തുകല്‍വാറില്‍ കയറി ഒരു സ്വര്‍ഗ്ഗയാത്ര

രാഷ്ട്രീയക്കാര്‍ക്കിടയിലെ വിശുദ്ധന്‍ എന്നും വിശുദ്ധരുടെയിടയിലെ രാഷ്ട്രീയക്കാരന്‍ എന്നും അറിയപ്പെടുന്ന ഒരു മഹാവ്യക്തിത്വമാണ് ഭാരതത്തിന്റെ രാഷ്ട്രപിതാവായ മഹാത്മഗാന്ധി. ആദര്‍ശത്തിന്റെ ആള്‍രൂപം, നന്മയുടെ പ്രതിപുരുഷന്‍, അഹിംസയുടെ പ്രവാചകന്‍ എന്നൊക്കെ അദ്ദേഹത്തെ സംബോധന ചെയ്യുന്നവരുണ്ട്. അദ്ദേഹത്തിന്റെ ജീവിതസായാഹ്നത്തില്‍ യുവതലമുറയ്ക്കു നല്‍കാനുള്ള സന്ദേശമെന്ത് എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’. തന്റെ ആത്മബലം കൊണ്ട് സൂര്യന്‍ അസ്തമിക്കാത്ത ഒരു സാമ്രാജ്യത്തെ തോല്പിച്ചോടിച്ചിട്ടും അധികാരത്തിന്റെ അകത്തളങ്ങളിലൊന്നും തനിക്കായി ഒരു സിംഹാസനം കരുതിവയ്ക്കാന്‍ ഒരിക്കലും മെനക്കെടാതിരുന്ന അര്‍ദ്ധനഗ്നനായ ആ മഹാമാനവന് ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’എന്നുപറയാനുള്ള അവകാശം ഉണ്ടായിരുന്നു. അതിനുശേഷം മററാരെങ്കിലും ഇത്തരമൊരു ധീരപ്രഖ്യാപനം നടത്തിയതായി കേള്‍ക്കാന്‍ ഇതേവരെ ഇടവന്നിട്ടില്ല.

എന്നാല്‍ ഇരു ശതാബ്ദങ്ങള്‍ക്കുമുമ്പ് കൈരളിയുടെ പ്രൗഢപുത്രന്മാരിലൊരാള്‍ അത്തരമൊരു അവകാശം ഉന്നയിച്ചിരുന്നു എന്ന് ഉള്‍പ്പുളകത്തോടെ നാം അനുസ്മരിക്കേണ്ടിയിരിക്കുന്നു. ചരിത്രകാരന്മാര്‍ പാടെ തമസ്‌കരിച്ചിട്ടും കാലവും ദൈവവും ഉയര്‍ത്തിക്കൊണ്ടുവന്ന ചാവറ കുര്യാക്കോസ് ഏലിയാസ് എന്നുപേരായ ആ മനുഷ്യന്‍ തന്റെ മരണനേരത്ത് ചുററും കൂടിനിന്ന് സങ്കടപ്പെട്ട് കരഞ്ഞവരോട് മൊഴിഞ്ഞ അന്ത്യവാക്കുകള്‍ ഏതൊരു മാനവനേയും പുളകിത ഗാത്രനാക്കാതിരിക്കില്ല. ‘മാമ്മോദീസയില്‍ ലഭിച്ച വരപ്രസാദം ഇതേവരേയും ഞാന്‍ നഷ്ടപ്പെടുത്താന്‍ ഇടയാക്കിയിട്ടില്ല.’ എന്താണ് ആ വാക്കുകളുടെ അര്‍ത്ഥമെന്ന് ചിന്തിച്ചാല്‍ എങ്ങനെയാണ് ഒരാള്‍ക്ക് ഞെട്ടിത്തരിച്ച്‌ പോകാതിരിക്കാനാവുക? ജനിച്ചിട്ട് ഈ മരണനേരം വരെ ഒരു ചെറിയ തെററുപോലും താന്‍ ചെയ്തിട്ടില്ല എന്നല്ലേ ആ മനുഷ്യന്‍ പറഞ്ഞത്? ഈ വാക്കുകള്‍ ഉരുവിട്ട സമയവും വളരെ ശ്രദ്ധേയമാണ് – മരണത്തിന് നിമിഷങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ മരണമൊഴിയെ അവിശ്വസിക്കാന്‍ പാടില്ല എന്നാണ് നിയമവ്യവസ്ഥ പോലും നമ്മെ പഠിപ്പിക്കുന്നത്. തന്നെ ശരിക്കറിയാവുന്നവരും തന്റെ കൂടെ ജീവിച്ചിരുന്നവരുമായ രക്തബന്ധുക്കളല്ലാത്ത ഒരു കൂട്ടം പുരുഷസഹോദരങ്ങളോട് ഇങ്ങനെ പറയണമെങ്കില്‍ അതിന് ഒരു ദൈവികപരിശുദ്ധിയും പിന്‍ബലവും അനിവാര്യമല്ലേ? കഴിഞ്ഞ രണ്ടായിരം വര്‍ഷത്തെ മഹത്തായ പാരമ്പര്യമുള്ള കേരളാ കത്തോലിക്കാ സഭയില്‍ നിന്ന് പരിശുദ്ധ പിതാവിനാല്‍ വിശുദ്ധനെന്ന് നാമകരണം ചെയ്യപ്പെട്ട രണ്ടാമത്തെയാളായ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിന്റെ വിശുദ്ധി അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ സാക്ഷ്യപ്പെടുത്തപ്പെട്ടതാണ്.

