ഇന്നത്തെ യുവജനങ്ങള്‍ക്കു മാതൃകയായ വിശുദ്ധര്‍

ഇന്ന് യുവാക്കളെ വളരെയേറെ സ്വാധീനിക്കുന്ന ഒരു ഘടകമാണ് സോഷ്യല്‍ മീഡിയ. നല്ലതിലേക്കും തെറ്റിലേക്കും അത് അവരെ നയിക്കുന്നു. എന്നാല്‍, നന്മതിന്മകളെ വിവേചിച്ചറിയാൻ വിശുദ്ധരായ ആളുകളുടെ ജീവിതത്തെക്കുറിച്ചു മനസ്സിലാക്കുന്നതു നല്ലതാണ്.

വേദനകളുടെയും കഷ്ടപ്പാടുകളുടെയും നടുവില്‍ ദൈവത്തിലാശ്രയിച്ച വിശുദ്ധരുടെയെല്ലാം ജീവിതത്തിൽ പൊതുവായി കാണുന്ന ഒരു ഗുണമാണ് സന്തോഷം. ജീവിതത്തിൽ എല്ലാവരും ആഗ്രഹിക്കുന്ന ഈ സത്ഗുണം സ്വന്തമാക്കാൻ വിശുദ്ധമായ ഒരു ജീവിതം നയിച്ചാൽ മതിയാകും. അവ എപ്രകാരമായിരുന്നുവെന്ന് നമുക്കു പരിശോധിക്കാം.

യുവജനങ്ങളെ പ്രചോദിപ്പിക്കുന്ന ഏതാനും വിശുദ്ധരെ നമുക്കു പരിചയപ്പെടാം.

1. വി. ഫിലിപ്പ് നേരി

ജീവിതത്തിൽ എല്ലായ്‌പ്പോഴും സന്തോഷത്തോടെ കണ്ടിരുന്ന വ്യക്തിയാണ് വി. ഫിലിപ്പ് നേരി. ജീവിതത്തിലുണ്ടായ പരിവർത്തനത്തിനുശേഷം തനിക്കുണ്ടായിരുന്നതെല്ലാം മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ ഈ വിശുദ്ധൻ ആഗ്രഹിച്ചു. എല്ലാം ഉപേക്ഷിക്കാൻ തീരുമാനിച്ചത് ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി ആയിരുന്നു. സന്തോഷത്തിന്റെയും സ്വയംദാനത്തിന്റെയും സന്ദേശത്തിലൂടെ അദ്ദേഹം കുട്ടികളുടെയും മുതിർന്നവരുടെയും ഹൃദയത്തെയും മനസ്സിനെയും ആകർഷിച്ചു.

2. വി. ഡോൺ ബോസ്‌കോ

യുവജനങ്ങളുടെ കൂട്ടുകാരനായ വി. ഡോൺ ബോസ്‌കോ ജീവിതത്തെ ആഘോഷമാക്കി മാറ്റുകയും വിശ്വാസത്തെ സന്തോഷമായി പകർത്തുകയും ചെയ്ത വ്യക്തിയാണ്. “നിങ്ങളെ സന്തോഷവാന്മാരായി കാണുന്നതാണ് എന്റെ ഏറ്റവും വലിയ സംതൃപ്തി” എന്ന് അദ്ദേഹം പറയുമായിരുന്നു. ജീവിതത്തിൽ പ്രതിസന്ധികളൊന്നും ഇല്ലാതിരുന്നിട്ടല്ല അദ്ദേഹം സന്തോഷവാനായി കാണപ്പെട്ടത്. പിന്നെയോ, സഹനത്തിലൂടെ സന്തോഷം അനുഭവിക്കാൻ അദ്ദേഹത്തിനു സാധിച്ചു എന്നതാണ് ഈ വിശുദ്ധന്റെ പ്രത്യേകത.

3. വി. ഡൊമിനിക് സാവിയോ

വളരെ കുറച്ചു നാളുകൾ മാത്രം ഈ ലോകത്തിൽ ജീവിച്ച് അനേകർക്കു മാതൃകയായ കൗമാരക്കാരനായ ഒരു വിശുദ്ധനാണ് വി. ഡൊമിനിക് സാവിയോ. പ്രായം കുറവായിരുന്നിട്ടും ചെറിയ കാര്യങ്ങളിൽപോലും വലിയ സന്തോഷം കണ്ടെത്തി അനേകരെ സ്വാധീനിച്ച വ്യക്തിയാണ് അദ്ദേഹം. “പാപത്തെക്കാൾ ഭേദം മരണം” – ഈ കൊച്ചുവിശുദ്ധൻ പറഞ്ഞു. “എന്റെ സഹോദരങ്ങളുമായി വഴക്കുണ്ടാക്കുന്നതിനെക്കാൾ എന്റെ ഒരു കളിപ്പാട്ടം കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു” എന്ന് അവൻ പറയുമായിരുന്നു.

4. വാഴ്ത്ത. പിയർ ജോർജിയോ ഫ്രസാറ്റി

ടൂറിൻ നഗരത്തിൽ, വി. ഡോൺ ബോസ്കോയുടെ മരണത്തിന് ഏതാനും വർഷങ്ങൾക്കുശേഷം, വാഴ്ത്ത. പിയർ ജോർജിയോ ഫ്രസതി ജനിച്ചു. യുവജനങ്ങളുടെ ഇടയിൽ വളരെയേറെ സ്വാധീനം ചെലുത്തിയ ഒരാളായിരുന്നു പിയർ. സന്തോഷവാനായ ഒരു ചെറുപ്പക്കാരനായിരുന്നു അദ്ദേഹം. എഞ്ചിനീയർ, കായികതാരം, പ്രകൃതിസ്നേഹി ഒക്കെയായ ഈ യുവാവ് ഇന്നത്തെ കാലഘട്ടത്തെ യുവജനങ്ങൾക്കും മാതൃകയാണ്. പ്രകൃതിസൗന്ദര്യത്തെ ആസ്വദിച്ച് ദൈവത്തിലേക്കു കൂടുതൽ അടുക്കാം എന്ന് അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു.

ഈ വിശുദ്ധരുടെയൊക്കെ ജീവിതം അനേകരെ സ്വാധീനിച്ചിട്ടുണ്ട്. നമ്മുടെ ജീവിതം കൊണ്ട് എത്രപേരെ സ്വാധീനിക്കാൻ നമുക്കു കഴിഞ്ഞിട്ടുണ്ട്? മറ്റുള്ളവരെ തിന്മയുടെ വഴിയില്‍ നിന്നും മാറ്റാനുള്ള പ്രചോദനം കൊടുക്കാനെങ്കിലും നമുക്കാകുന്നുണ്ടോ എന്ന് ആത്മശോധന ചെയ്യാം.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.