ജോസഫ് ചിന്തകൾ 166: ജോസഫ് – ദൈവാത്മാവിന്റെ ഫലങ്ങളാൽ നിറഞ്ഞവൻ

പെന്തക്കുസ്താ തിരുനാൾ ദിനത്തിൽ ദൈവാത്മാവിന്റെ ഫലങ്ങളാൽ നിറഞ്ഞവനായ യൗസേപ്പായിരിക്കട്ടെ നമ്മുടെ വഴികാട്ടി. സിയന്നായിലെ വി. ബെർണാദിൻ ഇപ്രകാരം പഠിപ്പിക്കുന്നു: “മനുഷ്യനു നൽകിയിട്ടുള്ള എല്ലാ പ്രത്യേക കൃപകളും സംബന്ധിച്ച് പൊതുവായ ഒരു നിയമുണ്ട്. ദൈവകൃപ ഒരു വ്യക്തിയെ ഒരു പ്രത്യേക കൃപ സ്വീകരിക്കുന്നതിനോ അല്ലെങ്കിൽ ഉന്നതമായ പദവി സ്വീകരിക്കുന്നതിനോ തിരഞ്ഞെടുക്കുമ്പോൾ ആ കർത്തവ്യം നിറവേറ്റാനാവശ്യമായ ദൈവാത്മാവിന്റെ എല്ലാ ദാനങ്ങളും ആ വ്യക്തിക്കു നൽകി അനുഗ്രഹിക്കുന്നു. നമ്മുടെ കർത്താവിന്റെ വളർത്തുപിതാവും ലോകരാജ്ഞിയായ മറിയത്തിന്റെ ഭർത്താവുമായ വി. യൗസേപ്പിന്റെ കാര്യത്തിൽ ഈ പൊതുനിയമം സവിശേഷമായ രീതിയിൽ ഉറപ്പിക്കാവുന്നതാണ്.”

ദൈവപിതാവിന്റെ ഏറ്റവും വലിയ നിധിയായ ദൈവപുത്രന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും ഏറ്റവും വിശ്വസ്തനായ രക്ഷാധികാരിയും സംരക്ഷകനുമായി യൗസേപ്പ് തന്റെ ജീവിത കർത്തവ്യം നിറവേറ്റിയെങ്കിൽ ദൈവാത്മാവിന്റെ നിമന്ത്രണങ്ങൾക്കനുസരിച്ച് അവൻ നിരന്തരം യാത്ര ചെയ്തതുകൊണ്ടാണ്. ഗലാത്തിയാകാർക്കുള്ള ലേഖനം അഞ്ചാം അദ്ധ്യായം 22, 23 വാക്യങ്ങളിൽ ആത്മാവിന്റെ ഫലങ്ങളെക്കുറിച്ചു പറയുന്നുണ്ട്‌: സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്‌തത, സൗമ്യത, ആത്മസംയമനം എന്നിവയാണ് അവ. ഈ ഒൻപതു ഫലങ്ങളും യൗസേപ്പിന്റെ ജീവിതത്തിൽ പൂർണ്ണതയിൽ ഉണ്ടായിരുന്നു. വിശുദ്ധ ലിഖിതം നീതിമാൻ എന്ന നിർവചനം അവനു നൽകുമ്പോൾ ദൈവാത്മാവിന്റെ ഫലങ്ങളാൽ പൂരിതൻ എന്ന അർത്ഥവും അതിൽ മറഞ്ഞിരിക്കുന്നുണ്ട് .

വിശുദ്ധർ പരിശുദ്ധാത്മാവിന്റെ അമൂല്യ കലാസൃഷ്ടികളാണന്നെ വി. ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയുടെ നിരീക്ഷണം യൗസേപ്പിതാവിന്റെ കാര്യത്തിൽ നൂറു ശതമാനവും നീതി പുലർത്തുന്നു. യേശുവിന്റെ മൗതീകശരീരമായ തിരുസഭയുടെ ജന്മദിനമായ പെന്തക്കുസ്താ ദിനത്തിൽ അതിന്റെ പാലകനും മദ്ധ്യസ്ഥനുമായ വി. യൗസേപ്പിതാവിനോടു ചേർന്നുകൊണ്ട് നമ്മുടെ തീർത്ഥയാത്ര തുടരാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.