സഹനപുത്രിയുടെ ഓര്‍മ്മദിനം…

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സുറിയാനി കത്തോലിക്കാ സഭയിലെ പ്രഥമ വിശുദ്ധയാണ് വി. അല്‍ഫോന്‍സാമ്മ. 1910 ആഗസ്റ്റ് 19-ാം തീയതി കോട്ടയം ജില്ലയിലെ കുടമാളൂര്‍ എന്ന ഗ്രാമത്തിലാണ് ചരിത്രം വാഴ്ത്തിപാടിയ വി.അല്‍ഫോന്‍സാമ്മയെന്ന അന്നക്കുട്ടി, മുട്ടത്തുപാടത്ത് ജോസഫ്-മേരി ദമ്പതികളുടെ 4-ാമത്തെ സന്താനമായി ജനിച്ചത്. അവളുടെ ജീവിതത്തില്‍ സഹനങ്ങളുടെ നെരിപ്പോടിന്റെ വാതില്‍ തുറക്കുന്നത് അവളുടെ ജനനത്തോടുകൂടെയാണ്. കാരണം, അമ്മയുടെ ഉദരത്തില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതിനുമുമ്പ് 8-ാം മാസത്തില്‍ ജനിച്ചതിനാല്‍ അന്നക്കുട്ടിക്ക് ജനനസമയത്തുതന്നെ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഏറെ ഉണ്ടായിരുന്നു.

”സഹിക്കാന്‍ ശക്തി കിട്ടുന്നതിനായി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം” എന്ന് കൂടെക്കൂടെ വി. അല്‍ഫോന്‍സാമ്മ സഹോദരിമാരോട് പറയുമായിരുന്നു. കാരണം ജനിച്ച് അന്നുമുതല്‍ മരിച്ച നിമിഷം വരെ കര്‍ത്താവ് അന്നക്കുട്ടിയുടെ ജീവിതത്തിലേക്ക് സമ്മാനിച്ചിട്ടുള്ള സഹനങ്ങളുടെ എണ്ണമെടുത്താല്‍ അത് അനവധിയാണ്. ‘കര്‍ത്താവിന് പ്രിയപ്പെട്ടവരെ സഹനത്തിന്റെ നെരിപ്പോടില്‍ വിശുദ്ധീകരിക്കുന്നു’ എന്ന വചനം വി. അല്‍ഫോന്‍സാമ്മയുടെ ജീവിതത്തില്‍ പൂര്‍ത്തിയാകുന്നു. ”ഗോതമ്പു മണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും അഴിയുന്നെങ്കിലോ, അത് ധാരാളം ഫലം പുറപ്പെടുവിക്കും.” (യോഹ. 12,44). വചനമായി അവതരിച്ചവന്‍ പങ്കുവയ്ക്കുന്ന ഈ കാഴ്ചപ്പാട് ബോദ്ധ്യമാക്കി മാറ്റി. അതുകൊണ്ടുതന്നെയാണ് സഹനങ്ങളുടെയും വേദനകളുടെയും നടുവില്‍ നില്‍ക്കുമ്പോഴും മണവാളനായ യേശുക്രിസ്തുവിനോട് സല്ലപിക്കാന്‍ വിശുദ്ധയ്ക്ക് സാധിച്ചതും.

അഴിയുന്ന ഗോതമ്പുമണി മാത്രമാണ് പുതുജന്മം പ്രാപിക്കുന്നതെന്നും, അവ മാത്രമാണ് അനേകം ഗോതമ്പുമണികള്‍ക്ക് ജന്മം നല്‍കുന്നതെന്നുമുള്ള ദാര്‍ശനീകത്വം സ്വന്തമാക്കിയ വിശുദ്ധ സഹനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമായിരുന്നു. ”എന്റെ തമ്പുരാന്‍ എനിക്ക് സഹിക്കാന്‍ തന്നതല്ലേ. സഹിക്കട്ടെ. ഞാന്‍ സഹിക്കട്ടെ” എന്ന് പറഞ്ഞ് സഹനങ്ങളില്‍ അവള്‍ നിശബ്ദയായിരുന്നു. ”കുഞ്ഞേ, സമാധാനമായിരിക്കുക” എന്നു പറഞ്ഞ് മദര്‍ ക്രൂശിതരൂപം ചുംബിപ്പിച്ചപ്പോള്‍ അല്‍ഫോന്‍സാമ്മ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു. ”അമ്മേ, എനിക്ക് യാതൊരു സമാധാനക്കേടുമില്ല”. വേദനയുടെ കിടക്കയില്‍ കിടക്കുമ്പോഴും അവള്‍ എല്ലാവരെയും നോക്കി പുഞ്ചിരിതൂകി.

