മണവറ പോലെ

ജിൻസി സന്തോഷ്

ഏകാന്തത നന്നല്ല. അത് ദൈവത്തിന്റെ ഹിതവുമല്ല. എല്ലാ ഏകാന്തതകളെയും അതിജീവിക്കാൻ തക്കവിധത്തിലുള്ള ഉന്നതമായ കൃപ ദൈവം മനുഷ്യനു നൽകിയിരിക്കുന്നു. ഭാര്യാഭർത്താക്കന്മാർ സംഗമിക്കുന്ന മണവറപോലെ പരിശുദ്ധവും സ്നേഹനിർഭരവും കൃപ നിറഞ്ഞതുമാണ് ഏകാന്തതയിലുള്ള വ്യക്തിപരമായ പ്രാർഥന; ക്രിസ്തുവുമായുള്ള ആഴമായ വ്യക്തിബന്ധം ഉരുത്തിരിയുന്ന പ്രാർഥനാജീവിതം.

ആരെല്ലാം ഈ മണവറയിൽ ക്രിസ്തുവുമായി സമയം ചെലവഴിക്കുന്നുണ്ടോ അവരെല്ലാം ആത്മീയജീവിതത്തിൽ വളരുകയും പടർന്നുപന്തലിച്ച് ഫലം ചൂടുകയും ചെയ്തിട്ടുണ്ട്. തായ്ത്തടിയായ ക്രിസ്തുവുമായുള്ള ബന്ധം ശാഖകളായ നമ്മുടെ നിലനില്പിന് അടിസ്ഥാനമിടുന്നു.

“കർത്താവിൽ ആശ്രയിക്കുന്നവൻ അനുഗ്രഹീതൻ; അവന്റെ പ്രത്യാശ അവിടുന്നു തന്നെ. അവൻ ആറ്റുതീരത്തു നട്ട മരം പോലെയാണ്. അത് വെള്ളത്തിലേക്കു വേരൂന്നിയിരിക്കുന്നു. അത് വേനൽക്കാലത്തെ ഭയപ്പെടുന്നില്ല. അതിന്റെ ഇലകൾ എന്നും പച്ചയാണ്” (ജെറ. 17:7).

ക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധത്തിൽ നീ വളരുക. എല്ലാ ബന്ധങ്ങൾക്കും ഉപരിയായായ ബന്ധം. ഏകാന്തതയിൽ, രാത്രിയുടെ യാമങ്ങളിൽ അവനോടു ചേർന്നിരിക്കുക. വീണ്ടുമൊരു പെന്തക്കുസ്തയ്ക്കു വേണ്ടി ഹൃദയത്തിൽ തീയിടുക.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.