സഭൈക്യത്തിന്റെ ശക്തയായ പ്രവാചക: വേദപാരംഗതയായ സിയന്നായിലെ വി. കത്രീന

രക്ഷാകര ചരിത്രത്തിൽ നിരവധി സ്ത്രീകൾ വിശുദ്ധിയുടെയും സ്നേഹത്തിന്റെയും ദൈവശുശ്രൂഷയുടെയും അടയാളങ്ങളാൽ തിരുസഭയെ വളർത്തിയിട്ടുണ്ട്. ഇവരിൽ നാലു പേരെയാണ് കത്തോലിക്കാസഭ വേദപാരംഗതകൾ (Doctor of the Church) ആയി പ്രഖ്യാപിച്ചിരിക്കുന്നത്. ആവിലായിലെ വി. അമ്മത്രേസ്യാ, സിയന്നായിലെ വി. കത്രീന, ലിസ്യുവിലെ വി. കൊച്ചുത്രേസ്യാ, ബിങ്ങനിലെ വി. ഹിൽഡേഗാർഡ് എന്നിവരാണ് ഈ നാലു വനിതകൾ.

1970-ൽ പോൾ ആറാമൻ പാപ്പാ ആവിലായിലെ വി. അമ്മത്രേസ്യായെയും സിയന്നായിലെ വി. കത്രീനയെയും വേദപാരംഗതരായി പ്രഖ്യാപിച്ചപ്പോൾ, ലിസ്യുവിലെ വി. കൊച്ചുത്രേസ്യായെ ജോൺപോൾ രണ്ടാമൻ പാപ്പാ 1997-ലും വി. ഹിൽഡേഗാർഡിനെ ബനഡിക്ട് പതിനാറാമൻ പാപ്പാ 2012-ലും വേദപാരംഗതരായി പ്രഖ്യാപിച്ചു. അവരിൽ സിയന്നായിലെ വി. കത്രീനയുടെ തിരുനാൾ ദിനമാണ് ഏപ്രിൽ 29.

പതിനാലാം നൂറ്റാണ്ടിൽ യുറോപ്പിനെ മാനവകുലത്തിന്റെ സെമിത്തേരിയാക്കിയ ബ്യൂബോണിക് പ്ലേഗ് പടർന്ന കാലം. 1348-നും 1350-നുമിടയിൽ രോഗം അതിന്റെ മൂർദ്ധന്യത്തിലെത്തി. ആറു വർഷം കൊണ്ട് രണ്ടു മുതൽ മൂന്നു കോടി വരെ യൂറോപ്യന്മാർ ഈ അസുഖം മൂലം മരണമടഞ്ഞു. അതായത്, യൂറോപ്പിലെ ജനസംഖ്യയുടെ അറുപതു ശതമാനം. പേപ്പൽ സ്റ്റേറ്റുകൾ യുദ്ധം മൂലം വിഭജിക്കപ്പെട്ടു. മെത്രാന്മാര്‍ തങ്ങളുടെ കുടുംബക്കാരെ തന്നെ പിൻഗാമികളാക്കാൻ പരിശ്രമിച്ച കാലം.

