിന്നീട് 36 ദിവസത്തെ മെഡിക്കല്‍ കോളജിലെ വാസം. ഒരിക്കലും എണീറ്റ് നടക്കുന്നത് സ്വപ്നം കാണെണ്ടെന്നും ചിലപ്പോള്‍ 90 ദിവസത്തിനുള്ളില്‍ മരണത്തെ നേരിടേണ്ടി വരുമെന്നും ഡോക്‌ടേഴ്‌സ് വിധിയെഴുതി. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ വാക്കുകള്‍. ആശുപത്രി നടുങ്ങും വിധം അവള്‍ അലറിക്കരഞ്ഞു.

ഒമ്പതു വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ ബസ് ദുരന്തത്തില്‍ കിടപ്പുരോഗികളായിത്തീര്‍ന്ന രണ്ടുപേരില്‍ ഒരാളായിരുന്നു സുജാത. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും ചങ്ങനാശേരിയിലുള്ള ആശുപത്രിയിലേക്ക് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ജോസഫ് പഞ്ഞിക്കാരന്റെ സഹായത്തോടെ സുജാതയെ പ്രവേശിപ്പിക്കുകയും ഓപ്പറേഷനിലൂടെ ഇരിക്കാന്‍ സാധിക്കുന്ന അവസ്ഥയിലേക്ക് ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുയും ചെയ്തു. വീണ്ടും നടക്കാനും കോളജില്‍ പോകാനും കഴിയുമെന്നായിരുന്നു അവളുടെ പ്രതീക്ഷ. എന്നാല്‍ അരയ്ക്ക് താഴേക്ക് പിന്നീടൊരിക്കലും ചലനശേഷി നേടിയെടുക്കാനായില്ല.

അഞ്ചുമാസത്തെ ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി. പിന്നീടായിരുന്നു യഥാര്‍ത്ഥ സഹനങ്ങള്‍. സാമ്പത്തിക പരാധീനതകള്‍ കൊണ്ട് ഞെരുങ്ങിയ കുടുംബം. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍, വിവാഹപ്രായമായ മൂന്നു സഹോദരിമാര്‍… പ്രശ്‌നങ്ങള്‍ നിരവധിയായിരുന്നു. നട്ടെല്ലിലെ ഉണങ്ങാത്ത മുറിവും തുടര്‍ച്ചയായി കിടക്കുന്നതു മൂലമുണ്ടാകുന്ന വ്രണങ്ങളുമെല്ലാം വേദന വര്‍ദ്ധിപ്പിച്ചു.
അമ്മയുടെ ത്യാഗപൂര്‍ണമായ പരിചരണം മാത്രമായിരുന്നു ആശ്വസമായുണ്ടായിരുന്നത്. പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ പരസഹായം വേണ്ടിവരുന്ന അവസ്ഥയില്‍ മാനസികമായും തളര്‍ന്നു.

അങ്ങനെയിരിക്കെ ഡിവൈനില്‍ ഒരു ധ്യാനത്തില്‍ സംബന്ധിക്കാനിടയായി. ശാരീരികസൗഖ്യം പ്രതീക്ഷിച്ചുകൊണ്ടുള്ള ആ യാത്ര മാനസിക സൗഖ്യമാണ് സമ്മാനിച്ചത്. പിന്നീടുള്ള നാളുകള്‍ പ്രത്യാശയുടേതായിരുന്നു. കവിതകളും മറ്റും എഴുതാന്‍ തുടങ്ങിയത് അതോടെയാണ്. ഡയറി എഴുതുന്ന ശീലവും ആരംഭിച്ചു. പല മാസികകളിലും ലേഖനങ്ങളും കവിതകളും കഥകളുമെല്ലാം എഴുതാനും സുജാതയ്ക്ക് സാധിച്ചു. സന്ദര്‍ശകരായി വരുന്നവരില്‍ നിന്നും ആശ്വാസം സ്വീകരിക്കുകയും പലര്‍ക്കും ആശ്വാസം പകരുകയും ചെയ്തുതുടങ്ങി. സുജാതയുടെ ജീവിതാവസ്ഥക അറിഞ്ഞ പലരും സ്വന്തം ജീവിതത്തെ വിലയിരുത്താനും നല്ല ജീവിതം നയിക്കാനും പ്രേരണയായി. നിരാശത നിറഞ്ഞ പലരും സുജാതയുടെ വാക്കുകളിലൂടെ പ്രത്യാശയുള്ളവരായി. സഹനങ്ങളുടെ നെരിപ്പോടിലമരുമ്പോഴും ചിരിക്കുന്ന സുജാതയുടെ ജീവിതം ക്രിസ്തുസാക്ഷ്യമായി മാറുകയായിരുന്നു.

പലവിധ കാരണങ്ങളാല്‍ തളര്‍ന്നു കിടക്കുന്ന നിരവധി പേരെ ഫോണിലൂടെ പരിചയപ്പെടുകയും അവരുമായി സമ്പര്‍ക്കം പുല ര്‍ത്തുകയും ചെയ്ത് പരസ്പരം ആശ്വാസമായി മാറിയ നിരവധി അനുഭവങ്ങളുണ്ട്, സുജാതയ്ക്ക്. അവര്‍ണനീയമായ യാതനകള്‍ അവസാനമില്ലാതെ ഒന്നൊന്നായി ഭവനത്തെ ആഞ്ഞടിക്കുമ്പോഴും ചെറു പുഞ്ചിരിയോടെ മാത്രം നേരിടാന്‍ പഠിച്ചുകഴിഞ്ഞു. അനേകരുടെ സഹായംകൊണ്ട് മാത്രമാണ് ഈ കുടുംബം മുന്നോട്ടുപോകുന്നത്.

ഒന്നിനും കുറവില്ലാതെ ദൈവം ഞങ്ങളെ പരിപാലിക്കുന്നതായി സുജാത പറയുമ്പോള്‍ വേരോട്ടമുള്ള വിശ്വാസിയെ മനസിലാക്കാന്‍ കഴിയുന്നു. ഗോതമ്പുമണി നിലത്തുവീണഴിയുന്നില്ലെങ്കില്‍ അത് ഫലം പുറപ്പെടുവിക്കുകയില്ലാത്തതുപോലെ, കര്‍ത്താവിന്റെ സ്വര്‍ഗീയ പൂന്തോപ്പില്‍ പനിനീര്‍ പുഷ്പങ്ങള്‍ വിരിയിക്കാന്‍ മുള്ളുകളും പേറി നില്‍ക്കുന്ന റോസച്ചെടിയാണ് ഈ 40-കാരി.

സഹനം ശാപമായി കരുതുന്നവരുടെ കൂട്ടത്തില്‍ ഇന്ന് സുജാതയെ കാണാനാവില്ല. സ്വര്‍ഗത്തിലേക്കുള്ള വഴിയാണതെന്നും പീഠത്തിന്മേല്‍ വയ്ക്കപ്പെട്ട വിളക്കാണ് സഹനമെന്നും ദൈവം കൂടുതല്‍ സ്‌നേഹിക്കുന്നവര്‍ക്ക് നല്‍കുന്ന സമ്മാനമാണതെന്നും സുജാത പറയുമ്പോള്‍ അത് കേട്ടിരിക്കുന്നവര്‍ക്ക് ആശ്വാസവും പ്രത്യാശയുമായി തീരുന്നു.

ജയ്‌മോന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.