വി. അല്‍ഫോന്‍സാമ്മയുടെ ജീവിതത്തില്‍ അമ്മയുടെ സ്‌നേഹം അനുഭവിക്കാന്‍ വിധിയില്ലാത്തവളായിരുന്നു. കാരണം അന്നക്കുട്ടി ജനിച്ച് 3 മാസം കഴിയും മുമ്പേ അമ്മ മേരി, ഇഹലോകവാസം വെടിഞ്ഞു. ജനിച്ച് മാസങ്ങള്‍ കഴിയും മുമ്പേ, അമ്മയില്ലാതെ ജീവിക്കേണ്ടി വരുന്ന സഹനത്തിന്റെ ലോകത്തിലേക്കാണ് അന്നക്കുട്ടി വലിച്ചെറിയപ്പെട്ടത്. ” ഈ ലോകത്ത് സ്വന്തം ജീവനെ സ്‌നേഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്റെ ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനിലേക്ക് അതിനെ കാത്തുസൂക്ഷിക്കും.” (യോഹ. 12, 25). ക്രിസ്തുവിനുവേണ്ടി സ്വന്തം ജീവനേയും സൗന്ദര്യത്തെവരെ നഷ്ടപ്പെടുത്താന്‍ തയ്യാറായ വലിയ വിശുദ്ധയാണ് വി.അല്‍ഫോന്‍സാമ്മ.

വിവാഹം കഴിക്കാന്‍ വളര്‍ത്തമ്മ അന്നക്കുട്ടിയെ നിര്‍ബന്ധിക്കുമായിരുന്നു. കാരണം, മകളുടെ ഭാവിയും സുരക്ഷിതത്വവും, വിശുദ്ധിയുമായിരുന്നു വളര്‍ത്തമ്മയായിരുന്ന അന്നാമ്മയുടെ മനസ്സുമുഴുവന്‍. ഇതിനെക്കുറിച്ച് വി. അല്‍ഫോന്‍സാമ്മ പിന്നീട് പറഞ്ഞത് ഇപ്രകാരമാണ്. ”പതിമൂന്നാം വയസ്സില്‍ വീട്ടുകാര്‍ എന്റെ വിവാഹമുറപ്പിച്ചു. വിവാഹം മുടക്കാന്‍ എന്തു ചെയ്യണം? ആ രാത്രി മുഴുവന്‍ പ്രാര്‍ത്ഥിച്ചതും ചിന്തിച്ചതും ഇതു മാത്രമാണ്. പെട്ടെന്ന് എനിക്ക് ഒരാശയം തോന്നി. വികലാംഗയായ പെണ്‍കുട്ടിയെ ആരും വിവാഹം കഴിക്കില്ല. ഞാന്‍ എന്റെ പാദം തീയിലിട്ടു പൊള്ളിച്ചു. എത്ര വലിയ വേദനയാണ് ഞാനന്ന് സഹിച്ചത്! എന്റെ ജീവിതാഭിലാഷം സാക്ഷാത്കരിക്കുന്നതിനുവേണ്ടി ആ സഹനം ഞാന്‍ കാഴ്ചവയ്ക്കുകയായിരുന്നു.”

”മൗനമായി സഹിക്കുക, സന്തോഷത്തോടെ സഹിക്കുക.” ഇതായിരുന്നു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിത വിശുദ്ധി. ഒരിക്കല്‍പ്പോലും സഹനങ്ങളെക്കുറിച്ച് പരാതി വിശുദ്ധയ്ക്ക് ഉണ്ടായിരുന്നില്ല. അതേ സമയം തന്നെ സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കാന്‍ അവള്‍ പരിശ്രമിക്കുകയും സഹോദരിമാരെ ഒരുക്കുകയും ചെയ്തിരുന്നു. ഇത് കണ്ട് വി. അല്‍ഫോന്‍സാമ്മയെ സഹായിക്കാന്‍ വന്ന കൂട്ടികാരികളായ സഹോദരിമാരോട് വിശുദ്ധ അല്‍ഫോന്‍സാമ്മ പറയുമായിരുന്നു ”എന്റെ നാഥന്‍ കുരിശില്‍ കിടന്ന് സഹിച്ചപ്പോള്‍ ആശ്വാസമേകാന്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നാകട്ടെ എന്നെ ശുശ്രൂഷിക്കാനും സഹായിക്കാനുമായി എത്രയോ പേര്‍?”