എഴുപതു വർഷത്തെ അവിഞ്ഞോൺ വിപ്രാവാസം കഴിഞ്ഞ് മാർപാപ്പ റോമിൽ തിരിച്ചെത്തിയെങ്കിലും അധികം വൈകാതെ തന്നെ പാശ്ചാത്യ ശീശ്മ (Western Schism 1378-1417) റോമൻ കത്തോലിക്കാ സഭയെ വിരിഞ്ഞുമുറുക്കിയ സമയം. ഇന്നത്തെക്കാൾ വളരെ പ്രക്ഷുബ്ദമായ കാലഘട്ടം. ക്രിസ്തുവിന്റെ രണ്ടാം വരവിനുള്ള ഒരുക്കമായി പലരും അതിനെ വ്യാഖ്യാനിച്ചു. എന്നാൽ, ഇറ്റലിയിലെ സിയന്നായിൽ ജീവിച്ചിരുന്ന ഒരു അത്മായ സ്ത്രീ ആടിയുലഞ്ഞ സഭാനൗകയെ ക്രിസ്തുവിൽ വീണ്ടും നങ്കൂരമിടാൻ പ്രാപ്തയാക്കി – അവളാണ് സിയന്നായിലെ വി. കത്രീന. സിയന്നായിലെ വി. കത്രീനയെപ്പറ്റി ഗവേഷണം നടത്തിയ ഡൊമിനിക്കൻ വൈദികൻ ഫാ. തോമസ് മക് ഡെമോർട്ടിന്റെ അഭിപ്രായത്തിൽ, “കത്രീന അക്ഷരാർത്ഥത്തിൽ ഭയാനകമായ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്. ജനങ്ങൾ സഭയുടെയും ലോകത്തിന്റെയും അവസാനം ചിന്തിച്ചിരുന്ന സമയം. അവർക്കിടയിൽ സത്യത്തിന്റെ ശബ്ദമായി അവൾ നിലകൊണ്ടു.”

ലോകത്തിന്റെയും സഭയുടെയും ഇന്നത്തെ അവസ്ഥയും ഭിന്നമല്ല. നമ്മുടെ കൊച്ചുകേരളത്തിലും അതിന്റെ അലയടികൾ ആഴത്തിൽ മുറിവേൽപിക്കുന്നു. സഭയെയും സഭാധികാരികളെയും സത്യങ്ങൾ ശരിയായി അറിഞ്ഞും അറിയാതെയും വിചാരണ നടത്തി വിധി പ്രസ്താവിക്കാൻ തിടുക്കം കൂട്ടുന്ന ഒരു കൂട്ടര്‍ ഒരുവശത്ത്. കിട്ടിയ അവസരം മുതലാക്കി സഭയെ തച്ചുടയ്ക്കാൻ വിപ്ലവം പറയുന്ന ചെറിയ ഒരു ന്യൂനപക്ഷം. ഇതിലൊന്നും പെടാതെ സത്യസഭയെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന, അതിനുവേണ്ടി ജീവൻ നൽകാൻ തയ്യാറായി നിൽക്കുന്ന വലിയൊരു വിഭാഗവും. ഈ അവസരത്തിൽ വി. കത്രീനായുടെ ദർശനങ്ങൾ നമുക്ക് കരുത്തു പകരുന്നവയാണ്.

വി. പൗലോസിന്റെ പാരമ്പര്യം തുടർന്ന്, സഭയെക്കുറിച്ചു സംസാരിക്കുമ്പോൾ സഭ ക്രിസ്തുവിന്റെ ശരീരമായാണ് കത്രീനായും മനസ്സിലാക്കിയിരുന്നത്. സഭയുടെ മുഖം സുന്ദരമാണ്. നമ്മൾ അവളുടെ മുഖത്ത് മാലിന്യം തെറിപ്പിച്ചിരിക്കുന്നു. അതിനൊരു സുന്ദരമായ മുഖമുണ്ട്; അത് സഭയുടെ ദൈവീകവശമാണ്. എന്നാൽ, നമ്മുടെ പാപങ്ങൾ മൂലം വിരൂപമായ ക്രിസ്തുവിന്റെ ശരീരമാണ് അതിന്റെ മാനുഷികവശം. സഭയിലെ ചില ആനുകാലിക പ്രശ്നങ്ങളും ഉതപ്പുകളും കാണുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ നിൽക്കുമ്പോൾ സിയന്നായിലെ വി. കത്രീനയുടെ മാതൃക നമുക്കു മുമ്പോട്ടു‌ പോകാൻ കരുത്താണ്.

ആരാണ് സിയന്നായിലെ വി. കത്രീന?

