ജോസഫ് ചിന്തകൾ 277: ജോസഫ് – പിശാചുക്കളുടെ പേടിസ്വപ്നം ഒരു വ്യത്യസ്ത ചിത്രം

ജോസഫിന്റെ ലുത്തിനിയയിലെ ‘പിശാചുക്കളുടെ പേടിസ്വപ്നമേ’ (Terror of Demons) എന്ന സംബോധനയെ അടിസ്ഥാനമാക്കിയുള്ള ഒരു ചിത്രമാണ് ഇന്നത്തെ ജോസഫ് ചിന്ത. ഈ ചിത്രം രചിച്ചിരിക്കുന്നത് അമേരിക്കയിലെ അരിസോണയിലുള്ള അവീൻ തോമാ എന്ന യുവതിയാണ്.

യൗസേപ്പിന്റെ പിതൃത്വത്തെയും പുരുഷത്വത്തെയും പിശാചിനെതിരായുള്ള പോരാട്ടത്തിൽ ഒരു വൻശക്തിയായി ഈ ചിത്രം വരച്ചുകാട്ടുന്നു. പിശാചിനെതിരായുള്ള നേരിട്ടുള്ള പോരാട്ടത്തിന്റെ പ്രതീകമായി വാൾ എന്ന ആയുധം ഉപയോഗിക്കുന്നു. അതുപോലെ, ഒരു പിതാവെന്ന നിലയിൽ കുടുംബത്തിനെതിരെയുള്ള പോരാട്ടത്തിൽ സജീവമായി ‘മുൻനിരയിൽ’ ആയിരിക്കണം. ഭാര്യയ്ക്കും കുട്ടികൾക്കും ജീവൻ നൽകി രക്ഷിക്കാൻ തയ്യാറായി അവൻ നിലകൊള്ളണം. ശത്രുവിന്റെ ആക്രമണത്തിനെതിരെ പോരാടുന്ന ഓരോ മനുഷ്യനും വി. ജോസഫിന്റെ “വിശുദ്ധിയുടെ വാൾ” ധരിക്കാൻ കടപ്പെട്ടവനാന്ന്.

വാളിൽ വെളുത്ത നിറത്തിലുള്ള പൂക്കൾ ചുറ്റിയിരിക്കുന്നതു കാണാം. വെളുത്ത പൂക്കൾ ഹൃദയത്തിന്റെയും മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും നിഷ്കളങ്കതയെയും ശുദ്ധിയെയും പ്രതിനിധീകരിക്കുന്നു. വാളിന്റെ പിടിയിൽ ഒരു സ്വർണ്ണഗോളമുണ്ട്. ഇത് വി. യൗസേപ്പിതാവിനെപ്പോലെയുള്ള കൂടുതൽ സദ്ഗുണസമ്പന്നരായ മനുഷ്യരുടെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു. ലോകം അത്തരം മനുഷ്യരുടെ അടിത്തറയിൽ സുരക്ഷിതമാണ്.

വാളിന്റെ പിടിയുടെ ചുവട്ടിൽ ചുവന്ന രത്നക്കല്ലുകളും മുത്തുകളും ഉണ്ട്. ഇത് വാളിന്റെ ഗംഭീരവും രാജകീയവുമായ സ്വഭാവം വർദ്ധിപ്പിക്കുന്നു. പൂവിന്റെ തണ്ട് ഒരു റിബൺ പോലെ വാളിനെ ചുറ്റി താഴേക്കു കിടക്കുന്നു. വാളിൽ ചുറ്റിയിരിക്കുന്ന റിബൺ പരമ്പരാഗത വൈദ്യശാസ്ത്ര ചിഹ്നമായി കണക്കാക്കാം. അവ രോഗശാന്തിയെ പ്രതിനിധാനം ചെയ്യുന്നു. പിതാവ് തന്റെ പരിചരണത്തിന് നിയോഗിക്കപ്പെട്ടവർക്ക് രോഗശമനത്തിന്റെയും ആശ്വാസത്തിന്റെയും ഉറവിടമായി നിലകൊള്ളുന്നു. വാളിൽ നിന്നു പ്രവഹിക്കുന്ന ചുവപ്പ്, സ്വർണം, നീല നിറത്തിലുള്ള തുള്ളികൾ യഥാക്രമം രക്തം, വിയർപ്പ്, കണ്ണുനീർ എന്നിവയെയാണ് സൂചിപ്പിക്കുക. ഒരു പിതാവിന്റെ ത്യാഗം (രക്തം), കഠിനാദ്ധ്വാനം (വിയർപ്പ്), സന്തോഷകരവും സങ്കടകരവുമായ വികാരങ്ങൾ (കണ്ണുനീർ) എന്നിവ ഉൾക്കൊള്ളുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.