കുട്ടികളെ എങ്ങനെ അച്ചടക്കം പഠിപ്പിക്കാം! മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും വി. ഡോണ്‍ ബോസ്‌കോ നല്‍കുന്ന നിര്‍ദേശങ്ങള്‍

എപ്രകാരമാണ് അവനെ/ അവളെ അച്ചടക്കം പഠിപ്പിക്കുക എന്നതാണ് ഒരു കുട്ടിയെ വളര്‍ത്തുന്ന സമയത്ത് രക്ഷിതാക്കളെ ഏറെ അലട്ടുന്ന പ്രശ്‌നം. കുട്ടികളുടെ മധ്യസ്ഥനായി അറിയപ്പെടുന്ന വി. ഡോണ്‍ ബോസ്‌കോയ്ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ അറിവുണ്ടായിരുന്നു. അക്കാര്യം അദ്ദേഹം മാതാപിതാക്കളെയും അധ്യാപകരെയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കാരണം, ചെറുപ്പക്കാരും വികൃതികളുമായ കുട്ടികളുടെയിടയില്‍ സേവനം ചെയ്തിരുന്ന വ്യക്തി കൂടിയായിരുന്നല്ലോ അദ്ദേഹം.

ഒരു കുട്ടിയുടെ അച്ചടക്ക വളര്‍ച്ചയില്‍ മികച്ച അധ്യാപകര്‍ക്കുള്ള പങ്ക് വിശുദ്ധന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഒരു കുട്ടിയെ അച്ചടക്കം ശീലിപ്പിക്കാന്‍ ഏതാനും നിര്‍ദേശങ്ങള്‍ അധ്യാപകര്‍ക്കായി വിശുദ്ധന്‍ പങ്കുവയ്ക്കുന്നുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം…

1. ശിക്ഷണം അവസാനം മാത്രം

എത്ര ക്ഷമ നശിച്ചാലും ശിക്ഷ ഏറ്റവും അവസാന മാര്‍ഗ്ഗമായി മാത്രമേ ഉപയോഗിക്കാവൂ എന്ന് വിശുദ്ധന്‍ പ്രത്യേകം ഓര്‍മിപ്പിക്കുന്നു.

2. ബഹുമാനത്തിനു മുമ്പ് സ്‌നേഹം നേടണം

വിദ്യാര്‍ത്ഥികളില്‍ നിന്ന് ബഹുമാനം പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതിന് മുമ്പുതന്നെ അവരില്‍ നിന്ന് സ്‌നേഹം നേടാനാണ് ശ്രമിക്കേണ്ടതെന്നും ഡോണ്‍ ബോസ്‌കോ പുണ്യവാന്‍ ഓര്‍മ്മിപ്പിക്കുന്നു.

3. ശിക്ഷണം രഹസ്യമായിരിക്കാന്‍ ശ്രദ്ധിക്കണം

ശിക്ഷ നല്‍കിയാല്‍ തന്നെ എത്ര രഹസ്യമായി നല്‍കാവോ അത്രയും നല്ലതെന്നാണ് വിശുദ്ധന്റെ അഭിപ്രായം. അവരെ അപമാനിക്കാത്ത രീതിയിലായിരിക്കണം ശിക്ഷിക്കേണ്ടതത്രേ.

4. ദേഹോപദ്രവം അരുത്

ചെയ്തത് എത്ര വലിയ തെറ്റായാലും കുട്ടികളെ ദേഹോപദ്രവം ചെയ്യരുത്.

5. നിയമാവലികള്‍ പഠിപ്പിക്കുക

അച്ചടക്കവുമായി ബന്ധപ്പെട്ട നിയമങ്ങളും ചിട്ടകളും വ്യക്തമായി, കാര്യകാരണസഹിതം കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുക്കുക. പിന്നീടാണ് അവ അനുസരിക്കാന്‍ ആവശ്യപ്പെടേണ്ടത്.

6. കോപം ഒഴിവാക്കുക

കോപിക്കുന്നതു കൊണ്ട് കുട്ടികള്‍ കൂടുതല്‍ ധിക്കാരികളാകുകയല്ലാതെ അനുസരണത്തിലേയ്ക്കും അച്ചടക്കത്തിലേയ്ക്കും വരികയില്ലെന്നും ക്ഷമയോടെയുള്ള പരിശീലനത്തിലൂടെ മാത്രമേ അവരെ നല്ല ശീലങ്ങള്‍ അഭ്യസിപ്പിക്കാന്‍ കഴിയൂ എന്നും വി. ഡോണ്‍ ബോസ്‌കോ ഓര്‍മ്മിപ്പിക്കുന്നു.