കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം

കോവിഡ് വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം. വ്യാഴാഴ്ച ആളുകളെ പങ്കെടുപ്പിച്ചുള്ള പൊതുപരിപാടികൾ നടത്താൻ പാടില്ലെന്ന് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. എല്ലാ ആഘോഷങ്ങളും രാത്രി പത്ത് മണിക്ക് അവസാനിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

ആഘോഷങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. മാസ്‌ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ നിർബന്ധമായും പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു. നിയന്ത്രണം തെറ്റിക്കുന്നവർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കാനും നിർദ്ദേശമുണ്ട്.

ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് ജില്ലാ പോലീസ് മേധാവിമാരും കളക്ടർമാരും നടപ്പാക്കണം. രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. ഡിസംബർ 30, 31 ജനുവരി ഒന്ന് തീയതികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നായിരുന്നു കേന്ദ്രനിർദ്ദേശം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.