ശരിക്കും ഈ തോമാസ്ലീഹാ നല്ലവനാണോ?

ചാപ്പലിലെ രൂപങ്ങളുടെയൊക്കെ അടുത്തു പോകുന്നതും അവരെ നോക്കി നില്ക്കുന്നതും എനിക്ക് ഒത്തിരി ഇഷ്ടമാണ്. അങ്ങനെയൊരു ദിവസം  ഈശോയുടെ തിരുമുറിവിൽ തൊട്ടു വിശ്വസിക്കുന്ന തോമാസ്ലീഹായുടെ മുമ്പിൽ എത്തിയപ്പോൾ സുഹൃത്തൊരു ചോദ്യം… ശരിക്കും ഈ തോമാസ്ലീഹാ നല്ലവനാണോ? ചോദ്യം കേട്ടപ്പോൾ എനിക്കും തോന്നി അതെ സംശയം. ശരിക്കും ആരാണീ തോമാശ്ലീഹാ. ഈശോയുടെ ശിഷ്യനായിട്ടു കൂടി കൂടെ നടന്നവൻ മരണത്തിൽ നിന്നും തിരിച്ചു വന്നു എന്ന് കേട്ടപ്പോൾ സന്തോഷിക്കാതെ, വിശ്വസിക്കാതെ, ഒരു കുഞ്ഞു കുട്ടിയെ പോലെ എന്തുകൊണ്ട് ആയിരിക്കും കണ്ടാലേ ഞാൻ വിശ്വസിക്കൂ, ആ മുറിവുകൾ തൊട്ടാലേ വിശ്വസിക്കൂ  എന്നൊക്കെ വാശി പിടിച്ചത്.

ഞങ്ങൾ  വെറുതെ വീണ്ടും തോമാസ്ലീഹായെ നോക്കുമ്പോൾ ഞങ്ങളെ നോക്കി ചിരിക്കുന്നത് പോലെ. വലിയ ഒരു ചോദ്യത്തിന് ഉത്തരം ആ ചിരികൾക്കിടയിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് പോലെ. കുറച്ചു നേരം ഞങ്ങൾ  വെറുതെ ചിന്തിച്ചു ബൈബിളിൽ അറിയാവുന്ന കാര്യങ്ങളൊക്കെ ചർച്ച ചെയ്തു.

അങ്ങനെ ഞങ്ങൾ തന്നെ ഉത്തരം കണ്ടുപിടിച്ചു. തോമാസ്ലീഹായാണ് ശിഷ്യന്മാരിൽ ഏറ്റവും ധൈര്യശാലി. ഒന്നാമതായി, ബാക്കി പത്തുപേരും യൂദന്മാരെ ഭയന്ന് കതകടച്ചു ഇരിന്നപ്പോൾ തോമാസ്ലീഹാ ആ കൂട്ടത്തിൽ ഇല്ലായിരിന്നു. ഒറ്റയ്ക്ക് ആരെയും പേടിക്കാതെ പുറത്തെവിടെയോ പോയതായിരുന്നു. രണ്ടാമതായി, ശിഷ്യന്മാരിൽ പലർക്കും തോന്നിയ ഒരു സംശയം ആണ് തോമാസ്ലീഹാ നേരിട്ട് ചോദിച്ചത്. ചിലപ്പോൾ അവർ ഭയന്നിരിക്കണം – ഈശോയോടു അങ്ങ് ഈശോ തന്നെയാണോ, അങ്ങയുടെ മുറിവുകൾ കാണട്ടെയെന്നു പറയുവാൻ.

ഏറ്റവും പ്രധാനമായി  തോമാസ്ലീഹാ ഈ സാഹചര്യത്തിൽ നില്ക്കുന്നതും ചോദിക്കുന്നതും നമ്മൾക്ക് വേണ്ടിയാണ്. ഒന്ന് കൂടി വ്യക്തമാക്കിയാൽ  ഈശോയുടെ ശിഷ്യൻ എന്നതിലുപരിയായി ഒരു സാധാരക്കാരനായിട്ടാണ് തോമാസ്ലീഹാ ഈ അവസരത്തിൽ നിൽക്കുന്നത്.

അവിശ്വാസികളും സംശയാലുക്കളുമായ നമ്മൾക്കൊരുത്തർക്കും  വേണ്ടി. നമ്മളിൽ ഒരാളായി. ഈശോ ഉയിർത്തെഴുന്നേറ്റു എന്നത് വിശ്വസിക്കുവാൻ കഴിയാത്ത ഓരോ വ്യക്തിക്കും വേണ്ടി. എന്തിനും ഏതിനും സാക്ഷികളെയും തെളിവുകളെയും തേടുന്ന ഓരോ വ്യക്തിക്കും വേണ്ടി.

തോമാസ്ലീഹാ ഈ ലോകത്തോടും എന്നോടും നിന്നോടും  വിളിച്ചു പറയുകയാണ്. “ഈശോ സത്യമായും ഉയിർത്തെഴുന്നേറ്റു. ഞാനാ മുറിപ്പാടുകൾ കണ്ടു. മുറിവുകളിൽ തൊട്ടു. അതേ, അത് സത്യമായും എന്റെ ഈശോ  തന്നെ ആയിരുന്നു. വിശ്വസിക്കുക, ഞാനതു കണ്ടു സാക്ഷ്യപ്പെടുത്തുന്നു” എന്ന്. ഇത് തോമാസ്ലീഹാ നമ്മുടെ അടുക്കല്‍ വന്നുറക്കെ പ്രഖ്യാപിക്കുന്നു. ഒപ്പം കരുണയുടെ ഉറവിടമായ ഈശോയുടെ തിരുവിലാവിലേയ്ക്ക്  നോക്കുവാനും തോമാശ്ലീഹാ നമ്മെ പ്രേരിപ്പിക്കുന്നു.

ഏറ്റവും വലിയ സാക്ഷ്യമാണിത് – നമ്മുടെ വിശ്വാസത്തിന്റെ അടിത്തറയായ സാക്ഷ്യം. ഒരു കുഞ്ഞിന്റെ നിഷ്കളതയിലൂടെ, വാശിയിലൂടെ,  അവിശ്വാസികളെ വിശ്വസിപ്പിക്കുവാൻ തോമാശ്ലീഹായുടെ കണ്ടെത്തിയ  കുറുക്കു വഴി: തീര്‍ച്ചയായും തോമാസ്ലീഹാ നല്ലവൻ മാത്രമാണ്.

ജെ. അല്‍ഫോന്‍സ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.