പ്രതീക്ഷയുടെ യാത്ര 135: ഗുഡ് ബൈ

സെലിൻ ഡിയോൺ ആലപിച്ച ഹൃദയസ്പർശിയായ ഗാനങ്ങളിലൊന്നാണ് ‘ഗുഡ്ബൈസ് – ദ സാഡസ്റ്റ് വേർഡ്’ (Goodbye’s – The Saddest Word). അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും വേർപാടിന്റെ അനിവാര്യമായ വേദനയും ഈ ഗാനം അതിതീവ്രമായി വരച്ചുകാട്ടുന്നു. ഒരു കുഞ്ഞിന് ജീവൻ നൽകുന്നതു മുതൽ, അതിനെ വളർത്തി വലുതാക്കി, ഒരു പൂർണ്ണ വ്യക്തിത്വമാക്കി മാറ്റുന്നതു വരെയുള്ള യാത്രയിൽ അമ്മ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. “നീ എനിക്ക് ജീവൻ നൽകി, ഒരു കുഞ്ഞായിരുന്ന എന്നെ ഒരു സ്ത്രീയാക്കി മാറ്റി” എന്ന് ഈ ഗാനം പറയുന്നത്, ഒരു അമ്മ തന്റെ മക്കൾക്കായി സമർപ്പിക്കുന്ന ജീവിതത്തിന്റെ ആകെത്തുകയാണ്.

ജീവിതത്തിന്റെ ഏത് പ്രതിസന്ധിയിലും തണലായി നിൽക്കുന്ന അമ്മയുടെ സാന്നിധ്യം നഷ്ടപ്പെടുമെന്ന തിരിച്ചറിവ് ഏതൊരു മകനും മകൾക്കും വലിയൊരു വേദനയാണ്. ഈ ഗാനത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് ആ തിരിച്ചറിവിലാണ്. ‘ഗുഡ്ബൈ’ അല്ലെങ്കിൽ ‘വിട’ എന്നത് കേൾക്കുമ്പോള്‍ ഏറ്റവും ഭയം ഉണര്‍ത്തുന്ന വാക്കാണ്. ആ വാക്ക് പറയേണ്ടിവരുന്ന നിമിഷം ഹൃദയം തകർന്നുപോകുമെന്ന് ഈ ഗാനം ഓർമ്മിപ്പിക്കുന്നു. എന്നെങ്കിലും തന്റെ അമ്മ തന്നെ വിട്ടുപോകുമെന്നും ആ വേർപാട് തനിക്ക് താങ്ങാനാവാത്ത ദുഃഖമായിരിക്കുമെന്നും ഗാനത്തില്‍ പറയുന്നുണ്ട്.

ഈ ഗാനത്തിന്റെ വരികൾ ഏകദേശം ഇങ്ങനെയാണ്:

അമ്മേ, അമ്മ എനിക്ക് ജീവൻ നൽകി. ഞാനാകുന്ന കുഞ്ഞിനെ വളർത്തി വലിയൊരു സ്ത്രീയാക്കി മാറ്റി. അമ്മ എനിക്ക് വാഗ്ദാനം ചെയ്തത് സ്നേഹം നിറഞ്ഞൊരു ജീവിതമായിരുന്നു. ഇപ്പോൾ എനിക്കറിയാം, ഒരു അമ്മയുടെ സ്നേഹത്തോളം വലുതായി മറ്റൊന്നുമില്ലെന്ന്. എങ്കിലും അത്രയും പൂർണ്ണമായ ഒരു സ്നേഹം ഒരിക്കൽ വിട്ടുപോകുമെന്ന്, വിട പറയുമെന്ന് എനിക്കറിയാം. വിട പറയുക എന്നത് ഞാൻ കേൾക്കാൻ ആഗ്രഹിക്കാത്ത ഏറ്റവും സങ്കടകരമായ വാക്കുകളിൽ ഒന്നാണ്. എന്നെങ്കിലും അമ്മ ആ വാക്ക് പറയുമ്പോൾ എന്റെ ഹൃദയം തകർന്നുപോകും. കാരണം, നിങ്ങളോടൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷവും എനിക്ക് വിലപ്പെട്ടതാണ്.

