
യഹൂദന്മാരുടെ ധീര രക്തസാക്ഷികളുടെ ചരിത്രത്തിൽ നിന്നും നമ്മുടെ പഞ്ചാംഗത്തിലേക്കു കടന്നുവന്ന ഒരു തിരുനാളാണ് മർത്തശ്മൂനിയുടെയും ഏഴു മക്കളുടെയും. ഇവരുടെ രക്തസാക്ഷിത്വം ആദിമക്രൈസ്തവർക്ക് പീഡനങ്ങളിൽ ശക്തിസ്രോതസ്സായി നിലകൊണ്ടു എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. മക്കബായരുടെ രണ്ടാം പുസ്തകം ആറും ഏഴും അധ്യായങ്ങളിലാണ് ഈ സംഭവം വിവരിക്കുന്നത്. ഗ്രീക്ക് സെലൂസിഡ് രാജാവായിരുന്ന അന്തിയോക്കസ് (IV) എപ്പിഫാനസ് (ബിസി 215-164) യഹൂദന്മാരുടെമേൽ യവനസംസ്കാരം അടിച്ചേൽപിക്കാൻ പരിശ്രമിക്കുന്നു. അതിന്റെ ഭാഗമായി വിഗ്രഹാരാധനയും പന്നിമാംസം ഭക്ഷിക്കുന്നത് ഉൾപ്പെടെയുള്ള കൽപനകളും പുറപ്പെടുവിച്ചു. ഇതിനെ എതിർത്ത എല്ലാവരെയും തന്റെ അധികാരമുപയോഗിച്ച് ഇല്ലായ്മ ചെയ്യുന്നു.
ഏലീയാസർ എന്ന ഗുരുശ്രേഷ്ഠന്റെ ധീരോചിതമായ രക്തസാക്ഷിത്വം പീഢനത്തിൽ പിടിച്ചുനിൽക്കാൻ പലർക്കും പ്രചോദനമായിരുന്നു. മർത്തശ്മൂനിയേയും ഏഴു മക്കളെയും ബന്ധിച്ച് രാജാവിന്റെ സന്നിധിയിലെത്തിക്കുകയും വിഗ്രങ്ങൾക്കർപ്പിച്ച പന്നിമാംസം ഭക്ഷിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ദൈവനിന്ദയേക്കാൾ മരിക്കാനാണ് തങ്ങൾക്ക് താൽപര്യമെന്ന് അവർ പ്രഖ്യാപിച്ചു. മക്കളെ ഓരോരുത്തരെയായി കണ്മുൻപിൽ പീഡിപ്പിച്ചു കൊല്ലുമ്പോഴും ഈ അമ്മ അവർക്ക് ധൈര്യം പകർന്നുകൊടുത്ത് വിശ്വാസസ്ഥിരതയിൽ നിൽക്കാൻ പ്രേരിപ്പിക്കുന്നു. ഏഴാമത്തെ മകനെ ഇല്ലായ്മ ചെയ്യുന്നതിനു മുൻപ് തന്റെ കൽപന അനുസരിക്കുന്നപക്ഷം പണവും സ്ഥാനമാനങ്ങളും ഭരണത്തിൽ പങ്കാളിത്തവുമൊക്കെ രാജാവ് വാഗ്ദാനം ചെയ്യുന്നു. എന്നാൽ, ഒരിക്കലും ദൈവത്തെ തള്ളിപ്പറയുന്നതിനോ, ദൈവിക കൽപന ലംഘിക്കുന്നതിനോ അവനും തയ്യാറായില്ല. അവസാനം ഈ അമ്മയും മക്കളുടെ വഴിയെ സഞ്ചരിച്ച് ധീരമായി രക്തസാക്ഷിത്വം ഏറ്റുവാങ്ങുന്നു.
പലവിധ കാരണങ്ങളാൽ സുറിയാനി സഭാചരിത്ര പാരമ്പര്യങ്ങളിൽ ഇവർക്ക് വലിയ പ്രാധാന്യം ലഭിക്കുകയും അവരുടെ ജീവിതത്തെക്കുറിച്ച് ധാരാളം കൃതികൾ രചിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ലബനോനിൽ കദീഷ താഴ്‌വരയിൽ നിന്നും മുകളിലേക്കു കയറിയാൽ ശ്മൂനിയുടെ നാമത്തിൽ പണിതിരിക്കുന്ന ദൈവാലയം അതിന് ഉദാഹരണമായി നിലനിൽക്കുന്നു. മാതാവിന്റെ സ്വർഗാരോപണ തിരുനാളിന്റെ ഒരുക്കത്തിനായി നടത്തുന്ന 15 നോമ്പിന്റെ ആരംഭത്തിൽ ഈ തിരുനാൾ ആചരിക്കുന്നത് ഈ അമ്മയും മക്കളും മാതാവിന്റെയും യേശുവിന്റെയും പഴയനിയമത്തിലെ പ്രതിരൂപങ്ങളായി ആദിമസഭ കാണാൻ പരിശ്രമിച്ചുവെന്നതാണ്. ദൈവഹിതത്തിനു വിധേയപ്പെട്ടു തന്റെ മകന്റെ സഹനത്തോട് ചേർന്നുനിന്നവളാണ് മറിയം. നമ്മുടെ വിശ്വാസം ധീരതയോടെ ജീവിക്കുന്നതിന് ഈ രക്തസാക്ഷികൾ നമ്മെ പ്രചോദിപ്പിക്കുന്നു.
ഫാ. മാത്യു ചാർത്താക്കുഴിയിൽ




