നമുക്കും അവനോടു കൂടി പോയി മരിക്കാം

സാഹസികത പ്രകടിപ്പിക്കുന്ന വിശ്വാസം ആഴമുള്ളതാണ്. വെല്ലുവിളി ഇല്ലാത്ത ജീവിതം വിജയമില്ലാത്തതാണ്. ഭാരതമണ്ണിൽ വിശ്വാസദീപം തെളിച്ച തോമാശ്ലീഹായുടെ ജീവിതം നമ്മുടെ വിശ്വാസജീവിതത്തിൽ ഒരു വെല്ലുവിളിയും പരിചിന്തനത്തിന് വിഷയമാക്കേണ്ടതുമാണ്. ഭാരതക്രൈസ്തവരായ നമ്മെ സംബന്ധിച്ചിടത്തോളം ശ്ലീഹായുടെ ഭാരതപ്രവേശനവും പ്രേക്ഷിതവേലയും രക്ഷാകര ചരിത്രത്തിലെ ഒരു സുപ്രധാനമായ സംഭവമാണ്.

വിശ്വാസം സാഹസമാണ്. അവസാനതുള്ളി രക്തവും ചിന്തി മരിച്ചവന്റെ ശരീരം ഉയർത്തെഴുന്നേറ്റു എന്ന് പറഞ്ഞപ്പോൾ മുറിപ്പാടുകളിൽ വിരൽത്തുമ്പിട്ട് അനുഭവിച്ചറിയണം എന്ന തീരുമാനം സാഹസികം തന്നെയാണ്. സാഹസികത പ്രകടിപ്പിക്കുന്ന വിശ്വാസം ആഴമുള്ളതാണ്. എനിക്കായി മുറിവേറ്റവന്റെ മുറിപ്പാടുകൾ കാണണമെന്നതും മുറിവിൽ വിരലിടണമെന്നതുമായ ശാഠ്യം അല്പം കൂടിപ്പോയെന്നു തോന്നാം. എന്നാൽ അടിയുറച്ച വിശ്വാസമാണ് തോമാശ്ലീഹായെ ഇതിനായി പ്രേരിപ്പിച്ചത്.

വെല്ലുവിളി ഇല്ലാത്ത ജീവിതം വിജയം ഇല്ലാത്തതാണ്. കടലും കരകളും താണ്ടി തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ നേർക്കാഴ്ചയിലൂടെ ഊളിയിട്ടുള്ള സഞ്ചാരത്തിൽ നിത്യജീവനെ പുണരുവാനുള്ള തന്റെ വഴി ഇവിടെ അവസാനിക്കുന്നില്ല എന്ന് തോമസിന് അറിയാമായിരുന്നു. ഒരുപക്ഷേ, കൂടുതൽ വ്യക്തതയോടെ ‘എന്റെ കർത്താവേ എന്റെ ദൈവമേ’ എന്ന് ഉദ്ഘോഷിച്ചത് അപ്പോഴാകണം. ദൗത്യനിർവ്വഹണവുമായി ബന്ധപ്പെട്ട ദേശാടനം നടത്തിയപ്പോഴെല്ലാം ആ യാത്ര തോമസിന് സുഖകരമായിരുന്നില്ല. മാറിമറിയുന്ന സാഹചര്യങ്ങളും ചുറ്റുപാടുകളുമൊക്കെ എങ്ങനെ സമർത്ഥമായി തരണം ചെയ്തു എന്നതിന് ഒരു ഉത്തരമേയുള്ളൂ – ഗുരുമുഖത്തു നിന്നു ലഭിച്ച ഉൾക്കാഴ്ചകൾ.

ജീവന്റെ പൂര്‍ണ്ണതയിലേക്ക് കണ്ണുനട്ട് സഞ്ചരിക്കുന്നവന് ആ ഉത്തരം പൂര്‍ണ്ണമാണ്. റോസാപ്പൂവിനെ സുന്ദരമായി താങ്ങിനിർത്തുന്നത് മുള്ളുകൾ നിറഞ്ഞ തണ്ടുകളാണ്. വിശ്വാസജീവിതത്തിൽ വെല്ലുവിളികൾ ഉണ്ടാകുമ്പോൾ സാഹസികതയ്ക്ക് ഇടം ലഭിക്കുന്നു. ഇങ്ങനെ സഹസികരാകുവാൻ നാം ശ്രമിക്കുമ്പോൾ മാർത്തോമാശ്ലീഹായുടെ മക്കളാണെന്നതിൽ നമുക്ക് അഭിമാനിക്കാം. ‘നമുക്കും അവനോടൊപ്പം പോയി മരിക്കാം’ എന്ന വി. തോമാശ്ലീഹായുടെ നാവിൽ നിന്നും അടർന്നുവീണ വാക്യം പൂർത്തീകരിക്കപ്പെടുന്നത് “അവനോടൊപ്പം മരിച്ചവർ അവനോടൊപ്പം ഉയർത്തപ്പെടുകയും ചെയ്യും” എന്ന വചനത്തിലാണ്. വി. തോമാശ്ലീഹായിൽ നിന്നും ഉത്ഭവിച്ച ഈ വചനധാരയാണ് ക്രൈസ്തവ ജീവിതത്തിന്റെ ആധാരശിലയായി നിൽക്കുന്നത്. ഭീരുത്വം തൊട്ടുതീണ്ടാത്ത വാക്കുകളുടെയും പ്രവൃത്തികളുടെയും ഉടമയായിരുന്നു വി. തോമാശ്ലീഹാ. വിശ്വസ്തതയുടെയും സഹാനുഭൂതിയുടെയും പ്രതീകമായിരുന്നു അദ്ദേഹം.