അമ്മ എനിക്ക് സ്നേഹം നൽകി, എന്നെ കരുത്തുള്ളവളാക്കി. അമ്മ എനിക്ക് നൽകിയ സ്നേഹത്തിന്റെ ഉറപ്പാണ് എനിക്ക് ഏറ്റവും വലുത്. ആ സ്നേഹം ഒരിക്കൽ അവസാനിക്കുമെന്ന് ഓർക്കുമ്പോൾ എന്റെ ഹൃദയം വേദനിക്കുന്നു. എങ്കിലും, അമ്മ എനിക്ക് നൽകിയ സ്നേഹം എന്നെന്നും ജീവിക്കും. ഞാൻ വീഴുമ്പോഴെല്ലാം അമ്മ എന്നെ താങ്ങിനിർത്തി. ജീവിതത്തിലെ ഏറ്റവും വലിയ സ്നേഹം അമ്മ നല്‍കിയതാണ്. എന്റെ ബലഹീനതയെ അമ്മ ശക്തിയാക്കി മാറ്റി. അമ്മയുടെ സ്നേഹം നിത്യമായ സ്നേഹമാണ്.

അമ്മേ, അമ്മയ്ക്ക് എന്നെ ആവശ്യമുള്ളപ്പോൾ, ഞാൻ എപ്പോഴും അമ്മയുടെ കൂടെയുണ്ടാകും. അമ്മയുടെ ജീവിതത്തിന്റെ ഇരുളിൽ ഞാൻ ഒരു വിളക്കായിരിക്കും. അമ്മയുടെ തളർന്നുപോകുന്ന ചിറകുകൾക്ക് ഞാൻ കരുത്താകും. കൊടുങ്കാറ്റിൽ അമ്മയ്ക്ക് ഞാൻ അഭയമായിരിക്കും. അമ്മേ, അമ്മയെ ഞാൻ എന്നെന്നും സ്നേഹിക്കും. ഇത് ഞാന്‍ അമ്മയോട് വാഗ്ദാനം ചെയ്യുന്നു. വിട പറയൽ അവസാനത്തേതല്ല. നമ്മള്‍ വീണ്ടും കാണും അമ്മേ. അതുവരേയ്ക്കും ഗുഡ് ബൈ.”

ഭൗതികമായ സാന്നിധ്യമില്ലെങ്കിലും അമ്മ നൽകിയ സ്നേഹം ഒരിക്കലും മരിക്കുന്നില്ല എന്നതാണ് ഈ ഗാനത്തിന്റെ ഏറ്റവും മനോഹരമായ ഭാഗം. “നീ എനിക്ക് നൽകിയ സ്നേഹം എന്നെന്നും ജീവിക്കും” എന്ന വരി, മരണം കൊണ്ട് ഒരു ബന്ധവും അവസാനിക്കുന്നില്ല എന്ന സത്യത്തെ വെളിവാക്കുന്നു. അമ്മയുടെ ഓർമ്മകളും അവർ പകർന്നുനൽകിയ മൂല്യങ്ങളും തന്നിൽ നിറച്ച കരുത്തും മകന്റെയോ, മകളുടെയോ ഉള്ളിൽ എപ്പോഴും ജ്വലിച്ചുനിൽക്കും.

ഇതിനോടൊപ്പം, അമ്മയുടെ വാർധക്യത്തിൽ അവർക്ക് കരുതലായി നിൽക്കേണ്ടത് മക്കളുടെ കടമയാണെന്ന സന്ദേശവും ഈ ഗാനം നൽകുന്നുണ്ട്. അമ്മ തനിക്ക് കാവലായതുപോലെ, തിരിച്ച് അമ്മയുടെ ഇരുണ്ട രാത്രികളിൽ വിളക്കായി, തളർന്നുപോകുന്ന ചിറകുകൾക്ക് ബലമായി താൻ കൂടെയുണ്ടാകുമെന്ന് മകൾ നൽകുന്ന ഉറപ്പ് വളരെ വലുതാണ്.

അവസാനമായി, “നമ്മള്‍ വീണ്ടും കാണും അമ്മേ. അതുവരേയ്ക്കും ഗുഡ് ബൈ” എന്ന വരികൾ ഈ വേർപാട് താൽക്കാലികം മാത്രമാണെന്ന വിശ്വാസത്തെ ഉയർത്തിക്കാട്ടുന്നു. മനുഷ്യജീവിതത്തിലെ മരണം എന്നത് മണ്ണിൽ നിന്ന് വിണ്ണിലേക്ക് ഉയരുന്ന ഒരു യാഥാര്‍ഥ്യമാണ്.

ഈ ഗാനം എല്ലാ മക്കളേയും ഒരുകാര്യം ഓർമ്മിപ്പിക്കുന്നു: അമ്മ ജീവിച്ചിരിക്കുമ്പോൾ അവരെ ചേർത്തുപിടിക്കുക, അവർ നൽകുന്ന സ്നേഹത്തിന് നന്ദി പറയുക. ആ സ്നേഹം ഹൃദയത്തിൽ സൂക്ഷിക്കുക. കാരണം, ഒരമ്മയുടെ സ്നേഹം ഈ ലോകത്ത് നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്പാദ്യമാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.