കത്തോലിക്കാ സഭ വിശുദ്ധയും വേദപാരംഗതയുമായി അംഗീകരിച്ചിട്ടുള്ള സിയന്നായിലെ കത്രീന പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡൊമിനിക്കൻ മൂന്നാം സഭാംഗവും കന്യകയുമായിരുന്നു. സിയന്നായിലെ ഒരു ഇടത്തരം കുടംബത്തിൽ 1347 മാർച്ച് 25-ാം തീയതി, ഇരുപത്തിയഞ്ചാമത്തെ സന്താനമായി കത്രീന ജനിച്ചു. അവളുടെ പന്ത്രണ്ടു സഹോദരങ്ങൾ ചെറുപ്പത്തിൽ തന്നെ മരിച്ചു.

വളരെ ചെറുപ്രായത്തിൽ തന്നെ ഭക്തകൃത്യങ്ങളിൽ തൽപരയായിരുന്ന കത്രീനയ്ക്ക് ആറു വയസ്സുള്ളപ്പോൾ ഒരു ദൈവികദർശനമുണ്ടായി. ഏഴാമത്തെ വയസ്സിൽ അവള്‍ കന്യാജീവിതത്തിന് മനസ്സു പാകപ്പെടുത്തി. പന്ത്രണ്ടാമത്തെ വയസ്സിൽ മാതാപിതാക്കൾ അവളെ വിവാഹം കഴിച്ചുകൊടുക്കാൻ തീരുമാനിച്ചെങ്കിലും, താൻ ക്രിസ്തുവിന്റെ മണവാട്ടിയാകാന്‍ സമ്മതിച്ചിരിക്കുന്നുവെന്നു പറഞ്ഞ് കത്രീന അതിൽ നിന്നൊഴിഞ്ഞു. എന്നാൽ, അവള്‍ ഏതെങ്കിലും ആശ്രമത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കാതിരുന്നതിനാൽ വീട്ടിൽ തന്നെ ഒരു മുറിയിൽ കഴിഞ്ഞു. മൂന്നു വർഷം അവിടെ ഏകാന്തധ്യാനത്തിലും തപസ്സിലും ചെലവഴിച്ചു.

1365-ല്‍ തന്റെ 18-ാമത്തെ വയസ്സില്‍ കത്രീന, വി. ഡൊമിനിക്കിന്റെ മൂന്നാം സഭയില്‍ ചേര്‍ന്നുകൊണ്ട് സന്യാസവസ്ത്രം സ്വീകരിച്ചു. ഇരുപത്തിയൊന്നാം വയസ്സിൽ ക്രിസ്തുവുമായുള്ള ഒരു ആത്മീയവിവാഹം അവൾ നടത്തി. പിന്നീട് ഏകാന്തജീവിതം ഉപേക്ഷിച്ച് ലോകത്തിലേയ്ക്കിറങ്ങി പൊതുജീവിതം സ്വീകരിക്കാൻ യേശു അവളോട് ആവശ്യപ്പെട്ടതായി കത്രീനയുടെ ജീവചരിത്രകാരൻ രേഖപ്പെടുത്തിയിട്ടുണ്ട്.

തുടർന്ന് രോഗികളേയും അഗതികളേയും ആശുപത്രികളിലും ആതുരാലയങ്ങളിലും സഹായിക്കുന്നതിൽ അവള്‍ ഏറെ സമയം ചെലവഴിച്ചു. യൂറോപ്പിനെ ‘കറുത്ത മരണം’ (Black Death) എന്നു കുപ്രസിദ്ധി നേടിയ പ്ലേഗ് ബാധ അലട്ടിയപ്പോൾ രോഗബാധിതരെ സഹായിച്ച് കത്രീന അവര്‍ക്കൊപ്പം കഴിഞ്ഞു. പാവങ്ങളോടുള്ള വിശുദ്ധയുടെ കാരുണ്യത്തിന് നിരവധി അത്ഭുതങ്ങള്‍ വഴി ദൈവം അവള്‍ക്ക് പ്രതിഫലം നല്‍കി. ചിലപ്പോള്‍ അവളുടെ കയ്യിലുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഇരട്ടിപ്പിച്ചുകൊണ്ടും മറ്റു ചിലപ്പോള്‍ പാവങ്ങള്‍ക്കായുള്ള ചോളം, എണ്ണ തുടങ്ങിയ അവശ്യസാധനങ്ങള്‍ ചുമക്കുവാനുള്ള കഴിവ് അവള്‍ക്ക് നല്‍കിക്കൊണ്ടും ദൈവം ഇടപെട്ടു.

