ആ മകൻ അമ്മയെ ശുശ്രൂഷിക്കുന്നതു കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു

എത്ര മികച്ച ചികിത്സ നല്‍കിയാലും ഒരു വ്യക്തിയുടെ രോഗശമനത്തിന് മറ്റുചില ഘടകങ്ങള്‍ക്കൂടി ആവശ്യമായി വരുന്നുണ്ട്. പ്രത്യേകിച്ച് കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളുടെ കാര്യത്തില്‍. ചികിത്സയിലുള്ള വിശ്വാസം, രോഗമുക്തിയെക്കുറിച്ചുള്ള ആത്മവിശ്വാസം, ദൈവവിശ്വാസം നല്‍കുന്ന ആത്മീയ അവസ്ഥ എന്നിവയ്ക്ക് പുറമേ ബന്ധുക്കളും സുഹൃത്തുക്കളും രോഗിയ്ക്ക് നല്‍കുന്ന പോസിറ്റീവ് ചിന്തകളും രോഗശാന്തിയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.

മേല്‍സൂചിപ്പിച്ച വസ്തുതയ്ക്ക് തെളിവാകുന്ന ഒരു സംഭവം വിവരിക്കുകയാണ്, കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ജോജോ വി. ജോസഫ്. അദ്ദേഹത്തിന്റെ വാക്കുകളിലേയ്ക്ക്…

അത്ഭുതപ്പെടുത്തിയ ഒരു മകന്‍

2008 – ല്‍ ഒരു സ്ത്രീയുടെ കാന്‍സര്‍ സര്‍ജറിയുടെ സമയത്ത് കൂടെയുണ്ടായിരുന്ന അവരുടെ പതിനാലുകാരനായ മകനെക്കുറിച്ചാണ് പറയുന്നത്. വിനീത് എന്നായിരുന്നു അവന്റെ പേര്. അമ്മയെ അതുപോലെ ശുശ്രൂഷിക്കുന്നവരെ അതിനു മുമ്പും ശേഷവും ഞാന്‍ കണ്ടിട്ടില്ല. ആ സ്ത്രീയുടേത് വളരെ സങ്കീര്‍ണ്ണമായ സര്‍ജറി ആയിരുന്നതിനാല്‍ കുറേ ദിവസം അവന്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. പിന്നീട് ഒന്നോ രണ്ടോ പ്രാവശ്യം കൂടി അഡ്മിറ്റ് ആകേണ്ടി വന്നപ്പോഴും അവന്‍ തന്നെ ആയിരുന്നു അവന്റെ അമ്മയുടെ സഹായി.

രോഗം തിരിച്ചറിയാന്‍ വൈകുന്നതിനാല്‍ സൈലന്റ് കില്ലര്‍ എന്നുകൂടി പേരുള്ള ഓവറി കാന്‍സറായിരുന്നു അവര്‍ക്ക്. ഗ്യാസ് ട്രബിള്‍ നിരന്തരമായി ഉണ്ടാകുന്ന അവസ്ഥയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാന്‍സര്‍ കണ്ടെത്തിയത്. ഓവറിയില്‍ നിന്ന് ചെറുകുടലിനെ കാന്‍സര്‍ ബാധിച്ച് കുടല്‍ ചുരുങ്ങിയിരുന്നതിനാല്‍ കീമോ തെറാപ്പി ഉപേക്ഷിച്ച് സര്‍ജറി തന്നെ നിര്‍ദേശിച്ചു. ഓവേറിയന്‍ കാന്‍സറിന്റെ പ്രത്യേകതയാല്‍ ഏതൊക്കെ അവയവങ്ങളെ കാന്‍സര്‍ ബാധിച്ചിട്ടുണ്ടോ അതെല്ലാം സര്‍ജറിയില്‍ നീക്കം ചെയ്യേണ്ടതുണ്ട്. ഇക്കാരണത്താല്‍ അവരുടെ യൂട്രസും ഓവറിയും മലദ്വാരവും നീക്കം ചെയ്തു. കുടലിന്റെ അവസ്ഥ മോശമായിരുന്നതിനാല്‍ അത് കൂട്ടിപ്പിടിപ്പിക്കാന്‍ സാധിച്ചില്ല. ഡയബറ്റീസ് കാരണം ഇന്‍ഫെക്ഷനും ഉണ്ടായതിനെ തുടര്‍ന്നാണ് അവര്‍ക്ക് ഏതാനും നാളുകള്‍ ആശുപത്രിയില്‍ തുടരേണ്ടതായി വന്നത്.

