ഡാൻസുകാരൻ അച്ചനായപ്പോൾ; അനേകരെ അത്ഭുതപ്പെടുത്തിയ ഒരു ദൈവവിളി അനുഭവം

മരിയ ജോസ്

എല്ലാ കാര്യങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന കൊച്ചൻ! ഡാൻസും പാട്ടും എന്നുവേണ്ട കൈവയ്ക്കാത്ത ഇടങ്ങളില്ല. അവൻ ഒരുദിവസം വന്ന്, സെമിനാരിയിൽ പോകുകയാണ് എന്നുപറഞ്ഞാൽ ആരു വിശ്വസിക്കും? ഇതുതന്നെയായിരുന്നു ഡിന്റോ അച്ചനും സെമിനാരിയിൽ പോകുകയാണെന്നു പറഞ്ഞപ്പോഴുള്ള അവസ്ഥ. തുടർന്നു വായിക്കുക. 

“ആ ഡാൻസ് കളിക്കുന്ന പയ്യനോ?” തൃശ്ശൂർ അതിരൂപതാംഗമായ ഫാ. ഡിന്റോ വല്ലച്ചിറക്കാരൻ സെമിനാരിയിൽ ചേർന്ന വിവരമറിഞ്ഞ പലരുടെയും നാവുകളിൽ നിന്ന് ആദ്യം ഉയർന്ന ചോദ്യം ഇതായിരുന്നു. ചെറുപ്പം മുതൽ ഡാൻസും പാട്ടുമൊക്കെയായി കലാവേദികളെ അത്ഭുതപ്പെടുത്തിയ ചെറുപ്പക്കാരനായിരുന്നു ഡിന്റോ. എന്തിനുമേതിനും ഡിന്റോ എന്ന പേര് ചെറുപ്പം മുതൽ ഡിഗ്രി പഠനകാലം വരെ സുഹൃത്തുക്കൾക്കിടയിൽ ഉയർന്നുകേട്ടിരുന്നു. അതിനാൽത്തന്നെ ആ ചെറുപ്പക്കാരൻ സെമിനാരിയിൽ പോയി എന്നുകേട്ടപ്പോൾ ആദ്യം ഒരു അമ്പരപ്പായിരുന്നു. പരിചയക്കാരെയും സഹപാഠികളെയും അമ്പരപ്പിച്ച ആ ദൈവവിളിയുടെ അനുഭവം ലൈഫ്ഡേയോടു പങ്കുവയ്ക്കുകയാണ്, ഈ വർഷം തിരുപ്പട്ടം സ്വീകരിച്ച നവവൈദികനായ ഫാ. ഡിന്റോ വല്ലച്ചിറക്കാരൻ.

നൃത്തചുവടുകളിലൂടെ അറിയപ്പെട്ട ബാല്യ കൗമാരങ്ങൾ

തൃശ്ശൂർ അതിരൂപതയിലെ മരിയാപുരം ഇടവകയിൽ ഡേവിസ് – ആഗ്നസ് ദമ്പതികളുടെ മകനാണ് ഫാ. ഡിന്റോ. അത്യാവശ്യം പാട്ടുപാടുന്ന മാതാപിതാക്കൾ ആയതിനാൽ മക്കളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇക്കാരണത്താൽത്തന്നെ നഴ്‌സറി മുതലുള്ള സമയംതൊട്ടേ സ്കൂളിലെ കലാവേദികളിലൊക്കെയും നിറഞ്ഞാടിയ ചരിത്രമാണ് ഈ വൈദികനു പറയാനുള്ളത്. സ്കൂൾ പഠനകാലത്ത് ആനിവേഴ്‌സറികൾക്കും മറ്റും പുറത്തുനിന്ന് ടീച്ചർമാർ എത്തി ഡാൻസും മറ്റും പഠിപ്പിക്കുമ്പോൾ അതിലൊക്കെ കുഞ്ഞുഡിന്റോ താല്പര്യപൂർവം പങ്കെടുത്തിരുന്നു. അഞ്ചേരി ഗവണ്മെന്റ് സ്‌കൂളിലെ പഠനം പൂർത്തിയാക്കി ഹയർ സെക്കണ്ടറി പഠനം തുടങ്ങിയപ്പോഴും ആ പതിവ് ഉപേക്ഷിച്ചില്ല. കലോത്സവങ്ങളിൽ നൃത്തച്ചുവടുകളുമായി കലാരംഗത്ത് മാറ്റുരയ്ക്കാൻ ഡിന്റോ ഉണ്ടായിരുന്നു.