വി. ചാവറപിതാവിന്റെ സമകാലികനായിരുന്ന ഒരു അകത്തോലിക്കാ മെത്രാന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ‘നമ്മുടെ ഇടയില്‍ നിന്ന് ആരാണ് സ്വര്‍ഗ്ഗത്തില്‍ പോവുക? ചാവറ ഉറപ്പായും പോകും. ഞാനയാളുടെ തുകല്‍വാറില്‍ പിടിച്ച് എങ്ങനെയെങ്കിലും മോക്ഷം പ്രാപിക്കും’. തന്റെ പ്രാര്‍ത്ഥനാസഹായത്തിന് പ്രത്യുത്തരം നല്‍കി ചാവറയച്ചന്‍ തനിക്ക് സ്വപ്നദര്‍ശനവും രോഗസൗഖ്യവും പ്രദാനം ചെയ്തുവെന്ന് ഭാരതസഭയിലെ പ്രഥമ അംഗീകൃത വിശുദ്ധ വി. അല്‍ഫോന്‍സാമ്മയും സാക്ഷ്യംനല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ കൃത്യവും കണിശവുമായ നടപടിക്രമങ്ങളുടെ പരിസമാപ്തിയില്‍ മിശിഹായുടെ മൗതികശരീരവും തുടര്‍ച്ചയുമായ പരിശുദ്ധ കത്തോലിക്കാസഭയും പരിശുദ്ധപിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയും തികച്ചും ഔപചാരികമായിത്തന്നെ വാഴ്ത്തപ്പെട്ട ചാവറയച്ചനെ ഇതാ വിശുദ്ധന്‍ എന്നു നാമകരണം ചെയ്തിരിക്കുന്നു. ചാവറപ്പിതാവിന്റെ സമകാലികനായ മെത്രാന്‍ പറഞ്ഞതുപോലെ നമുക്കും വി. ചാവറപ്പിതാവിന്റെ തുകല്‍വാറില്‍ പിടുത്തമിടാം. പിടിവിടാതെ പ്രാര്‍ത്ഥനാസഹായം യാചിക്കാം. വസ്ത്രവിളുമ്പിലെ കേവലമായൊരു സ്പര്‍ശനത്താല്‍ രക്തസ്രാവക്കാരി സ്ത്രീക്കു ആത്മീയ ശാരീരികസൗഖ്യം ലഭിച്ചതുപോലെ തുകല്‍വാറിലെ പിടുത്തം നമുക്കും സൗഖ്യദായകമായിത്തീരട്ടെ.

