ഈ കന്മദമാണ് എന്റെ ഗുരുദക്ഷിണ!

“ഇവനെന്റെ സ്വന്തം കുഞ്ഞാണ്. ഇവനെ നമുക്ക് ‘ഷീൻ’ എന്നു പേരിട്ടു വിളിച്ചാലോ?”
ഈ വാക്കുകൾ മേരിമക്കൾ സന്യാസിനീ സമൂഹത്തിലെ ഒരമ്മയുടേതാണ്. ഉള്ളു നിറയെ സ്നേഹം മാത്രമുള്ള ഒരമ്മ! പേരു പറഞ്ഞാൽ ഒരുപക്ഷേ ചിലരെങ്കിലുമറിയും – സിസ്റ്റർ പ്ലാസിഡ്! ആളുകൾ സ്നേഹത്തോടെ ‘പ്ലാസിഡമ്മ’ എന്നും വിളിക്കും.

എൺപതുകളുടെ തുടക്കത്തിലാണ്. കൊട്ടാരക്കരയിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെയുള്ള അലക്കുഴി എന്നൊരു കൊച്ചു ഗ്രാമത്തിൽ കർഷകനായ ചാക്കോച്ചനും ലീലാമ്മയ്ക്കും ഒരു മകൻ പിറന്ന സന്തോഷത്തിൽ പങ്കുചേരാൻ നാലു കിലോമീറ്റർ അകലെ, കിഴക്കേത്തെരുവിലുള്ള തന്റെ കോൺവെന്റിൽ നിന്ന് ഓടിയെത്തിയതായിരുന്നു, അന്ന് ആ ദേശത്തെ മിഷനറിയായിരുന്ന, പ്ലാസിഡ് എന്നു പേരുള്ള ആ കർത്താവിന്റെ മണവാട്ടി.

യാത്രാ സൗകര്യങ്ങൾ ഏറെക്കുറെ പരിമിതമായിരുന്ന അക്കാലത്ത് ഗ്രാമത്തിന്റെ പുലരി മഞ്ഞുവീണ നാട്ടുവഴികളിലൂടെ ജപമാല മന്ത്രങ്ങളുരുവിട്ട് ആ സന്യാസിനി അത്രദൂരം കാൽനടയായി വന്നെത്തിയത് ശരീരത്തിന്റെ ദൗർബല്യങ്ങളെ തോൽപ്പിക്കാൻ പോന്നൊരാത്മബന്ധം ആ ദേശത്തോട് ഉള്ളിൽ സൂക്ഷിച്ചിരുന്നതുകൊണ്ടാണ്. എലിസബത്തിനെ ശുശ്രൂഷിക്കാൻ മലമ്പ്രദേശത്തേക്ക് തിടുക്കത്തിൽ യാത്ര പുറപ്പെട്ട കന്യാമറിയത്തിന്റെ മുഖമായിരുന്നു അപ്പോഴവർക്ക്.

‘പാലക്കുഴി’ എന്ന് പൂർവികർ പേരിട്ട ആ പഴയവീടിന്റെ പൂമുഖത്ത്, ഒരു പാൽപ്പുഞ്ചിരി മുഖത്തൊളിപ്പിച്ച് പാതിമയക്കത്തിലാണ്ടു കിടന്ന, പാൽമണം മാറാത്ത ഇത്തിരിപ്പോന്നൊരു ചോരക്കുഞ്ഞിനെ കൈകളിലെടുത്ത്, അവർ കാതിൽ മന്ത്രിച്ചു: “കുഞ്ഞേ… ഇന്നു മുതൽ നീ ‘ഷീൻ’ എന്നായിരിക്കും വിളിക്കപ്പെടുക!” അങ്ങനെയാണ് ആ രണ്ടക്ഷരങ്ങൾ എന്റെ ആത്മശരീരങ്ങൾക്കു പേരായിത്തീർന്നത്. പിന്നെ വെണ്മയാർന്ന തിരുവസ്ത്രം കൊണ്ടു പുതച്ച തന്റെ ഹൃദയത്തോടു ചേർത്തു പിടിച്ച്, അതിഗാഢമായ സ്നേഹത്തോടെ, മൃദുലമായ നെറ്റിയിൽ ഒരു ചുംബനം നൽകിയപ്പോൾ, എന്റെ ഹൃദയത്തിലേക്കു കിനിഞ്ഞിറങ്ങിയത് സ്വർഗ്ഗം ഒരായുഷ്കാലത്തേക്കു മുഴുവൻ എനിക്കായി കരുതിവച്ച ഒരു ഗുരുനാഥയുടെ സ്നേഹസാഗരത്തിന്റെ തന്മാത്രകളായിരുന്നു. ഒന്നും മനസ്സിലാവാതെ കൺമിഴിച്ച് വാ കീറിക്കരഞ്ഞ എന്നെ, ഒരു പുഞ്ചിരിയോടെ അമ്മയുടെ കരങ്ങളിലേക്കു മടക്കി നൽകുമ്പോൾ, നീരണിഞ്ഞ കുഞ്ഞു മിഴികൾ തുറന്ന് ഞാൻ കൺനിറയെ കണ്ടത് വെൺമയാർന്ന ആ തിരുവസ്ത്രത്തിന്റെ മായമില്ലാത്ത ചായങ്ങളാണ്.

