ചലിക്കുന്ന സക്രാരി – വി. എവുപ്രാസ്യമ്മ

‘ഷെക്കീനാ’ എന്ന ഹീബ്രു പദം പഴയനിയമത്തിൽ സമാഗമ കൂടാരത്തിൽ കവിഞ്ഞു നിന്ന ദൈവസാന്നിധ്യത്തിന്റെ നിറവിനെ സൂചിപ്പിക്കാൻ ഉപയോഗിച്ചുവന്നു. സമാഗമം കൂടാരത്തിൽ പ്രവേശിക്കുന്ന എല്ലാവര്‍ക്കും അത് അനുഭവേദ്യമായില്ല എന്നു മാത്രമല്ല, ചുരുക്കം ചിലർക്കു മാത്രമേ അത് അനുഭവമായുള്ളൂ എന്നും നമുക്ക് മനസിലാക്കാം. പുതിയനിയമത്തിൽ ഈശോ, പിതാവായ ദൈവത്തിന്റെ ‘ഷെക്കീനാ’ ആയി. അതെ. വചനം മാംസമായി, നമ്മുടെ ഇടയിൽ വസിച്ചു. അവനിലൂടെ നാമെല്ലാവരും ദൈവസ്നേഹത്തിന്റെ മുഖം ദർശിച്ചു. നമ്മുടെ കൂടെ വസിക്കുന്ന ‘ഇമ്മാനുവേൽ’ ആയി ദൈവപുത്രൻ. ഈശോയുടെ മനുഷ്യത്വം  ദൈവസാന്നിധ്യത്തിന്റെ ഇരിപ്പിടമായി.

ചലിക്കുന്ന സക്രാരി എന്നാണ് സമകാലീനർ വി. എവുപ്രാസ്യമ്മയെ വിശേഷിപ്പിച്ചത്. സക്രാരി – സക്രരേ എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. വിശുദ്ധി തന്നെയായവനെ ഉൾക്കൊള്ളുന്ന വിശുദ്ധ സ്ഥലം എന്ന് ഇതിനെ വിശേഷിപ്പിക്കാം. തന്റെ സത്തയുടെ ഉള്ളറയിൽ ജീവിക്കുന്നവനായി, ജീവിതപങ്കാളിയായി, മിശിഹായെ സാദാ തിരിച്ചറിഞ്ഞ് നിരന്തരം ജ്വലിച്ചിരുന്ന വി. എവുപ്രാസ്യമ്മ ഈശോയുടെ പ്രാണപ്രേയസി ആയിരുന്നു. ദൈവസ്നേഹത്തിൽ ആളിക്കത്തി ജ്വലിച്ചിരുന്ന കന്യകാഹൃദയത്തിന്റെ ഉടമ. ആ ഹൃദയത്തിൽ ശാശ്വതസ്ഥാനം പിടിച്ച ഒരു വ്യക്തിയോ വസ്തുവോ ഒരിക്കലും ഉണ്ടായിരുന്നില്ല. ഇരുഹൃദയങ്ങളുടെ  സ്നേഹത്തിലുള്ള ഉരുകിച്ചേരൽ, ഒന്നിപ്പ്, ചേർമ്മ, എവുപ്രാസ്യമ്മയുടെ ഹൃദയഭാവമായി കഴിഞ്ഞിരുന്നു. ഉള്ളിലെ ഈ ദൈവസാന്നിധ്യം അനുഭവിച്ച് ദിവ്യകാരുണ്യ സന്നിധിയിൽ നീണ്ട മണിക്കൂറുകൾ അമ്മ ചെലവഴിച്ചു.

ദൈവസാന്നിധ്യത്തിലുള്ള ഇരിപ്പ് അമ്മയ്ക്ക് ഒരുതരം ലഹരിയായിരുന്നു. ജീവിതത്തിന്റെ അർഥം മുഴുവനും കണ്ടെത്തിയ ധ്യാനം ആയിരുന്നു. തിരുസാന്നിധ്യം അനുഭവിച്ച്, മറ്റുള്ളവർക്ക് തിരുസാന്നിധ്യത്തിന്റെ അടയാളമായി മാറുന്നവരാണ് വിശുദ്ധർ. വി. എവുപ്രാസ്യമ്മ തന്റെ ചുറ്റുപാടും താൻ അനുഭവിച്ച  ദൈവസാന്നിധ്യത്തിന്റെ വെളിച്ചം വിതറുന്ന, പീഠത്തിന്മേൽ സ്ഥാപിച്ച വിളക്കായി മാറുന്നതാണ് ആ  ജീവിതത്തിന്റെ സാക്ഷ്യം. ഉള്ളിൽ പള്ളികൊള്ളുന്നവനെ ഒരു സക്രാരിയിലെന്ന പോലെ വഹിച്ച അമ്മയുടെ ചലനങ്ങൾ പോലും ദൈവസാന്നിധ്യത്തിന്റെ നേർക്കാഴ്ചകളിയിരുന്നു എന്ന് സമകാലീനർ  രേഖപെടുത്തിയിട്ടുണ്ട്.

മൂശ കണ്ട ജ്വലിക്കുന്ന മുൾപ്പടർപ്പു പോലെ അമ്മയുടെ ചുറ്റും ദൈവസ്നേഹത്തിന്റെ, പരസ്നേഹത്തിന്റെ ജ്വാലകൾ പ്രകാശിച്ചിരുന്നു. വേദനിക്കുന്നവർക്കുള്ള സമാശ്വാസവും ഉത്തരവും തന്റെയുള്ളിലെ ദൈവസാന്നിധ്യത്തിൽ നിന്ന് അവൾ കണ്ടെത്തി. തിരുസക്രാരിയിൽ നിന്ന് പ്രവഹിക്കുന്ന കൃപയുടെ തിരിയായിരിക്കാൻ വി. എവുപ്രാസ്യമ്മയുടെ ജീവിതം  നമ്മെയും ക്ഷണിക്കുന്നു. ദിവ്യ സക്രാരിയുടെ അടുത്തിരുന്ന് ക്ഷമിക്കാനും മറക്കാനും പൊറുക്കാനുമുള്ള  ആത്മപാഠങ്ങൾ നമുക്കും സ്വന്തമാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.