ജോസഫ് ചിന്തകൾ 80: ജോസഫ് – വാക്ക് പാലിക്കുന്നവൻ

നൽകിയ വാക്കു പാലിക്കുക എന്നാൽ മാന്യനായ ഒരു വ്യക്തിയുടെ സ്വഭാവസവിശേഷതയാണ്. വിശുദ്ധ ഗ്രന്ഥം മുഴുവൻ വാക്ക് പാലിച്ചവരുടെയും വാക്ക് പാലിക്കുന്നതിൽ പരാജയപ്പെട്ടവരുടെയും ജീവിതരേഖയാണ്. വി. യൗസേപ്പിന്റെ ജീവിതത്തിലേയ്ക്ക് കടന്നുചെല്ലുമ്പോൾ ദൈവതിരുമുമ്പിൽ കൊടുത്ത വാക്ക് മരണം വരെ കാത്തുപാലിക്കുവാനായി ജീവിതം സമർപ്പിക്കുന്ന യൗസേപ്പിനെ നാം കാണുന്നു. ദൈവപുത്രന്റെ വളർത്തുപിതാവാകാം എന്നത് യൗസേപ്പ് ദൈവത്തിനു നൽകിയ വാക്കാണ്. ആ വാക്ക് പാലിക്കാൻ എന്തു ത്യാഗം സഹിക്കാനും ആ പിതാവ് സന്നദ്ധനാകുന്നു.

വാക്ക്പാലിക്കാനായി ഉറക്കത്തിലും ഉണർവ്വുള്ളവനായി അവൻ നിലകൊള്ളുന്നു. നൽകിയ വാക്കുകൾ നിശ്ചയമായും നിറവേറ്റാൻ നിർബന്ധബുദ്ധിയുള്ള വ്യക്തിയായിരുന്നു യൗസേപ്പ്. അത് അവന്റെ വിശ്വസ്തതയുടെ അടയാളമായിരുന്നു. വിശ്വസ്തതയും വാക്കിനോടുള്ള പ്രതിബദ്ധതയും യൗസേപ്പിതാവിനെ ആർക്കും സമീപിക്കാൻ കഴിയുന്ന വിശുദ്ധനാക്കി മാറ്റി.

മറ്റുള്ളവർക്കു നൽകിയ വാക്കുകൾ നിറവേറ്റുന്നതിനായി വിശ്വസ്തയോടെ ജീവിക്കുന്നവരിൽ യൗസേപ്പിതാവിന്റെ ചൈതന്യമുണ്ട്. ദൈവത്തിന്റെ മുമ്പിൽ മനുഷ്യരെ സാക്ഷിനിർത്തി മനുഷ്യർ പരസ്പരം നൽകിയ വാക്കുകൾ വിശ്വസ്തയോടെ നിറവേറ്റിയാൽ പല പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന് യൗസേപ്പിതാവ് പഠിപ്പിക്കുന്നു. വാക്ക് പാലിക്കുന്നതിൽ സംഭവിക്കുന്ന വീഴ്ചകൾ തകർച്ചയുടെ ഗർത്തം വലുതാക്കുന്നു.

വി. യൗസേപ്പിതാവിന് ഇന്നു നമ്മോടു പറയാനുള്ളത് ഒരു പ്രഭാഷകവചനമാണ്: “വാക്കു പാലിച്ച്‌ അയല്ക്കാരനോടു വിശ്വസ്‌തത കാണിക്കുക; നിന്റെ ആവശ്യങ്ങള് തക്കസമയത്തു നിറവേറും”(പ്രഭാ. 29:3).

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.