ജൈവ ഇനങ്ങള്‍ വാങ്ങാം, വില്‍ക്കാം; ‘സാന്ത്വനം സ്വിഫ്റ്റ് മാർട്ട്’ തുറന്നു

പ്രകൃതിക്കൊപ്പം നിന്ന് സാന്ത്വനം: ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

കാര്‍ഷികോല്‍പന്നങ്ങളും സാധാരണക്കാരുടെ ഉല്‍പന്നങ്ങളും വിറ്റഴിക്കാന്‍ തൃശൂര്‍ അതിരൂപത ഒരുക്കിയ വിപണി തുറന്നു. അതിരൂപതയുടെ സാമൂഹ്യ പ്രേഷിതത്വകേന്ദ്രമായ ‘സാന്ത്വന’ത്തിന്റെ നേതൃത്വത്തില്‍ ‘സാന്ത്വനം സ്വിഫ്റ്റ് മാർട്ട്’ എന്ന ജൈവ സൂപ്പര്‍ മാര്‍ക്കറ്റിനു തുടക്കമായി.

പ്രകൃതിക്കൊപ്പം സഞ്ചരിച്ച് മാനവികതയുടെ സാന്ത്വനം പകരാനാണ് ഇങ്ങനെയൊരു വിപണി തുറന്നതെന്ന് ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി. സാധാരണക്കാരുടെ ഉല്‍പന്നങ്ങള്‍ക്കുള്ള വിപണിയാണിത്. ബ്രാൻറ്റഡ് ഉല്‍പന്നങ്ങള്‍ ഇവിടെ ഉണ്ടാകില്ല. ലാഭം സാമൂഹ്യക്ഷേമ പ്രവര്‍ത്തനത്തിനും പാവപ്പെട്ടവരുടെ ഉന്നമനത്തിനും മാത്രമായി നീക്കിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്ന തൃശൂര്‍ അതിരൂപത ഉല്‍പന്നങ്ങള്‍ക്കു വിപണി തുറന്നത് മാതൃകാപരമാണെന്ന് ഉദ്ഘാടനം ചെയ്ത കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.

സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ഗോഡ്‌സ് ഓണ്‍ ഫാമിലി കാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു. കാര്‍ഷിക വിഭവസമാഹരണം ടി.എന്‍. പ്രതാപന്‍ എംപി നിര്‍വ്വഹിച്ചു. ആദ്യ വില്പന മേയര്‍ എം.കെ. വര്‍ഗീസ് നിര്‍വ്വഹിച്ചു. വികാരി ജനറല്‍ മോണ്‍. തോമസ് കാക്കശ്ശേരി, അതിരൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. വര്‍ഗ്ഗീസ് കൂത്തൂര്‍, സാന്ത്വനം ഡയറക്ടര്‍ ഫാ. ജോയ് മൂക്കന്‍, ഫാ. ജോസ് വട്ടക്കുഴി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ജോണ്‍ ഡാനിയേല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റെജീന, തൃശൂര്‍ ജില്ലാ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എ.ജെ. വിവന്‍സി തുടങ്ങിയവര്‍ പ്രസംഗിച്ചു. ആദ്യ ഫാമിലി കാര്‍ഡ്, അന്തരിച്ച സൈമണിന്റെ കുടുംബത്തിനുവേണ്ടി അടാട്ട് ഇടവക വികാരി ഫാ. ജോബി പുത്തൂര്‍ ഏറ്റുവാങ്ങി.

കര്‍ഷകരുടേയും സ്വയം സംരംഭകരുടെയും ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ ന്യായവിലയ്ക്ക് വിപണിയിലെത്തിക്കാനാണ് ഈ സ്ഥാപനം ആരംഭിച്ചത്. കൃഷി ചെയ്യുന്നവര്‍ക്കും സംരംഭകര്‍ക്കും അര്‍ഹമായ പ്രതിഫലം ഉറപ്പാക്കുകയും ചെയ്യും. കോവിഡ് കാലഘട്ടത്തില്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ന്യായവില നല്‍കി ആര്‍ച്ച്ബിഷപ്പ് ഹൗസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ് ‘സ്വാന്തനം സ്വിഫ്റ്റ് മാര്‍ട്ട്’ എന്ന പേരില്‍ ബിഷപ്‌സ് ഹൗസിനു പിറകിലുള്ള ഫാമിലി അപ്പോസ്തോലേറ്റിനു സമീപം കിഴക്കുംപാട്ടുകര റോഡിലേക്കു മാറ്റി പ്രവര്‍ത്തനം ആരംഭിച്ചത്.

സ്വിഫ്റ്റ് മാര്‍ട്ടില്‍ നിന്നുണ്ടാകുന്ന ആദായം തൃശൂര്‍ അതിരൂപതയിലെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണം, വിദ്യാഭ്യാസ സഹായം, കുടുംബശാക്തീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനാണ് പരിപാടി.

ഫാ. നൈസണ്‍ ഏലന്താനത്ത്
തൃശൂര്‍ അതിരൂപത പിആര്‍ഒ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.