തോൽക്കാത്തവർ: കാൻസർ രോഗികൾക്ക് പ്രതീക്ഷയുടെ തിരിനാളം പോലെ ഒരു ചെറു ചിത്രം

ആഗോള തലത്തിൽ’പിങ്ക് ഒക്ടോബർ’ (Pink October) എന്നാണ് ഈ മാസം അറിയപ്പെടുന്നത്. സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവൽക്കരണമാണ് ഇതുകൊണ്ട് കൂടുതൽ അർത്ഥമാക്കുന്നത്. ലോകത്തെ ഭൂരിഭാഗം സ്ത്രീകളും ഇഷ്ടപ്പെടുന്ന നിറം പിങ്ക് ആയതിനാലും സ്ത്രീകളെ സൂചിപ്പിക്കാൻ പിങ്ക് നിറം കൂടുതൽ ഉപയോഗിക്കുന്നതിനാലുമാണ് ‘പിങ്ക് ഒക്ടോബർ’ എന്ന് തന്നെ ഈ മാസത്തിനു പേര് നൽകാൻ കാരണം.

പിങ്ക് ഒക്ടോബർ മാസാചരണത്തിന്റെ ഭാഗമായി ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണത്തിനായി കോട്ടയം കാരിത്താസ് കാൻസർ സെന്ററിലെ കൺസൾട്ടന്റും സീനിയർ സർജനുമായ ഡോ. ജോജോ വി. ജോസഫിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഒരു ഹ്രസ്വ ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ‘തോൽക്കാത്തവർ’ എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന ഈ ചിത്രം സ്തനാർബുദം എന്ന രോഗാവസ്ഥയെ മാത്രമല്ല, ശരീരത്തിലെ ഏതൊരു ഭാഗത്തും വരുന്ന കാൻസർ രോഗത്തെ എങ്ങനെ നേരിടണം എന്ന് പ്രേക്ഷകരെ വ്യക്തമായി ഓർമ്മിപ്പിക്കുന്നു.

വളരെ ലളിതമായ ചിത്രീകരണത്തിലൂടെ ഒരു ശക്തമായ ആശയത്തെയാണ് ഈ ഹ്രസ്വ ചിത്രം പങ്കുവയ്ക്കുന്നത്. രോഗബാധിതയായ ഒരു അമ്മയുടെ മകൾക്ക് സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന രണ്ടു വ്യത്യസ്തങ്ങളായ അനുഭവങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ഒരു ഭാഗത്ത് തിരസ്കരണമാണെങ്കിൽ മറു ഭാഗത്ത് ഈ രോഗത്തെ മറ്റേതൊരു രോഗത്തെയുമെന്നപോലെ ആത്മ വിശ്വാസത്തോടെ നേരിടണമെന്ന് പറഞ്ഞുവെയ്ക്കുന്നു.

രോഗിക്കും അതുപോലെ തന്നെ രോഗിയുടെ കുടുംബാംഗങ്ങൾക്കും എത്രമാത്രം പിന്തുണ ആവശ്യമാണെന്ന് ഈ ചിത്രത്തിന്റെ ഓരോ ഫ്രയ്മും നമ്മെ ബോധ്യപ്പെടുത്തുന്നു. പ്രധാന കഥാപാത്രമായ മീന എന്ന പെൺകുട്ടിയുടെ മാനസികാവസ്ഥയിലൂടെ കടന്നുപോകാൻ വിധിക്കപ്പെടുന്നവർക്ക് കാൻസർ രോഗം എന്നത് മരണത്തിലേക്കുള്ള ഒരു പിന്തള്ളപ്പെടലല്ല മറിച്ച് പ്രതീക്ഷയുടെ ഒരു വിളിയാണെന്നുള്ള തിരിച്ചറിവ് നൽകുന്ന ഒരു മികച്ച ഹ്രസ്വ ചിത്രമാണ് ‘തോൽക്കാത്തവർ’.

ചിത്രത്തിലെ കഥാ പാത്രങ്ങളായ അശ്വതിയും മീനയും ഇവിടെ എല്ലാ രോഗികളുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും പ്രതിനിധികളാണ്. ചിത്രത്തിൽ ഡോ. ജോജോയും ഡോക്ടറായിത്തന്നെ പ്രത്യക്ഷപ്പെടുന്നു. രോഗികളെക്കാളുപരി അവരെ ശുശ്രൂഷിക്കുന്നവരുടെ മാനസികാരോഗ്യവും വളരെ വലുതാണെന്ന് ഈ ചിത്രം സൂചിപ്പിക്കുന്നു.

