വാർധക്യം പകരുന്ന നന്മകൾ: പാഠമാക്കാം ഈ ശീലങ്ങൾ

പ്രായമായില്ലേ? വയ്യല്ലോ? അടങ്ങിയിരിക്കണ്ടേ? തുടങ്ങിയ അനേകം ചോദ്യങ്ങൾ കൊണ്ട് പരിധികൾക്കുള്ളിൽ ആക്കപ്പെടുന്നവരാണ് പല വയോജനങ്ങളും. ഒരുകാലത്ത് ഉപാധികളില്ലാതെ, പരിധികളില്ലാത്ത അവർ പറക്കാൻ അനുവദിച്ചവർ തന്നെയാണ് ഇത് പറയുന്നത്. എന്നാൽ പ്രായം കൂടുന്നതിനനുസരിച്ച് മനുഷ്യന്റെ ജീവിതാനുഭവങ്ങളും വർധിക്കുന്നു എന്നത് വിസ്മരിക്കാനാവാത്ത ഒരു സത്യമാണ്.

സന്തോഷങ്ങളും സങ്കടങ്ങളും, വിജയങ്ങളും പരാജയങ്ങളും, പ്രതിസന്ധികളും അതിജീവിച്ചാണ് ഓരോരുത്തരും ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ – വാർധക്യത്തിൽ – എത്തുന്നത്. നമ്മൾ സ്വപ്നം പോലുംകാണാത്ത അത്ര കഠിനമായ അവസ്ഥകളെ വിശ്വാസം കൊണ്ടും മനോബലം കൊണ്ടും അതിജീവിച്ചവരാണ് അവർ. അതുകൊണ്ടുതന്നെ വയോജനങ്ങളുടെ ജീവിതത്തിൽ നിന്ന് നമുക്ക് പലതും പഠിക്കാനുണ്ട്. അവരുടെ വാക്കുകളേക്കാൾ, അവർ ജീവിച്ച രീതിയും ശീലങ്ങളും അവരുടെ പെരുമാറ്റങ്ങളുമാണ് നമ്മെ കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കുന്നത്. തിരിഞ്ഞു നോക്കാം വാർധക്യം പകരുന്ന ആ നന്മകളിലേക്ക്.

1. ക്ഷമയോടെ കാത്തിരിക്കുക

എല്ലാം വളരെ എളുപ്പത്തിൽ ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഇന്നത്തെ കാലത്ത്, ക്ഷമയുടെ വില നമ്മെ പഠിപ്പിക്കുന്നവരാണ് മുതിർന്നവർ. ജീവിതത്തിലെ പല കാര്യങ്ങൾക്കും സമയമെടുക്കുമെന്ന് അവർ അനുഭവങ്ങളിലൂടെ മനസ്സിലാക്കിയിട്ടുണ്ട്. ബുദ്ധിമുട്ടുകളിലും തളരാതെ കാത്തിരിക്കാനും നല്ലൊരു നാളെയെ പ്രതീക്ഷിക്കാനും അവരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

2. ഉള്ളതിൽ സന്തോഷം കണ്ടെത്തുക

കൂടുതൽ സൗകര്യങ്ങളിലല്ല യഥാർഥ സന്തോഷമെന്ന് മുതിർന്നവരുടെ ജീവിതം നമ്മെ ഓർമിപ്പിക്കുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക, സുഹൃത്തുക്കളെ കാണുക, ഒരു കപ്പ് ചായ ആസ്വദിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താൻ അവർക്ക് കഴിയുന്നു. ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെ വിലമതിക്കാനുള്ള ശീലം അവരിൽ നിന്ന് നമുക്കും പഠിക്കാം. അത് നമ്മെ ഇന്നിന്റെ ലോകത്തിൽ സമാധാനം ഉള്ളവരായി വളർന്നു വരുവാൻ സഹായിക്കും.

3. ബന്ധങ്ങൾക്ക് വില നൽകുക

വർഷങ്ങളായി കാത്തുസൂക്ഷിച്ച കുടുംബബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും മുതിർന്നവർ വലിയ വില നൽകുന്നു. ചെറിയ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ ബന്ധങ്ങൾ ഉപേക്ഷിക്കാതെ ക്ഷമിക്കാനും വിട്ടുകൊടുക്കാനും അവർ ശ്രമിക്കുന്നു. സ്നേഹത്തോടെയുള്ള ചെറിയ ഇടപെടലുകളിലൂടെയാണ് ബന്ധങ്ങൾ ശക്തമാകുന്നതെന്ന് അവരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

4. ലളിതമായി ജീവിക്കുക

ആവശ്യവും ആഗ്രഹവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി ജീവിക്കാനുള്ള ശീലം മുതിർന്നവരിൽ നിന്ന് പഠിക്കാം. ഉള്ളതിനെ കരുതലോടെ ഉപയോഗിക്കുക, ഭക്ഷണം പാഴാക്കാതിരിക്കുക, വസ്തുക്കൾ സൂക്ഷിച്ചുപയോഗിക്കുക തുടങ്ങിയ ശീലങ്ങൾ ജീവിതത്തിലെ ലാളിത്യത്തിന്റെയും മിതത്വത്തിന്റെയും മൂല്യം നമ്മെ ഓർമിപ്പിക്കുന്നു. ഒപ്പം ‘ജീവിതത്തിൽ ഏറ്റവും ആവശ്യമില്ലാത്ത എന്ത്’ എന്ന ചോദ്യത്തിലൂടെ നമ്മുടെ ദൈനംദിന ചിലവുകൾ കുറയ്ക്കാനുള്ള വലിയ മാതൃകയും അവർ നൽകുന്നുണ്ട്.

