“മറ്റെന്തിനെയുംകാൾ ഞങ്ങൾ യേശുവിനെ സ്നേഹിക്കുന്നു” – സമർപ്പിതജീവിതം സ്വീകരിക്കാനൊരുങ്ങുന്ന സഹോദരിമാർ

ലൂർദ്, ഗ്ലോറിയ സാൽഗാഡോ എന്നീ സഹോദരങ്ങൾ ഇന്ന് സന്യാസപരിശീലനത്തിലാണ്. സ്പെയിനിൽ നിന്നുള്ള ഇവർ രണ്ടു പേരും ഏഴ് സഹോദരങ്ങളുള്ള കുടുംബത്തിലെ അംഗങ്ങളാണ്. ഡിജിറ്റൽ യുഗത്തിലെ ഈ സഹോദരങ്ങൾ യേശുവിനായി സർവ്വതും ത്യജിച്ചവരാണ്. സമർപ്പിതജീവിതത്തിന്റെ സന്തോഷവും സ്‌നേഹവും തങ്ങളുടെ ദൈവവിളി അനുഭവവും അവർ  പങ്കുവയ്ക്കുകയാണ്.

“വളരെ ചെറുപ്പത്തിലേ യേശു എന്നെ വിളിച്ചു”

ഈ സഹോദരങ്ങൾ ഒരേ മാസത്തിൽ തന്നെയാണ് സന്യാസവിളി തിരഞ്ഞെടുത്ത് കോൺവെന്റിൽ പ്രവേശിക്കുന്നത്. രണ്ടു പേരും രണ്ട് സന്യാസിനീ സമൂഹങ്ങളിലാണ് അംഗങ്ങളായിട്ടുള്ളത്. തന്റെ ദൈവവിളിയെക്കുറിച്ച് ലൂർദ് വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്: “എല്ലാം ഒരു മൂന്നു മാസത്തിനുള്ളിൽ സംഭവിച്ചു. ‘യേശു എവിടെയായിരുന്നാലും അവനെ അനുഗമിക്കുക’ എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഞങ്ങൾ രണ്ടു പേരും വീട്ടിൽ നിന്നിറങ്ങുന്നത്. എല്ലാം മൂന്നു മാസത്തിനുള്ളിൽ സംഭവിച്ചു എന്നു പറഞ്ഞാലും യഥാർത്ഥത്തിൽ എന്റെ കാര്യത്തിൽ അങ്ങനെയല്ല. ഒരു സന്യാസിനിയാകാനുള്ള ആഗ്രഹം എപ്പോഴും എന്റെ ഉള്ളിലുണ്ടായിരുന്നു. ചെറുപ്പത്തിലെ യേശു എന്നെ വിളിച്ചിരുന്നു. എന്നാൽ ജീവിതത്തിൽ എപ്പോഴും നമ്മൾ പ്രതീക്ഷിക്കുന്നതു പോലെ കാര്യങ്ങൾ നടക്കില്ല. മൂന്നു വർഷത്തോളം ലൗകിക കാര്യങ്ങൾക്കായി ഞാൻ എന്റെ വിളിയെയും യേശുവിനെയും മറന്നു.

എന്നാൽ, യേശു എന്നെ മറന്നില്ല. എന്റെ ജീവിതത്തിലെ എല്ലാ ദിവസവും അവൻ എന്റെ കാര്യത്തിൽ ശ്രദ്ധാലുവായിരുന്നു. അങ്ങനെ യേശുവിനെ വീണ്ടും കണ്ടുമുട്ടിയ ശേഷം, അവൻ എന്നെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് മനസിലാക്കിയ ശേഷം സമർപ്പിതജീവിതം നയിക്കാൻ ഞാൻ തീരുമാനിച്ചു.
യേശുവിനോടൊപ്പം ആയിരിക്കുക, അവനെക്കുറിച്ച് ചിന്തിക്കുക. അങ്ങനെ എപ്പോഴും അവന് കീഴടങ്ങിക്കൊണ്ട് ജീവിക്കാൻ ഞാൻ ആഗ്രഹിച്ചു. എനിക്ക് ‘നന്ദി’ എന്നല്ലാതെ ഒന്നും പറയാൻ കഴിയില്ല. ഞാൻ ദൈവത്തോടും അവന്റെ സഭയോടും എന്നും നന്ദിയുള്ളവളാണ്. ദൈവത്തിന്റെ വലിയ കാരുണ്യമായിട്ടാണ് ഞാൻ എന്റെ ദൈവവിളിയെ കാണുന്നത്” – ലൂർദ് വെളിപ്പെടുത്തി.

“എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഭാഗം യേശുവിനാണ്”

ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി സമർപ്പിതജീവിതം തിരഞ്ഞെടുത്ത സഹോദരി ഗ്ലോറിയ, തന്റെ ദൈവവിളി അനുഭവം എങ്ങനെ ആയിരുന്നുവെന്ന് വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്: “എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഭാഗം യേശുവിനാണ്.”

സെപ്റ്റംബർ എട്ടിനാണ് ഗ്ലോറിയ വാൾഡെമോറോയിലെ ഓർഡർ ഓഫ് ദി ഡോട്ടേഴ്സ് ഓഫ് ഔർ ലേഡി മേരി’ എന്ന കോൺഗ്രിഗേഷനിലെ നോവിഷ്യറ്റിൽ പ്രവേശിച്ചത്. ധ്യാനാത്മകജീവിതവും അപ്പസ്തോല പ്രവർത്തനങ്ങളും ഒന്നിച്ചു കൊണ്ടുപോകുന്ന ഒരു സന്യാസിനീ സമൂഹമാണിത്. തന്റെ സ്‌കൂൾ പഠനകാലത്തായിരുന്നു ദൈവവിളി സ്വീകരിക്കാനുള്ള താത്പര്യം ഗ്ലോറിയക്ക് ഉണ്ടായത്. സിസ്റ്റേഴ്സിന്റെ സ്‌കൂളിലാണ് ഹൈസ്‌കൂൾ പഠനം അവൾ പൂർത്തിയാക്കിയത്.

“യേശുവിന്റെ ഹൃദയം എനിക്കായി ദാഹിക്കുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞു. പതിയെ പതിയെ ഞാൻ അവനു വേണ്ടി ദാഹിക്കുന്നുവെന്നും മനസിലാക്കി. അവനല്ലാതെ മറ്റൊന്നിലും എന്റെ ഹൃദയം വിശ്രമിച്ചിട്ടില്ല. യേശു ലോകത്തിനായി ദാഹിക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു. യേശുവില്ലാതെ മനുഷ്യന്റെ ഹൃദയം എത്രമാത്രം തകർന്നിരിക്കുന്നു. ലോകം യേശുവിനായി എങ്ങനെ ദാഹിക്കുന്നു, യേശു എങ്ങനെ ലോകത്തിനായി ദാഹിക്കുന്നു എന്നും ഞാൻ കണ്ടു. ‘എനിക്ക് ദാഹിക്കുന്നു’ എന്ന അവിടുത്തെ ആഗ്രഹത്തെ ശമിപ്പിക്കാൻ ഞാൻ എന്റെ ജീവിതകാലം മുഴുവൻ ദൈവത്തിനായി കൊടുത്തു. അനേകം ആത്മാക്കൾക്ക് ജീവൻ കൊടുക്കാനാണ് എന്നെ ദൈവം വിളിച്ചിരിക്കുന്നത് എന്ന് ഞാൻ തിരിച്ചറിയുന്നു” – ഗ്ലോറിയ പറയുന്നു.

“ഞങ്ങൾക്ക് ഞങ്ങളുടെ കുടുംബം വളരെ പ്രധാനപ്പെട്ടതാണ്. സന്തുഷ്ടരായ മാതാപിതാക്കൾ, സഹോദരങ്ങൾ, ഇടവക, യുവജനസംഘം, സമീപവർഷങ്ങളിൽ ഞങ്ങൾ വിശ്വാസം പങ്കുവച്ച വ്യക്തികൾ, കഴിഞ്ഞ വർഷങ്ങളിൽ പഠിച്ച വിദ്യാലയം ഇവയൊക്കെയും വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ അതിലും ഞങ്ങൾക്ക് പ്രിയപ്പെട്ടത് യേശുവാണ്” – ഈ സഹോദരങ്ങൾ പറയുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.