ഇതുകൂടാതെ, ചെറുപ്പത്തിൽ വീടിനു സമീപമുള്ള കനകമ്മ ലക്ഷ്മണൻ ടീച്ചറിന്റെ ശിക്ഷണത്തിൽ ക്ലാസിക്കൽ ഡാൻസ് പഠിച്ചിരുന്നു. ഒപ്പംതന്നെ ഉണ്ണികൃഷ്ണൻ മാഷിന്റെ കീഴിൽ ക്ലാസിക്കൽ സംഗീതവും അഭ്യസിച്ചു. കൂടാതെ, ഇടവകദൈവാലയത്തിലെ ഗായകസംഘത്തിലെ സജീവസാന്നിധ്യവുമായിരുന്നു ഈ ചെറുപ്പക്കാരൻ. അങ്ങനെ നൃത്ത-സംഗീതവേദികളിൽ നിറസാന്നിധ്യമായി നിന്നിരുന്ന കാലത്താണ് പരിചയക്കാരെ എല്ലാം ഞെട്ടിച്ചുകൊണ്ട് ഡിന്റോ സെമിനാരിയിലേക്കു പോകുന്നത്.

ദൈവവിളിയുടെ വിത്തുകൾ പാകപ്പെട്ട ബാല്യം

ഡാൻസും പാട്ടുമൊക്കെയായി നടക്കുകയാണെങ്കിലും ഡിന്റോ അച്ചന്റെ ഉള്ളിൽ ദൈവവിളിയുടെ വിത്തുകൾ പാകപ്പെട്ടത് ചെറുപ്പം മുതൽ പള്ളിയോടു ചേർന്നുനിന്ന അനുഭവങ്ങളിൽ നിന്നും ജീവിതത്തിൽ നിന്നുമായിരുന്നു. ആറു വയസ്സു മുതലുള്ള കുട്ടികളെ ദൈവാലയത്തോടു ചേർത്തുനിർത്തുന്ന ‘തിരുബാലസഖ്യം’ എന്ന സംഘടനയിലൂടെ ഇടവകദൈവാലയത്തോടു ചേർന്നുനിന്നുള്ള ജീവിതം കുഞ്ഞുഡിന്റോ ആരംഭിച്ചു. പിന്നീട് മിഷൻ ലീഗിലൂടെയും മറ്റും ആ ബന്ധം വളർത്തിയെടുത്ത ഡിന്റോയുടെ ഉള്ളിൽ ദൈവാലയവും ബലിപീഠവും ആയുള്ള ഒരു വലിയ ആത്മബന്ധം ഉടലെടുക്കുകയായിരുന്നു.

ശരിക്കും വൈദികനാകണം എന്ന ചിന്ത ഡിന്റോയിൽ പാകപ്പെടുന്നത് നാലാം ക്ലാസിൽ വച്ചായിരുന്നു. തന്റെ ഉള്ളിൽ ഒരു വൈദികനാകണം എന്ന ആഗ്രഹം ശക്തമായപ്പോൾ ഡിന്റോ അച്ചൻ അത് ഒരു പേപ്പറിലെഴുതി തന്റെ തുണിപ്പെട്ടിയിൽ സൂക്ഷിച്ചു. ഒരിക്കൽ അമ്മ തുണി എടുക്കുന്നതിനിടയിൽ അത് കാണുകയും പരീക്ഷാപേപ്പറായിരിക്കുമെന്ന് തെറ്റിധരിച്ച് തുറന്നുനോക്കുകയും ചെയ്തപ്പോഴാണ് മകന്റെ ആഗ്രഹം ആ മാതാപിതാക്കൾ തിരിച്ചറിയുന്നത്. പിന്നീട് പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ദൈവവിളി ക്യാമ്പിൽ പങ്കെടുത്തതോടെ വൈദികനാകനുള്ള ആഗ്രഹം മനസ്സിൽ ഉറപ്പിക്കുകയായിരുന്നു.

