ആഫ്രിക്കൻ വിശ്വാസതീക്ഷ്ണതയുടെ കരളലിയിപ്പിക്കുന്ന കഥ

വി. ചാൾസ് ലവാംഗയും 21 രക്തസാക്ഷികളും 

ജൂൺ മൂന്നാം തീയതി കത്തോലിക്കാ സഭ ഉഗാണ്ടയിലെ 22 രക്തസാക്ഷികളുടെ മരണം അനുസ്മരിക്കുന്നു. അവരുടെ നേതാവായിരുന്നു ചാൾസ് ലവാംഗ എന്ന ഇരുപത്തിയഞ്ചുകാരൻ. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ  യുവജനപ്രസ്ഥാനത്തിന്റെ മദ്ധ്യസ്ഥനാണ് അദ്ദേഹം.

2015 ഫെബ്രുവരി 15-ന് ഐ.എസ്. തീവ്രവാദികൾ 21 ഈജിപ്ത്യൻ കോപ്റ്റിക് ക്രൈസ്തവരെ ലിബിയിൽ കഴുത്തറുത്തു കൊല്ലുന്നതിന്റെ വീഡിയോ പുറത്തുവിട്ടപ്പോൾ ലോകമനഃസാക്ഷി ഒന്നു വിറങ്ങലിച്ചു. അതിന് 129 വർഷങ്ങൾക്കുമുമ്പ് ഉഗാണ്ടയിലെ നമുഗോംഗോയിൽ പതിമൂന്നിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുണ്ടായിരുന്ന പതിനഞ്ച് കത്തോലിക്കാ യുവജനങ്ങളെ, ക്രിസ്തുവിനെ തള്ളിപ്പറയാത്തതിന് തീയിട്ടു ചുട്ടുകൊന്നു. ആ ദാരുണസംഭവത്തിന്റെ ഓർമ്മദിനത്തിൽ പീഡിതസഭയ്ക്കുവേണ്ടി നമുക്കു പ്രാർത്ഥിക്കാം.

1879-ലാണ് വൈറ്റ് ഫാദേഴ്സ് കത്തോലിക്കാ മിഷൻ പ്രവർത്തനം ഉഗാണ്ടയിൽ ആരംഭിക്കുന്നത്. മിഷനറിമാരെ ഉഗാണ്ടയിലെ രാജാവ് മുട്ടേസാ സന്തോഷപൂർവ്വം സ്വീകരിച്ചു. മിഷനറിമാരുടെ പ്രവർത്തനഫലമായി രാജാവിന്റെ കൊട്ടാരത്തിലെ  നിരവധി യുവാക്കൾ കത്തോലിക്കാവിശ്വാസം സ്വീകരിച്ചു. മുട്ടേസാ രാജാവിന്റെ മരണത്തെ തുടർന്ന് മകൻ മവാംഗ, രാജാവായി.

അഴിമതിയും അസന്മാർഗികതയും കൂടെപ്പിറപ്പായിരുന്ന മവാംഗ, രാജകൊട്ടാരത്തിൽ ജോലി ചെയ്തിരുന്ന ആൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചിരുന്നു. മവാംഗ രാജാവിന്റെ മന്ത്രിസഭയിലെ ജോസഫ് മുഗാസ എന്ന ആള്‍ തികഞ്ഞ കത്തോലിക്കാ വിശ്വാസിയായിരുന്നു. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെ അപലപിച്ചതിനാൽ 1885 നവംബർ 15-ന് മുഗാസയെ രാജാവ് ശിരഛേദം ചെയ്തു.

മുഗാസയുടെ മരണശേഷം കുട്ടികളെ വിശ്വാസത്തിലും ധാർമ്മികതയിലും പരിശീലിപ്പിക്കുന്ന ഉത്തരവാദിത്വം ഇരുപത്തിയഞ്ചുകാരനായ ചാൾസ് ലവാങ്ങ ഏറ്റെടുത്തു. ഇതറിഞ്ഞ രാജാവ് കുപിതനാവുകയും ക്രിസ്ത്യാനികളായ ജോലിക്കാരെ വേർതിരിക്കാൻ ഉത്തരവിടുകയും ചെയ്തു. പതിമൂന്നിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള പതിനഞ്ചു പേർ മുന്നോട്ടുവന്നു. ജീവൻ രക്ഷിക്കാൻ ക്രൈസ്തവ വിശ്വാസം ത്യജിക്കാൻ രാജാവ് ആവശ്യപ്പെട്ടപ്പോൾ “ക്രിസ്തുവിനുവേണ്ടി മരിക്കാൻ ഞങ്ങൾ തയ്യാറാണ്” എന്ന് അവർ ഒറ്റക്കെട്ടായി മറുപടി നൽകി.