ഒരിക്കല്‍ തിരുഹൃദയത്തിരുന്നാളിന്റെ തലേന്ന് നവ സന്യാസിനികള്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ അടുക്കല്‍വന്ന് അനുഗ്രഹം യാചിച്ചപ്പോള്‍ അമ്മ കൊടുത്ത ഉപദേശം ഇപ്രകാരമായിരുന്നു; ”ഗോതമ്പുമണികള്‍ നല്ലതുപോലെ ഇടിച്ചുകൊടുക്കുമ്പോള്‍ വെണ്‍മയുള്ള മാവ് ലഭിക്കുന്നു. അത് ചുട്ടെടുക്കുമ്പോള്‍ വി.കുര്‍ബ്ബാനയ്ക്കുളള ഓസ്തിയായി തീരുന്നു. ഇപ്രകാരം നാമും കഷ്ടാരിഷ്ടതകളാല്‍ നല്ലവണ്ണം ഞെക്കിഞെരുക്കപ്പെട്ട് ആ ഓസ്തിപോലെ ആയി തീരണം. മുന്തിരിപ്പഴങ്ങള്‍ ചക്കിലിട്ട് ഞെരുക്കുമ്പോള്‍ നല്ല ചാറ്, നല്ല വീഞ്ഞ് കിട്ടുന്നു. അവ വെറുതെ വച്ചിരുന്നാല്‍ നമുക്ക് വീഞ്ഞ് കിട്ടുകയില്ലല്ലോ. കഷ്ടതകളാല്‍ ദൈവം നമ്മെ ശുദ്ധീകരിക്കുമ്പോള്‍ നല്ല വീഞ്ഞ് പോലെ നാം ഗുണമേന്മയേറിയവയയായിത്തീരുന്നു”. ചുരുക്കത്തില്‍ അല്‍ഫോന്‍സാമ്മ തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയതിനെ സഹോദരിമാര്‍ക്കായി പങ്കുവെക്കുകയായിരുന്നു. വിശുദ്ധ അല്‍ഫോന്‍സാമ്മ തന്റെ ജീവിതത്തില്‍ പ്രാര്‍ത്ഥിച്ചിട്ടുള്ളത് സഹനങ്ങളാല്‍ ജീവിതത്തെ വിശുദ്ധീകരിക്കണമേ എന്നുള്ളതായിരുന്നു. കാരണം, അവള്‍ക്കറിയാം ”കര്‍ത്താവിന് പ്രിയപ്പെട്ടവരെ സഹനങ്ങളാല്‍ വിശുദ്ധീകരിക്കുന്നുവെന്ന്.” ഗോതമ്പുമണി നിലത്തുവീണ് അഴിയണമെന്നുള്ള ക്രിസ്തുവിന്റെ പഠനത്തെ വി.അല്‍ഫോന്‍സാമ്മ തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും അങ്ങനെ ആയിത്തീരാന്‍ മറ്റുള്ളവരെ തന്റെ ജീവിതം കൊണ്ട് ഉപദേശിക്കുകയും ചെയ്യുകയായിരുന്നു.

സഹനത്തിലും സ്വര്‍ഗ്ഗത്തിന്റെ ആനന്ദവും മധുരവും അനുഭവിച്ചറിഞ്ഞ് വി.അല്‍ഫോന്‍സാമ്മ 1976 ജൂലൈ 28-ന് ഉച്ചയ്ക്ക് 12.30-ന് 36-ാമത്തെ വയസ്സില്‍ ദൈവസന്നിധിയിലേക്ക് യാത്രയായി. അല്‍ഫോന്‍സാമ്മയുടെ മരണവാര്‍ത്ത വലിയ വാര്‍ത്തയായിരുന്നില്ല. കാരണം, ഭരണങ്ങാനത്തെ ക്ലാരമഠത്തിന്റെ നാലുചുവരുകള്‍ക്കിടയില്‍ രോഗിയായി കട്ടിലില്‍ കിടന്ന യുവ കന്യാസ്ത്രീയായിരുന്ന സി. അല്‍ഫോന്‍സാമ്മയെ അധികമാരും അറിഞ്ഞിരുന്നില്ല. പക്ഷെ വി. അല്‍ഫോന്‍സാമ്മയുടെ സംസ്‌കാരവേളയില്‍ ഫാ. റോമുളൂസ് ചെയ്ത ചരമപ്രസംഗം ചരിത്രമാകാനുള്ള ഭരണങ്ങാനത്തിന്റെ വിളിയായിരുന്നു.

