പാലാ രൂപതയുടെ സംസ്ഥാന കാര്‍ഷികമേള ആരംഭിച്ചു

പാലാ: പാലാ രൂപതയുടെ സാമൂഹ്യ ക്ഷേമവിഭാഗമായ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന അഞ്ചാമതു സംസ്ഥാന കാര്‍ഷികമേളയുടെ ഉത്ഘാടനം ഇന്നലെ വൈകുന്നേരം നടന്ന സമ്മേളനത്തില്‍ കെ.എം. മാണി എംഎല്‍എ നിര്‍വഹിച്ചു.

വിലത്തകര്‍ച്ചയും ഉത്പാദനമാന്ദ്യവും കാര്‍ഷികരംഗത്തു വെല്ലുവിളി ഉയര്‍ത്തുന്‌പോള്‍ കര്‍ഷക രക്ഷയ്ക്കായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സജീവ ഇടപെടലുകള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. രൂപതയുടെ വിവിധ ഇടവകകളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കര്‍ഷക കൂട്ടായ്മകളുടെയും സ്വാശ്രയസ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. നഷ്ടപ്പെട്ട കാര്‍ഷികസമൃദ്ധി വീണ്ടെടുക്കാന്‍ വീട്ടുകൃഷിയും കൂട്ടുകൃഷിയും വ്യാപകമാക്കണമെന്നും മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണസാധ്യത കൂടുതലായി പ്രയോജനപ്പെടുത്തണമെന്നും മാര്‍ കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. സമ്മേളനത്തില്‍ ജോയി ഏബ്രഹാം എംപി, മോന്‍സ് ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രഫ. സെലിന്‍ റോയി എന്നിവര്‍ സംസാരിച്ചു.

രാവിലെ നടന്ന ചടങ്ങില്‍ മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍പവലിയന്‍ ഉദ്ഘാടനവും നാടമുറിക്കലും നിര്‍വഹിച്ചു. കലാസാംസ്‌കാരിക മത്സരങ്ങളുടെ ഉദ്ഘാടനം പാലാ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫാ. ജോയല്‍ പണ്ടാരപറന്പില്‍ നിര്‍വഹിച്ചു. കാര്‍ഷികവിളകള്‍, ഔഷധകൃഷി, ഹരിതഭവനം, പൗരാണിക ഉപകരണം എന്നീ വിഭാഗങ്ങളിലായി വിവിധ ഫൊറോനകള്‍ സജ്ജീകരിച്ച സ്റ്റാളുകളുടെ മത്സരവും പൊതുജനങ്ങള്‍ക്കായി വിവിധമത്സരങ്ങളും നടന്നു. പാലാ ടൗണ്‍ െ്രെപവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം കിഴക്കേക്കര, പൊരുന്നോലില്‍, പുഴക്കര മൈതാനങ്ങളില്‍ നാല്‍പ്പത്താറായിരം ചതുരശ്രയടി വലിപ്പത്തിലുള്ള പന്തലിലാണു മേള നടക്കുന്നത്. ജനുവരി ഒന്നു വരെ രാവിലെ 9.30 മുതല്‍ രാത്രി ഒന്‍പതു വരെയാണ് സന്ദര്‍ശന സമയം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