പരസ്യ ജീവിതം

പൊതുജീവിതത്തിലേയ്ക്കു തിരിച്ചുവന്ന കത്രീന സഭയുടെ കാര്യങ്ങളിൽ ഇടപെടാൻ തുടങ്ങി. അവിഞ്ഞോണിൽ കഴിഞ്ഞിരുന്ന ഗ്രിഗറി പതിനൊന്നാമൻ മാർപാപ്പയെ റോമിലേയ്ക്ക് തിരികെ കൊണ്ടുവരാനും ഫ്ലോറൻസ് റിപബ്ലിക്കുമുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാനും കത്രീന അക്ഷീണം പ്രയത്നിച്ചു. പ്രാർത്ഥനയിലൂടെയും അദ്ധ്യാത്മിക നിയന്താക്കളുമായുള്ള നിരന്തര സമ്പർക്കത്താലും പേപ്പൽ പ്രതിനിധികളും മാർപാപ്പായുമായും സമാധാനത്തിനും സഭാനവീകരണത്തിനായും കത്രീന പരിശ്രമിച്ചു.

കത്രീനയുടെ സമയത്തുണ്ടായിരുന്ന പേപ്പൽ പ്രതിനിധിയെ ഫ്ലോറൻസിലുള്ള പ്രബല കുടുംബങ്ങൾ എതിർത്തിരുന്നു. അതിനു കാരണമായി അവർ പറഞ്ഞത്, മാർപാപ്പ അവരെ കാര്യമായി പരിഗണിക്കുന്നില്ല എന്നതായിരുന്നു. സഭയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനായി പേപ്പൽ പ്രതിനിധിയ്ക്കും മാർപാപ്പയ്ക്കും അവൾ നിരന്തരം കത്തുകൾ എഴുതിക്കൊണ്ടിരുന്നു. ഫ്ലോറൻസിലെ പേപ്പൽ പ്രതിനിധിയെ ജിവനോടെ തൊലിയുരിഞ്ഞ് തെരുവിൽ പ്രദർശിപ്പിച്ചപ്പോൾ സംഭവങ്ങൾ കൂടുതൽ കലുഷിതമായി.

അക്കാലത്ത്, കത്രീന സഭാരാഷ്ട്രീയത്തിലേയ്ക്കു വന്നത് സ്ഥാനമോഹങ്ങൾ തേടിയല്ല, സഭാസ്നേഹവും ദൈവസ്നേഹവും മാത്രമാണ് അതിനവളെ പ്രേരിപ്പിച്ചത്. സഭാരാഷ്ട്രീയത്തിൽ ഉൾച്ചേരുക എന്നത് അവളുടെ ലക്ഷ്യമായിരുന്നില്ല. മറിച്ച്, സഭയ്ക്കും എല്ലാവർക്കും അവൾ സഭാരാഷ്ട്രീയത്തിൽ വരുന്നത് മികച്ചതായി കണ്ടു. സഭാപ്രശ്നങ്ങൾ പരിഹരിക്കാൻ മറ്റു കത്തോലിക്കരോടൊപ്പം മാർപാപ്പയെ റോമിലേയ്ക്ക് മടക്കി അയയ്ക്കുന്നതിനായി കത്രീന പരിശ്രമിച്ചു. ചില കത്തിടപാടുകൾക്കുശേഷം മാർപാപ്പയെ നേരിട്ടു കണ്ടു സംസാരിക്കാൻ അവൾ തുനിഞ്ഞു.

