ജോസഫ് ചിന്തകൾ 133: ജോസഫ് – പ്രാർത്ഥനയുടെ ഗുരുനാഥൻ

കഴിഞ്ഞ വർഷം ഒക്ടോബർ 4-ാം തീയതി വി. ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ ലോകത്തിനു സമ്മാനിച്ച ചാക്രികലേഖനമാണ് ‘ഫ്രത്തേല്ലി തൂത്തി’ – Fratelli tutti (എല്ലാവരും സഹോദരർ). ഈ ചാക്രികലേഖനത്തിന്റെ ഉപസംഹാരത്തിൽ “സാർവ്വത്രിക സഹോദരൻ” എന്ന് മാർപാപ്പ വിശേഷിപ്പിക്കുന്ന വ്യക്തിയാണ് ട്രാപ്പിസ്റ്റ് സന്യാസിയായ വാഴ്ത്തപ്പെട്ട ചാൾസ് ദേ ഫുക്കോൾഡ്. പ്രാർത്ഥനയെപ്പറ്റിയുള്ള ചാൾസിന്റെ ദർശനം ഇപ്രകാരമാണ്: “പ്രാർത്ഥിക്കുക എന്നതിന്റെ അർത്ഥം ഈശോയെക്കുറിച്ച് സ്നേഹപൂർവ്വം ചിന്തിക്കുക എന്നതാണ്. ഈശോയിൽ കേന്ദ്രീകരിക്കുന്ന ആത്മാവിന്റെ ശ്രദ്ധയാണ് പ്രാർത്ഥന. നിങ്ങൾ എത്ര കൂടുതലായി ഈശോയെ സ്നേഹിക്കുന്നുവോ അത്ര കൂടുതലായി നന്നായി നിങ്ങൾ പ്രാർത്ഥിക്കുന്നു.”

ഈശോയെക്കുറിച്ച് സദാ സ്നേഹപൂർവ്വം ചിന്തിച്ചിരുന്ന യൗസേപ്പിതാവിന്റെ ജീവിതം ഒരു നീണ്ട പ്രാർത്ഥനയായിരുന്നു. ആ വളർത്തുപിതാവിന്റെ ആത്മാവിലെ ഏകശ്രദ്ധ ഈശോ ആയിരുന്നു. ഈശോയെ മനസ്സിൽ ധ്യാനിച്ചിരുന്നതിനാൽ സംസാരിക്കാൻ പോലും ആ പിതാവ് അധികം ഉത്സാഹം കാട്ടിയില്ല. നിശബ്ദനായിരുന്ന ആ ദൈവദാസന് ഉറക്കത്തിൽപോലും ഉണർവുള്ളവനായിരിക്കാൻ കഴിഞ്ഞത് ഈശോ എന്ന മധുരനാമത്തെ മനസ്സിൽ താലോലിച്ച് ജീവിതം പ്രാർത്ഥനയാക്കിയതിനാലായിരുന്നു.

ഈശോയെ കൂടുതലായി സ്നേഹിച്ചിരുന്ന യൗസേപ്പിതാവിന്റെ ജീവിതം പ്രാർത്ഥനയുടെ മറ്റൊരു പര്യായമായിരുന്നു. അതിനാലാണ് വി. ബർണദീത്ത യൗസേപ്പിതാവിനെ പ്രാർത്ഥനയുടെ ഗുരുവായി അവതരിപ്പിക്കുന്നത്: “എങ്ങനെ പ്രാർത്ഥിക്കണമെന്ന് പഠിപ്പിക്കാൻ നിങ്ങൾക്ക് ഒരു ഗുരുവില്ലെങ്കിൽ ഭാഗ്യപ്പെട്ട മാർ യൗസേപ്പിനെ നിങ്ങളുടെ ഗുരുവായി സ്വീകരിക്കുക. അവൻ നിങ്ങളെ അനാഥരായി വിടുകയില്ല.”

വി. യൗസേപ്പിതാവിനെപ്പോലെ ഈശോയെ കൂടുതൽ സ്നേഹിച്ച് നമുക്ക് പ്രാർത്ഥനയിൽ വളരാം.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.