തടസ്സങ്ങളിലൂടെ ഉറപ്പിക്കപ്പെട്ട ദൈവവിളി

ആദ്യം വീട്ടിൽ, ദൈവവിളി ക്യാമ്പിൽ പങ്കെടുക്കാൻ അനുവാദം ചോദിച്ചപ്പോൾ “ഏതായാലും പോയിട്ട് വാ. ഇപ്പോൾ പത്താം ക്ലാസല്ലേ ആയിട്ടുള്ളൂ. പക്വതയോടെ ചിന്തിക്കാനുള്ള പ്രായമായിട്ടില്ല” എന്ന മറുപടിയാണ് ലഭിച്ചത്. വീട്ടുകാർ ‘നോ’ പറഞ്ഞില്ലല്ലോ എന്ന ആശ്വാസത്തിൽ ക്യാമ്പ് കൂടി തിരികെവന്നു. തിരികെവന്ന്  സെമിനാരിയിൽ ചേരുന്ന കാര്യം പറഞ്ഞപ്പോൾ അമ്മ പറഞ്ഞു:

“നീ പ്ലസ് ടു പുറത്തുപോയി മിക്സഡ് സ്‌കൂളിൽ ഒക്കെ പഠിക്കൂ. അതു കഴിയുമ്പോൾ നിന്റെ ആഗ്രഹം മാറും. അതുകൊണ്ട് പ്ലസ് ടു കഴിഞ്ഞു പോകാം.”

അങ്ങനെ പ്ലസ് വൺ, പ്ലസ് ടു കുര്യച്ചിറ സാൻജോസ് സ്‌കൂളിൽ പഠിച്ചു. പ്ലസ് ടു കഴിഞ്ഞ് വീണ്ടും സെമിനാരിയിൽ പോകുകയാണ്എന്നുപറഞ്ഞപ്പോൾ ഡിഗ്രി കൂടെ കഴിഞ്ഞു പോകാമെന്ന് അമ്മ പറഞ്ഞു. എങ്കിലും, “ഇനി ഞാൻ വൈകിക്കുന്നില്ല” എന്നുപറഞ്ഞ് അമ്മയുടെ ഉപദേശം സ്നേഹത്തോടെ നിരസിച്ച് സെമിനാരിയിലേക്കു പോകാൻ ഡിന്റോ അച്ചൻ തയ്യാറെടുത്തു. ഓരോ തവണയും ‘അടുത്ത പ്രാവശ്യമാകട്ടെ’ എന്നുപറഞ്ഞ് നീട്ടിവയ്പ്പിക്കുമ്പോഴും തന്റെ ഉള്ളിലെ ആഗ്രഹത്തിന് എത്രത്തോളം തീവ്രതയുണ്ടെന്നു അമ്മ അളക്കുകയായിരുന്നു എന്ന് അച്ചൻ ഓർക്കുന്നു.

