ജോസഫ്: പരിശുദ്ധി ജീവിതവൃതമാക്കിയ നല്ല പിതാവ് 

വി. യൗസേപ്പിതാവ് – ജീവന്റെ വൃഷത്തിന് വളമേകനും തണലേകനുമായി ദൈവപിതാവ് മെനഞ്ഞടുത്ത വ്യക്തി. ജിവിതമാകുന്ന ഓട്ടപ്പന്തയത്തിൽ ജീവിതം ഓടിത്തീർക്കാതെ ജീവിതം എങ്ങനെ ജിവിച്ചുതീർക്കണമെന്നു കാണിച്ചുതന്ന മഹത്ജിവിതം. ദൈവപിതാവിനോടുള്ള വിശ്വസ്തതയ്ക്കു മുമ്പിൽ അവജ്ഞയും വെറുപ്പും തെറ്റിദ്ധാരണകളും സന്തോഷത്തോടെ സ്വീകരിച്ച വ്യക്തിത്വം. യോഗ്യതയോ കഴിവിനെയോ തെളിയിക്കാതെ വിശ്വസമാകുന്ന തീക്കട്ടയിൽ മുറുകെപ്പിടിച്ച് ആ പൊള്ളലേൽക്കുവാൻ തയ്യാറായ ഒരു സാധുമനുഷ്യൻ. അനീതിയുടെ നടുവിൽ നിന്ന് നിതിക്കുവേണ്ടി ശബ്ദമുയർത്തുമ്പോൾ, നീതിന്യായ കോടതികൾ പോലും മൗനം അവലംബിക്കുമ്പേൾ, സത്യമാകുന്ന നീതിയെ ലോകത്തിനു കാട്ടിക്കൊടുത്ത പിതാവ്.

ഈശോയുടെ വളർത്തുപിതാവാകൻ ദൈവം എരിതീയിലൂടെ ആദ്യം കടത്തിവിട്ട വ്യക്തി, വചനത്തിലൂടെ കണ്ണോടിക്കുമ്പോൾ നമുക്ക് കാണുവാൻ സാധിക്കും, തന്റെ വളർത്തുപിതാവ് കാണിച്ചുതന്ന അതേ മാതൃക ഈശോ സ്വികരിക്കുന്നതായി. തന്റെ നിതിയും വിശ്വസ്തതയും തെളിയിക്കാൻ വി. യൗസേപ്പ് ആരുടെയും മുമ്പിലും പോയില്ല. വിശ്വസ്തയോടെ മൗനം അവലംബിച്ചു. ഈശോ, തന്റെ മേൽ കുറ്റമാരോപിച്ചവരുടെ മുമ്പിലും മൗനം പാലിച്ചു. പരിശുദ്ധിയുടെ ജിവിതം, ഏറ്റം ആഴത്തിൽ ഗ്രഹിച്ച് ആ ജീവിതം ആസ്വദിച്ച് ജീവിച്ച് കാണിച്ചുതന്ന വലിയ വ്യക്തിത്വം.

ആത്മാവിൽ ഉളവാകുന്ന ആന്തരികനന്മകളെ ഊതിക്കെടുത്താതെ ആ പ്രേരണകളെ  പരിശുദ്ധാത്മാവിന്റെ ഇംഗിതമാണെന്നു തിരിച്ചറിഞ്ഞാൽ അവയെ ഇരുകൈയും നീട്ടി സ്വീകരിച്ച് ജിവിച്ച് കാണിച്ചുതന്ന നീതിമാനായ പിതാവ്. ദൈവമഹത്വത്തിനായ് എരിതീയിൽ കൂടി നടന്നപ്പോഴും തന്റെ കൂടെയുള്ളത് യേശുവാണെന്നു തിരിച്ചറിഞ്ഞ് ആ കരത്തിൽ മുറുകെ പിടിച്ച് മുമ്പോട്ടുനീങ്ങിയ പിതാവ്. സത്യദൈവവും സത്യമനുഷ്യനുമായ യേശുവിനെ പരിചരിച്ച് വളർത്തി ലോകത്തിന്റെ രക്ഷയ്ക്കുവേണ്ടി യേശുവിന്റെ അപ്പനാകുവാൻ പിതാവായ ദൈവം തന്നെ കണ്ടുവെന്ന തിരിച്ചറിവ് ലഭിച്ചവൻ. ഇതാ ദാസൻ, അരുൾ ചെയ്താലും എന്ന ദാസഭാവത്തിൽ സ്വയം വിട്ടുകൊടുത്ത് എളിമയെന്ന പുണ്യത്തിന്റെ മറുരൂപം. വിശുദ്ധ ഗ്രസ്ഥത്തിന്റെ സ്വർണ്ണലിപികൾ ജീവിതത്തിന്റെ മാർഗ്ഗരേഖയാക്കിയ  വ്യക്തി. yes എന്ന മറുപടിയിലൂടെ ആത്മപരിത്യാഗത്തിന്റെ അർത്ഥം മനസ്സിലാക്കി തന്ന ഗുരുഭൂതൻ.