കാൽ നൂറ്റാണ്ടിനിപ്പുറം എന്റെ വസ്ത്രത്തെയും അതുപോലെ തിരുവസ്ത്രമാക്കി വെളുപ്പിച്ചെടുത്തത് വിശുദ്ധമായ ആ സ്നേഹനൂലിഴകൾ തന്നെയായിരിക്കണം!
എന്റെ ഓർമ്മകളിലേക്ക് സിസ്റ്റർ പ്ലാസിഡിന്റെ സ്നേഹവാൽസല്യങ്ങൾ ആഴത്തിൽ പതിയുന്നത് ഒരുപക്ഷേ ഞാൻ സ്കൂളിൽ ചേർന്നു പഠിക്കാൻ തുടങ്ങിയ ശേഷമാണ്. എൺപതുകളുടെ രണ്ടാം പകുതിയിൽ ഞാൻ പഠിച്ച കൊട്ടാരക്കരയിലെ കിഴക്കേത്തെരുവ് സെന്റ് മേരീസ് സ്കൂളിൽ ഒന്നാം ക്ലാസിലെ എന്റെ പ്രിയപ്പെട്ട അധ്യാപികയായിരുന്നു സിസ്റ്റർ. എനിക്കു മാത്രമല്ല ക്ലാസിലെ എല്ലാ കുട്ടികൾക്കും പ്രിയങ്കരിയായ അധ്യാപിക! ഞങ്ങൾ കുഞ്ഞുങ്ങളെ, മക്കളെപ്പോലെ സ്നേഹിച്ച ഒരു ഗുരുനാഥ. വീട്ടിലെ അമ്മയെക്കാൾ കുട്ടികൾ സ്നേഹിച്ചു പോയ ക്ലാസിലെ അമ്മ!

അന്നു സിസ്റ്റർ സ്ഥിരമായി വാങ്ങിത്തരുമായിരുന്ന, ഒരുപാട് നല്ല കഥകളുളള ‘സ്നേഹസേന’ എന്ന ആറേഴു പേജുള്ള മാസികയ്ക്കു വേണ്ടി ടീച്ചേഴ്സ് റൂമിന്റ വാതിൽക്കൽ പോയി കൊതിയോടെ കാത്തു നിൽക്കുമായിരുന്നു ഞാൻ. സിസ്റ്റർ എത്ര തിരക്കിലാണെങ്കിലും പുതുമണം മാറാത്ത ഒരു ‘സ്നേഹസേന’ ആ മേശവലിപ്പിനുള്ളിൽ എന്നെ കാത്തിരിപ്പുണ്ടെന്ന് എനിക്കറിയാമായിരുന്നു.

