അണയാത്ത പ്രത്യാശ: സ്‌പെയിനിലെ കാട്ടുതീയെ അതിജീവിച്ച് ഒരു ചാപ്പൽ

കഴിഞ്ഞ ദിവസങ്ങളിൽ സ്‌പെയിനിൽ പടർന്നുപിടിച്ച അതിരൂക്ഷമായ കാട്ടുതീ കാടുകളെയും ഗ്രാമങ്ങളെയും ഒന്നടങ്കം വിഴുങ്ങുകയായിരുന്നു. ആകാശത്തേക്ക് ഉയർന്നുപൊങ്ങിയ കൂറ്റൻ തീജ്വാലകൾക്ക് മുന്നിൽ മനുഷ്യപ്രയത്നങ്ങൾ നിസ്സഹായമായി നിന്ന നിമിഷങ്ങൾ. എന്നാൽ, ഭീകരമായ ഈ അഗ്നിബാധയ്ക്കിടയിൽ നിന്ന് പുറത്തുവരുന്ന ഒരു കാഴ്ച ഇപ്പോൾ ലോകത്തെയാകെ വിസ്മയിപ്പിക്കുകയാണ്. ചുറ്റുമുള്ള സകലതും കത്തിയമർന്ന് ചാരമായി മാറിയപ്പോഴും, ഒരു ചെറിയ കത്തോലിക്കാ ചാപ്പലും അതിനുള്ളിലെ പരിശുദ്ധ അമ്മയുടെ ചെറിയ രൂപവും ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിക്കപ്പെട്ട സംഭവമായിരുന്നു അത്.

ചാരത്തിനു നടുവിലെ അദ്ഭുതം

അഗ്നി പടർന്നു പിടിച്ചപ്പോൾ പല ദൈവാലയങ്ങളും കെട്ടിടങ്ങളും, ആളുകളെ മാറ്റിപാർപ്പിക്കാനും മറ്റുമായി വിട്ടുകൊടുത്തിരുന്നു. ഈ അടിയന്തര സാഹചര്യത്തിനിടയിലും, സെബ്രെറോസിലെയും (Cebreros) ഹോയോ ഡി പിനാരെസിലെയും (Hoyo de Pinares) ഇടവക വികാരിയായ ഫാദർ ഹാവിയർ കാൽവോ തന്നാലാകും വിധമാണ് ആളുകൾക്ക് സഹായം എത്തിച്ചുകൊണ്ടിരുന്നത്. പെട്ടന്നാണ് സെബ്രെറോസിന്റെ (Cebreros) മധ്യസ്ഥയായ വാൽസോർദോയിലെ മാതാവിന്റെ പേരിലുള്ള പ്രാർഥനാ മന്ദിരത്തിൽ തീ പിടിക്കുന്നു എന്ന വിവരം ലഭിക്കുന്നത്. ഉടൻ തന്നെ അദ്ദേഹം രക്ഷാപ്രവർത്തകരെ വിവരമറിയിക്കുകയും അവർ ആ ചാപ്പലിൽ എത്തി മാതാവിന്റെ പ്രധാനപ്പെട്ട രൂപം അവിടെ നിന്ന് മാറ്റുകയും ചെയ്തു. വൈകാതെ തന്നെ ആ ചാപ്പൽ സ്ഥിതി ചെയ്ത കെട്ടിടത്തെ അഗ്നി വിഴുങ്ങി. എന്നാൽ അദ്ഭുതമെന്നു പറയട്ടെ, അഗ്നിബാധയിൽ ആ കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചപ്പോഴും അതിനുള്ളിലെ ചാപ്പലും ആ ചാപ്പലിനുള്ളിൽ രക്ഷാപ്രവർത്തകർ സമയക്കുറവ് മൂലം എടുത്തു മാറ്റാതിരുന്ന മാതാവിന്റെ ഒരു ചെറിയ രൂപവും അവശേഷിച്ചിരുന്നു; അതും യാതൊരു കേടുപാടും കൂടാതെ!

ദൈവം നൽകിയ പ്രത്യാശ

തീപിടിത്തം അവസാനിച്ചതിന് ശേഷം കാട്ടുതീയുടെ നാശനഷ്ടങ്ങൾ വിലയിരുത്താനെത്തിയ അഗ്നിശമന സേനാംഗങ്ങളും പ്രാദേശിക ഭരണകൂടവും ഈ കാഴ്ച കണ്ട് അദ്ഭുതപ്പെട്ടു. സാധാരണയായി മരങ്ങളും ഉണങ്ങിയ പുല്ലുകളും കൊണ്ട് നിറഞ്ഞ ഇത്തരം പ്രദേശങ്ങളിൽ പടരുന്ന തീയുടെ ചൂടിൽ കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് പോലും വിള്ളലുകൾ ഉണ്ടാകാറുണ്ട്. എന്നാൽ, തീ ഈ ചാപ്പലിന് തൊട്ടരികിലെത്തുകയും ചുറ്റുമുള്ള എല്ലാറ്റിനെയും ചാമ്പലാക്കുകയും ചെയ്തെങ്കിലും, മന്ദിരത്തിനുള്ളിലേക്ക് കടന്നതേയില്ല. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു യാദൃശ്ചികതയല്ല, മറിച്ച് ദൈവീക പരിപാലനയുടെയും പ്രത്യാശയുടെയും പ്രത്യക്ഷമായ അടയാളമായി മാറിയിരിക്കുകയാണ്. “ഇതൊരു യഥാർഥ അദ്ഭുതമായാണ് ഞാൻ കാണുന്നത്” – ഫാദർ കാൽവോ പറഞ്ഞു.

വലിയ നാശനഷ്ടങ്ങളും ഭയവും വിതച്ച കാട്ടുതീയുടെ നടുവിൽ, ഈ ചാപ്പൽ നൽകുന്ന സന്ദേശം ചെറുതല്ല. പ്രതിസന്ധികളും ദുരന്തങ്ങളും ജീവിതത്തെ ചുറ്റിവരിയുമ്പോഴും ഉലയാതെ നിൽക്കുന്ന പ്രത്യാശയുടെ പ്രതീകമായി ഈ സംഭവം മാറിയിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.