ബൈബിളിലെ ചില പരിസ്ഥിതി ആഭിമുഖ്യങ്ങൾ

“സമസ്‌തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല” (യോഹ. 1:3).

സുമാ ചേടിയത്ത് 
സുമാ ചേടിയത്ത്

ദൈവസ്നേഹത്തിന്റെ നിറവിലാണ് സൃഷ്ടികർമ്മം നടക്കുന്നത്. എല്ലാ സൃഷ്ടികളും അവന്റെ സ്നേഹം പ്രകീർത്തിക്കുന്നു. സൃഷ്ടിയുടെ ആരംഭത്തിൽ സ്രഷ്ടാവായ ദൈവം കിഴക്ക് ഏദനിൽ ഒരു തോട്ടം ഉണ്ടാക്കി (ഉല്‍. 2:8). ഏദൻതോട്ടം സംരക്ഷിക്കാനും കൃഷി ചെയ്യാനും ദൈവമായ കർത്താവ് മനുഷ്യനെ അവിടെയാക്കി (ഉൽ. 2:15). അങ്ങനെയെങ്കിൽ മനുഷ്യനെ പ്രകൃതിയുടെ ചൂഷകനാകാനല്ല, ഒരു കാര്യസ്ഥനെപ്പോലെ സൃഷ്ടികളെ സംരക്ഷിക്കാനും പരിപാലിക്കുവാനുമാണ് ദൈവം തോട്ടത്തിലാക്കിയത്. എല്ലാത്തിന്റെയുംമേൽ ദൈവം അവന് ആധിപത്യം നൽകി. ആധിപത്യം ചൂഷണത്തിനുള്ള അവകാശമല്ല; സംരക്ഷിക്കാനുള്ള കടമയാണ്. മനുഷ്യൻ പ്രകൃതിനിയമങ്ങൾക്ക് അധീനനല്ല, നമ്മുടെ ഉത്തരവാദിത്വം അധീശത്വം സ്ഥാപിക്കലുമല്ല. അത് ജീവനെ പരിപാലിക്കുകയാണ്.

ജൂബിലി വർഷത്തിൽ കൃഷിഭൂമിയിൽ കൃഷി ചെയ്യാതെ മണ്ണിന് വിശ്രമം നൽകണമെന്ന് അനുശാസിക്കുമ്പോഴും (ലേവ്യ. 25), സാബത്ത് ദിനത്തിൽ മൃഗങ്ങളെക്കൊണ്ട് ജോലിയെടുപ്പിക്കരുതെന്നു (നിയമാ. 5:14) കൽപിക്കുമ്പോഴും, ജൂബിലി വർഷത്തിൽ വയലിൽ തനിയേ മുളച്ചുവരുന്നവയുടെ ഫലം പക്ഷികൾക്കും മൃഗങ്ങൾക്കും അനാഥർക്കും വിധവകൾക്കും വേണ്ടിയുള്ളതാണെന്നു പറയുമ്പോഴും മനുഷ്യൻ സഹസൃഷ്ടികളോട് സ്നേഹവും കരുണയും ഉള്ളവനായിരിക്കണമെന്ന് ദൈവം ഓർമ്മിപ്പിക്കുന്നു. വൃക്ഷങ്ങൾ അനാവശ്യമായി വെട്ടിനശിപ്പിക്കരുതെന്നും (നിയമാ. 20:19-20), പക്ഷികളെ നശിപ്പിക്കരുതെന്നും (നിയമാ. 22:6-7) തുടങ്ങി സകല സൃഷ്ടികളേയും സംരക്ഷിക്കണമെന്നാണ് വചനം നമ്മെ പഠിപ്പിക്കുന്നത്.

പരിസ്ഥിതിയോടും പ്രകൃതിസംരക്ഷണത്തോടും ആഭിമുഖ്യം പുലർത്തുന്ന ഇങ്ങനെയുള്ള നിരവധി വചനഭാഗങ്ങൾ ബൈബിളിലുടനീളം കാണാം. എങ്കിലും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രധാന പഴയനിയമ പുസ്തകങ്ങൾ ജോബിന്റെ പുസ്തകവും സങ്കീർത്തനങ്ങളുമാണെന്നു പറയാം. സൃഷ്ടികള്‍ ഒന്നാകെ ദൈവത്തെ സ്തുതിക്കുന്ന നിരവധി സങ്കീർത്തനങ്ങളുണ്ട്. ദൈവത്തിന്റെ സർഗ്ഗവൈഭവത്തോടുള്ള ആദരം ജോബിന്റെ പുസ്തകത്തിലുടനീളം കാണാം. ജോബിന്റെ പുസ്തകം 38 – 41 വരെയുള്ള അധ്യായങ്ങളിൽ നിരവധി പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

സാധാരണ മാനുഷികവ്യാപാരങ്ങൾക്കപ്പുറത്ത് പൂര്‍ണ്ണത തന്നെയായ ദൈവത്തിലേയ്ക്ക് വിരൽചൂണ്ടുന്നതാണ് പ്രകൃതിയും അതിലെ പ്രതിഭാസങ്ങളും. ജോബിന്റെ പുസ്തകം 39, 40 അധ്യായങ്ങളിൽ മനുഷ്യന് ഉണ്ടാക്കുവാനോ നിയന്ത്രിക്കുവാനോ സാധിക്കാത്ത ചില കാര്യങ്ങളെക്കുറിച്ച് ദൈവം ജോബിനോട് പറയുന്നു. ഈ പ്രപഞ്ചം പൂര്‍ണ്ണമായും മനുഷ്യന്റെ നിയന്ത്രണത്തിലല്ലെന്നും അവന് ഇഷ്ടമുള്ളതുപോലെ പ്രകൃതിയോടും പ്രകൃതിവസ്തുക്കളോടും പ്രവർത്തിക്കാൻ പാടില്ലെന്നുമുള്ള സൂചന ദൈവം ഇവിടെ നൽകുന്നു.