അങ്ങനെ 2013 ജൂൺ ഒൻപതിന് തൃശ്ശൂർ അതിരൂപതയുടെ സെന്റ് മേരീസ് കാച്ചേരി മൈനർ സെമിനാരിയിൽ ഡിന്റോ അച്ചൻ എത്തി. പ്ലസ് ടു കഴിഞ്ഞതിനാൽ ഒരു വർഷത്തെ പരിശീലനത്തിനുശേഷം സെന്റ് പോൾ ഗുരുകുലം സെമിനാരിയിൽ നൊവിഷ്യേറ്റിൽ ചേർന്നു. അവിടുത്തെ പരിശീലനത്തിനുശേഷം ഡിഗ്രി പഠനത്തിനായി തിരികെ വീട്ടിലേക്ക് അയച്ചു. തൃശ്ശൂർ അതിരൂപതയിൽപെട്ട എല്ലാ വൈദികാർഥികളുടെയും ഡിഗ്രി പഠനം വീട്ടിൽ നിന്നുകൊണ്ട് ചെയ്യുംവിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ദൈവവിളി കൂടുതൽ ആഴത്തിലുള്ളതാക്കാനായി അതിരൂപത നടപ്പിലാക്കിയ പ്രവർത്തനങ്ങളിലൊന്നായിരുന്നു ഇതെന്ന് ഡിന്റോ അച്ചൻ പറയുന്നു.

അങ്ങനെ വീട്ടിലെത്തി സെന്റ് തോമസ് കോളേജിൽ ബി.ബി.എ.യ്ക്കു ചേർന്നു. കൂട്ടുകാരും പുറംലോകവും വീട്ടുകാരുമൊക്കെയായി ചേർന്നുള്ള മൂന്നു വർഷക്കാലം. ഈ വർഷക്കാലം തന്റെ ദൈവവിളി ഉറപ്പിക്കണമേ എന്ന പ്രാർഥനയിലായിരുന്നു അച്ചൻ കടന്നുപോയത്. സഭയെ സംബന്ധിച്ചും ആത്മീയതയെക്കുറിച്ചും നിരവധി ചോദ്യങ്ങൾ ഉയരുന്ന സമയമാണിത്. ആ ചോദ്യങ്ങളിലൂടെ ഒക്കെ ആത്മശോധന ചെയ്ത് തന്റെ വിളി ഉറപ്പിക്കാൻ ഈ കാലഘട്ടത്തിൽ തനിക്കു കഴിഞ്ഞു എന്ന് ഡിന്റോ അച്ചൻ ഓർക്കുന്നു.

ഉറച്ച ബോധ്യങ്ങളുമായി സെമിനാരിയിലേക്ക് 

മൂന്നു വർഷത്തെ ഡിഗ്രി പഠനം വ്യത്യസ്തങ്ങളായ അനുഭവങ്ങൾ പകരുന്നതായിരുന്നു. അനുഭവങ്ങളുടെ തീച്ചൂളയിൽ ശോധന ചെയ്യപ്പെട്ട ദൈവവിളി കൂടുതൽ ശോഭയോടെ അച്ചന്റെ ഉള്ളിൽ തിളങ്ങി. അങ്ങനെ പുതിയ കാഴ്ചപ്പാടുകളുമായി വീണ്ടും സെമിനാരിയിലേക്കു യാത്രയായി. തിരികെ ഫിലോസഫി പഠനത്തിനായി മംഗലപ്പുഴ സെമിനാരിയിലാണ് അച്ചൻ എത്തിയത്. രണ്ടു വർഷത്തെ ആ പഠനകാലം വളരെ വ്യത്യസ്തമായ അനുഭവങ്ങളാണ് പകർന്നത്.

തിയോളജി പഠനത്തിനായി തൃശ്ശൂർ മേരിമാതാ സെമിനാരിയിലേക്കെത്തിയപ്പോൾ ഒരു അമ്മയുടെ വാത്സല്യത്തിലേക്ക്, കുടുംബത്തിലേക്ക് എത്തിയ അനുഭവമായിരുന്നു. പിന്നീട് പല ശുശ്രൂഷകളിലൂടെ പൗരോഹിത്യജീവിതത്തിന്റെ വിവിധ കടമകൾ അറിയാനും പഠിക്കാനും കഴിഞ്ഞു. അങ്ങനെ പരിശീലനത്തിനുശേഷം 2023 ഡിസംബർ 26-ന് ഡിന്റോ അച്ചൻ പൗരോഹിത്യം സ്വീകരിച്ചു. ‘ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം’ എന്നായിരുന്നു തന്റെ പൗരോഹിത്യ സ്വീകരണദിനത്തെക്കുറിച്ച് അച്ചൻ പറഞ്ഞത്.