ഈ സമയത്ത് അവരുടെ ഭര്‍ത്താവ് വിദേശത്തായിരുന്നു. മൂന്നു മക്കളില്‍ മൂത്തതും ഇളയതുമായ പെണ്‍മക്കള്‍ രണ്ടുപേരും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് മറ്റിടങ്ങളിലും. ഇവരുടെ സഹോദരി ഇടയ്ക്കിടെ വന്ന് കാര്യങ്ങള്‍ അന്വേഷിക്കുന്നതൊഴിച്ചാല്‍, രണ്ടാമത്തെ മകന്‍ വിനീതാണ് അമ്മയുടെ ശുശ്രൂഷ മുഴുവനായും ഏറ്റെടുത്തത്.

സര്‍ജറിയ്ക്കുശേഷം അമ്മയെ കട്ടിലില്‍ എഴുന്നേല്‍പ്പിച്ചിരുത്തുക, സ്ഥിരമായ കിടക്കുന്നതിന്റെ ഫലമായി കാലിന് വീക്കം വരാതിരിക്കാന്‍ നിരന്തരം കാല് തിരുമ്മി കൊടുക്കുക, കാല് മടക്കുകയും നിവര്‍ത്തുകയും ചെയ്യുക തുടങ്ങി അമ്മയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്ന കാര്യങ്ങളെല്ലാം യാതൊരു മുടക്കവും വരുത്താതെ അവന്‍ ചെയ്തിരുന്നു. അമ്മയോട് അവന്‍ കാണിച്ചിരുന്ന കരുതലും സ്‌നേഹവും തന്നെയാണ് ഞാനടക്കമുള്ള പല ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റു രോഗികളുമെല്ലാം അവനെ ശ്രദ്ധിക്കാന്‍ കാരണമായത്. രോഗത്തെക്കുറിച്ചുള്ള ഓരോ കാര്യവും അവന്‍ മനസിലാക്കുകയും അതേക്കുറിച്ച് സംശയങ്ങള്‍ ചോദിക്കുകയും ചെയ്തിരുന്നു. ഓരോ ദിവസവും അമ്മയ്ക്ക് ഇപ്പോള്‍ എങ്ങനെയുണ്ടെന്നും അന്വേഷിക്കും. കുഴപ്പമില്ലെന്ന് പറഞ്ഞ് മുറിയില്‍ നിന്ന് പുറത്തിറങ്ങിയാലും വീണ്ടും പുറകേ വന്ന് ചോദ്യം ആവര്‍ത്തിച്ച് അമ്മയുടെ അവസ്ഥയ്ക്ക് കുഴപ്പമില്ലെന്ന് ഉറപ്പിക്കും. ഇതുകൂടാതെ മറ്റ് രോഗികളേയും സഹായിക്കാനും അവരോടും സംസാരിക്കാനും ആശ്വസിപ്പിക്കാനുമെല്ലാം അവന്‍ സമയം കണ്ടെത്തിയിരുന്നു. ഇരുപതു ദിവസത്തിനുശേഷം അവര്‍ ഡിസ്ചാര്‍ജായി.