സഭ ക്രിസ്തുവിന്റെ ശരീരമായതിനാൽ സഭയുടെ വിശുദ്ധീകരണത്തിനായി എന്തും ചെയ്യാൻ അവൾ തയ്യാറായിരുന്നതായി ഫാ. മക്ഡെമോർട്ട് സാക്ഷ്യപ്പെടുത്തുന്നു. 1309 മുതല്‍ 1377 വരെയുള്ള കാലഘട്ടത്തിൽ, പലരും മാർപാപ്പയോട് റോമിലേയ്ക്ക് തിരികെ വരാൻ ആവശ്യപ്പെട്ടങ്കിലും കത്രീനായുടെ ഇടപെടലാണ് ഫലം കണ്ടത്. കത്രീന പാപ്പയെ സന്ദർശിച്ചപ്പോൾ മാർപാപ്പായ്ക്കുണ്ടായ ഒരു സ്വപ്നം അവൾ വിശദീകരിച്ചു. അതിനെപ്പറ്റി ഫാ. മക്ഡെമോർട്ട് സാക്ഷ്യപ്പെടുത്തുന്നത് ഇപ്രകാരമാണ്: “തന്റെ സ്വപ്നത്തെക്കുറിച്ച് കത്രീനയ്ക്കു അറിയാം എന്ന കാര്യം പാപ്പയെ അത്യധികം അതിശയിപ്പിച്ചു. അത്‌ ദൈവത്തിൽ നിന്നുള്ള വ്യക്തമായ അടയാളമായും അവളുടെ സംഭാഷണം ദൈവത്തിന്റെ വാക്കുകളായും പാപ്പ കണ്ടു.”

കത്രീനയുടെ സന്ദർശനം കഴിഞ്ഞ് എതാനും ആഴ്ചകൾക്കകം ഏഴു പതിറ്റാണ്ടുകൾ നീണ്ട വിപ്രവാസം അവസാനിപ്പിച്ച് മാർപാപ്പ റോമിലേയ്ക്കു മടങ്ങി. ചിക്കാഗോ സെന്റ് വിൻസെന്റ് സീ പോൾ സർവ്വകലാശാലയിലെ പ്രഫസറായ ഡോ. കാരൻ സ്കോട്ടിന്റെ അഭിപ്രായത്തിൽ, “സഭയെക്കുറിച്ച് ഉത്തമബോധ്യങ്ങളും അവ യാതൊരു മടിയും കൂടാതെ പ്രകടിപ്പിക്കുകയും ചെയ്ത ശക്തയായ ഒരു അത്മായ സ്ത്രീയും വലിയ മാതൃകയുമായിരുന്നു സിയെന്നായിലെ വി. കത്രീന. ”

സഭാനവീകരണത്തിന്റെ ശബ്ദം

തെളിഞ്ഞ ചിന്തയും തെറ്റുകൾ മനസ്സിലാക്കാനുള്ള പ്രത്യേക പാടവവും കത്രീനയ്ക്കുണ്ടായിരുന്നു. ക്രിസ്തുവിനോടും അവന്റെ മണവാട്ടിയായ സഭയോടും അവളുടെ തലവനായ മാർപാപ്പായോടുമുള്ള ആഴമായ സ്നേഹവും ബഹുമാനവും സഭാനവീകരണത്തിനായി ജീവിതം സമർപ്പിക്കാൻ ചെറുപ്രായത്തിലെ കത്രീനയെ പ്രേരിപ്പിച്ചു.

കത്രീന, തന്റെ ജീവിതകാലത്ത് സഭാനവീകരണത്തിനായി ചുരുങ്ങിയത് 381 എഴുത്തുകളെങ്കിലും എഴുതിയതായി വിശ്വസിക്കുന്നു. മരിക്കുന്നതിനു മൂന്നു വർഷങ്ങൾക്കു മുമ്പ് അവളുടെ ആത്മീയചിന്തകളും ദൈവവുമായുള്ള സംഭാഷണവും ‘ദൈവപരിപാലനയുടെ സംവാദം’ – The Dialogue of divine Providence എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഗ്രന്ഥത്തിലെ 110 മുതൽ 134 വരെയുള്ള അധ്യായങ്ങളിൽ, അക്കാലത്ത് ആവശ്യമായ സഭാനവീകരണത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. കത്രീനയ്ക്കു നിത്യപിതാവ് (ദൈവപിതാവിനെ നിത്യനായ പിതാവ് “Eternal Father” എന്നാണ് അവൾ അഭിസംബോധന ചെയ്തിരുന്നത്) വെളിപ്പെടുത്തുന്നതെന്തും മറയില്ലാതെ അവൾ പറഞ്ഞിരുന്നു.