സിസ്റ്റർ ക്ലാസിൽ വരുമ്പോൾ സ്ഥിരമായി ഞങ്ങൾ നിർബന്ധിച്ച് പറയിപ്പിക്കുമായിരുന്ന ഒരു കഥയുണ്ട്. മലമുകളിലേക്ക് വലിയൊരു പാത്രം ഉരുട്ടിക്കൊണ്ടു പോയി, അതു താഴേക്കുരുട്ടി വിട്ട് വലിയ ശബ്ദമുണ്ടാക്കി, തങ്ങളെ പിടികൂടാൻ വരുന്ന കുറുക്കച്ചനെ ഭയപ്പെടുത്തി ഓടിക്കുന്ന മുയലമ്മയുടേയും കുഞ്ഞുങ്ങളുടേയും കഥ! ആ കഥ പറയുമ്പോൾ ആ മുഖത്തു മിന്നി മറയുന്ന ഭാവങ്ങളിൽ, കുറുക്കച്ചന്റെ ക്രൗര്യവും കുഞ്ഞുങ്ങളോടുള്ള മുയലമ്മയുടെ സ്നേഹവും കുഞ്ഞുങ്ങളുടെ നിഷ്ക്കളങ്കതയും ഭീതിയുമൊക്കെ നിറഞ്ഞു കവിഞ്ഞ് ഞങ്ങളുടെ ഹൃദയങ്ങളിലേക്കൊഴുകിയിരുന്നു. എത്ര ഇഷ്ടത്തോടെയാണ് ഞങ്ങളാ കഥ കേട്ടിരുന്നത്! പത്തു മുപ്പതു വർഷങ്ങൾക്കു ശേഷം ഇപ്പോഴും ആ കഥ തെളിമയോടെ മനസ്സിൽ അവശേഷിക്കുന്നു എന്നത് ഒരദ്ഭുതമാണ്! അതുപോലെ, ഉള്ളിൽ നന്മയുടെ വിത്തുവിതച്ച എത്രയെത്ര കഥകൾ!

അക്കാലത്ത് ഞങ്ങളുടെ സ്കൂളിൽ, ഉച്ചഭക്ഷണം കഴിഞ്ഞാൽ കുട്ടികൾ ക്ലാസിനുള്ളിൽ ഓടിക്കളിച്ച് ബഹളമുണ്ടാക്കാതിരിക്കാൻ, ഉച്ചതിരിഞ്ഞ് വീണ്ടും പഠനമാരംഭിക്കുന്നതു വരെ ക്ലാസിന്റെ വാതിലുകൾ അടച്ചിടാറുണ്ടായിരുന്നു. അന്നൊരിക്കൽ ഉച്ചയൂണു കഴിഞ്ഞു കുട്ടികൾ വരാന്തയിലൂടെ ഓടിക്കളിക്കുന്ന തിരക്കിട്ട സമയത്ത്, ആ തിരക്കിലൊന്നും പെടാതെ വാതിൽപ്പടിയിൽ ചാരി കൂട്ടുകാരുടെ മുറ്റത്തെ പ്രകടനം കണ്ടു രസിക്കുകയായിരുന്നു ഞാൻ. പെട്ടന്നാണതു സംഭവിച്ചത്. ഏതോ കുട്ടിവിരുതൻ ഓടിവന്ന് പതിവുപോലെ ആ വാതിൽ പിന്നിൽ നിന്നു വലിച്ചടച്ചു കുറ്റിയിട്ടു. എന്നെ ഞെട്ടിച്ചു കൊണ്ട് കാതടപ്പിക്കുന്ന ശബ്ദത്തോടെ വാതിൽ ചേർന്നടഞ്ഞു. വാതിൽപ്പടിയിൽ ചാരിനിന്ന എന്റെ വലതു കയ്യിലെ കുഞ്ഞുവിരലുകൾ ഭീമൻ കട്ടിളയ്ക്കും വാതിൽപ്പാളിയ്ക്കുമിടയിൽപ്പെട്ടു ഞെരിഞ്ഞമർന്നു. കെണിയിൽ ചിറകു കുടുങ്ങിയൊരു ചെറുപക്ഷിയെപ്പോലെ വിരലുകൾ വലിച്ചെടുക്കാനാവാതെ ഞാനെന്ന അഞ്ചു വയസ്സുകാരൻ വേദനകൊണ്ടു പുളഞ്ഞു. വാവിട്ടു കരഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ അഞ്ചു വയസ്സിന്റെ പക്വതയിൽ കൂട്ടുകാർ പകച്ചു നിന്നു.