ഒ. ഹെൻറി കഥകളിലെ ‘അവസാനത്തെ ഇല’ (The Last Leaf ) എന്ന കഥ പോലെയായിരിക്കണം കാൻസർ രോഗികളോടുള്ള നമ്മുടെ സമീപനം. രോഗബാധിതയായി ആശുപത്രിയിൽ കഴിയുന്ന ജോൺസി എന്ന കഥാപാത്രത്തിന് ലഭിക്കുന്ന സുഹൃത്തിന്റെ വലിയ സാമീപ്യമാണ് കഥയുടെ പ്രതിപാദ്യ വിഷയം. ജനാലയ്ക്ക് പുറത്തെ മതിലിൽ പറ്റിപ്പിടിച്ചു വളരുന്ന പാതിയുണങ്ങിയ വള്ളിച്ചെടിയിൽ നോക്കി ജീവിതത്തിന്റെ ആയുസ് നിർണ്ണയിക്കുന്ന ജോൺസി. അയാൾക്കായി തന്റെ അനാരോഗ്യം പോലും മാറ്റിവച്ചു, കൊടും തണുപ്പിലും പൊഴിയാത്ത ഒരു ഇല്ല വരച്ചു ചേർത്തു മരണത്തിലേക്ക് നടന്നു കയറിയ ഒരു വൃദ്ധനായ ചിത്രകാരൻ ഈ കഥയിലുണ്ട്. പ്രത്യാശയുടെ വെള്ളിനക്ഷത്രമായി മാറിയ കലാകാരൻ. കാൻസർ ബാധിതരായ ഒരോ വ്യക്തിക്കും നൽകേണ്ട ഏറ്റവും വലിയ മരുന്നും ഇതുപോലെ ഉള്ള പ്രത്യാശയാണ്.

രോഗം തിരിച്ചറിയപ്പെടുന്ന നാളുകളിൽ തന്നെ തകർന്നു പോയി മരണത്തിനു കീഴടങ്ങുന്ന എത്രയോ പേരാണ് ഉള്ളത്. എന്നാൽ ജീവിക്കണമെന്ന അതിയായ ആഗ്രഹത്തോടെ തോറ്റുകൊടുക്കാൻ സമ്മതിക്കാതെ പൊരുതുന്ന അനേകം കാൻസർ രോഗികളെയും നമുക്ക് കാണാം. രോഗത്തിനപ്പുറത്ത് ജനാലയ്ക്കരികിൽ നിന്ന് ജീവിതത്തിലേക്കുള്ള പ്രത്യാശയുടെ പച്ച ഇലകൾ വരച്ചുചേർക്കാനാണ് ഡോക്ടർമാരും രോഗികളെ പരിചരിക്കുന്നവരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സ്വജീവൻ ത്യജിച്ച് മറ്റുള്ളവർക്ക് പ്രത്യാശ നൽകുന്ന ആ വൃദ്ധ ചിത്രകാരനെപ്പോലെ ആയിമാറുന്ന നിരവധി പേർക്കുള്ള ബഹുമതി കൂടിയാണ് ‘തോൽക്കാത്തവർ’ എന്ന ഈ ഹ്രസ്വ ചിത്രം.

കാൻസർ എന്നാൽ ഒന്നിന്റെയും അവസാനമല്ല, മറിച്ച് ജീവിതത്തിലേക്കുള്ള ആത്മവിശ്വാസത്തോടെയുള്ള ഒരു തുടക്കം മാത്രമാണെന്നാണ് ഈ ചിത്രം നൽകുന്ന സന്ദേശം. കാൻസർ സ്പെഷ്യലിസ്റ്റുകളുടെ ഭാഷയിലൂടെ പറഞ്ഞാൽ ഈ ചിത്രമൊരു കീമോ തെറാപ്പിയാണ്. ആത്മ വിശ്വാസവും പ്രതീക്ഷയും കൂട്ടിച്ചേർത്ത് കാൻസർ എന്ന രോഗത്തെ നേരിടാനായി നമ്മുടെ ആത്മാവിലേക്ക് കയറ്റിവിടുന്ന മറുമരുന്നെന്ന കീമോ തെറാപ്പി! പിങ്ക് മാസത്തിൽ മാത്രമല്ല ഏത് കാലഘട്ടത്തിലും പ്രസക്തവും പ്രധാനപ്പെട്ടതുമാണ് ഈ ഷോർട് ഫിലിം. ‘കാൻസർ അപ്ഡേറ്റ്സ് ബൈ ഡോ. ജോജോ’ എന്ന ജോജോ ഡോക്ടറുടെ യൂ ട്യൂബ് ചാനലിലാണ് ഈ ഷോർട് ഫിലിം റിലീസ് ആയിരിക്കുന്നത്.

സംവിധാനം, കഥ, കാമറ, എഡിറ്റിംഗ് എന്നിവ നിര്‍വഹിച്ചിരിക്കുന്നത് സോബി എഡിറ്റ്‌ലൈന്‍ ആണ്. നിര്‍മ്മാണം 1980 ഫിലിംസ്. അനിറ്റ് പി. ജോയ്, ബിബിന്‍ ബിബീ, ആന്റപ്പന്‍, അഞ്ചു, ഷാര്‍ലറ്റ് സജീവ്‌, സുരേഷ്, മാളൂസ് കെ.പി. ഫയാസ്, സായി തുടങ്ങിയവരാണ് ഈ ഷോര്‍ട്ട് സിനിമയുമായി ബന്ധപ്പെട്ട മറ്റു വ്യക്തികള്‍.

സുനീഷ വി. എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.