പുനര്‍ നിര്‍വ്വചിക്കപ്പെട്ട വിശുദ്ധി

മുഴുവന്‍ സമയവും പഠനത്തില്‍ മാത്രം ശ്രദ്ധവയ്ക്കുകയും ഏറെക്കുറെ മറെറല്ലാപ്രവര്‍ത്തനങ്ങളിലും വിരക്തി (Detachment) പ്രകടിപ്പിക്കുകയും ചെയ്യുന്ന സഹവിദ്യര്‍ത്ഥികള്‍ക്ക് മററുള്ളവര്‍ നല്കുന്ന ഒരു ഓമനപ്പേരുണ്ട് ‘പഠിപ്പിസ്‌ററ്’. എന്നാല്‍ പഠിപ്പിസ്‌ററുകളെപ്പോലെതന്നെ പഠനത്തില്‍ ശ്രദ്ധവയ്ക്കുകയും മററുസമയങ്ങളില്‍ ഇതരമേഖലകളില്‍ കര്‍മ്മനിരതരാവുകയും ചെയ്യുന്ന വിദ്യര്‍ത്ഥികള്‍ പഠിപ്പിസ്റ്റുകളായി കണക്കാക്കപ്പടുക സാധരണമല്ല. സദാസമയവും പള്ളിയും പ്രാര്‍ത്ഥനയുമായി കഴിയുന്നവര്‍ക്കും കുട്ടികള്‍ പേരിടാറുണ്ട് -പുണ്യാളന്‍. പക്ഷേ വി. ചാവറപ്പിതാവ് ഇത്തരത്തില്‍ ഒരാളായിരുന്നില്ല. പരിപൂര്‍ണമായും പ്രാര്‍ത്ഥനയുടെ മനുഷ്യനായിരുന്നുവെങ്കിലും ചാവറയച്ചന്‍ സദാ കര്‍മ്മനിരതന്‍ കൂടിയായിരുന്നു. ഒരു മനുഷ്യായുസ്സുകൊണ്ട് ചെയ്തുതീര്‍ക്കാന്‍ കഴിയുന്നതിലും എത്രയോ അധികം പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം ചെയ്തുതീര്‍ത്തിട്ടുള്ളത്. ഏറെക്കാര്യങ്ങള്‍ ചെയ്തുതീര്‍ത്തുവെന്നതിലല്ല ചാവറയച്ചന്റെ മഹത്വം കുടികൊള്ളുന്നത്. പ്രത്യുത തന്റെ പ്രവര്‍ത്തന മണ്ഡലങ്ങളിലെല്ലാം പിതാവ് കാട്ടിയ ക്രാന്തദര്‍ശിത്വവും ദീര്‍ഘവീക്ഷണവും സൃഷ്ടിപരതയുമാണ് നമ്മെ അത്ഭുതം കൊള്ളിക്കുന്നത്. രണ്ടുനൂററാണ്ടുകള്‍ക്കുമുമ്പ് ജീവിച്ചിരുന്ന ഒരു കേരളീയന്റെ ചിന്താമണ്ഡലത്തില്‍ കടന്നുവരാന്‍ യാതൊരുസാധ്യതയും ഇല്ലാത്ത മേഖലകളില്‍ പലതിലും കൈവച്ചു എന്നതാണ് പിതാവിന്റെ സവിശേഷത.

‘ഭ്രാന്താലയം’ എന്നുപോലും വിശേഷിപ്പിക്കപ്പെടാന്‍ തക്ക പാകത്തില്‍ ജാതി ചിന്തയും തീണ്ടലും തൊടീലും അസമത്വങ്ങളും ഫണമുയര്‍ത്തി ബീഭത്സ നൃത്തമാടിയിരുന്ന ഒരു ചലനരഹിത സമൂഹത്തില്‍ (static socity) ഓളങ്ങള്‍ സൃഷ്ടിക്കാനും അധസ്ഥിതരെന്നു മുദ്രകുത്തപ്പെട്ടവര്‍ക്ക് വേണ്ടി കിഴക്കുദിച്ച നക്ഷത്രം പോലെ പ്രകാശം പരത്തുവാനും ആ മനുഷ്യസ്‌നേഹിക്കു കഴിഞ്ഞു. ഇത്തരം അസമത്വങ്ങള്‍ക്ക് അറുതിവരുത്തുവാന്‍ വിദ്യാഭ്യാസത്തിനേ കഴിയൂ എന്നു മനസ്സിലാക്കിയ ആ ധിഷണാശാലി അധസ്ഥിതരെന്നു മുദ്രകുത്തപ്പെട്ട പാവപ്പെട്ടവരുടെ ഇടയിലേക്കു കടന്നുചെല്ലുകയും അവരുടെ കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകതയെപ്പററി അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇന്ന് ആധുനിക ക്ഷേമ ഗവണ്‍മെന്റുകള്‍ ക്ഷേമരാഷ്ട്ര സങ്കല്പത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കുന്നുണ്ട്. വി. ചാവറപ്പിതാവും പഠിക്കാനെത്തുന്ന കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും പഠനോപകരണങ്ങളും നല്‍കിയിരുന്നതായി ചാവറ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഇത്രയും കേള്‍ക്കുമ്പോള്‍ തന്നെ ആ വി. പിതാവിനോട് അനിതര സാധാരണമായ ഒരു ആദരവ് തോന്നുന്നില്ലേ? വിദ്യാഭ്യാസരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകള്‍ ഇവിടെ അവസാനിക്കുന്നില്ല.