5. ബുദ്ധിമുട്ടുകളെ ധൈര്യത്തോടെ നേരിടുക

ജീവിതത്തിൽ പല പ്രതിസന്ധികളും നേരിട്ടാണ് അവർ ജീവിതത്തിൽ സായന്തനത്തിൽ എത്തിയിരിക്കുന്നത്. രോഗങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രിയപ്പെട്ടവരുടെ വേർപാടും കുടുംബപ്രശ്നങ്ങളുമെല്ലാം അതിജീവിച്ച് അവർ മുന്നോട്ടുപോയിട്ടുണ്ട്. പ്രശ്നങ്ങൾ ജീവിതത്തിന്റെ അവസാനമല്ലെന്നും അവയെ നേരിടാനുള്ള ശക്തി നമ്മിൽ തന്നെയുണ്ടെന്നും അവരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

6. മറ്റുള്ളവരെ ശ്രദ്ധയോടെ കേൾക്കുക

മറ്റുള്ളവരെ ശ്രദ്ധയോടെ കേൾക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും മുതിർന്നവർ ശ്രമിക്കാറുണ്ട്. ഉടൻ പ്രതികരിക്കുന്നതിനുപകരം കാര്യങ്ങൾ മനസ്സിലാക്കാനുള്ള ഈ ശീലം നമുക്കും സ്വീകരിക്കാം. ഇത് ബന്ധങ്ങൾ മെച്ചപ്പെടുത്താനും തെറ്റിദ്ധാരണകൾ ഒഴിവാക്കാനും സഹായിക്കും.

കൂടാതെ സ്വന്തം കഴിവിനനുസരിച്ച് മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് മുതിർന്നവരിൽ പലരിലും കാണാം. അയൽക്കാരനെ സഹായിക്കുക, വിഷമിക്കുന്നവരെ ആശ്വസിപ്പിക്കുക, ആവശ്യമുള്ളവർക്ക് ഭക്ഷണം നൽകുക തുടങ്ങിയ ചെറിയ നന്മകളിലൂടെ അവർ സ്നേഹം പങ്കുവയ്ക്കുന്നു. ചെറിയ നന്മകൾ പോലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് അവരുടെ ജീവിതം നമ്മെ ഓർമിപ്പിക്കുന്നു.

7. ഓർമകളെ സൂക്ഷിക്കുക

പഴയ ഫോട്ടോകളും കത്തുകളും കുടുംബകഥകളും ഓർമകളും സൂക്ഷിക്കുന്ന ശീലം മുതിർന്നവരിൽ കാണാം. കുടുംബത്തിന്റെ ചരിത്രവും പാരമ്പര്യവും അടുത്ത തലമുറയിലേക്ക് കൈമാറുന്നതിലും അവർ വലിയ പങ്കുവഹിക്കുന്നു. ജീവിതത്തിലെ നല്ല നിമിഷങ്ങളെ വിലമതിക്കാനും ഓർമകളായി സൂക്ഷിക്കാനും അവരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

8 .വിശ്വാസവും പ്രതീക്ഷയും കൈവിടാതിരിക്കുക

ജീവിതത്തിൽ എത്ര ബുദ്ധിമുട്ടുകൾ വന്നാലും പ്രതീക്ഷ കൈവിടാതെ മുന്നോട്ടുപോകാൻ മുതിർന്നവരിൽ നിന്ന് നമുക്ക് പഠിക്കാം. പലർക്കും പ്രാർഥനയും വിശ്വാസവും പ്രതിസന്ധികളെ നേരിടാനുള്ള ശക്തിയാണ്. പ്രയാസങ്ങൾക്കിടയിലും നല്ലൊരു നാളെയെ പ്രതീക്ഷിക്കുന്നത് ജീവിതത്തിന് പുതിയ കരുത്ത് നൽകുന്നു. കൂടാതെ, പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കുന്നതിനും അവർ പ്രാധാന്യം നൽകുന്നു. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്പത്ത് സമയമാണെന്ന് അവരുടെ ജീവിതാനുഭവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു.

മുതിർന്നവർ നമ്മുടെ കുടുംബത്തിലെ അംഗങ്ങൾ മാത്രമല്ല; ജീവിതാനുഭവങ്ങളിലൂടെ നമ്മെ പഠിപ്പിക്കുന്ന അധ്യാപകർ കൂടിയാണ്. ക്ഷമ, ലാളിത്യം, സ്നേഹം, സഹനം, ബന്ധങ്ങളെ വിലമതിക്കൽ, പ്രതിസന്ധികളെ നേരിടാനുള്ള ധൈര്യം, ഉള്ളതിൽ സന്തോഷം കണ്ടെത്തൽ തുടങ്ങി നിരവധി നല്ല ഗുണങ്ങൾ അവരുടെ ജീവിതത്തിൽ നിന്ന് നമുക്ക് പഠിക്കാം.

അവരുടെ അനുഭവങ്ങൾ കേൾക്കാനും ജീവിതകഥകൾ അറിയാനും അവരോടൊപ്പം സമയം ചെലവഴിക്കാനും നാം തയ്യാറാകണം. കാരണം, പുസ്തകങ്ങളിൽ നിന്ന് ലഭിക്കുന്ന അറിവിനേക്കാൾ, ജീവിതം കൊണ്ട് പഠിച്ച പാഠങ്ങൾ പലപ്പോഴും നമ്മെ കൂടുതൽ നല്ല മനുഷ്യരാക്കുന്നു. മുതിർന്നവരെ ആദരിക്കുന്നതിനൊപ്പം, അവരുടെ ജീവിതത്തിലെ നല്ല മാതൃകകൾ സ്വന്തം ജീവിതത്തിലും സ്വീകരിക്കാം.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.