വി. തോമസ് ബെക്കറ്റ്, വൈരുദ്ധ്യങ്ങളുടെ അടയാളം

1118 ഡിസംബർ 21 നാണ് ലണ്ടനിലെ ചീപ്പ്സൈഡിൽ വി. തോമസ് ബെക്കറ്റ് ജനിച്ചത്. വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ദിനം കൂടിയായിരുന്നു അത്. 900 വർഷങ്ങൾക്കുശേഷം ഡിസംബർ ഇരുപത്തി ഒൻപതാം തിയതി തന്റെ രക്തസാക്ഷിത്വ ദിനത്തിൽ അദ്ദേഹം അനുസ്മരിക്കപ്പെടുകയാണ്. വൈരുദ്ധ്യങ്ങളുടെ അടയാളമാണ് വിശുദ്ധ തോമസ് ബെക്കറ്റിന്റെ ജീവിതം.

നോർമൻ കച്ചവടക്കാരായിരുന്നു മാതാപിതാക്കൾ. വിദ്യാഭ്യാസവും അധികം ലഭിച്ചിട്ടില്ല. കാന്റർബറി ആർച്ചുബിഷപ്പ് തിയോബാൾഡിന്റെ വസതിയിൽ ക്ലർക്കായി സേവനം ചെയ്തു. അതിനുശേഷം പാരീസിലും ബൊളോഗ്നയിലുമായി കാനൻ ലോയും മറ്റും പഠിച്ചു. പിന്നീട് വിവിധ ഓഫീസുകളിൽ സുതുത്യർഹ സേവനം കാഴ്ചവച്ച അദ്ദേഹം ഹെൻറി രണ്ടാമൻ രാജാവിന്റെ കീഴിൽ ചാൻസലർ ഓഫ് ഇംഗ്ലണ്ട് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സേവനം നൽകി രാജാവിന്റെ അടുത്ത സുഹൃത്തായും അദ്ദേഹം മാറി.

1162 ൽ തിയോബാൾഡിന്റെ മരണത്തിനുശേഷം ഹെൻറി രണ്ടാമൻ രാജാവ് ബെക്കറ്റിനെ കാന്റർബറി ആർച്ചുബിഷപ്പ് സ്ഥാനത്തേക്ക് നിർദേശിച്ചു. വൈദികൻ അല്ലായിരുന്നതിനാൽ ജൂൺ രണ്ടിന് പൗരോഹിത്യം സ്വീകരിക്കുകയും തൊട്ടടുത്ത ദിവസം ആർച്ചുബിഷപ്പായി ചുമതല ഏൽക്കുകയും ചെയ്തു. അതിനുശേഷം ബെക്കറ്റിന് വന്ന മാറ്റങ്ങൾ രാജാവിന് ഉൾക്കൊള്ളാനായില്ല . തുടർന്ന് ഇരുവരും തമ്മിൽ അകലുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ആറ് വർഷം ഫ്രാൻസിലേക്ക് അദ്ദേഹത്തിന് ഒളിവ് വാസത്തിനായി പോകേണ്ടിയും വന്നു.

1170 ൽ തിരികെയെത്തിയ അദ്ദേഹം രാജാവിന്റെ വിശ്വസ്തരിൽ പലരെയും സഭയിൽ നിന്ന് പുറത്താക്കി. ഇതേ വർഷം ഡിസംബർ 29 ന് കാന്റർബറി കത്തീഡ്രലിൽ വച്ച് തന്നെ ശത്രുക്കളാൽ കൊല്ലപ്പെടുകയും ചെയ്തു. മൂന്ന് വർഷങ്ങൾക്കുശേഷം അലക്സാണ്ടർ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയർത്തി. ഇംഗ്ലണ്ടിലെ പുരോഹിതരുടെയും സ്വന്തം ദേശത്തുനിന്ന് വിവിധ കാരണങ്ങളാൽ മാറിത്താമസിക്കുന്നവരുടെയും മദ്ധ്യസ്ഥനായാണ് വിശുദ്ധ തോമസ് ബെക്കറ്റ് അറിയപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.