കുടല്‍ തിരിച്ചു പിടിപ്പിക്കുന്നതിനായാണ് പിന്നീട് അവര്‍ ആശുപത്രിയിലെത്തിയത്. ആ സമയത്ത് ശോഭ കുറച്ചുകൂടി ക്ഷീണിതയായിരുന്നു. പത്തു ദിവസത്തോളമാണ് അതിനായി ആശുപത്രിയില്‍ അവര്‍ കഴിഞ്ഞത്. ആ സമയത്തും അമ്മയെ ശുശ്രൂഷിക്കുന്നതോടൊപ്പം മറ്റ് രോഗികള്‍ക്കും ആവശ്യമായ സഹായങ്ങളെല്ലാം അവന്‍ ഓടിനടന്ന് ചെയ്തുകൊടുത്തിരുന്നു. വീണ്ടും ചികിത്സയുടെ ഭാഗമായി രണ്ടാഴ്ചത്തോളം അമ്മയും മകനും ആശുപത്രിയില്‍ എത്തി. ഇതിനോടകം ഞാനടക്കം അവിടെയുള്ള എല്ലാവരുടേയും പ്രിയങ്കരനായി അവന്‍ മാറിയിരുന്നു.ആ മകൻ അമ്മയെ ശുശ്രൂഷിക്കുന്നതു കണ്ട് ഞങ്ങളുടെയെല്ലാം ഹൃദയം നിറഞ്ഞു; കണ്ണുകളും. പിന്നീട് അഞ്ചുവര്‍ഷത്തോളം ഫോളോ അപ്പിനായി എത്തിയപ്പോഴും പരിചയം പുതുക്കിയിരുന്നു. സാധാരണ ഓവേറിയന്‍ കാന്‍സര്‍ ബാധിതര്‍ അഞ്ച് വര്‍ഷം ജീവിച്ചിരിക്കുക എന്നത് 18 ശതമാനം മാത്രമാണ് സാധ്യതയുള്ളത്. പക്ഷേ ഇവര്‍ രോഗത്തെ അതിജീവിച്ചുകൊണ്ട് ഇന്നും സന്തോഷമായി ജീവിക്കുന്നു.

ചികിത്സയും കുറെ വര്‍ഷം തുടര്‍ പരിശോധനയും കഴിഞ്ഞ് ഇവരുമായുള്ള കോണ്‍ടാക്ട് നഷ്ടപ്പെട്ടെങ്കിലും അടുത്തിടെ വിനീതിനെ വീണ്ടും കാണാനിടയായതാണ് ഈ പഴയകാല ഓര്‍മ്മയിലൂടെ രോഗികളോടുള്ള ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സമൂഹത്തിന്റേയും മനോഭാവവും സാമീപ്യവും എപ്രകാരമായിരിക്കണമെന്ന കാര്യം പങ്കുവയ്ക്കാന്‍ കാരണം. സുഹൃത്തിന്റെ അച്ഛന്റെ രോഗവുമായി ബന്ധപ്പെട്ടാണ് വിനീത് അടുത്തിടെ എന്നെ കാണാന്‍ വന്നത്. സീനിയര്‍ ഐടി പ്രൊഫഷണലാണ് വിനീത് ഇപ്പോള്‍. കൂടാതെ പ്രശസ്ത യൂട്യൂബറും. വിനീതിന്റെ ചാനലിനു വേണ്ടി ഒരു ഇന്റര്‍വ്യൂവും കൊടുത്തു. കൂടാതെ അവന്‍ തയാറാക്കുന്ന ഓണ വീഡിയോയുടെ ടീസറിലും ഭാഗഭാക്കായി.

