എം സി ബി എസ് സഭാ സ്ഥാപക ദിനം ആഘോഷിച്ചു

ദിവ്യകാരുണ്യ മിഷനറി സഭാ (MCBS) സ്ഥാപനത്തിൻ്റെ 91 -ാം വാർഷികം മെയ് ഏഴാം തീയതി ആലുവായിലെ ചുണങ്ങംവേലിയിയിലുള്ളേ എം. സി .ബി. എസ്സ്. ജനറലേറ്റിൽ സമുചിതമായി ആഘോഷിച്ചു. രാവിലെ ഒമ്പതിന് ആഘോഷമായ വിശുദ്ധ കുർബാന മധ്യേ 15 സെമിനാരി വിദ്യാർത്ഥികൾ സഭാവസ്ത്രം സ്വികരിക്കുകയും 16 പേർ നിത്യവ്രതവാഗ്ദാനം നടത്തുകയും ചെയ്തു.

കല്യാൺ രൂപതാധ്യക്ഷൻ അഭിവദ്യ മാർ തോമസ് ഇലവനാൽ MCBS മുഖ്യകാർമ്മികത്വം വഹിച്ച വിശുദ്ധ കുർബാനയിൽ എം സി ബി എസ് സുപ്പീരിയർ ജനറൽ വെരി.റവ. ഫാ. അഗസ്റ്റിൻ പായിക്കാട്ട് വചന സന്ദേശം നൽകി. പ്രൊവിൻഷ്യൽ സുപ്പീരിയർമാരായ വെരി. റവ. ഫാ. ജോസഫ് കൈപ്പയിൽ, വെരി. റവ. ഫാ. മാത്യു ഓലിക്കൽ, വെരി. റവ. ഫാ. ജോസഫ് ചൊവ്വേലിക്കുടിയിൽ എന്നിവർ സഹകാർമ്മികരായിരുന്നു.

പൗരോഹിത്യ സ്വീകരണത്തിൻ്റെയും സന്യാസവ്രതവാഗ്ദാനത്തിൻ്റെയും സുവർണ്ണ, രജത ജൂബിലി ആഘോഷിക്കുന്ന 17 വൈദീകരെ പ്രസ്തുത സഭാ സ്ഥാപന ദിനത്തിൽ ആദരിച്ചു. മൺമറഞ്ഞ സഭാംഗങ്ങളുടെ ഓർമ്മയ്ക്കായി റവ. ഫാ സിറിയക് കോട്ടയരുകിൽ MCBS രചിച്ച ‘Unfading Blossoms’ എന്ന ഗ്രന്ഥം മാർ തോമസ് ഇലവനാൽ സുപ്പീരിയർ ജനറൽ ഫാ. അഗസ്റ്റിൻ പായിക്കാട്ടിനു നൽകി പ്രകാശനം ചെയ്തു.

1933 മെയ് മാസം ഏഴാം തീയതി ചങ്ങനാശ്ശേരി അതിരൂപതയിലെ മല്ലപ്പള്ളിയിലെ മിഷൻ പള്ളിയിൽ അഭിവന്ദ്യ മാർ ജെയിംസ് കാളാശ്ശേരി പിതാവിൻ്റെ പൈതൃകമായ ആശീർവ്വാദത്തോടെ എളിയ രീതിയിലായിരുന്നു സഭയുടെ ആരംഭം. റവ. ഫാ. മാത്യു ആലക്കളം, റവ. ഫാ. ജോസഫ് പറേടം എന്നീ രണ്ടു വൈദികരെയാണ് ദൈവം എം.സി.ബി.എസ്. സഭയുടെ സ്ഥാപനത്തിനായി തെരഞ്ഞെടുത്തത്.

ഇന്നു ദിവ്യകാരുണ്യ മിഷനറി സഭയ്ക്കു മൂന്നു പ്രോവിൻസുകളിലായി രണ്ട് മെത്രാൻമാരും 504 വൈദീകരും പരിശീലനത്തിൻ്റെ വിവിധ വർഷങ്ങളിലായിരിക്കുന്ന 250 ലേറെ വൈദീക വിദ്യാർത്ഥികളും ഉണ്ട്. ദിവ്യകാരുണ്യ മിഷനറി സഭയുടെ ജനറലേറ്റ് ആലുവായിലെ ചുണങ്ങംവേലിയിലാണ്. എമ്മാവൂസ് (കോട്ടയം) സീയോൻ (കോഴിക്കോട്) പരംപ്രസാദ് (എറണാകുളം) എന്നീ മൂന്ന് പ്രൊവിൻസുകളാണ് സഭയ്ക്ക് ഇപ്പോഴുള്ളത്. വിശുദ്ധ കുർബാന കേന്ദ്രീകൃത ജീവിതത്തിലൂടെ അൾത്താരയിൽ നിന്നും അൾത്താരയിലേക്കും ജിവിതം നയിക്കാൻ ദിവ്യകാരുണ്യ മിഷനറി സഭ ശ്രമിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.