വൈദിക പരിശീലനവേളകളിൽ കരുത്തു പകർന്ന നൃത്തം

വൈദികപരിശീലനത്തിന്റെ വേളകളിലും വിവിധ ഇടവകകളിൽ ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ടപ്പോഴും കോളേജ് പഠനകാലഘട്ടത്തിലും അവിടെയുള്ള യുവജനങ്ങളെയും കുട്ടികളെയും ദൈവത്തോട് കൂടുതൽ ചേർത്തുനിർത്താനും ദൈവത്തിനു സാക്ഷ്യം വഹിക്കാനും കലാപരമായ കഴിവുകളിലൂടെ അച്ചനു കഴിഞ്ഞു. കുട്ടികളെ ആക്ഷൻ സോങ്ങുകൾ പഠിപ്പിച്ചപ്പോഴും കോളേജ് പഠനകാലഘട്ടത്തിൽ സഹപാഠികൾക്കു പിന്തുണയായി എല്ലാ കാര്യത്തിലും നിന്നപ്പോഴും, അറിഞ്ഞും അറിയാതെയും ദൈവത്തെ പകരുകയായിരുന്നു, ദൈവത്തെ മഹത്വപ്പെടുത്തുകയായിരുന്നു ഈ യുവാവ്. തന്റെ കലാപരമായ കഴിവുകൾ ശുശ്രൂഷയുടെ ഭാഗമാക്കി മാറ്റുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു വൈദിക പരിശീലനകാലഘട്ടത്തിൽ ഡിന്റോ അച്ചൻ.

‘അയ്യോ, ഡാൻസുകാരൻ പയ്യൻ അച്ചനായോ?’

എല്ലാ കാര്യങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന കൊച്ചൻ! ഡാൻസും പാട്ടും എന്നുവേണ്ട കൈവയ്ക്കാത്ത ഇടങ്ങളില്ല. അവൻ ഒരുദിവസം വന്ന് സെമിനാരിയിൽ പോകുകയാണ് എന്നുപറഞ്ഞാൽ ആരു വിശ്വസിക്കും? ഇതുതന്നെയായിരുന്നു ഡിന്റോ അച്ചനും സെമിനാരിയിൽ പോകുകയാണെന്നു പറഞ്ഞപ്പോഴുള്ള അവസ്ഥ. പത്താം ക്ലാസിൽ ആദ്യം തന്റെ ആഗ്രഹം വെളിപ്പെടുത്തിയപ്പോൾ പലർക്കും അതൊരു തമാശയായിരുന്നു എന്ന് അച്ചൻ ഓർക്കുന്നു. സെമിനാരിയിൽ പോയി എന്നുകേട്ടപ്പോൾ ‘ആ.. കുറച്ചു കഴിയുമ്പോ പോന്നോളും’ എന്നായി. എന്നാൽ ഇന്ന് വൈദികനായി അൾത്താരയ്ക്കു മുന്നിൽ ക്രിസ്തുവിന്റെ പൗരോഹിതനായി നിൽക്കുമ്പോഴാണ് അന്ന് അച്ചൻ പറഞ്ഞ വാക്കുകളും ആഗ്രഹവും അത്രയേറെ തീക്ഷ്ണമായിരുന്നു എന്ന് അവർ തിരിച്ചറിയുന്നത്.

