ദൈവത്തിന്റെ പ്രത്യേക പരിഗണന സാധാരണക്കാർക്കും പുറന്തള്ളപ്പെട്ടവർക്കും: ലെയോ പാപ്പ

ദൈവം മനുഷ്യർക്കിടയിൽ വേർതിരിവുകൾ കാണിക്കുന്നില്ലെന്നും, സാധാരണക്കാരോടും സമൂഹം തള്ളിക്കളഞ്ഞവരോടുമാണ് അവിടുത്തെ പ്രത്യേക സ്നേഹവും പരിഗണനയുമെന്നും ഓർമ്മിപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. വേനൽക്കാല വസതിയായ കാസിൽ ഗാണ്ടോൾഫോയിലെ പിയാസ ഡെല്ല ലിബർട്ടയിൽ ഞായറാഴ്ച ത്രികാല പ്രാർഥനയ്ക്കായി ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ.

“സംസ്കാരം, പശ്ചാത്തലം, പദവികൾ എന്നിവയിലെയെല്ലാം വൈവിധ്യങ്ങൾക്കിടയിലും ക്രിസ്തുവിൽ ഒന്നാകാനാണ് വിശ്വാസികൾ വിളിക്കപ്പെട്ടിരിക്കുന്നത്. എളിയവരോടും പാവപ്പെട്ടവരോടുമാണ് ദൈവത്തിന്റെ ഹൃദയം കൂടുതൽ ചേർന്നുനിൽക്കുന്നത്.”- പാപ്പ പറഞ്ഞു. പുതിയ ആവശ്യങ്ങൾ നിരന്തരം സൃഷ്ടിച്ചുകൊണ്ട് മനുഷ്യന്റെ മനസ്സിനെ വിഷലിപ്തമാക്കുകയും ആത്മീയ സംതൃപ്തി നൽകാൻ കഴിയാത്ത വസ്തുക്കൾ വിറ്റഴിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഇന്നത്തെ ഉപഭോഗ വ്യവസായത്തെ മാർപാപ്പ വിമർശിച്ചു. ഭൗതിക വസ്തുക്കൾക്ക് നൽകാൻ കഴിയാത്ത ശാശ്വതമായ സമാധാനവും സന്തോഷവുമാണ് ദൈവരാജ്യം നൽകുന്നത് എന്നും പാപ്പ വിശ്വാസികളെ ഓർമിപ്പിച്ചു.

നിസ്സാരമായ കാര്യങ്ങളിൽ മുഴുകി സമയം കളയാതെ, ജീവിതത്തിൽ ഏറ്റവും വിലപ്പെട്ട യഥാർഥ ‘മുത്ത്’ (ദൈവസ്നേഹവും ആത്മീയ മൂല്യങ്ങളും) തിരിച്ചറിയാനുള്ള വിവേകം ദൈവത്തോട് പ്രാർഥിച്ചു ചോദിക്കണമെന്ന് മാർപാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും യുദ്ധവും ഉപഭോഗ തൃഷ്ണയും സൃഷ്ടിക്കുന്ന സമ്മർദങ്ങൾക്കിടയിലും ദൈവീക മൂല്യങ്ങളിലേക്ക് തിരികെ വരാൻ പരിശുദ്ധ അമ്മയായ മറിയം സഹായിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് മാർപാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.