തിരുവചനത്തിലൂടെ കടന്നുപോകുമ്പോൾ, “കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അവനോട് പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ട; അവൾ ഗർഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിലാണ്” (മത്തായി 1: 20).

സ്വപ്നത്തിലൂടെയുള്ള വെളിപാട് ജീവിതത്തിന്റെ ഓരോ ചുവടുവയ്പ്പിലും വിശ്വസ്തതയോടെ കാത്ത യൗസേപ്പ്, അതിൽ പൊടിപ്പും കലർപ്പും ചേർക്കാതെ ലോകത്തിലേയ്ക്ക് കടന്നുവരുവാനുള്ളവനു വേണ്ടി ഹൃദയത്തിന്റെ വതായനങ്ങൾ തുറന്നുകൊടുത്തതു വഴി പരിപൂർണ്ണമായ ആത്മസമർപ്പണം ചെയ്ത പുരോഹിതനായി.

ദൈവപിതാവ് തന്റെ പ്രിയസുതന് പിതാവാകാൻ തിരെഞ്ഞെടുത്ത യൗസേപ്പിതാവ് എല്ലാ സൽഗുണങ്ങളിലും ഏറ്റം ഉയർന്നവനായിരുന്നു. അതിനാലാണ് ആധുനികയുഗത്തിൽ പോലും കുടുംബങ്ങളുടെ കാവൽക്കാരനും നാഥനും മദ്ധ്യസ്ഥനുമായി യൗസേപ്പിതാവിനെ കരുതുന്നത്.

ഓരോ കുഞ്ഞുങ്ങളുടെയും വളർത്തുപിതാവ്, നിശബ്‌ദം സഹിക്കുന്നവരെ താങ്ങിനിർത്തുന്ന കരവലയം, നീതിയില്ലാതെ വിഷമിക്കുന്ന നീതിരഹിതരുടെമേൽ പുഞ്ചിരിയുമായി കടന്നുചെന്ന് നിന്നിൽ വിശ്വസ്തയും സത്യവുമുണ്ടെങ്കിൽ നീതിയുടെയും വിശ്വസ്തയുടെയും കിരീടം നിനക്കായി സ്വർഗ്ഗം കരുതിയിരിക്കുന്നുവെന്ന് വചലാനാകുന്ന പിതാവ്. ആന്തരിക നിശബ്തയിൽ ജീവിച്ച് വിശ്വസ്തതയുടെയും വിശ്വാസത്തിന്റെയും മുൾമുനയിലൂടെ പാദങ്ങൾ ഇടറാതെ, മനസ് പതറാതെ, കുടുംബജീവിതത്തെ തിരുക്കുടുംബമാക്കി മാറ്റിക്കൊണ്ട് ജീവന്റെ കിരീടം സ്വന്തമാക്കിയ വി. യൗസേപ്പ്.

ഉന്നതത്തിലുള്ളവനു വേണ്ടി നിശബ്ദനായി നിലകൊണ്ട മൗനി, നീതി നടപ്പിലാക്കുവാൻ ദൈവനീതിക്കു മുമ്പിൽ തല കുനിച്ചുകൊടുത്തവൻ, ദൈവഹിതം നിറവേറ്റുവാൻ ദാസനായി തിർന്നവൻ, അനുസരണത്തിന്റെ ബാലപാഠങ്ങൾ  ജീവിച്ച് കാണിച്ചുതന്ന ദൈവികജ്ഞാനി. അതെ, സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും കാവൽദൂതൻ. ജീവനുള്ള ദൈവത്തിന്റെ സജീവസാന്നിദ്ധ്യത്തെ വളർത്തി വലുതാക്കിയവൻ. ഇന്നും എന്റെയും നിങ്ങളുടെയും അപ്പനായി, കാവൽദൂതനായി നമ്മെ നയിച്ചുകൊണ്ടിരിക്കുന്ന വി. യൗസേപ്പിതാവിന്റെ കാൽപാദത്തിങ്കൽ നമ്മളെത്തന്നെ സമർപ്പിക്കാം.

റവ. സി. റോസ്ന തോപ്പിൽ DM 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.