വൈദികരെ വിമർശിക്കുക മാത്രമായിരുന്നില്ല അവളുടെ രീതി; പൗരോഹിത്യത്തെ എന്നും ബഹുമാനിച്ചിരുന്നു. ദിവ്യകാരുണ്യത്തിലൂടെ ഈശോയെ ലോകത്തിനു നൽകുന്ന ക്രിസ്തുവായാണ് അവൾ വൈദികരെ കണ്ടിരുന്നത്. ഒരിക്കൽ നിത്യപിതാവ് കത്രീനായോടു പറഞ്ഞു: “നിങ്ങൾ വൈദികരെ സ്നേഹിക്കണം. ആ കൂദാശയുടെ മഹത്വവും പുണ്യവും മനസ്സിലാക്കി അവരെ സ്വീകരിക്കണം. ആ കൂദാശയുടെ മഹത്വവും പുണ്യവും പരിഗണിച്ച് പാപാവസ്ഥയിൽ കഴിയുന്നവരുടെ തെറ്റുകൾ നിങ്ങൾ വെറുക്കണം. പക്ഷേ, നിങ്ങൾ അവരുടെ വിധിയാളനമാരാകരുത്. അത് ഞാൻ വിലക്കുന്നു. കാരണം, അവർ എന്റെ ക്രിസ്തുമാരാണ്. നിങ്ങൾ അവരെ സ്നേഹിക്കുകയും ഞാൻ അവർക്കു നൽകിയ അധികാരത്തെ ബഹുമാനിക്കുകയും ചെയ്യണം.”

സഭാ ഐക്യത്തിന്റെ ശക്തയായ പ്രവാചിക ആയിരുന്നു കത്രീന. അതിനായി ഗ്രിഗറി പതിനൊന്നാമനെ റോമിലേയ്ക്കു കൊണ്ടുവന്നു. ഈ കാലത്ത് ഫ്രാൻസിലെ കർദ്ദിനാൾമാർ അവരിലൊരാളെ പാപ്പയായി തെരഞ്ഞെടുത്തു. പിന്നീട് പിസായിൽ നടന്ന കൗൺസിലില്‍, ഉർബൻ ആറാമനെ മാർപാപ്പയായി തെരഞ്ഞെടുത്തു. കത്രീന റോമിലെ മാർപാപ്പയോടൊപ്പം വിശ്വസ്തതയോടെ നിന്നു. മാർപാപ്പായെ ഉപദേശിക്കുവാനും സഭയ്ക്കുവേണ്ടി പ്രായശ്ചിത്തം ചെയ്തു പ്രാർത്ഥിക്കാനുമായി അവസാന വർഷങ്ങളിൽ റോമിലാണ് കത്രീന താമസിച്ചിരുന്നത്.

ഇന്നത്തെ കത്തോലിക്കർക്കുള്ള കത്രീനാ പാഠങ്ങൾ

ഇന്ന് സഭ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് കത്രീന നല്‍കുന്ന പാഠങ്ങൾ എന്തെല്ലാമാണ്?

ഒന്നാമതായി, മാർപാപ്പയോടു ചേർന്നുനിൽക്കുവാനും ശീശ്മകൾ അവഗണിക്കാനും അത്മായർക്കുവേണ്ട സത്യസന്ധതയും അഖണ്ഡതയും അജപാലന ആഭിമുഖ്യവും എങ്ങനെയായിരക്കണം എന്നതിനുള്ള ശരിയായ മാർഗ്ഗരേഖയാണ്‌ കത്രീന. അതുപോലെ, പെട്ടെന്നു പൊട്ടിത്തെറിക്കാതെ പ്രാർത്ഥനയോടെ വിവേചിച്ചറിയാൻ കത്രീന നമ്മളെ ഉപദേശിക്കുന്നു.

