ജോസഫ് ചിന്തകൾ 281: ശുഭാപ്തിവിശ്വസിയായ യൗസേപ്പിതാവ്

എല്ലാ പ്രതിസന്ധികളും ആത്യന്തികമായി നന്മയിലേക്കും വിജയത്തിലേക്കും എത്തുമെന്നുള്ള സ്ഥായിയായ ഒരു വിശ്വാസമാണല്ലോ ശുഭാപ്തിവിശ്വാസം. ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ തളർന്നുപോകാതെ ജിവിതത്തെ മുന്നോട്ടു നയിക്കാൻ ശുഭാപ്തിവിശ്വാസമുള്ളവർക്കു മാത്രമേ സാധിക്കുകയുള്ളൂ. ശുഭാപ്തിവാനായ ഒരു മനുഷ്യന്റെ എല്ലാ ദിവസവും നല്ലതായിരിക്കുകയില്ല. പക്ഷേ, എല്ലാ ദിവസത്തിലും ജിവിതവിജയത്തിനാവശ്യമായ ചില നല്ല കാര്യങ്ങൾ അവൻ കണ്ടെത്തുന്നു.

യൗസേപ്പിതാവ് ശുഭാപ്തിവിശ്വാസമുള്ള മനുഷ്യനായിരുന്നു. പ്രതിസന്ധികൾ ജിവിതത്തിൽ പരമ്പര തീർത്തപ്പോഴും അവൻ പതറുകയോ, പരിഭ്രമിക്കുകയോ ചെയ്തില്ല. അടിയുറച്ച ദൈവവിശ്വാസവും ദൈവാശ്രയബോധവും ശുഭാപ്തിവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കാൻ ആ പിതാവിന് കരുത്തു നൽകി.

വെല്ലുവിളികളോ, കഷ്ടപ്പാടുകളോ ഇല്ലാത്ത സ്വസ്ഥജീവിതമായിരുന്നില്ല ദൈവപുത്രന്റെ വളർത്തുപിതാവിൻ്റേത്. പ്രതിസന്ധികൾക്കിടയിലും നന്മ കാണാൻ ആ കണ്ണുകൾ എന്നും ശ്രദ്ധിച്ചിരുന്നു. ശുഭാപ്തിവിശാസവും ദൈവാശ്രയബോധവുമുണ്ടെങ്കിൽ നമുക്ക് ഏത് പ്രതികൂലസാഹചര്യത്തിലും വിജയത്തിലേക്കുള്ള വഴി കണ്ടെത്താൻ സാധിക്കുമെന്ന് യൗസേപ്പിന്റെ ജീവിതം പഠിപ്പിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.