വി. പാദ്രെ പിയോയുടെ ജീവിതം ആസ്പദമാക്കി പുതിയ സിനിമ ഒരുങ്ങുന്നു

ഇറ്റാലിയന്‍ വൈദികനും മിസ്റ്റിക്കുമായ വി. പാദ്രെ പിയോയുടെ ജീവിതം ആസ്പദമാക്കി പുതിയ സിനിമ വരുന്നു. ആബേല്‍ ഫെറാര സംവിധാനം ചെയ്യുന്ന സിനിമയില്‍, വിശുദ്ധന്റെ വേഷം കൈകാര്യം ചെയ്യുന്നത് യഹൂദ മതത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഷിയാ ലാബ്യൂഫാണ്.

2014 -ല്‍ ഫ്യൂരി എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് മുപ്പത്തിയഞ്ചുകാരനായ നടന്‍ ഷിയാ ലാബ്യൂഫ്, യഹൂദ മതത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. തന്റെ വിശ്വാസപരിവര്‍ത്തനത്തെക്കുറിച്ചു പറഞ്ഞ ലാബ്യൂഫ്, ആദ്യകാലങ്ങളില്‍ പുസ്തകത്തിലുണ്ടായിരുന്ന പ്രാര്‍ത്ഥനകള്‍ വായിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അതു പക്ഷേ തനിക്ക് രക്ഷ തന്നെ നല്‍കിയെന്നും വെളിപ്പെടുത്തുകയുണ്ടായി.

സന്യാസിയായ പാദ്രെ പിയോയെ കുറിച്ച് തങ്ങള്‍ ഒരു സിനിമ ചെയ്യുന്നുവെന്നും ഇതൊരു വന്‍ പ്രൊജക്റ്റായിരിക്കുമെന്നും ഈശോയുടെ പഞ്ചക്ഷതഭാഗ്യം ലഭിച്ച അദ്ദേഹം ഇപ്പോള്‍ ഒരു വിശുദ്ധനാണെന്നും ലോകചരിത്രത്തിലെ ഏറ്റവും കലുഷിതമായ രാഷ്ട്രീയ കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നതെന്നും ഒരു അഭിമുഖത്തില്‍ ഫെറാരയും പറഞ്ഞു. വിശ്വാസി സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ബയോപ്പിക്ക് കൂടിയാണ് വി. പാദ്രെ പിയോയുടേത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.