ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ജൂൺ 30

ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് സ്റ്റൗവിന് പേറ്റന്റ് ലഭിച്ചത് 1896 ജൂൺ 30 നാണ്. പ്രാചീനകാലം മുതൽക്കെ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഉപകരണങ്ങൾക്കായുള്ള നിരന്തരമായ പരീക്ഷണങ്ങൾ നടന്നിരുന്നു. 1490 ൽ ഫ്രാൻസിലാണ് ഭക്ഷണം പാകം ചെയ്യാനുള്ള ഉപകരണം ആദ്യമായി കണ്ടെത്തിയത്. ഇത് ക്വീൻ രാജവംശകാലത്തായിരുന്നു. കളിമണ്ണുകൊണ്ടു നിർമ്മിച്ചതായിരുന്നു ഈ ഉപകരണം. പിന്നീട് 18-ാം നൂറ്റാണ്ടിൽ ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ ഇരുമ്പുകൊണ്ടു നിർമ്മിച്ച സ്റ്റൗ കണ്ടുപിടിച്ചു. അത് ഒരുപാട് കാലം നിലനിന്നിരുന്നു. അതിനുശേഷം ഇംഗ്ലീഷുകാരനായ ജെയിംസ് ഷാർപ്പ് ഗ്യാസ് സ്റ്റൗ കണ്ടുപിടിച്ചു. ഉപയോഗിക്കാൻ എളുപ്പമായതിനാൽ ആ കാലഘട്ടത്തിൽ ആ സ്റ്റൗവിന് പ്രചാരം കൂടുതലായിരുന്നു. 1826 ൽ അദ്ദേഹം പേറ്റന്റ് നേടി. അങ്ങനെ വിവിധ പരിണാമങ്ങൾക്കൊടുവിൽ 1896 ൽ വില്യം ഹാർഡെവെയ്ക്ക് ഇലക്ട്രിക് സറ്റൗ കണ്ടെത്തിയതിനുള്ള പേറ്റന്റ് ലഭിച്ചു. എളുപ്പത്തിൽ വൃത്തിയാക്കാവുന്നതും ചെലവു കുറഞ്ഞതുമായ ഈ സ്റ്റൗ ആ കാലഘട്ടത്തിൽ കൂടുതൽ പ്രചാരമുള്ളതായിത്തീർന്നു. അങ്ങനെ പല കമ്പനികളും ഇലക്ട്രിക് സ്റ്റൗ നിർമ്മിക്കാൻ തുടങ്ങി. എല്ലാ അടുപ്പുകളും ഒരേ രീതിയിലുള്ളവയായിരുന്നു. അടുപ്പുകളിൽ ക്രമീകരിച്ചിരുന്ന വൈദ്യുതവയറുകളിലൂടെ അനുവദനീയമായ വോൾട്ടേജിന്റെ അളവ് വ്യത്യസ്ത രീതിയിൽ അടുപ്പിനുള്ളിൽ ചൂട് ക്രമീകരിച്ചിരുന്നു.

1934 ജൂൺ 30 നാണ് ജർമ്മനിയിൽ നൈറ്റ് ഓഫ് ലോംഗ് നൈവ്സ് എന്നറിയപ്പെടുന്ന കൂട്ടക്കൊല ആരംഭിച്ചത്. നാസി ജർമ്മനിയുടെ ചാൻസലറായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ ഉത്തരവുപ്രകാരമായിരുന്നു ഇത്. ബ്രൗൺഷർട്സ് എന്നുകൂടി അറിയപ്പെട്ടിരുന്ന എസ് എ എന്ന അർധസൈനികവിഭാഗം കൂടുതൽ ശക്തരാകുന്നു എന്നു കണ്ടതാണ് ഇങ്ങനെയൊരു ഉത്തരവിടാൻ ഹിറ്റ്ലറെ പ്രേരിപ്പിച്ചത്. എസ് എ യുടെ നേതാക്കളെ ഇല്ലാതാക്കാൻ തന്റെ സുരക്ഷാസേനയായ എസ് എസ് ഗാർഡിനെയാണ് അദ്ദേഹം നിയോഗിച്ചത്. ഈ ആക്രമണത്തിൽ ഏൺസ്റ്റ് റോം ഉൾപ്പെടെ നൂറുകണക്കിന് എസ് എ നേതാക്കൾ കൊല്ലപ്പെട്ടു. അവർക്കുപുറമെ  ഹിറ്റ്ലറിന്റെ ശത്രുക്കളെന്നു കരുതിയിരുന്ന പലരെയും സേന വധിച്ചു.

അമേരിക്കൻ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപ് ഉത്തര കൊറിയ സന്ദർശിച്ചത് 2019 ജൂൺ 30 നാണ്. ദക്ഷിണ-ഉത്തര കൊറിയകൾക്കിടയിലുള്ള സൈനികമുക്ത മേഖലയിൽ വച്ചാണ് ഉത്തര കൊറിയൻ നേതാവ് കിം ജോം ഉന്നും ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തിയത്. ഇതോടെ ഉത്തര കൊറിയ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റായി ട്രംപ് മാറി. ഈ ചരിത്രനിമിഷത്തെ ഒരു വലിയ ബഹുമതി എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. താനുമായി കൂടിക്കാഴ്ച നടത്താനുള്ള ട്രംപിന്റെ തീരുമാനത്തെ ധൈര്യവും നിശ്ചയദാർഢ്യവുമുള്ള പ്രവൃത്തി എന്ന് കിം വിശേഷിപ്പിച്ചു.

തയ്യാറാക്കിയത്: സുനിഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.