
ഉപഭോഗ സംസ്കാരം മനുഷ്യരിൽ തുടർച്ചയായ ആഗ്രഹങ്ങൾ സൃഷ്ടിച്ച് ശാശ്വതമായ സംതൃപ്തി നൽകാൻ കഴിയാത്ത പരിഹാരങ്ങൾ നൽകിക്കൊണ്ട് മനുഷ്യഹൃദയത്തെ ദോഷകരമായി ബാധിക്കുകയാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ മുന്നറിയിപ്പ് നൽകി. കാസിൽ ഗാൻഡോൾഫോയിൽ വേനൽക്കാല വിശ്രമത്തിനിടെ ജൂലൈ 26 ഞായറാഴ്ച നടത്തിയ ആഞ്ചലൂസ് പ്രാർഥനാ സന്ദേശത്തിലാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്.
സുവിശേഷത്തിലെ ‘ഒളിച്ചുവച്ച നിധി’യുടെയും ‘വിലയേറിയ മുത്തിന്റെ’യും ഉപമകളെപ്പറ്റി സംസാരിച്ചുകൊണ്ട് ദൈവരാജ്യം കണ്ടെത്തുന്നത് ജീവിതത്തിലെ സാധ്യതകളെ നിയന്ത്രിക്കുകയല്ല മറിച്ച് വർധിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് പാപ്പ പറഞ്ഞു. സാധാരണക്കാരായ കർഷകർ, മീൻപിടുത്തക്കാർ, വ്യാപാരികൾ, വീട്ടമ്മമാർ എന്നിവരിലൂടെയാണ് യേശു ദൈവരാജ്യം വെളിപ്പെടുത്തിയത്. അതുപോലെ വ്യത്യസ്ത പശ്ചാത്തലങ്ങളുള്ള ആളുകളെ യേശുക്രിസ്തുവിൽ ഒന്നിപ്പിക്കുന്ന ഇടമാണ് ഇന്നത്തെ സഭയെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
യഥാർഥ നിധിയായ ദൈവവുമായുള്ള വ്യക്തിബന്ധം തിരിച്ചറിയാൻ സോളമൻ രാജാവിനെപ്പോലെ വിവേകത്തിന്റെ വരം ചോദിച്ച് പ്രാർഥിക്കാൻ മാർപാപ്പ വിശ്വാസികളെ ക്ഷണിച്ചു. ദൈവം ആരോടും വിവേചനം കാണിക്കുന്നില്ലെന്നും സമൂഹത്തിൽ ചെറിയവരും അവഗണിക്കപ്പെട്ടവരുമായ ആളുകളോടാണ് ദൈവത്തിന് പ്രത്യേക സ്നേഹമെന്നും മാർപാപ്പ ഓർമ്മിപ്പിച്ചു.