പത്ത് പെണ്‍മക്കളുടെ ഫലം ചെയ്ത ഒരു മകന്‍

വിനീതിനെ നാളുകള്‍ക്കുശേഷം കണ്ടതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് ഞാന്‍ ഫേസ്ബുക്കില്‍ ചെയ്ത പോസ്റ്റിന് താഴെ ലക്ഷ്മി ഗണേഷ് എന്ന മറ്റൊരു സ്ത്രീ ഒരു കമന്റിടുകയുണ്ടായി. വിനീതിനെപ്പോലെ തന്നെ തന്റെ രോഗാവസ്ഥയില്‍ തന്റെ മകനും ശുശ്രൂഷിച്ചിരുന്നുവെന്നും സര്‍ജറിയുടേയും കീമോയുടേയും വിഷമതകളിലൂടെ കടന്നുപോയപ്പോഴെല്ലാം തനിക്ക് പത്ത് പെണ്‍മക്കളുടെ ഫലമാണ് തന്റെ പൊന്നുമോന്‍ ചെയ്തതെന്നുമാണ് ആ സ്ത്രീ പറഞ്ഞത്. 2020 മാര്‍ച്ചില്‍ ഞാന്‍ തന്നെയാണ് അവരേയും ചികിത്സിച്ചത്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ താങ്ങും തണലുമായി കൂടെ നില്‍ക്കുന്ന മക്കളോ ജീവിതപങ്കാളിയോ സഹോദരങ്ങളോ ഒക്കെയാണ് രോഗിയുടെ അതിജീവനത്തിന് ആക്കം കൂട്ടുന്നത്.

എഴുതപ്പെടാത്ത ഉടമ്പടി

ഡോക്ടറും രോഗിയും തമ്മില്‍ പരസ്പരമുള്ള വിശ്വാസത്തിന്റെ ശക്തികൂടി വെളിപ്പെടുത്തുന്നതാണ് എന്റെ ഈ അനുഭവമെന്ന് ഞാന്‍ കരുതുന്നു. എഴുതി ഒപ്പിടാത്ത ഒരു നിശബ്ദ ഉടമ്പടിയാണ് ഡോക്ടറും രോഗിയും തമ്മില്‍ നടക്കേണ്ടത്. കാരണം സ്വന്തം ജീവനാണ് രോഗി ഡോക്ടറെ ഏല്‍പ്പിക്കുന്നത്. ആ ജീവന്‍ സംരക്ഷിച്ചുകൊള്ളാമെന്നാണ് ഡോക്ടര്‍ തന്റെ സേവനത്തിലൂടെ രോഗിയോട് പറയാതെ പറയുന്നത്.

ഈ സംഭവം വിവരിക്കുന്നതിലൂടെ രണ്ടു മൂന്നു സന്ദേശങ്ങള്‍ സമൂഹത്തിന് നല്‍കാന്‍ ആഗ്രഹിക്കുകയാണ്. പലപ്പോഴും പെണ്‍മക്കളാണ് രോഗികളായ മാതാപിതാക്കളെ ശുശ്രൂഷിച്ചു കാണാറുള്ളത്. ഇതില്‍ നിന്ന് വ്യത്യസ്തമായി ഒരു ആണ്‍കുട്ടിയ്ക്ക് എപ്രകാരം സ്വന്തം അമ്മയെ ശുശ്രൂഷിക്കാനും സ്‌നേഹിക്കാനും കഴിയും എന്നതാണ് ഒന്നാമത്തേത്. രണ്ടാമതായി ഡോക്ടര്‍-രോഗി ബന്ധം എത്രത്തോളം ആഴത്തിലും ആത്മാര്‍ത്ഥമായും ദീര്‍ഘനാളത്തേയ്ക്ക് സൂക്ഷിക്കാനാവുമെന്നതാണ്. മറ്റൊന്ന് എത്ര കഠിനമായ ചികിത്സാരീതിയൂടെ കടന്നുപോകേണ്ടി വന്നാലും ക്ഷമയും സഹനവും ഉണ്ടെങ്കില്‍ തീര്‍ച്ചയായും രോഗത്തെ അതീജിവിക്കാം എന്നത്.

തയ്യാറാക്കിയത്: കീർത്തി ജേക്കബ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.