മാര്‍ഗ്ഗദര്‍ശിയായ കേരളീയന്‍

ഓരോ സമുദായവും തങ്ങളുടെ സമുദായത്തിന്റെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും വേണ്ടി മാത്രം പരിശ്രമിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ കേരളത്തില്‍ ഒരു പൊതുസമൂഹമുണ്ടെന്ന് ആദ്യമായി ചിന്തിക്കുവാനും പൊതുസമൂഹത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട ഒരു സംസ്‌കൃതവിദ്യാലയം മാന്നാനം ആശ്രമത്തോടുചേര്‍ന്ന് ആരംഭിക്കുവാനും പിതാവിനു കഴിഞ്ഞു. വരേണ്യവര്‍ഗ്ഗത്തിന്റെ കുത്തകയായിരുന്ന സംസ്‌കൃതം പഠിക്കാന്‍ പൊതുസമൂഹത്തിന് അവസരം നല്‍കുകവഴി എല്ലാവരും ദൈവത്തിന്റെ മക്കളാണെന്നും എല്ലാവരും സമന്മാരാണെന്നും അവസരസമത്വം നിഷേധിക്കുന്നത് കൊടിയ ക്രൂരതയാണെന്നുമല്ലേ അദ്ദേഹം പ്രഖ്യാപിച്ചത്? ഇതിലും വലിയ ഒരു സാമൂഹിക വിപ്‌ളവം അനാച്ഛാദനം ചെയ്യാന്‍ അക്കാലത്ത് കഴിയുമായിരുന്നോ? ഈ ചെറിയലേഖനത്തില്‍ ഇതുവരെ ഞാന്‍ പറഞ്ഞകാര്യങ്ങള്‍ മാത്രം മതിയാവും. വി. ചാവറകുര്യാക്കോസ് ഏലിയാസച്ചനെ ‘കേരളീയസമൂഹത്തിന്റെ മാര്‍ഗ്ഗദര്‍ശി’ എന്നു സംബോധന ചെയ്യാന്‍. പള്ളിയെ പുണ്യം പറയാനും, പ്രാര്‍ത്ഥനകള്‍ ഉരുവിടാനും ധര്‍മ്മം കൊടുക്കാനും മാത്രമുള്ള ഒരിടമായി കണക്കാക്കാതെ ജ്ഞാനാന്ധകാരത്തില്‍ കഴിയുന്നവര്‍ക്ക് ജ്ഞാനപ്രകാശം പകര്‍ന്നുകൊടുക്കാനുള്ള പ്രകാശഗോപുരം കൂടിയാക്കിമാററണമെന്ന് ആ മഹാനുഭാവന്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് അദ്ദേഹം 1865 -ല്‍ സുറിയാനിസഭയുടെ ഏകവികാരിജനറാളായി നിയമിതനായപ്പോള്‍ ‘പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടം’ പണിയണമെന്നും അതല്ലായെങ്കില്‍ അംശമുടക്ക് വരുമെന്നും പള്ളിയധികാരികള്‍ക്ക് കല്പന കൊടുത്തത്. ഒരു പക്ഷേ അതുകൊണ്ടാവാം വി. ചാവറയച്ചന്റെ പിന്മുറക്കാരായ ഭാരതത്തിലെ ആദ്യത്തെ ഏതദ്ദേശീയ സന്യാസവൈദികസഭയായ സി.എം.ഐ. സഭാവൈദികരില്‍ മഹാഭൂരിപക്ഷവും വിദ്യാഭ്യാസമേഖലയെ അവരുടെ പ്രധാന പ്രവര്‍ത്തനമേഖലയായി കണക്കാക്കുന്നതും സമര്‍പ്പണബുദ്ധിയേടെ അത്യദ്ധ്വാനം ചെയ്യുന്നതും നിരവധി എഞ്ചീനിയറിംഗ് കോളേജുകളും റെഗുലര്‍ കോളേജുകളും സ്‌കൂളുകളും നടത്തിക്കൊണ്ട് സി.എം.ഐ. സഭാംഗങ്ങള്‍ മുന്‍ഗാമിയുടെ പാത ഇന്നും പിന്തുടരുന്നതും.   വി. ചാവറപ്പിതാവിനാല്‍ സ്ഥാപിതമായ സി.എം.സി. സന്യാസിനി സഭയും വിദ്യാഭ്യാസരംഗത്ത് നല്കിക്കൊണ്ടിരിക്കുന്ന സംഭാവനകള്‍ നിസ്തുലം തന്നെ.