സഭയെ വിശുദ്ധീകരിക്കാൻ ഇറങ്ങിത്തിരിക്കുന്നതിനുമുമ്പ് സ്വയം വിശുദ്ധീകരിക്കേണ്ടതിന്റെ അനിവാര്യതയാണ് സീയന്നായിലെ കത്രീന പഠിപ്പിക്കുന്ന രണ്ടാം പാഠം. സമർപ്പണബോധത്തോടെയുള്ള പ്രാർത്ഥനാശീലമില്ലെങ്കിൽ സഭാനവീകരണം വെറും വാചക കസർത്തു മാത്രമായി അവശേഷിക്കും.

വലിയ പ്രതിസന്ധികളും ഉതപ്പുകളും അതിജീവിച്ച സഭ ഇന്നത്തെ പ്രതിസന്ധികളും തരണം ചെയ്യും, ഇതാണ് കത്രീനയുടെ ജീവിതം പഠിപ്പിക്കുന്ന മൂന്നാമത്തെ പാഠം.

സഭ അതിന്റെ ഇരുളടഞ്ഞ വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ വിശുദ്ധി പ്രാപിച്ചവളാണ് വി. കത്രീന. അവൾ സ്വർഗ്ഗത്തിലെത്തിയിരിക്കുന്നു. സംഘർഷഭരിതമായ നാളുകളിൽ ക്രിസ്തുവിന്റെ മുഖം സത്യസഭയിൽ ദർശിച്ച് വിശ്വസ്തതയോടെ മുന്നേറിയപ്പോൾ സഭാചരിത്രത്തിലെ തന്നെ ശക്തയായ വനിതയായി അവൾ പരിണമിച്ചു. അതായത്, വിശുദ്ധി ജീവിക്കാൻ ഏതു കാലവും സാഹചര്യവും പ്രാപ്തമാണ്. ഇതാണ് സിയന്നായിലെ വിശുദ്ധപുഷ്പം നൽകുന്ന നാലാം പാഠം.

ക്രിസ്തുവിനോടുള്ള സ്നേഹം പ്രതിഫലിക്കേണ്ടത് അവളുടെ മണവാട്ടിയായ സഭയെ സ്നേഹിച്ചുകൊണ്ടായിരിക്കണം. സഭയുടെ മാനുഷികവശത്തിന് പോരായ്മകൾ വന്നു എന്നുകരുതി ക്രിസ്തുവിനെയും സഭയെയും തള്ളിപ്പറയാതിരിക്കുക, ഇതാണ് വി കത്രീന നല്‍കുന്ന അഞ്ചാം പാഠം.

സഭയിൽ പ്രശ്നങ്ങൾ ഏറിവന്നപ്പോൾ താൻ ഏറ്റെടുത്തിരുന്ന തപശ്ചര്യകൾ കൂടുതൽ കഠിനമാക്കാൻ കത്രീന തീരുമാനിച്ചു. ഭക്ഷണം കഴിക്കുന്നത് അവർ പേരിനു മാത്രമാക്കി. ഒടുവിൽ വിശുദ്ധ കുർബാനയുടെ ഓസ്തി മാത്രമായിരുന്നു ഏകഭക്ഷണം എന്നുപോലും പറയപ്പെടുന്നു. 1380-ലെ വസന്തകാലത്ത് റോമിൽ ഹൃദയാഘാതം മൂലം 33-ാമത്തെ വയസ്സിൽ മരിക്കുമ്പോൾ ക്രിസ്തുവിനോടും സഭയോടുമുള്ള സ്നേഹത്തിന് യാതൊരു കുറവും വന്നിരുന്നില്ല.

ഫാ. ജയ്സൺ കുന്നേൽ MCBS