
ലോകപ്രശസ്ത ഇറ്റാലിയൻ ടെനർ ഗായകൻ അന്ത്രെയാ ബൊച്ചേല്ലി വത്തിക്കാനിൽ ലെയോ പതിനാലാമൻ മാർപാപ്പ പങ്കെടുക്കുന്ന പ്രത്യേക ചടങ്ങിൽ ഗാനമാലപിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ അണിനിരക്കുന്ന അന്താരാഷ്ട്ര ബാല ഗായകസംഘത്തോടൊപ്പമാണ് ബൊച്ചേല്ലിയുടെ ഈ സംഗീതാർച്ചന.
സമാധാനത്തിന്റെയും കുട്ടികളുടെ അവകാശങ്ങളുടെയും പ്രാധാന്യം ആഗോളതലത്തിൽ ഓർമ്മിപ്പിക്കുന്നതിനായി വത്തിക്കാൻ സംഘടിപ്പിക്കുന്ന സാംസ്കാരിക-ആത്മീയ പരിപാടിയുടെ ഭാഗമായാണ് ഈ അപൂർവ സംഗീത സായാഹ്നം ഒരുങ്ങുന്നത്. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നുമുള്ള നൂറിലധികം കുട്ടിഗായകർ ഈ അന്താരാഷ്ട്ര ഗായക സംഘത്തിൽ അണിനിരക്കുന്നുണ്ട്. മാർപാപ്പയുടെ സാന്നിധ്യത്തിലും ലോകമെമ്പാടുമുള്ള കുട്ടികളോടൊപ്പവും പാടാൻ സാധിക്കുന്നത് വലിയൊരു അനുഗ്രഹവും ദൈവീക നിയോഗവുമാണെന്ന് അന്ത്രെയാ ബൊച്ചേല്ലി വ്യക്തമാക്കി.
യുദ്ധങ്ങളും സംഘർഷങ്ങളും കാരണം ദുരിതമനുഭവിക്കുന്ന കുട്ടികൾക്കായി പ്രാർഥിക്കാനും, സംഗീതത്തിലൂടെ ലോക സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശം നൽകാനുമാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. ലെയോ പതിനാലാമൻ മാർപാപ്പ വിശ്വാസികളെയും കുട്ടികളെയും അഭിസംബോധന ചെയ്യുന്ന ചടങ്ങിൽ സംഗീതവിരുന്നിന് പുറമേ പ്രത്യേക പ്രാർഥനാ ശുശ്രൂഷകളും ഉണ്ടായിരിക്കും.




