സായുധസംഘട്ടനങ്ങളില്‍ പൗരസംരക്ഷണം ഉറപ്പാക്കണം: ആര്‍ച്ചുബിഷപ്പ് ഔസ്സ 

പൗരസംരക്ഷണം എന്നത് ആത്യന്തികമായി ലക്ഷ്യം വയ്‌ക്കേണ്ടത്, സായുധസംഘട്ടനങ്ങള്‍ ഒഴിവാക്കുന്നതിനായിരിക്കണമെന്നും, അതിന്, സംഘട്ടനങ്ങളുടെ മൂലകാരണങ്ങള്‍ കണ്ടെത്തി, തര്‍ക്കങ്ങള്‍ക്ക് സമാധാനപരമായ പരിഹാരമാര്‍ഗങ്ങള്‍ തേടേണ്ടതുണ്ടെന്നും ന്യൂയോര്‍ക്കിലെ അപ്പസ്‌തോലിക് ന്യുണ്‍ഷ്യോയും വത്തിക്കാന്റെ യുഎന്‍ നിരീക്ഷകനുമായ ആര്‍ച്ചുബിഷപ്പ് ഔസ്സ. സായുധസംഘട്ടനാവസരത്തിലെ പൗരസംരക്ഷണത്തെക്കുറിച്ച് യുഎന്‍ രക്ഷാസമിതിയില്‍ നടന്ന തുറന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യുദ്ധങ്ങളും ആക്രമണങ്ങളും ഏറ്റവും കിരാതവും, ക്രൂരവുമായ രീതിയില്‍ പൗരസമൂഹത്തെ ലക്ഷ്യം വയ്ക്കുന്നതിന്റെ ഉദാഹരണങ്ങള്‍ വേദനയോടെ ശ്രവിക്കേണ്ടതുണ്ടെന്നും, സിറിയയിലും, നൈജീരിയയിലും കഠിനമായ ഭക്ഷ്യദൗര്‍ലഭ്യമുള്ള ദക്ഷിണസുഡാനിലും യെമനിലും ആക്രമണങ്ങള്‍, ലക്ഷ്യം വയ്ക്കുന്നത് നിഷ്‌ക്കളങ്കരായ പൗരസമൂഹത്തെയാണെന്നും  ഫ്രാന്‍സിസ് പാപ്പാ ആവര്‍ത്തിച്ചു പ്രസ്താവിച്ചിരിക്കുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഈ സംഘട്ടനവേളകളില്‍, പ്രത്യാശ പകരുന്ന വിധം അടിസ്ഥാനപരമായ ആരോഗ്യശുശ്രൂഷയും, ആതുരാലയങ്ങളെയും, ശുശ്രൂഷകരെയും ലഭ്യമാക്കേണ്ടതും, ആതുരാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും യാതൊരു തരത്തിലും ആക്രമിക്കപ്പെടാതിരിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.