സിസ്റ്റര്‍ റാണി മരിയയുടെ തിരുശേഷിപ്പ് കേരളത്തിലെത്തിക്കും

കൊച്ചി: വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയര്‍ത്തപ്പെടുന്ന സിസ്റ്റര്‍ റാണി മരിയയുടെ തിരുശേഷിപ്പുകളില്‍ ഒന്നാം ക്ലാസ് വിഭാഗത്തില്‍പ്പെടുന്ന അസ്ഥിയുടെ ഭാഗം കേരളത്തിലെത്തിക്കും.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു തിരുശേഷിപ്പ് കേരളത്തിലേക്കു കൊണ്ടുവരുന്നത്.

നാലിനു മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന പ്രഖ്യാപന ശുശ്രൂഷകള്‍ക്കുശേഷം തിരുശേഷിപ്പ് കേരളത്തിലെത്തും. തുടര്‍ന്ന് എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെ ചാപ്പലില്‍ സൂക്ഷിക്കും.

എറണാകുളത്ത് 11നും സിസ്റ്ററുടെ ജന്മനാടായ പുല്ലുവഴിയില്‍ 19 നുമാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. കേരളസഭാതല ആഘോഷ പരിപാടികള്‍ നടക്കുന്ന എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലേക്ക് പ്രദക്ഷിണമായി തിരുശേഷിപ്പ് കൊണ്ടുപോയി തിരുക്കര്‍മങ്ങള്‍ക്കു മുമ്പായി തിരുശേഷിപ്പ് അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും.

പിന്നീട് പ്രദക്ഷിണമായി 15നു സിസ്റ്ററുടെ ജന്മനാടായ പുല്ലുവഴിയിലേക്കു കൊണ്ടുപോയി അതിരൂപതയിലെ തീര്‍ഥാടന കേന്ദ്രമായി ഉയര്‍ത്തപ്പെടുന്ന പുല്ലുവഴി സെന്റ് തോമസ് പള്ളിയില്‍ തിരുശേഷിപ്പ് പ്രതിഷ്ഠിക്കും. എറണാകുളംഅങ്കമാലി അതിരൂപതയിലെ വിവിധ ദേവാലയങ്ങളിലൂടെ തിരുശേഷിപ്പ് പ്രയാണം കടന്നുപോകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.