ചാൾസിനെയും  സുഹൃത്തുക്കളെയും ജയിലടച്ചു. പല വാഗ്ദാനങ്ങളും  നൽകിയെങ്കിലും അവരുടെ മനസ്സു മാറിയില്ല. ക്രുദ്ധനായ രാജാവ് അവരെ  കൊലപ്പെടുത്താൻ ഉത്തരവിട്ടു. അവരെ ഒന്നിച്ചു ബന്ധിച്ച് രണ്ടുദിവസം നടത്തി. നമുഗോംഗോയിലേയ്ക്കുള്ള 37 മൈൽ യാത്രയിൽ അവരിൽ മുതിർന്ന കുട്ടികളിലൊരാളായ മത്തിയാസ് കലേംബ ഇപ്രകാരം പറഞ്ഞു: “ദൈവം എന്നെ രക്ഷിക്കും. എന്നാൽ, അത് എങ്ങനെയാണെന്ന് നിങ്ങൾ കാണുകയില്ല. കാരണം, അവൻ എന്റെ ആത്മാവിനെ സ്വീകരിച്ച് ശരീരം മാത്രം ഇവിടെ ഉപേക്ഷിക്കും.” അതുകേട്ട് കുപിതനായ ആരാച്ചാർ തന്റെ കയ്യിലിരുന്ന വാളിനാല്‍ മത്തിയാസിനെ വധിച്ചു.

ചുട്ടുകൊല്ലേണ്ട സ്ഥലത്തെത്തിയപ്പോൾ ആരാച്ചാർ അവരെ ജീവനോടെ കത്തിക്കാൻ  വിറക് ഒരുക്കി. 1886 ജൂൺ 3-ന്‌, ഈശോയുടെ സ്വർഗ്ഗാരോഹണ തിരുനാൾ ദിനം  ചാൾസ് ലവാംഗയെ മറ്റുള്ളവരിൽ നിന്ന് വേർപെടുത്തി ഒരു സ്‌തംഭത്തിൽ കെട്ടിയിട്ട് കാലിൽ തീവച്ചു. വിശ്വാസം ഉപേക്ഷിച്ചാൽ തന്നെ വിട്ടയയ്ക്കാമെന്ന് ആരാച്ചാർ ചാൾസിനു വാഗ്ദാനം നൽകി. “നീ എന്നെ ചുട്ടുകൊല്ലുന്നു. പക്ഷേ, അതു നീ എന്റെ ശരീരത്തിൽ വെള്ളം ഒഴിക്കുന്നതുപോലെയാണ്” എന്ന് അതിനു മറുപടിയായി ചാള്‍സ് പറഞ്ഞു. ക്രിസ്തുവിനെ തള്ളിപ്പറയാൻ തയ്യാറാകാത്ത ചാൾസിന്റെ ശരീരത്തിലേയ്ക്ക് തീ കൊളുത്തിയപ്പോഴും അവൻ നിശബ്ദമായി പ്രാർത്ഥന തുടർന്നു. അഗ്നിജ്വാലകൾ അവന്റെ ഹൃദയത്തിൽ എത്തുന്നതിനു തൊട്ടുമുമ്പ് അയാൾ മുകളിലേയ്ക്കു നോക്കി. “കറ്റോണ്ട! – എന്റെ ദൈവമേ!” എന്ന് ഉച്ചത്തിൽ വിളിച്ചുകൊണ്ട് അവൻ സ്വർഗ്ഗത്തിലേയ്ക്കു യാത്രയായി. ചാൾസിന്റെ കൂട്ടാളികളും പ്രാർത്ഥനകളുടെയും സ്തുതിഗീതങ്ങളുടെയും അകമ്പടിയോടെയാണ് അഗ്നിയിൽ നിന്ന് സ്വർഗ്ഗത്തിലേയ്ക്ക് ഉയർന്നുപറന്നത്.

ആ പതിനഞ്ചു പേരേയും 1885-നും 1887-നുമിടയിൽ രക്തസാക്ഷികളായ മറ്റു വ്യക്തികളെയുമാണ് ഉഗാണ്ടയിലെ 22 രക്തസാക്ഷികളുടെ പട്ടികയിൽ ഉൾപ്പെടുത്തി സഭ വണങ്ങുന്നത്. ചാൾസിനെയും കൂട്ടുകാരെയും 1920-ൽ ബനഡിക്ട് പതിനഞ്ചാമൻ പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്കും 1964 ഒക്ടോബർ പതിനെട്ടാം തീയതി പോൾ ആറാമൻ പാപ്പ വിശുദ്ധരുടെ ഗണത്തിലേയ്ക്കും ഉയർത്തി.

ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.