അദ്ദേഹം ഇപ്രകാരം പറഞ്ഞു: ”ഒരു യുവ കന്യകയുടെ ശവസംസ്‌കാരത്തിനാണ് നാം ഇവിടെ കൂടിയിരിക്കുന്നത്. ധനികയായ കുടുംബിനി, ബിരുദധാരിണി, കവിയത്രി, കലാകാരി, സിനിമാതാരം എന്നീ നിലകളില്‍ ലോകത്തിന് മഹത്തായ സേവനങ്ങളനുഷ്ഠിക്കുകയും ലോകപ്രസിദ്ധി നേടാന്‍ കഴിവുണ്ടായിരുന്ന ഈ യുവതീരത്‌നം അവളുടെ ജീവിതകാലം മുഴുവന്‍ കന്യാലയത്തിന്റെ മതില്‍ കെട്ടുകള്‍ക്കുള്ളില്‍ ലോകത്തിന് മഹത്വമെന്നു കരുതാന്‍ സാധിക്കുന്ന ഒന്നും തന്നെ ചെയ്യാനാവാതെ രോഗശയ്യയില്‍ കഴിച്ച് ജീവിതം പാഴാക്കി മരണമടഞ്ഞിരിക്കുന്നതായി തോന്നുന്നു. ബഹുജന ദൃഷ്ടിയില്‍ ഇപ്രകാരം നിഷ്പ്രയോജനമായ ജീവിതം അവസാനിച്ചു എന്നതിനുള്ള തെളിവാണ് ഞാനിവിടെ കാണുന്ന തുച്ഛമായ ഈ ആള്‍ക്കൂട്ടം.

എന്നാല്‍, ഈ കന്യകയെ ഏറ്റവും അടുത്തറിഞ്ഞിട്ടുള്ള ചുരുക്കം ആളുകളില്‍ ഒരാളെന്ന നിലയില്‍ ഞാന്‍ പറയുന്നു. എന്റെ ഹൃദയത്തിന്റെ അത്യഗാധമായ വിശ്വാസത്തില്‍നിന്ന് ഞാന്‍ പറയുന്നു.കേരളത്തില്‍ നിന്നല്ല, ഭാരതത്തില്‍ തന്നെ ഈ രണ്ടായിരം വര്‍ഷങ്ങള്‍ക്കിടയിലുണ്ടായിട്ടുള്ള ഉല്‍ക്കൃഷ്ഠ വ്യക്തികളില്‍ ദൈവസമക്ഷം മാഹാത്മ്യം നേടിയ ഒരു പുണ്യകന്യകയുടെ ശവസംസ്‌കാരത്തിലാണ് നാം പങ്കെടുത്തുകൊണ്ടിരിക്കുന്നത്. അവളുടെ ആത്മീയ മഹത്വം ശരിക്കും ഗ്രഹിച്ചിരുന്നെങ്കില്‍ കേരളം ദര്‍ശിച്ചിട്ടുള്ളതിലേയ്ക്കും വമ്പിച്ച വിശ്വാസികളുടെ കൂട്ടം മാത്രമല്ല, ബഹു ശതം വൈദീകരും ഭാരതത്തിലെ മെത്രാന്മാര്‍തന്നെയും ഇവിടെ സന്നിഹിതരാകുമായിരുന്നു ഈ കന്യകയുടെ പൂജ്യശരീരം ഒരു നോക്കു കാണുന്നതിന്… ദൈവം തിരുമനസ്സാകുന്നുവെങ്കില്‍ ഭരണങ്ങാനം ഭാരതത്തിന്റെ ലിസ്യുവായി പരിണമിക്കും.”

ബഹുമാനപ്പെട്ട റോമുളൂസ് അച്ചന്റെ വാക്കുകള്‍ ചരിത്രം തിരുത്തിയില്ല. വി. അല്‍ഫോന്‍സാമ്മയുടെ വിശുദ്ധി തിരിച്ചറിഞ്ഞ സ്‌കൂള്‍ കുട്ടികള്‍ ശവകുടീരത്തില്‍ പൂക്കള്‍ വച്ചു പ്രാര്‍ത്ഥിച്ചു..മെഴുകുതിരികള്‍ കത്തിച്ചു.. പ്രാര്‍ത്ഥനാ നിയോഗങ്ങളെ കാണിക്കയായ് സമര്‍പ്പിച്ചു. ചോദിച്ചതൊക്കെ അവര്‍ക്കു കിട്ടി. ഈ ഭക്തി കുട്ടികളില്‍നിന്ന് മുതിര്‍ന്നവര്‍ ഏറ്റെടുത്തു. അസാധാരണമായി ഒന്നും ചെയ്യാത്ത, പക്ഷെ, സാധാരണ കാര്യങ്ങള്‍ അസാധാരണ വിശുദ്ധിയോടെ ചെയ്തു തീര്‍ത്ത അല്‍ഫോന്‍സാമ്മയുടെ വിശുദ്ധി സാവധാനം ലോകം തിരിച്ചറിഞ്ഞു. 2008 ഒക്ടോബര്‍ 12-ന് പരി. പിതാവ് ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഭരണങ്ങാനത്തെ അല്‍ഫോന്‍സാമ്മയെ വി. അല്‍ഫോന്‍ സാമ്മ എന്ന് നാമകരണം ചെയ്ത് ലോകത്തിന് മാതൃകയായ്, മദ്ധ്യസ്ഥയായ് സമ്മാനിച്ചു!

ഫാ. ഫിലിപ്പ് കുമ്പക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.