നിലവിളി കേട്ട് തൊട്ടടുത്ത സ്റ്റാഫ് റൂമിൽ നിന്ന് ആദ്യം ഓടിയെത്തിയത് സിസ്റ്റർ പ്ലാസിഡായിരുന്നു. വിരൽത്തുമ്പുകൾ അറ്റുപോകും പോലത്തെ നോവിന്റെ പെരുമഴയിൽ ഞാൻ പക്ഷെ കണ്ടത് സിസ്റ്ററിനെയായിരുന്നില്ല; വെള്ളയുടുപ്പിട്ട മാലാഖയുടെ വേഷത്തിൽ പാഞ്ഞെത്തിയത് ദൈവം തന്നെയായിരുന്നു. ദൈവം ചിലപ്പോൾ അങ്ങനെ ചില കളികൾ കളിക്കാറുണ്ടല്ലോ! ആ തൂവെള്ള വസ്ത്രം! അതു ദൈവത്തിന്റെ കുപ്പായമായിരുന്നുവെന്ന് പിന്നീടാണെനിക്കു മനസ്സിലായത്.
അതിനിടയിൽ ആരോ വാതിൽ ചവിട്ടിത്തുറന്നു. സിസ്റ്റർ എന്നെ വാരിയെടുത്തു സ്റ്റാഫ് റൂമിലേക്കോടി. ചതഞ്ഞു തുടങ്ങി രക്തയോട്ടം നിലച്ച കുഞ്ഞു വിരലുകൾ തന്റെ കരങ്ങളിലെടുത്ത് വാൽസല്യത്തോടെ മൃദുവായി തലോടി. വേദന കുറയ്ക്കാൻ തന്റെ നിശ്വാസം കൊണ്ട്‌ ഊതിത്തണുപ്പിച്ചു. സ്നേഹത്തോടെ സ്വാന്തനങ്ങൾ പറഞ്ഞ് കണ്ണുതുടച്ച് ആശ്വസിപ്പിച്ചു. പിന്നെ മേശയ്ക്കുള്ളിൽ നിന്ന് പഴയ കാലത്തെ മഞ്ഞ നിറമുള്ള ഒരമൃതാഞ്ജൻ കുപ്പി തുറന്ന്, അതു പുരട്ടി എന്റെ വിരലുകളിൽ നന്നായി തലോടി, തന്റെ തൂവാല കൊണ്ടു മെല്ലെ പൊതിഞ്ഞു കെട്ടി. വിരൽത്തുമ്പുകളിൽ നിന്നു പിണങ്ങിപ്പോയ ജീവബിന്ദുക്കളെ സർവ്വ പ്രാർത്ഥനയും ചൊല്ലി എന്നിലേക്കു മടക്കിവിളിച്ചു. ദൈവം ആ പ്രാർത്ഥന കേട്ടു!

പ്രാണനറ്റു പോകുമായിരുന്ന എന്റെ വിരൽത്തുമ്പുകളിലേക്ക് വീണ്ടും രക്തമൊഴുകി. വിരലുകൾ വീണ്ടും തുടിച്ചു. എല്ലാം ചെയ്തത് ആ അമ്മയാണ്. പൊതിഞ്ഞുവച്ച എന്റെ വിരൽത്തുമ്പുകളിൽ ഇളം ചൂടുള്ള നീർമുത്തുകൾ ഇടയ്ക്കിടെ വന്നുപതിച്ചുകൊണ്ടിരുന്നത് എവിടെ നിന്നാണെന്ന് അന്നെനിക്കു മനസ്സിലായതേയില്ല. പേടിച്ചരണ്ടൊരു പക്ഷിക്കുഞ്ഞിനെപ്പോലെ ഞാനാ അമ്മക്കിളിയുടെ തൂവെള്ളച്ചിറകുകളുടെ ഊഷ്മളതയോടു മെല്ലെ പറ്റിച്ചേർന്നു. ഒടുവിൽ ആശുപത്രി സന്ദർശനവും കഴിഞ്ഞ് കരഞ്ഞു കരഞ്ഞു തളർന്ന ഒരഞ്ചു വയസ്സുകാരനെ മാറോടു ചേർത്തുറക്കി വീടെത്തിച്ചതും ആ അമ്മയാണ്.