വയറു വിശന്നിട്ടും ഭയം മൂലം പുറത്തിറങ്ങാൻ കഴിയാതിരുന്ന തന്റെ സഹചരന്മാർക്കു വേണ്ടി ഭക്ഷണം തേടി പുറത്തിറങ്ങാൻ ഈശോയുടെ ശിഷ്യഗണത്തിൽ വി. തോമസിനു മാത്രമേ ധൈര്യമുണ്ടായിരുന്നുള്ളൂ. ഈശോയോടൊപ്പം മരിക്കാൻ തോമസ് അപ്പോഴും ഒരുക്കമായിരുന്നു. ഉത്ഥിതനായ ഈശോയുടെ പാർശ്വങ്ങളിൽ കൈത്തലം ചേർത്തുവയ്ക്കാൻ, ‘എന്റെ കർത്താവേ, എന്റെ ദൈവമേ’ എന്ന വിശ്വാസപ്രഖ്യാപനം നടത്താനും ക്ഷണിച്ചത് തോമസിനെ മാത്രമാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ സാധുജനങ്ങളുടെമേൽ കാട്ടുനീതി നടപ്പാക്കിയിരുന്ന ഭാരതമണ്ണിലേക്ക് അയക്കാൻ വി. തോമാശ്ലീഹായെ തിരഞ്ഞെടുത്തതും അവനുവേണ്ടി അവനോടൊപ്പം മരിക്കാനുള്ള ധൈര്യത്തിന്റെയും ദൃഢവിശ്വാസത്തിന്റെയും കരുത്തിലാണ്. വിശ്വാസങ്ങളും അനാചാരങ്ങളും കൊണ്ട് മനുഷ്യാത്മാക്കൾക്ക് പൈശാചികരൂപം നൽകിയിരുന്ന പ്രാകൃതസംസ്കാരത്തിലേക്കാണ് ഈശോയുടെ ജീവന്റെ വചസ്സുമായി വി. തോമാശ്ലീഹാ കടന്നുവരുന്നത്. വൈരികൾക്കു നടുവിൽ യേശുവിന്റെ സാമ്രാജ്യം പടുത്തുയർത്താൻ വി. തോമാശ്ലീഹാക്ക് കഴിഞ്ഞത് വഴിയും സത്യവും ജീവനും ആയവന്റെ പാർശ്വങ്ങളിൽ നിന്നും പ്രവഹിച്ച ജീവന്റെ ശക്തി ഒന്നുകൊണ്ട് മാത്രമാണ്.

വി. തോമാശ്ലീഹായുടെ ഓർമ്മത്തിരുനാൾ ആചരിക്കുന്ന ഈ അവസരത്തിൽ നാം ചിന്തിക്കേണ്ടതും ഒന്നു മാത്രം. നമ്മുടെ വിശ്വാസത്തിന്റെ കൈത്തലം യേശുവിന്റെ പാർശ്വങ്ങളിൽ ഉറപ്പിക്കപ്പെട്ടിട്ടുണ്ടോ? വി. തോമാശ്ലീഹായെപ്പോലെ വിശന്നു കഴിയുന്നവർക്ക് അപ്പം കണ്ടെത്തി നല്‍കാൻ നമുക്കാകുന്നുണ്ടോ?  അവനോടു കൂടെ മരിക്കാനും ഉയർക്കാനും കഴിയുംവിധം കരുതലുള്ള ഒരു ജീവിതമാണോ നമ്മുടേത്? ഇന്നിന്റെ കാലഘട്ടത്തിൽ വിശ്വാസജീവിതത്തിന് കൈമോശം വരാതെ തോമാശ്ലീഹായെപ്പോപോലെ ദൃഢവിശ്വാസത്തിൽ ഉറച്ചുനിന്നു കൊണ്ട് ധീരതയോടെ മുന്നേറുവാൻ നമുക്കാവണം.

സി. ജിസ്മി കൂട്ടിയാനിക്കൽ SMC

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.