ഭൂമി ദൈവത്തിൻ്റേതാണെന്ന് വിവിധ വചനഭാഗങ്ങൾ ഓർമ്മിപ്പിക്കുന്നു (ലേവ്യ. 25:23; പുറ. 19:5; സങ്കീ. 47:7-9). അതായത്, പ്രകൃതിയുടെ ഉടമസ്ഥാവകാശം മനുഷ്യനല്ല, സ്രഷ്ടാവിനാണ്. മനുഷ്യൻ ഭൂമിക്ക് അധിപനും പ്രകൃതിനിയമങ്ങൾക്ക് അതീതനുമല്ല. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ദൈവത്തിന്റെ കരുതലോടും സ്നേഹത്തോടും കരുണയോടും കൂടെ സഹസൃഷ്ടികളോടും പ്രകൃതിയോടും ഇടപെടുവാൻ കടപ്പെട്ടവനാണ്.

ക്രിസ്തുവിന്റെ ജനനവും ജീവിതവും മരണവും ഉത്ഥാനവുമെല്ലാം സൃഷ്ടപ്രപഞ്ചത്തിലെ സമസ്തസൃഷ്ടികൾക്കുമുള്ള വിമോചനം (റോമാ 8:18-25) എന്ന വചനങ്ങളോട് ചേർത്തുവായിക്കാൻ സാധിക്കും. ആകാശത്തിലെ പറവകളെയും വയലിലെ ലില്ലികളെയും കുരുവികളെയും വിത്തിനെയും കളകളെയുമെല്ലാം അവൻ തന്റെ പ്രബോധനങ്ങളിൽ പരാമർശിക്കുന്നുണ്ട്. ഗത്സമെൻ തോട്ടത്തിൽ രക്തം വിയർത്ത് പ്രാർത്ഥിക്കുമ്പോഴാണ് ദൈവഹിതത്തിന് യേശു തന്നെ പൂര്‍ണ്ണമായി സമർപ്പിക്കുന്നത്. അരിമത്തിയാക്കാരൻ ജോസഫ് നിർമ്മിച്ച സുന്ദരമായ തോട്ടത്തിലെ കല്ലറയിലാണ് അവൻ സംസ്ക്കരിക്കപ്പെട്ട് ഉത്ഥാനം ചെയ്തത്. ഒടുവിൽ സർവ്വ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവാൻ പറഞ്ഞ് അവൻ തന്റെ ശിഷ്യന്മാരെ പ്രേഷിതദൗത്യം നൽകി അയച്ചു. സർവ്വ പ്രപഞ്ചത്തേയും ഉൾപ്പെടുത്തുന്ന ഒരു സാർവ്വത്രികരക്ഷയുടെ ദർശനമാണ് പൗലോസും അവതരിപ്പിച്ചിരിക്കുന്നത് (കൊളോ. 1:20; എഫേ. 1:10).

പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യാതെ ദൈവത്തോടു ചേർന്ന്, പ്രകൃതിയോടു ചേർന്ന് സുസ്ഥിര വികസനത്തിലൂടെ എല്ലാ സൃഷ്ടികളേയും കരുതുകയും പാലിക്കുകയും ചെയ്യുന്ന മാനവരാശിയിലാണ് ജീവന്റെ പൂർണ്ണത എന്ന് ബൈബിൾ പഠിപ്പിക്കുന്നു. എല്ലാം സൃഷ്ടിച്ചത് ദൈവമാണ്, നാമെല്ലാം ആ പിതാവിന്റെ മക്കളും. ധൂർത്തപുത്രനെ പോലെ പിതാവിന്റെ ഓഹരി ധൂർത്തടിക്കാനല്ല ദൈവം നമ്മെ തന്റെ ഭൂമിയുടെ കാര്യസ്ഥരാക്കിയത്. തന്റെ യജമാനൻ തിരിച്ചുവരുമ്പോൾ വിവേകിയും വിശ്വസ്തനുമായി കാണപ്പെടുന്നതിനാണ്. പ്രകൃതിസ്നേഹവും പ്രകൃതിസംരക്ഷണവും സ്രഷ്ടാവിന്റെ സ്നേഹത്തിലുള്ള പങ്കുചേരലാണെന്നു മറക്കാതിരിക്കാം. വചനാധിഷ്ടിതമായ ഒരു ജീവിതത്തിൽ പ്രകൃതിക്കും സഹസൃഷ്ടികൾക്കും പ്രാധാന്യമുണ്ടെന്ന് ഓർക്കാം. സംരക്ഷിക്കപ്പെടേണ്ട അവസ്ഥയിൽ നിന്ന് കരുതുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയിലേയ്ക്ക് പ്രകൃതി മടങ്ങട്ടെ.

സുമാ ചേടിയത്ത് 

Photo courtesy: subinmathewphotography

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.