സെന്റ് ജോർജിനോട് നന്ദി പറഞ്ഞുകൊണ്ട് വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട ഒരു യുവ ഡോക്ടർ

ബ്രസീലിലെ മരിയാന ഫൊസ്സെറ്റി എന്ന 31-കാരി ഡോക്ടർ, വളരെ വ്യത്യസ്തനായ തന്റെ പ്രിയപ്പെട്ട വിശുദ്ധന് നന്ദി പറയുകയാണ്. ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു കാറിനുള്ളിൽ കുടുങ്ങിപ്പോകാമായിരുന്ന തനിക്ക് രക്ഷകനായത് സെന്റ് ജോർജാണ് എന്ന് അവർ പറയുന്നു.

പതിവുപോലെ, ഡ്യൂട്ടിക്കായി വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് ബ്രസീലിയൻ ഡോക്ടറായ മരിയാന. 2021 ഏപ്രിൽ 18-നായിരുന്നു അത്. എന്നാൽ അന്ന് അവൾ ഹോസ്പിറ്റലിൽ എത്തിയില്ല. അവളെ അന്വേഷിച്ചിറങ്ങിയ മാതാപിതാക്കൾ വളരെയധികം പരിഭ്രമിച്ചു. കാരണം വഴിയിലെവിടെയും കാറോ, ഒരു ആക്സിഡന്റ് നടന്ന സാഹചര്യമോ അവര്‍ക്ക് കണ്ടെത്താനായില്ല; ഫോണിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല.

സാന്ത കാറ്ററിനയിലെ ഒരു വനപ്രദേശത്തു വച്ച് കാർ ഉരഞ്ഞതിന്റെ പാട് അവരുടെ ഡ്രൈവർ കണ്ടെത്തി. എന്നാൽ അടുത്ത സ്ഥലങ്ങളിലൊന്നും കാർ കണ്ടെത്തിയതുമില്ല. ഉടന്‍ തന്നെ രക്ഷാസേനയെ വിവരമറിയിച്ചു. അവർ നടത്തിയ തിരച്ചിലിൽ 30 മണിക്കൂറുകൾക്കുശേഷം അടുത്തുള്ളൊരു കായലിൽ നിന്നും ആ കാര്‍ കണ്ടെടുത്തു.

രക്ഷപെട്ടതിനു ശേഷം പോലീസിനോട് മരിയാന പറഞ്ഞത്, ഒരു നായ കാറിനു നേരെ വന്നപ്പോൾ ഇടിക്കാതിരിക്കാൻ കാർ വെട്ടിക്കുകയും അപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് കായലിൽ പോയി പതിക്കുകയും ചെയ്തു എന്നായിരുന്നു. എന്നാൽ രക്ഷാപ്രവർത്തകർക്ക് ആ കാർ കണ്ടെത്തുവാൻ സഹായകമായത് സെന്റ് ജോർജിന്റെ ഒരു ചിത്രം കാറിൽ ലാമിനേറ്റ് ചെയ്തുവച്ചിരുന്നതിനാലായിരുന്നു എന്നാണ്.

വിശുദ്ധനോട് പ്രത്യേകം ഭക്തി പുലർത്തിയിരുന്ന ആ യുവ ഡോക്ടർ അദ്ദേഹത്തെ യോദ്ധാവായ വിശുദ്ധൻ എന്നായിരുന്നു വിളിച്ചത്. “അപകടസ്ഥലത്ത് കണ്ട ഫോട്ടോയുടെ ഭാഗമാണ് ഞങ്ങളെ ഇവിടെ എത്തിച്ചത്. അവളെ കണ്ടെത്തുന്നതിൽ ഞങ്ങളെ സഹായിച്ചതും ഈ ചിത്രം തന്നെയാണ്. ഈ അടയാളങ്ങൾ ദൈവത്തിൽ നിന്നുള്ളതാണ്. വിശുദ്ധന്റെ മാദ്ധ്യസ്ഥ്യം കൂടെയുണ്ടായിരുന്നതിനാൽ അവൾ വീണ്ടും ജനിച്ചു” –  മരിയാനയുടെ അമ്മ പറഞ്ഞു.

വിശുദ്ധന്റെ മാദ്ധ്യസ്ഥ്യം അവളുടെ ജീവൻ നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചുവെന്നു ഉറച്ചുവിശ്വസിക്കുകയാണ് ഡോ. മരിയാനയും കുടുംബവും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.