ജോസഫ് ചിന്തകൾ 34: ജോസഫ് – ഗാർഹികസഭയുടെ മഹത്വം

2015 ഡിസംബർ ഇരുപത്തിയേഴാം തീയതി തിരുകുടുംബത്തിന്റെ തിരുനാൾ ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ, ഈശോയും യൗസേപ്പും മറിയവും അടങ്ങിയ തിരുക്കുടുംബത്തെ ‘സുവിശേഷത്തിന്റെ പള്ളിക്കൂടം’ എന്നാണ് വിളിച്ചത്. ഈശോയുടെ വളർത്തുപിതാവും മറിയത്തിന്റെ ഭർത്താവുമായ വി. യൗസേപ്പായിരുന്നു ‘സുവിശേഷത്തിന്റെ പള്ളിക്കൂടം’ ആയ തിരുക്കുടുംബം എന്ന ഏറ്റവും പൂർണ്ണതയുള്ള ഗാർഹികസഭയുടെ നാഥൻ. അതിനാലാണ് ജോസഫിനെ കുടുംബസഭയുടെ മഹത്വം എന്ന് വിശേഷിപ്പിക്കുക.

നമ്മുടെ കുടുംബങ്ങൾ ഗാർഹികസഭകളായി യഥാർത്ഥത്തിൽ ജീവിക്കുമ്പോൾ നമ്മുടെ ഭവനം ദൈവം വസിക്കുന്ന ഇടവും സ്നേഹം പകരുന്ന ആലയങ്ങളുമാകും. ഈശോയും യൗസേപ്പിതാവ് നാഥനായ ഒരു ഗാർഹികസഭയുടെ അംഗമായിരുന്നു. യൗസേപ്പിന്റെ സ്നേഹഭവനത്തിൽ നിന്നാണ് മാനുഷിക സ്നേഹബന്ധങ്ങളുടെ പവിത്രത ഈശോ തിരിച്ചറിഞ്ഞത്. തിരുക്കുടുംബം ജീവന്റെയും സ്നേഹത്തിന്റെയും ശ്രേഷ്ഠമായ കൂട്ടായ്മയായത് യൗസേപ്പിന്റെ ത്യാഗത്തിലൂടെയും ആത്മദാനത്തിലൂടെയുമാണ്.

ക്രൈസ്തവ കുടുംബങ്ങളിൽ നിന്ന് സ്നേഹപ്രകാശം പ്രസരിക്കണമെങ്കിൽ സ്വയം മറന്ന് മറ്റു കുടുംബാംഗങ്ങൾക്കായി ബലിയാകുന്ന കുടുംബനാഥന്മാരുണ്ടാകണം. “ഗാർഹികസഭ പരാജയപ്പെട്ടാൽ സഭയ്ക്ക് നിലനിൽപ്പില്ല: കുടുംബസഭ ഇല്ലെങ്കിൽ സഭയ്ക്കു ഭാവിയും ഇല്ല” – റോമിലെ ബിഷപ് സിനഡിന്റെ സെക്രട്ടറി ജനറലായ കർദ്ദിനാൾ മാരിയോ ഗ്രേഷിന്റെ ഈ വാക്കുകൾ കുടുംബങ്ങൾക്കും സഭയ്ക്കുമുള്ള വെല്ലുവിളിയാണ്. ഗാർഹികസഭ പരാജയപ്പെടാതിരിക്കണമെങ്കിൽ നിരവധി തിരുക്കുടുംബ യൗസേപ്പുമാർ പിറവിയെടുക്കണം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.