“എന്നെ കൊല്ലാൻ അവർ വരുന്നതും കാത്ത് ഞാൻ ഇവിടെ ഇരിക്കുകയാണ്” – അഫ്ഗാനിസ്ഥാന്റെ ആദ്യത്തെ വനിതാ മേയർ സരീഫ ഗഫാരി

“എന്നെ കൊല്ലാൻ അവർ (താലിബാൻ) വരുന്നതും കാത്ത് ഞാൻ ഇവിടെ ഇരിക്കുകയാണ്. എന്നെയോ എന്റെ കുടുംബത്തെയോ രക്ഷിക്കാൻ ആരുമില്ല. എന്റെ ഭർത്താവിനോടും കുടുംബാംഗങ്ങളോടുമൊപ്പം ഞാൻ ഇവിടെ ഇരിക്കുന്നു. എന്നെയും എന്നെപ്പോലെയുള്ള മറ്റാളുകളെയും കൊല്ലാൻ അവർ വരും” – അഫ്ഗാനിസ്ഥാന്റെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മേയറായ സരീഫ ഗഫാരിയുടെ വാക്കുകളാണിത്.

രാജ്യത്തിന്റെ മുതിർന്ന ഭരണാധികാരികൾ ഉൾപ്പെടെ പലായനം ചെയ്യുന്നതു കണ്ട 27 -കാരിയായ സരീഫ അത്ഭുതപ്പെടുകയാണ് ‘ഞാൻ എവിടേക്കു പോകാനാണ്’ എന്നാണ് അവർ ചോദിക്കുന്നത്. നിസ്സഹായതയുടെ മറ്റൊരു അഫ്ഗാൻ മുഖമാണ് സരീഫയുടേത്.

മൈദാൻ – വാർധക്ക് പ്രവിശ്യയിൽ നിന്നുള്ള ആദ്യത്തേതും ഏറ്റവും പ്രായം കുറഞ്ഞതുമായ വനിതാ മേയറായിരുന്നു സരീഫ. അവരാണ് ഇപ്പോൾ തന്നെ കൊല്ലാനായി എത്തിച്ചേരുന്ന താലിബാനേയും കാത്ത് വീട്ടിൽ കഴിയുന്നത്. കഴിഞ്ഞ കാലങ്ങളിൽ താലിബാനിൽ നിന്ന് നിരവധി തവണ വധഭീഷണി ഉണ്ടായിരുന്നു സരീഫയ്ക്ക്. മൂന്നു തവണ സരീഫയെ കൊല്ലാൻ ശ്രമിച്ച് പരാജയപ്പെട്ടതിനു ശേഷം പിതാവായ ജനറൽ അബ്ദുൽ വാസി ഗഫാരിയെ കഴിഞ്ഞ വർഷം നവംബർ 15 -ന് സേന വെടിവച്ചു കൊല്ലുകയാണുണ്ടായത്. കാബൂളിലുണ്ടായ തീവ്രവാദ ആക്രമണങ്ങളിൽ പരിക്കേറ്റ സൈനികരുടെയും പൗരന്മാരുടെയും ചുമതലയുണ്ടായിരുന്ന ജനറൽ ഗഫാരി, അവരുടെ ക്ഷേമം ഉറപ്പു വരുത്തിയതാണ് അദ്ദേഹത്തെ കൊലപ്പെടുത്താനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്.

മൂന്നാഴ്ചകൾക്കു മുമ്പ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ, സരീഫ തന്റെ രാജ്യത്തെക്കുറിച്ച് പ്രതീക്ഷയോടെയായിരുന്നു സംസാരിച്ചത്. “എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പുതിയ തലമുറക്ക് ഇപ്പോൾ അറിയാം. അവർക്ക് സമൂഹമാധ്യമങ്ങളുണ്ട്. ഞങ്ങളുടെ അവകാശങ്ങൾക്കും പുരോഗതിക്കും വേണ്ടി അവർ പോരാട്ടം തുടരുമെന്ന് ഞാൻ കരുതുന്നു. രാജ്യത്തിന് ശോഭനമായ ഒരു ഭാവി ഉണ്ടാകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.” വെറും കുറച്ചു ദിവസങ്ങളുടെ വ്യത്യസത്തിൽ ഇന്ന് സരീഫയുടെ വാക്കുകളിൽ ഭീതിയും നിസ്സഹായതയും മാത്രമാണുള്ളത്. “കാബൂൾ തകരില്ലെന്നായിരുന്നു ഞങ്ങൾ കരുതിയത്” – അവർ പറയുന്നു.

അഫ്ഗാൻ സർക്കാരുമായി ചേർന്നു പ്രവർത്തിച്ച ഉദ്യോഗസ്ഥരോടോ ആളുകളോടോ പ്രതികാരം ചെയ്യില്ലെന്ന് താലിബാൻ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അവരുടെ ഭരണകാലത്തെ ചരിത്രം ഈ വാഗ്ദാനങ്ങൾ വിശ്വസിക്കാൻ പ്രയാസകരമാക്കുന്നു. പ്രത്യേകിച്ച്, സ്ത്രീകൾ വളരെയധികം ഭീതിയിലാണ്. സ്ത്രീകളുടെ വിദ്യാഭ്യാസവും ജോലി ചെയ്യുന്നതിനുള്ള അവകാശവും നിഷേധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സരീഫയുടെ കുടുംബത്തെപ്പോലെ അഫ്ഗാനിസ്ഥാനിലെ എല്ലാ കുടുംബങ്ങളും ഭീതിയിലാഴ്ന്നിരിക്കുന്നത്.

(ഇത് എഴുതുമ്പോൾ സരീഫ ഗഫാരിയെ താലിബാൻ അറസ്റ്റ് ചെയ്തതായി ‘ഇന്ത്യാ ടുഡേ’ -യിൽ വാർത്ത വന്നു – https://www.indiatoday.in/world/story/salima-mazari-who-fought-the-taliban-captured-in-afghanistan-1842189-2021-08-18).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.