സിസ്റ്റർ ക്ലാര ഫെയ് വാഴ്ത്തപ്പെട്ട പദവിയിൽ  

‘ദരിദ്രനായ ഉണ്ണിയേശുവിന്‍റെ സഹോദരികള്‍’ എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ  സ്ഥാപകയായ സി. ക്ലാര ഫെയ് വാഴ്ത്തപ്പെട്ടവരുടെ പദവിയിൽ. ശനിയാഴ്ച   ആഹനിലെ ദൈവമാതാവായ പരിശുദ്ധ മറിയത്തിന്‍റെ നാമത്തിലുള്ള കത്തീഡ്രൽ  ദേവാലയത്തില്‍ വെച്ച് സിസ്റ്റർ ക്ലാരയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

1815 ഏപ്രില്‍ 11 ന് ആഹനില്‍ ജനിച്ച ക്ലാരയ്ക്ക് ചെറുപ്പം മുതൽ തന്നെ പാവങ്ങളെയും വേദനിക്കുന്നവരെയും സഹായിക്കുന്നതിൽ തൽപരയായിരുന്നു. ചെറുപ്പത്തിലേ പിതാവ് നഷ്ടപ്പെട്ട ക്ലാര മുതിർന്ന ശേഷം  പാവപ്പെട്ടവരായ കുട്ടികള്‍ക്കും യുവജനത്തിനും വിദ്യാഭ്യാസം നല്കുന്നതിനുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ചു. സമാന ചിന്തകള്‍ പുലര്‍ത്തിയിരുന്ന ഏതാനും സുഹൃത്തുക്കളുമൊത്ത്  ക്ലാര 1837 ല്‍ ഒരു ചെറിയ വിദ്യഭ്യാസ സ്ഥാപനത്തിന് തുടക്കം കുറിച്ചു. 1844 ഫെബ്രുവരി 2 നു ‘ദരിദ്ര ഉണ്ണിയേശുവിന്‍റെ സഹോദരികള്‍’ എന്ന സന്ന്യാസിനി സമൂഹത്തിന് രൂപം നൽകി. കുട്ടികളെയും യുവജനങ്ങളെയും യേശുവിലേക്ക് ആനയിക്കുകയും അവര്‍ക്ക് വിദ്യ പ്രദാനം ചെയ്യുകയും ചെയ്യുക എന്നതായിരുന്നു ഈ സന്യാസ സമൂഹത്തിന്റെ  ലക്ഷ്യം.

രോഗബാധിതയായ ക്ലാര 1894 മെയ് 8ന് ഹോളണ്ടില്‍ വച്ച് മരണമടഞ്ഞു.  മരണ സമയത്തു എഴുപത്തി ഒൻപതു വയസായിരുന്നു ക്ലാരയ്ക്കു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.