ജോസഫ് ചിന്തകൾ 42: വി. ജോസഫിന്റെ ഉത്തരീയം

നമ്മുടെ ജീവിതങ്ങളെ വിശുദ്ധീകരിക്കാനും കൂദാശകളിലേയ്ക്ക് നമ്മെ നയിക്കാനും സഭയാൽ വേർതിരിക്കപ്പെട്ടതും ആശീർവ്വദിച്ചതുമായ വസ്തുക്കളെയാണ് സാക്രമെന്റൽസ് അഥവാ കൂദാശാനുകരണങ്ങൾ എന്നു വിളിക്കുക. സഭയുടെ മാദ്ധ്യസ്ഥ്യം വഴി അവ വിശുദ്ധമായ അടയാളങ്ങളും കൃപയുടെ മാർഗ്ഗവുമാകുന്നു. അത്തരത്തിലുള്ള ഒരു കൂദാശാനുകരണമാണ് ഉത്തരീയ ഭക്തി.

കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്ന 18 ഉത്തരീയങ്ങളിൽ ഒന്നാണ് വി. ജോസഫിന്റെ ഉത്തരീയം (The Scapular of St. Joseph). 1880 ജൂലൈ മാസം എട്ടാം തീയതി ഇറ്റലിയിലെ വേറോണ രൂപതാധികാരികളുടെ അഭ്യർത്ഥനയെ തുടർന്ന് വി. ജോസഫിന്റെ ഉത്തരീയത്തിന് പരിശുദ്ധ സിംഹാസനം അംഗീകാരം നൽകി. 1898 ഏപ്രിൽ പതിനഞ്ചാം തീയതി മഹാനായ ലിയോ പതിമൂന്നാമൻ പാപ്പ കപ്പൂച്ചിൻ സഭയുടെ ജനറാളിനു ഈ ഉത്തരീയം ആശീർവ്വദിക്കുവാനും പ്രചരിപ്പിക്കുവാനും അനുവാദം നൽകി. വയലറ്റും മഞ്ഞ നിറവുള്ള കമ്പിളി വസ്ത്രത്താൻ നെയ്തെടുത്ത ഉത്തരീയമാണിത്. ഒരുവശത്ത് ഉണ്ണീശോയുമായി വി. യൗസേപ്പ് നിൽക്കുന്നു “തിരുസഭയുടെ മദ്ധ്യസ്ഥനായ വി. യൗസേപ്പേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ” എന്ന് അതിൽ ആലേഖനം ചെയ്തിരിക്കുന്നു. മറുവശത്ത് ഒരു പ്രാവും കുരിശും പത്രോസിന്റെ താക്കോലുകളും “ദൈവാത്മാവാണ് അവന്റെ നിയന്താവ്” (Spiritus Domini ductor eius) എന്നും ആലേഖനം ചെയ്തിരിക്കുന്നതും കാണാം.

വി. യൗസേപ്പിതാവിന്റെ എളിമ, പാതിവ്രത്യം, വിശുദ്ധി എന്നീ ഗുണങ്ങളാണ് ഈ ഉത്തരീയം ഓർമ്മിപ്പിക്കുക. ഈ ഉത്തരീയം ധരിക്കുന്നതിലൂടെ തിരുസഭയ്ക്കു വേണ്ടിയും നല്ല മരണത്തിനു വേണ്ടിയും യൗസേപ്പിതാവിനോടു പ്രാർത്ഥിക്കാൻ തിരുസഭ ഉദ്ബോബോധിപ്പിക്കുന്നു. ഈ ഉത്തരീയഭക്തി അനുസരിച്ച് താഴെപ്പറയുന്ന തിരുനാൾ ദിവസങ്ങളിൽ കുമ്പസാരിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുകയും പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നവർക്ക് പൂർണ്ണ ദണ്ഡവിമോചനം തിരുസഭ വാഗ്ദാനം ചെയ്തിരിക്കുന്നു.

ഡിസംബർ 25 – ക്രിസ്തുമസ്, ജനുവരി 1 – ദൈവമാതൃ തിരുനാൾ, ജനുവരി 6 – ദനഹാത്തിരുനാൾ, ഫെബ്രുവരി 2 – യേശുവിനെ ദൈവാലയത്തിൽ കാഴ്ച വയ്ക്കുന്ന തിരുനാൾ, മാർച്ച് 19 – യൗസേപ്പിന്റെ മരണത്തിരുനാൾ, മാർച്ച് 25 – മംഗലവാർത്ത തിരുനാൾ, ഈസ്റ്റർ, ഈശോയുടെ സ്വർഗ്ഗാരോഹണ തിരുനാൾ, ആഗസ്റ്റ് 15 – മറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ, സെപ്റ്റംബർ 8 – മറിയത്തിന്റെ ജനനത്തിരുനാൾ, ഈസ്റ്റർ കഴിഞ്ഞുവരുന്ന മൂന്നാം ഞായർ, മരണസമയം. അതോടൊപ്പം 5 സ്വർഗ്ഗസ്ഥനായ പിതാവേ, 5 നന്മ നിറഞ്ഞ മറിയം, 5 ത്രീത്വസ്തുതി ഇവ ദിവ്യകാരുണ്യത്തിന്റെ മുമ്പിൽ ചൊല്ലി കാഴ്ച വയ്ക്കുന്ന രീതിയും ഈ ഉത്തരീയഭക്തിയിൽ അടങ്ങിയിരിക്കുന്നു.

ഈശോയുടെ വളർത്തപ്പൻ നമ്മുടെയും മദ്ധ്യസ്ഥനും സംരക്ഷകനുമാണന്നുള്ള ധൈര്യമാണ് ജോസഫിന്റെ ഉത്തരീയം നമുക്കു നൽകുന്നത്.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.