യാക്കോബിന്റെ വഴി: തീർത്ഥാടന കുറിപ്പുകൾ 42-ാം ദിവസം – ലോകത്തിലെ ഏറ്റവും വലിയ ധൂപക്കുറ്റി

രാവിലത്തെ പത്ത് മണിയുടെ, തീര്‍ത്ഥാടകര്‍ക്കു വേണ്ടിയുളള പ്രത്യേക കുര്‍ബാനയ്ക്ക് പളളി നിറഞ്ഞുകവിഞ്ഞ് ആളുകളുണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തെ കുര്‍ബാനയിലെപ്പോലെ ഇംഗ്ലീഷിലുളള പ്രാര്‍ത്ഥനകളെല്ലാം എനിക്ക് ലഭിക്കുകയും പ്രധാന കാര്‍മ്മികന്റെ അടുത്ത് അള്‍ത്താരയില്‍ നിന്ന് കുര്‍ബാന ചൊല്ലാനുളള ഭാഗ്യവും എനിക്കുണ്ടായി. അന്നത്തെ കുര്‍ബാനയുടെ ഏറ്റവും വലിയ പ്രത്യേകത സാന്റിയാഗോ കത്തീഡ്രലില്‍ മാത്രമുളള പ്രത്യേക ധൂപാര്‍പ്പണം ആയിരുന്നു. ‘ധൂപം വയ്ക്കുക’ എന്നര്‍ത്ഥം വരുന്ന ‘ബോത്താ ഫ്യൂമേറോ” (Botafumeiro – smoke expeller) എന്നാണ് അത് അറിയപ്പെടുന്നത്.

80 കിലോ തൂക്കം വരുന്ന ഈ ധൂപക്കുറ്റിയുടെ ഉയരം 1.60 മീറ്ററാണ്. വലിയ മണ്‍വെട്ടി പോലുളള കോരി ഉപയോഗിച്ച് ഏകദേശം 40 കിലോ കരി അതിലിട്ട് ഉപയോഗിക്കുന്നു. ചുവപ്പ് വസ്ത്രം ധരിച്ച പ്രത്യേക പരിശീലനം ലഭിച്ച 8 ശുശ്രൂഷകരാണ് കത്തീഡ്രല്‍ ദേവാലയത്തിന്റെ മധ്യഭാഗത്തായി മുകളില്‍ നിന്നു തൂക്കിയിട്ടിരിക്കുന്ന കയര്‍ വലിച്ച് അത് ചലിപ്പിക്കുന്നത്. ‘ധൂപക്കുറ്റിവാഹകര്‍” (Tiraboleiro) എന്നറിയപ്പെടുന്ന ഇവര്‍ ദേവാലയത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ എത്തുന്ന രീതിയില്‍ മധ്യഭാഗത്തു നിന്നും ഇത് വലിക്കുന്നു. അത് പൂര്‍ണ്ണവേഗതയില്‍ എത്തുമ്പോള്‍ ഏകദേശം 80 സെക്കന്റുകള്‍ കൊണ്ട് 68 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നു.

അല്‍പം ഭയത്തോടും അതിനേക്കാള്‍ ഭക്തിയോടെയുമാണ് അള്‍ത്താരയുടെ പിന്നിലിരുന്നു കൊണ്ട് ഞാനതു വീക്ഷിച്ചത്. മധ്യകാല യുഗത്തില്‍ തീര്‍ത്ഥാടകരുടെ ശരീരത്തു നിന്നും, വസ്ത്രങ്ങളില്‍ നിന്നുമൊക്കെ വമിച്ചിരുന്ന രൂക്ഷമായ ഗന്ധത്തെ പ്രതിരോധിക്കാനുളള ഒരു മാര്‍ഗ്ഗമായിരുന്നു ഇത്. പിന്നീട് അത് പാരമ്പര്യമായി തീര്‍ന്നതാണ്. ഈ അടുത്തകാലത്ത് സുരക്ഷിതത്വ കാരണങ്ങളാല്‍ സാന്റിയാഗോ നഗരസഭയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായി പറയപ്പെടുന്നു. (Botafumeiro F¶v Youtube-ല്‍ നോക്കിയാല്‍ ഇത് നേരിട്ട് കാണാവുന്നതാണ്).

സഭാ കലണ്ടറിലെ പ്രധാന തിരുനാളുകളിലും സാന്റിയാഗോയിലെ വിശേഷദിവസങ്ങളിലും മാത്രമാണ് സാധാരണഗതിയില്‍ ഈ ധൂപക്കുറ്റി ഇപ്പോള്‍ വീശുന്നത്. ഇതിന്റെ ചിലവിലേയ്ക്കായി 450 യൂറോ അടച്ച് വിശ്വാസികള്‍ ആരെങ്കിലും ആവശ്യപ്പെടുന്ന സമയത്തും ഇത് കാണാനുള്ള ഭാഗ്യം മറ്റുള്ളവര്‍ക്ക് ലഭിക്കുന്നു.

ദിവസങ്ങളോളം കൂടെ നടക്കുകയും വഴിയില്‍ വച്ച് കണ്ടുമുട്ടുകയും ചെയ്ത പല തീര്‍ത്ഥാടകര്‍ക്കും ഞാന്‍ അവിടെ കുര്‍ബാന ചൊല്ലുന്നതു കണ്ടപ്പോള്‍ വലിയ സന്തോഷമായിരുന്നു. ചിലരൊക്കെ തലയില്‍ കൈവച്ചു പ്രാര്‍ത്ഥിക്കാന്‍ എന്നോടാവശ്യപ്പെടുകയും ചെയ്തു. അവിടെ നിന്നും ഞാന്‍ നേരെ പോയത് തീര്‍ത്ഥാടകരുടെ ഓഫീസിലേയ്ക്കാണ്. അപ്പോള്‍ തന്നെ അവിടെ നീണ്ട നിര രൂപപ്പെട്ടിരുന്നു.

യാത്രയുടെ ആരംഭം മുതല്‍ അവസാനം വരെയുളള താമസസ്ഥങ്ങളില്‍ നിന്നുളള സീല്‍ പതിപ്പിച്ച ‘തീര്‍ത്ഥാടന പാസ്‌പോര്‍ട്ട്” കാണിക്കുമ്പോള്‍ ഒരു തീര്‍ത്ഥാടന രേഖ (Certificate) നമുക്ക് തരുന്നു. ആയിരം വര്‍ഷമായി നല്‍കിവരുന്ന ഈ രേഖ ലത്തീന്‍ ഭാഷയിലാണ് എഴുതിയിരിക്കുന്നത്. മൂന്ന് യൂറോ കൊടുത്താല്‍ ഇംഗ്ലീഷ് ഭാഷയിലും മറ്റൊരു തീര്‍ത്ഥാടന രേഖ തരും. യാത്ര തുടങ്ങിയ സ്ഥലവും, നടന്ന ദൂരവും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. കുറഞ്ഞത് നൂറു കിലോമീറ്ററെങ്കിലും നടക്കുന്നവര്‍ക്കേ ഇത്തരത്തിലുളള രേഖയ്ക്ക് അവകാശമുണ്ടായിരുന്നുളളു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

(തുടരും…)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.