സെമിനാരിയിലേക്കുള്ള യാത്രയ്ക്കു മുന്നിൽ അവസരങ്ങളുടെ ലോകത്തെ ചൂണ്ടിക്കാട്ടി പ്രലോഭനങ്ങളുമായി എത്തിയവർ ധാരാളമായിരുന്നു. എന്നാൽ ചിലതൊക്കെ നഷ്ടപ്പെടുത്തുമ്പോൾ അതിനെയൊക്കെ നേട്ടമാക്കി, അനുഗ്രഹമാക്കി മാറ്റി ചേർത്തുനിർത്തുന്ന പൊന്നുതമ്പുരാന്റെ സ്നേഹത്തോളം അതൊന്നും വലുതല്ലെന്ന് ഈ യുവവൈദികൻ വെളിപ്പെടുത്തുന്നു. ദൈവത്തിനായി എന്തെങ്കിലുമൊക്കെ മാറ്റിവച്ചാൽ ആ മേഖലയിൽക്കൂടെ തന്നെ ദൈവം നമ്മെ വളർത്തുമെന്നത് അച്ചൻ എന്ന് തന്റെ ജീവിതത്തിലൂടെ അനുഭവിക്കുകയാണ്.

ദൈവജനം ആഗ്രഹിക്കുന്ന ഒരു പുരോഹിതനായി മാറണം

പൗരോഹിത്യജീവിതത്തിന്റെ തുടക്കത്തിലാണ് ഇന്ന് ഡിന്റോ അച്ചൻ. ഇനിയുള്ള തന്റെ ശുശ്രൂഷാജീവിതത്തിൽ ദൈവജനം ആഗ്രഹിക്കുന്ന വിധത്തിൽ, താഴ്മയിൽ അവരോടു ഒന്നുചേർന്നുനിൽക്കുന്ന ഒരു വൈദികനായി മാറാനുള്ള കൃപയ്ക്കായാണ് ഈ യുവവൈദികൻ യാചിക്കുന്നതും പ്രാർഥിക്കുന്നതും. “ദൈവം തനിക്കായി ഏല്പിച്ചിരിക്കുന്ന സമൂഹത്തെ, അതിൽ തകർന്നവരും താഴ്ന്നവരുമുണ്ടാകാം. അവരെ ക്ഷമയോടെ കേൾക്കാൻ, സാമിപ്യം കൊണ്ട് സ്വാന്ത്വനമാകാൻ അതുവഴി ദൈവത്തിന്റെ സാമിപ്യമേകാൻ കഴിയണം എന്നതാണ് എന്റെ വലിയ ആഗ്രഹം” – അച്ചൻ പറയുന്നു.

കലകൾ ദൈവമഹത്വത്തിനാണെങ്കിൽ അവയെ പ്രോത്സാഹിപ്പിക്കണമെന്നു തന്നെയാണ് ഈ അച്ചന്റെ അഭിപ്രായം. “കലകൾ അത് ദൈവം നിക്ഷേപിക്കുന്ന താലന്തുകൾക്കു തുല്യമാണ്. അത് ദൈവജനത്തിനു അവിടുത്തെ പകർന്നുനൽകുന്നതിനായി ഉപയോഗിക്കാൻ സാധിക്കണം. അത് കുഴിച്ചുവയ്ക്കാനുള്ളതല്ല” – ഡിന്റോ അച്ചൻ പറഞ്ഞ് അവസാനിപ്പിച്ചു.

പൗരോഹിത്യജീവിതമാകുന്ന വലിയ ഒരു തീർഥയാത്രയിലാണ് ഈ നവവൈദികൻ. ദൈവജനത്തെയും കൂട്ടി ഈ വൈദികന് കടന്നുപോകേണ്ടുന്ന വഴികൾ അനുദിനം പ്രതിസന്ധികളാൽ നിറയുന്നു. ഈ സാഹചര്യത്തിൽ പ്രതിസന്ധികളെ അതിജീവിക്കാൻ പരിശുദ്ധ കുർബാനയാകുന്ന സ്രോതസ്സിൽ നിന്നും കരുത്തു നേടാൻ ഇദ്ദേഹത്തിനു കഴിയട്ടെ. പൗരോഹിത്യജീവിതത്തിൽ ദൈവജനത്തിന് അനുഗ്രഹമായി മാറാൻ ഈ വൈദികനെയും ദൈവം അനുഗ്രഹിക്കട്ടെ.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.