ഒന്നാമന്‍, ആരംഭകന്‍, സ്ഥാപകന്‍

വി. ചാവറയച്ചന്റെ ക്രാന്തദര്‍ശിത്വവും ഉല്പതിഷ്ണുത്വവും വെളിപ്പെടുത്തുന്ന ഒരു വസ്തുതയാണ് അദ്ദേഹം തെരഞ്ഞെടുത്ത പ്രവര്‍ത്തന വഴികളിലെല്ലാം അദ്ദേഹം ഒന്നാമനോ ആരംഭകനോ ആയിരുന്നു എന്നുള്ളത്. ഭാരതത്തിലെ ആദ്യത്തെ ഏതദ്ദേശീയ വൈദികസന്യാസസഭയുടേയും കേരളത്തിലെ ആദ്യത്തെ സന്യാസിനി സഭയുടേയും സ്ഥാപകന്‍ വി. ചാവറയച്ചനാണ്. കേരളത്തിലെ ആദ്യത്തെ ഉപവിശാല കൈനകരിയിലാണ് സ്ഥാപിതമായത്. അതിന്റെ സ്ഥാപകന്‍ ചാവറപ്പിതാവാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരളസുറിയാനിസഭയുടെ പ്രഥമവികാരി ജനറാളായി നിയമിതനായതും ചാവറപ്പിതാവു തന്നെ. കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ സംസ്‌കൃത വിദ്യാലയത്തിന്റെ സ്ഥാപകന്‍, കേരളത്തിലെ മൂന്നാമത്തെ പ്രിന്റിംഗ് പ്രസിന്റെ സ്ഥാപകന്‍ എന്നീ നിലകളിലും അദ്ദേഹത്തിന്റെ ഖ്യാതി അതുല്യം തന്നെ. സാഹിത്യരംഗത്ത് വിശുദ്ധന്‍ നല്കിയിട്ടുളള സംഭാവനകളും പ്രസ്താവ്യങ്ങളാണ്. അതുകൊണ്ടാണല്ലോ തൃശ്ശൂര്‍ സാഹിത്യഅക്കാദമി ഹാളില്‍ പിതാവിന്റെ എണ്ണഛായാചിത്രം പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ചാവറയച്ചന്‍ മലയാളസാഹിത്യത്തിനു നല്കിയിട്ടുള്ള സംഭാവനകളെക്കുറിച്ച് സാഹിത്യപ്രതിഭയും കുട്ടനാട്ടുകാരനുമായ ശ്രീ. ബീയാര്‍ പ്രസാദ് പ്രസംഗിക്കുകയും എഴുതുകയും ചെയ്തിട്ടുള്ളത് നിരവധിതവണ കേള്‍ക്കുകയും വായിക്കുകയും ചെയ്തിട്ടുള്ള ഈ ലേഖകന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത് മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം രചിച്ചിട്ടുള്ളത് വി.     ചാവറയച്ചനാണെന്നാണ്.

വിശുദ്ധരുടെ വിശുദ്ധന്‍

എന്റെ ശ്രദ്ധയെ ആകര്‍ഷിച്ച മറെറാരു സംഗതികൂടി കുറിച്ചുകൊള്ളട്ടെ. കേരളത്തില്‍ നിന്ന് വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെട്ടവര്‍ ഇതേവരെ മുന്നുപേരാണുള്ളത്.-വി. അല്‍ഫോന്‍സാമ്മ, വി. ചാവറ കുര്യാക്കോസ് ഏലിയാസ്, വി. ഏവുപ്രാസ്യാമ്മ. വി. അല്‍ഫോന്‍സാമ്മ, വി. ചാവറയച്ചന്റെ മാധ്യസ്ഥം അപേക്ഷിച്ച് സുഖം പ്രാപിച്ചതായി നാമൊക്കെ മനസ്സിലാക്കിയിട്ടുണ്ട്. വി. എവുപ്രാസ്യാമ്മയാകട്ടെ ചാവറപ്പിതാവിനാല്‍ സ്ഥാപിതമായ സി.എം.സി സഭയുടെ സന്താനവും. ചുരുക്കിപ്പറഞ്ഞാല്‍ വിശുദ്ധര്‍ക്കു പോലും മാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ കഴിഞ്ഞിട്ടുള്ള വിശുദ്ധരുടെ വിശുദ്ധനാണ് വി. ചാവറപ്പിതാവ്. ആ തുകല്‍വാറില്‍ നമുക്കും ഒരു പിടുത്തമിടാം.

ഷാജി തോമസ് കൊച്ചീത്തറ
(സെന്റ് ജോസഫ്‌സ് H.S.S പുളിംകുന്ന്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.