ഞാനിന്നും പലപ്പോഴും ഓർക്കാറുണ്ട്. ഒരൽപ്പം താമസിച്ചു പോയിരുന്നെങ്കിൽ എന്റെ വിരലുകൾക്ക് ചെറുതായെങ്കിലും വൈകല്യം സംഭവിച്ചേനേ! ഭാഗികമായെങ്കിലും വിരലുകൾ നഷടപ്പെട്ടിരുന്നെങ്കിൽ കർത്താവിന്റെ അൾത്താരയിൽ ബലിയർപ്പിക്കാനുളള ഭാഗ്യം തന്നെ എനിക്ക് എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുമായിരുന്നു; ഒരുപക്ഷേ ഈ കുറിപ്പെഴുതാനുള്ള അവസരം പോലും.

നാളുകൾക്കു ശേഷം ഇന്നു വീണ്ടും ആ അമ്മയെ കണ്ടപ്പോൾ സ്നേഹാന്വേഷണങ്ങൾക്കിടയിലും ആ മിഴികൾ എന്റെ വിരലുകളെ തേടുന്ന പോലെ എനിക്കു തോന്നി. വർഷങ്ങൾ പലതു കഴിഞ്ഞെങ്കിലും എന്റെ വിരൽത്തുമ്പുകൾ ഇപ്പോഴും ആ അമ്മയുടെ സ്പർശനത്തെ ആനന്ദത്തോടും നന്ദിയോടും കൂടി ഓർമ്മിക്കുന്നുണ്ട്. ആ ഗുരുനാഥയിലൂടെ ദൈവമെനിക്കു തിരിച്ചു തന്നത് ജീവിതത്തിന്റെ സൗന്ദര്യവും സ്വപ്നങ്ങളുമാണ്.

ഇന്നും എവിടെ വച്ചു കണ്ടാലും ‘എന്റെ സ്വന്തം മകനാണെ’ന്നു പറഞ്ഞാണ് എല്ലാവർക്കും എന്നെ പരിചയപ്പെടുത്തുക. ജന്മം തന്നില്ലെങ്കിലും ഒരു മകനോടെന്ന പോലെയുള്ള സ്നേഹവാൽസല്യങ്ങൾക്ക് ഒരിക്കലും ഒരു കുറവും വരുത്തിയിട്ടില്ല. ശരിക്കും അമ്മ തന്നെയായിരുന്നു അന്നും ഇന്നും. അധ്യാപിക എന്ന വാക്ക് എത്രയോ പരിമിതമാണെന്ന് പലവട്ടം തോന്നിയിട്ടുള്ളത് ഈ ഗുരുനാഥയെ ഓർമ്മിച്ചപ്പോഴാണ്.
തിരുവനന്തപുരത്തെ സന്യാസിനീ ഭവനത്തിൽ വിശ്രമ ജീവിതത്തിന്റെ ആവൃതിക്കുള്ളിൽ, വാർദ്ധക്യം ആശ്ലേഷിച്ചു തുടങ്ങിയിട്ടും, തന്റെ പ്രിയമക്കൾക്കു വേണ്ടി ഈ അമ്മ നെഞ്ചുരുകിച്ചൊല്ലുന്ന പ്രാർത്ഥനകൾ, സ്വർഗ്ഗത്തിൽ നിരന്തരം കേൾക്കപ്പെടുന്നു എന്നത് തീർച്ചയാണ്. അല്ലെങ്കിൽപ്പിന്നെ, തട്ടിവീഴ്ത്താനും താഴ്ത്തിക്കെട്ടാനും കടിച്ചുകീറാനും എണ്ണിയാലൊടുങ്ങാത്ത ചെന്നായ്ക്കൾ പതിയിരിക്കുന്ന പൗരോഹിത്യവഴികളിൽ, പ്രജ്ഞയറ്റു വീണുപോവാതെ ഇത്രദൂരം നടക്കാൻ എനിക്കു കഴിഞ്ഞത് മറ്റേതു ബലത്തിന്റെ പേരിലാണ്!

അധികമാരും തിരിച്ചറിയാതെ പോയ ആ ജീവിതായനത്തെ വിവരിക്കാൻ പോന്നൊരു തൂലികയോ വർണ്ണിക്കാൻ പോന്ന വാക്കുകളോ എന്റെ പക്കലില്ല. എങ്കിലും ഓർമ്മത്തിരകൾ നിരന്തരം നിർബന്ധിക്കുമ്പോൾ ഹൃദയശിലകൾക്ക് എത്രകാലം അലിയാതിരിക്കാനാവും? ഒരുനാൾ കന്മദം പൊടിയുക തന്നെ ചെയ്യും!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.